‘വേനലവധിയായി കുട്ടികൾക്ക് കുസൃതിക്കാലമായി’ ‘രണ്ടായിരമേ നിന്നെ തള്ളിപ്പുറത്താക്കി’ തുടങ്ങിയ പാരഡി ഗാനങ്ങൾ ഈയിടെ സോഷ്യൽ മീഡിയയിൽ ഹിറ്റായതാണ്. അതുകണ്ടാസ്വദിച്ച എല്ലാവരും ഒരുപോലെ ചോദിച്ച ഒരു ചോദ്യമാണ് – ആരാണിയാൾ? ഇതുവരെയും എവിടെയും കണ്ടിട്ടില്ലല്ലോ. വന്ദേ ഭാരതം മുതൽ എഐ ക്യാമറ വരെയുള്ള വിവാദ വിഷയങ്ങളെ ഗാനങ്ങളിലൂടെ നർമ്മമധുരമായി കൈകാര്യം ചെയ്യുന്ന ആ ആളാണ് ഫെലിക്സ് ദേവസ്യ! തുടർന്നു വായിക്കുക.
തെരഞ്ഞെടുപ്പു സമയങ്ങളിൽ ചലച്ചിത്രഗാനങ്ങളുടെ ഈണത്തിൽ പുറത്തിറങ്ങുന്ന പാരഡി ഗാനങ്ങൾ മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. എന്നാൽ, തെരഞ്ഞെടുപ്പ് നാളുകളിൽ മാത്രം പ്രചരിക്കുന്ന ഗാനങ്ങൾക്ക് ഏതാനും ദിവസങ്ങൾ മാത്രമാണ് ആയുസുള്ളത്. പിന്നീട് പാരഡി ഗാനത്തിന്റെ സ്രഷ്ടാവിനെയോ, ഗാനമോ പോലും ശ്രദ്ധിക്കപ്പെടാൻ സാധ്യതയില്ല. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി കാലികപ്രസക്തിയുള്ള പ്രശ്നങ്ങൾ പാരഡിരൂപത്തിൽ അവതരിപ്പിച്ച് ചിരിക്കും ചിന്തക്കും വഴിയൊരുക്കി മലയാളിമനസിനെ സ്വാധീനിച്ചിരിക്കുകയാണ് കോട്ടയം ചിങ്ങവനം സ്വദേശിയും ആനിമേറ്ററും അതോടൊപ്പം ചങ്ങനാശേരി സെൻറ് ജോസഫ് കോളേജിലെ ഗസ്റ്റ് അധ്യാപകനുമായ ഫെലിക്സ് ദേവസ്യ. വന്ദേ ഭാരതം മുതൽ എഐ ക്യാമറ വരെയുള്ള വിവാദ വിഷയങ്ങളെ നർമ്മമധുരമായി കൈകാര്യം ചെയ്താണ് ഈ കലാകാരൻ ശ്രദ്ധ നേടിയിരിക്കുന്നത്.
“ഏതൊരു വിഷയത്തിലും മുൻപിൻ നോക്കാതെ കലഹിക്കുക എന്നത് നമ്മൾ മലയാളികളുടെ ഒരു ശീലമാണല്ലോ? ആ ശീലത്തെ ഒന്ന് നർമ്മമധുരമായി കൈകാര്യം ചെയ്യാമെന്ന ഉദ്ദേശ്യമേ ഉണ്ടായിരുന്നുള്ളൂ. അല്ലാതെ ഇതിൽ കക്ഷിരാഷ്ട്രീയമോ, പക്ഷപാതമോ ഒന്നുമില്ല” – ഫെലിക്സ് ദേവസ്യ പറയുന്നു. ആനിമേഷൻ, പ്രൊഫഷനായി തിരഞ്ഞെടുത്ത ഫെലിക്‌സിന്റെ ഒഴിവുസമയ വിനോദമാണ് പാരഡിയെഴുത്ത്. കൂടാതെ നല്ലൊരു ഗിറ്റാറിസ്റ്റ് കൂടിയാണ് അദ്ദേഹം. സുഹൃത്തുക്കളുമായി വാട്‌സാപ്പിൽ പാരഡി പങ്കുവച്ചു കൊണ്ടാണ് തുടക്കം. പിന്നീട് ഇത് ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയതോടെ പൊതു ഇടങ്ങളിൽ പ്രചരിക്കപ്പെടുകയായിരുന്നു. പാരഡി ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ഫെലിക്സ് ദേവസ്യയെ പരിചയപ്പെടാം.
ചിരിക്കൂട്ട്
ഹാസ്യം പറയാനുള്ള ഇടമായി സുഹൃത്തുക്കളോടൊപ്പം ചേർന്ന് ആരംഭിച്ച ചിരിക്കൂട്ട് എന്ന വാട്സാപ്പ് കൂട്ടായ്മയാണ് പാരഡിയിലേക്ക് വഴിമാറി സഞ്ചരിക്കാൻ പ്രേരിപ്പിച്ചത്. സുഹൃത്തുക്കളോടൊപ്പമുള്ള വാട്സാപ്പ് കൂട്ടായ്മയെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: “തീവ്രമായ രാഷ്ട്രീയവും സാമുദായിക സംഘർഷങ്ങളും ഏറ്റുമുട്ടുന്ന ഇടമാണ് സാമൂഹികമാധ്യമങ്ങൾ. എന്നാൽ ഇത്തരം കാര്യങ്ങളോടൊന്നും താൽപര്യമില്ലാത്തവരായ കുറേ ആളുകൾ, വെറുതെ ചിരിക്കാൻ വേണ്ടി ഒരു വേദി. അതാണ് ചിരിക്കൂട്ട് വാട്സാപ്പ് കൂട്ടായ്മ” – ഫെലിക്സ് പറയുന്നു.
ഒരിക്കൽ തമാശക്കായി ഒരു പാരഡി ഗാനം ഈ ഗ്രൂപ്പിൽ അദ്ദേഹം പങ്കുവച്ചു. ഒ എൻ വി സാറിന്റെ ഏറെ പ്രിയപ്പെട്ട ‘ഒരു ദലം മാത്രം വിടർന്നൊരു ചെമ്പനീർ മുകുളമായ് നീയെന്റെ മുന്നിൽ നിന്നു’ എന്ന പാട്ടിലായിരുന്നു പരീക്ഷണം. ‘ഒരു കലം, ഒരു കലം കഞ്ഞി പഴങ്കഞ്ഞി’ എന്ന രീതിയിലാണ് പാരഡി പരീക്ഷിച്ചത്. ആദരണീയനായ കവിയോട് മനസു കൊണ്ട് മുൻകൂർ ക്ഷമാപണം നടത്തിയതിനു ശേഷമായിരുന്നു ഈ സാഹസമെന്നും അദ്ദേഹം ഓർമ്മിക്കുന്നു. ഇത് ഗ്രൂപ്പിൽ പങ്കുവയ്ക്കുകയും നല്ലതെന്നു കണ്ട് സുഹൃത്തുക്കൾ പ്രോത്സാഹിപ്പിക്കുകയും ചെയ്തതോടെ ഈ പാരഡി ഗാനം യൂട്യൂബിലിടുകയും കുറച്ചു സുഹൃത്തുക്കൾക്ക് ലിങ്ക് പങ്കിടുകയും ചെയ്തു. ഇതേ തുടർന്നാണ് പാരഡിപ്രവാഹം തുടങ്ങിയത്.
കുട്ടികൾക്കിടയിൽ വൈറലായ വേനലവധി
ഒരു കലം എന്ന പാരഡി ഗാനത്തിനു പിന്നാലെ സൗഹൃദവലയത്തിനുള്ളിൽ നിന്നുകൊണ്ടു തന്നെ ഫെലിക്സ് ഏതാനും ഗാനങ്ങൾ കൂടി രചിച്ചു. ഇതേ തുടർന്നാണ് അധിപൻ എന്ന സിനിമയിലെ ‘ശ്യാമമേഘമേ നീ യദുകുല സ്നേഹദൂതുമായ് വാ’ എന്ന ഗാനത്തിന്റെ പാരഡി ചിട്ടപ്പെടുത്തിയത്. ‘വേനലവധിയായി കുട്ടികൾക്ക് കുസൃതിക്കാലമായി’ എന്ന രീതിയിലേക്കാണ് ഈ പാരഡി മാറ്റിയെഴുതിയത്.
“കുട്ടികൾക്കിടയിൽ നിന്നുകൊണ്ടുള്ള ഈ ഗാനമാണ് കേരളക്കരയാകെ തരംഗമായത്. യൂട്യൂബിൽ പങ്കുവച്ച ഗാനത്തിന്റെ ലിങ്കുകൾ ഞാൻ എന്റെ ഏതാനും സൃഹൃത്തുക്കൾക്കു മാത്രം നൽകിയിരുന്നു. എന്നാൽ ഇത് ലീക്കാവുകയും ഫേസ്ബുക്കിലൂടെയും വാട്സാപ്പിലൂടെയും ഒക്കെ പ്രചരിച്ചുതുടങ്ങി. അടുത്ത ദിവസം ഞാൻ ഫോൺ തുറന്നപ്പോളാണ് ഇത് വൈറൽ ആയതായി മനസിലായത്.” ഫെലിക്സ് ഓർമ്മിക്കുന്നു.
ഇതിനു ശേഷമുള്ള പാട്ടുകളെല്ലാം ഹിറ്റായതായാണ് അദ്ദേഹത്തിന്റെ സാക്ഷ്യം. വാർത്താപ്രാധാന്യമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് ഫെലിക്സ് ദേവസ്യയുടെ മിക്ക പാരഡി ഗാനങ്ങളും. വാർത്താപ്രധാന്യം നഷ്ടമാകുമ്പോൾ അതിന്റെ പ്രസക്തിയും നഷ്ടമാകാറുണ്ട്. ന്യൂഡൽഹിയിലേക്കുള്ള രാജധാനി എക്സ്‌പ്രസിനോ, കാസർഗോഡേക്കുള്ള വന്ദേഭാരതിനോ വേഗക്കൂടുതൽ എന്നതിനെക്കുറിച്ചുള്ള ചൂടൻ മാധ്യമചർച്ചയിൽ നിന്നാണ് ഫെലിക്സ് ദേവസ്യയുടെ കാതിലും മനസിലും ആ വാക്ക് കയറിവന്നത് – രാജധാനി. പിന്നാലെ മനോഹരമായി അതിനെ ചിട്ടപ്പെടുത്തുകയും ചെയ്തു.
“വന്ദേഭാരതം ഇറങ്ങി മലയാളികൾ അടി തുടങ്ങി, രാജധാനിയേക്കാൾ വേഗതയുണ്ടേലും കെ റെയിലിനേക്കാളും സ്ലോ അല്ലേ?” ഈ ഗാനവും മലയാളികൾക്കിയിൽ വലിയ പ്രചാരം നേടിയിരുന്നു.
പാരഡി ഗാനങ്ങൾക്കായി വാർത്താപ്രാധാന്യമുള്ള വിഷയങ്ങൾ സ്വീകരിക്കുമ്പോഴും അതിൽ ആ വിഷയത്തിന്റെ പോസിറ്റീവ് വശം കൂടി അവതരിപ്പിക്കാൻ ശ്രദ്ധിക്കാറുണ്ടെന്ന് ഈ കലാകരൻ പറയുന്നു. അതിന് ഉദാഹരണമാണ് എഐ ക്യാമറയുമായി ബന്ധപ്പെട്ടുള്ള പാരഡി ഗാനം. നിയമം പാലിക്കുക എന്നത് പൗരന്റെ ധർമ്മമാണ്. അതിനായുള്ള സംവിധാനങ്ങളെ നമ്മൾ അംഗീകരിക്കേണ്ടതുണ്ട്. എഐ ക്യാമറയുമായി ബന്ധപ്പെട്ട പാട്ട് ചിട്ടപ്പെടുത്തിയതിൽ ഒരു അനുഭവം കൂടി അദ്ദേഹം പങ്കുവയ്ക്കുന്നു.
തന്റെ സുഹൃത്തായ ഒരു ഡോക്ടറുടെ അനുഭവക്കുറിപ്പാണ് ഈ വിവാദ വിഷയത്തെ പോസിറ്റീവ് ആയി കാണാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. “പോസ്റ്റുമോർട്ടം കഴിഞ്ഞ് ശരീരം തുന്നിച്ചേർക്കുന്ന എന്റെ സുഹൃത്തായ ഡോക്ടർ പറയുന്നത്, മാസത്തിൽ കുറഞ്ഞത് ഒരു ആക്സിഡന്റ് കേസെങ്കിലും താൻ അറ്റൻഡ് ചെയ്യാറുണ്ട് എന്നാണ്. ഇതിൽ ബഹുഭൂരിപക്ഷവും ചെറുപ്പക്കാരാണ്. ഈ അനുഭവക്കുറിപ്പാണ് എഐ ക്യാമറയെ പൂർണ്ണമായും വിമർശിക്കാതെ ഇരിക്കാൻ എന്നെ പ്രേരിപ്പിച്ച ഘടകം” – ഫെലിക്സ് വെളിപ്പെടുത്തുന്നു.
ഇതു കൂടാതെ, ചൊട്ട മുതൽ ചുടല വരെ എന്ന ഗാനത്തിന്റെ ഈണം പിന്തുടർന്ന, ‘പേട്ട മുതൽ കൊച്ചി വരെ പുകയിൽ മുങ്ങി’ എന്ന ഗാനം കൊച്ചിനഗരത്തിലെ മാലിന്യക്കൂമ്പാരത്തെയും അന്തരീക്ഷ മലിനീകരണത്തെയും സൂചിപ്പിച്ച് പുറത്തിറക്കിയിരുന്നു. “ഒന്നാന്തരം വീടൊന്നവൻ കുത്തിമറിച്ചിട്ടന്നേ” എന്ന പാരഡി, ജനത്തെ നട്ടം തിരിക്കുന്ന അരിക്കൊമ്പനെക്കുറിച്ചും തയ്യാറാക്കിയിരുന്നു. സംഭവം ഇത്രയേറെ ഹിറ്റുകൾ ഉണ്ടെങ്കിലും പാരഡികളല്ല, മറിച്ച് പാട്ടിനെക്കുറിച്ചുള്ള കൗതുകനുറുങ്ങുകളാണ് ഫെലിക്സിന്റെ മുഖ്യ മേച്ചിൽപ്പുറം.
വി.ഡി രാജപ്പനും നാദിർഷയും
തന്റെ ഉള്ളിലെ പാരഡി രചയിതാവിനെ കണ്ടെത്തുന്നതിന് ഹാസ്യകാഥികനായ മൺമറഞ്ഞ വി.ഡി രാജപ്പന്റെ ആക്ഷേപഹാസ്യ കഥാപ്രസംഗങ്ങൾ സ്വാധീനം ചെലുത്തി എന്നാണ് ഫെലിക്സ് പറയുന്നത്. ഹാസ്യാത്മകമായ ശരീരഭാഷയും പ്രകടനത്തിലെ അസാധാരണത്വവും ഭാഷയുടെ നൈർമ്മല്യവും വി.ഡി.ആറിനെ ഫെലിക്സിന് പ്രിയപ്പെട്ടവനാക്കിത്തീർത്തു.
ഓരോ കഥയിലും സമൂഹ്യപരമായ അനീതികളെ കണക്കിന് പരിഹസിച്ചാണ് വി.ഡി രാജപ്പൻ മുന്നേറിയത്. ഇതേ മാതൃക തന്റെ പാരഡികളിലും ഫെലിക്സ് അവതരിപ്പിക്കുന്നുണ്ട്. “അക്കാലങ്ങളിൽ വി.ഡി.ആറിന്റെ പ്രോഗ്രാമുകൾ നേരിട്ടുപോയി കാണുമായിരുന്നു. അദ്ദേഹത്തിന്റെ പ്രോഗ്രാമുകൾക്കു പോയാൽ കഥ കേൾക്കാം, ഒപ്പം അദ്ദേഹത്തിന്റെ ആക്ടിങ് കാണാം; അതേപോലെ പാരഡിയും കേൾക്കാം. ഇങ്ങനെ ഞാൻ വി.ഡി രാജപ്പന്റെ ആരാധകനായി മാറി” – ഫെലിക്സ് വെളിപ്പെടുത്തുന്നു. പിന്നീട് കാസറ്റുകളുടെ കാലമായതോടെ നാദിർഷയെപ്പോലുള്ള കലാകാരന്മാർ പാരഡി ഗാനങ്ങൾ അവതരിപ്പിച്ചു പുറത്തിറക്കി. ഇതും ഫെലിക്സിനെ ഒരു പാരഡിഗാന പ്രേമിയാക്കിത്തീർക്കാൻ വലിയ രീതിയിൽ സഹായിച്ചു.
കരോളും ഫെലിക്സ് ദേവസ്യയും
ഫെലിക്സ് ദേവസ്യയിലെ പാരഡി കലാകാരനെ കണ്ടെത്താൻ ക്രിസ്തുമസ് കരോളുകൾ വലിയ രീതിയിൽ സ്വാധീനിച്ചതായാണ് ഈ കലാകാരന്റെ പക്ഷം. കരോളിനായി വീടുകൾ തോറും കയറിയിറങ്ങുമ്പോൾ പാടാനായി ചലച്ചിത്രഗാനങ്ങളുടെ ഈണത്തിൽ പാട്ടുകൾ കൈയ്യിൽ കരുതിയിരുന്നു. “ഞങ്ങളുടെ കുട്ടിക്കാലത്ത് നന്നായി പാരഡി എഴുതുന്ന മുതിർന്നവർ കരോൾ സംഘങ്ങളിലുണ്ടായിരുന്നു. ഇവരെ അനുകരിച്ച് ഹൈസ്കൂൾ കാലമൊക്കെ ആയപ്പോൾ സിനിമാപാട്ടുകളുടെ ഈണത്തിൽ പാരഡികൾ എഴുതാൻ ശീലിച്ചു. പ്രത്യേക രൂപഭംഗി ഒന്നുമില്ലേലും അതൊക്കെ പാടിനടക്കുമായിരുന്നു” – അദ്ദേഹം ഓർത്തെടുത്തു.
ഞാൻ, എന്റെ മുഖം, എന്റെ ഫുൾ ഫിഗർ; ഒപ്പം പാരഡിയും
ഒരു നല്ല ആനിമേറ്ററാകണമെങ്കിൽ അൽപം അഭിനയവും അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇത് തന്റെ പാരഡി ഗാനങ്ങളിൽ അപ്ളൈ ചെയ്യാൻ ഫെലിക്സ് ദേവസ്യക്ക് സാധിച്ചിട്ടുണ്ട്. വി.ഡി രാജപ്പന്റെ കടുത്ത ആരാധകനായതിനാൽ അദ്ദേഹത്തെപ്പോലെ, പാട്ടിനൊപ്പം അൽപം അഭിനയവും കാഴ്ച വയ്ക്കാൻ ഇദ്ദേഹം പരിശ്രമിച്ചിട്ടുണ്ട്. ഫെലിക്സിന്റെ എല്ലാ പാരഡികളിലും അഭിനയം ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഏറ്റവും രസകരമായി അഭിനയം ഉൾപ്പെടുത്തിയത് വന്ദേഭാരതിനെക്കുറിച്ചും രണ്ടായിരം രൂപ നോട്ടുനിരോധനമായും ബന്ധപ്പെട്ടുള്ള ഗാനങ്ങളിലാണ്.
വീഡിയോയിൽ മൂന്ന് കഥാപാത്രങ്ങൾ. മൂന്നും ഫെലിക്സ് തന്നെ. ഫെലിക്സ് ഒന്നാമൻ വന്ദേഭാരത് അനുകൂലി, രണ്ടാമൻ കെ-റെയിൽ ആരാധകൻ, ഇടക്കുള്ള ഫെലിക്സ് മൂന്നാമനാണ് യഥാർത്ഥത്തിൽ കാവിലെ പാട്ടുമത്സരത്തിലെ അംപയർ. ഇതേ രീതി തന്നെയാണ് ‘രണ്ടായിരമേ നിന്നെ തള്ളിപ്പുറത്താക്കി’ എന്ന പാരഡിയിലും ഉള്ളത്.
രചന മുതൽ സംവിധാനം വരെ ഫെലിക്സ്
ആഴ്ചകൾക്കിടയിൽ പാരഡി ഗാനങ്ങൾ ഇറങ്ങുമ്പോൾ ഫെലിക്സ് നേരിടുന്ന പ്രധാന ചോദ്യമാണ് പിന്നണിയിൽ ആരൊക്കെയാണ് പ്രവർത്തിക്കുന്നത് എന്ന്. ആദ്യം ഒരു ചെറുപുഞ്ചിരി മാത്രം; പിന്നെ മറുപടി. “എ ടൂ ഇസഡ് ഞാൻ തന്നെ” – ഫെലിക്സ് പറയുന്നു. “സ്കൂട്ടർ ഓടിക്കുമ്പോഴാണ് വരികൾ കിട്ടുന്നതെങ്കിൽ വാഹനം ഒതുക്കി ആ വരികൾ ഫോണിൽ കുറിച്ചുവയ്ക്കും. പിന്നീട് ഇത് കൂട്ടിച്ചേർക്കുന്നതോടൊപ്പം ക്യാമറക്കു മുന്നിൽ അവതരിപ്പിക്കും. ഡിജിറ്റൽ ക്യാമറയിലാണ് റെക്കോർഡിംങ് എന്ന് തെറ്റിധരിക്കേണ്ടതില്ല. മൊബൈൽ സെൽഫി ക്യാമറയിൽ തന്നെയാണ് ഈ നടപടികൾ. തുടർന്ന് എഡിറ്റിംഗ് വർക്കുകൾ എന്ന നിലയിൽ ചെറിയ പൊടിക്കൈകളോടെ പ്രേഷകർക്കിടയിലേക്ക്” – കലാകാരൻ വെളിപ്പെടുത്തി.
ത്രീ ഡി മാജിക്ക്
ആനിമേഷനാണ് ഫെലിക്സിന്റെ ഇഷ്ടമേഖല. ബോംബെയിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹത്തിന് കോട്ടയത്ത് സ്വന്തമായി ഒരു സ്റ്റുഡിയോ ഉണ്ട്. ഇവിടെ നിന്നാണ് മനോരമയുടെ വർക്കുകൾ ഏറ്റെടുക്കാൻ തുടങ്ങിയത്. കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട കിലുക്കാംപെട്ടിക്കു വേണ്ടി ഫെലിക്സ് ചെയ്ത വീഡിയോകൾ സൂപ്പർഹിറ്റാണ്. യൂട്യൂബിൽ ‘പച്ചത്തീയാണ് നീ,’ ‘കാക്കച്ചിപ്പെണ്ണിന് കല്യാണം,’ ‘ഏനുണ്ടോടീ’ തുടങ്ങിയ പാട്ടുകളുടെ പിന്നിലും ഫെലിക്സ് ദേവസ്യയുടെ കൈകൾ തന്നെയാണ്. ഇതു കൂടാതെ, ചങ്ങനാശേരി സെൻറ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ ആനിമേഷൻ ഗസ്റ്റ് അധ്യാപകൻ കൂടിയാണ് ഫെലിക്സ്.
മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഫെലക്സ് ദേവസ്യ തന്റെ അടുത്ത പാരഡി ഗാനത്തിനായുള്ള പണിപ്പുരയിലാണ്. സാമകാലിക വിഷയങ്ങളിലെ അഭിപ്രായങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനും ശ്രമം തുടരുന്നു. ഭാര്യയും ഒരു മകനുമാണ് ഇദ്ദേഹത്തിനുള്ളത്.
രഞ്ചിന്‍ ജെ. തരകന്‍