Sunday, November 24, 2024

അനന്ത് അംബാനിയുടെ സ്വപ്‌നദേശം; ‘വന്‍താര’ യുടെ വിശേഷങ്ങള്‍

അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങായിരുന്നു ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ഇളയ മകന്‍ അനന്ത് അംബാനിയുടെ പ്രീ-വെഡിങ് ആഘോഷങ്ങള്‍. അതേസമയം മറ്റൊരു ഭാഗത്ത് ചര്‍ച്ചയായത് അനന്ത് അംബാനിയുടെ വന്യജീവി സംരക്ഷണ പദ്ധതിയായ ‘വന്‍താര’യാണ്. ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെയും മൃഗങ്ങളെ രക്ഷിക്കാനും പുനരധിവസിപ്പിക്കാനും ലക്ഷ്യമിടുന്ന 3,000 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന വന്‍താര ലോകത്തിലെ ഏറ്റവും വലിയ മൃഗശാലയും പുനരധിവാസ കേന്ദ്രവുമാകാന്‍ ഒരുങ്ങുകയാണ്. ഗുജറാത്തിലെ റിലയന്‍സിന്റെ ജാംനഗര്‍ റിഫൈനറി കോംപ്ലക്സിന്റെ പരിസരത്ത് സ്ഥിതി ചെയ്യുന്ന വന്‍താരയുടെ പ്രത്യേകതകള്‍ നിരവധിയാണ്.

വന്‍താര അഥവാ ‘വനത്തിന്റെ നക്ഷത്രം’ എന്നര്‍ഥം വരുന്ന ഈ കേന്ദ്രം മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ഐക്യവും സഹവര്‍ത്തിത്വവും നിലനിര്‍ത്തിക്കൊണ്ട് മൃഗസംരക്ഷണത്തെ പുതിയ ഉയരങ്ങളിലേക്ക് ഉയര്‍ത്താന്‍ ശ്രമിക്കുകയാണ്. 2024 ഫെബ്രുവരി 26-നാണ് ഈ കേന്ദ്രം ആരംഭിച്ചത്.

ആനകള്‍ക്ക് പ്രത്യേക സൗകര്യങ്ങളും പുള്ളിപ്പുലി, സിംഹം, കടുവ, മുതല എന്നിവയുള്‍പ്പെടെയുള്ള വിവിധ മൃഗങ്ങള്‍ക്ക് അത്യാധുനിക സൗകര്യങ്ങളുമാണ് വന്‍താര ഒരുക്കിയിരിക്കുന്നത്. മൃഗങ്ങള്‍ക്കുവേണ്ടി ശാസ്ത്രീയമായി രൂപകല്‍പ്പന ചെയ്ത ചുറ്റുപാടുകള്‍ക്കൊപ്പം സംരക്ഷണ കേന്ദ്രത്തില്‍ ഹൈഡ്രോതെറാപ്പി പൂള്‍ അഥവാ ജലചികിത്സയ്ക്കായുള്ള കുളങ്ങള്‍, സന്ധിവാത ചികിത്സയ്ക്കുള്ള സൗകര്യം, ഒന്നിലധികം ജലാശയങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.

മൃഗങ്ങള്‍ക്ക് എംആര്‍ഐ, എക്‌സ്-റേ, ഐസിയു, സിടി സ്‌കാന്‍, ഡെന്റല്‍ സ്‌കെയിലറുകള്‍, എന്‍ഡോസ്‌കോപ്പി, ലിത്തോട്രിപ്‌സി, ഡയാലിസിസ്, അള്‍ട്രാസൗണ്ട് സൗകര്യങ്ങള്‍, ശസ്ത്രക്രിയകള്‍ക്കായി വീഡിയോ കോണ്‍ഫറന്‍സിങ് തുടങ്ങിയ വിപുലമായ സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതാണ് വന്‍താരയിലെ ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആശുപത്രിയും മെഡിക്കല്‍ ഗവേഷണ കേന്ദ്രവും. ഏത് തരത്തിലുള്ള ശസ്ത്രക്രിയയും നടത്താന്‍ കഴിയുന്ന തരത്തിലാണ് ഇവയെല്ലാം സജ്ജീകരിച്ചിരിക്കുന്നത്.

ഹൈപ്പര്‍ബാറിക് ഓക്‌സിജന്‍ ചേമ്പറുകള്‍, ലേസര്‍ മെഷീനുകള്‍, പാത്തോളജി ലാബ് എന്നിവയ്ക്കൊപ്പം പ്രത്യേക പരിചരണവും ആനകള്‍ക്കായുള്ള ഈ ഹോസ്പിറ്റലില്‍ നല്‍കുന്നുണ്ട്. ഇവ കൂടാതെ ആനകള്‍ക്ക് മുഴുവന്‍ സമയ ശുശ്രൂഷയും മുള്‍ട്ടാണി-മിട്ടി മസാജും ആയുര്‍വേദ വിദഗ്ധര്‍ നല്‍കുന്നുണ്ട്. 14,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള അടുക്കള, വിദഗ്ധരായ പാചകക്കാര്‍, ഓരോ ആനയുടെ ആവശ്യങ്ങള്‍ക്കും വായ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കും അനുസൃതമായി പ്രത്യേകം തയ്യാറാക്കിയ ഭക്ഷണവും നല്‍കുന്നു.

43 ഇനങ്ങളിലായി രണ്ടായിരത്തിലധികം മൃഗങ്ങളെ ചൂഷണ സാഹചര്യങ്ങളില്‍ നിന്ന് രക്ഷിക്കുകയും അഭയം കൊടുക്കുകയും ചെയ്തിട്ടുണ്ട് വന്‍താരയുടെ റെസ്‌ക്യൂ ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്റര്‍. 2,100 ജീവനക്കാരുള്ള ഈ കേന്ദ്രം ഇത്തരത്തിലുള്ള മൃഗങ്ങള്‍ക്ക് അഭയം നല്‍കുന്നത് തുടര്‍ന്ന് വരികയാണ്.

സ്വാമി വിവേകാനന്ദന്റെ ‘ജീവ് സേവ’ അഥവാ അനിമല്‍ കെയര്‍ എന്ന തത്ത്വചിന്തയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് വന്യജീവി സംരക്ഷണ പദ്ധതിയിലൂടെ വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കാനും അവയുടെ ആവാസ വ്യവസ്ഥകള്‍ പുനഃസ്ഥാപിക്കാനുമാണ് വന്‍താര ലക്ഷ്യമിടുന്നത്. വേള്‍ഡ് വൈല്‍ഡ്ലൈഫ് ഫണ്ട് ഫോര്‍ നേച്ചര്‍, ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കോണ്‍സെര്‍വഷന്‍ ഓഫ് നേച്ചര്‍, സൂ അതോറിറ്റി ഓഫ് ഇന്ത്യ പോലുള്ള ഇന്ത്യന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ച് രാജ്യത്തെ മൃഗശാലകളുടെ നിലവാരം ഉയര്‍ത്താനും പദ്ധതിയിടുന്നുണ്ട്.

 

Latest News