Wednesday, April 2, 2025

ആന്‍ ഫ്രാങ്ക്

ജൂണ്‍ 12, ആന്‍ ഫ്രാങ്കിന്റെ 95-ാം ജന്മദിനവും ലോക ബാലവേല വിരുദ്ധദിനവുമാണ്. ഈ ദിനത്തില്‍ ലോകമനഃസാക്ഷിയെ സ്വാധീനിച്ച ആന്‍ ഫ്രാങ്ക് എന്ന കൗമാരിക്കാരിയെക്കുറിച്ചും അവളുടെ ‘The Diary of a Young Girl’ എന്ന പുസ്തകത്തെക്കുറിച്ചും നമുക്കൊന്നു പരിശോധിക്കാം.

ജര്‍മ്മനിയിലെ ഫ്രാങ്ക്ഫുര്‍ട്ടില്‍ 1929 ജൂണ്‍ 12-ന് ഓട്ടോ ഫ്രാങ്കിന്റെയും എഡിത്ത് ഫ്രാങ്കിന്റെയും മകളായി ഒരു സമ്പന്നകുടുംബത്തില്‍ ആന്‍ ഫ്രാങ്ക് ജനിച്ചു. ആനിനു നാലുവയസായപ്പോള്‍, 1933-ല്‍ അഡോള്‍ഫ് ഹിറ്റ്ലര്‍ ജര്‍മ്മനിയുടെ ചാന്‍സലറായി. അദ്ദേഹവും അദ്ദേഹത്തിന്റെ നാസി ഗവണ്‍മെന്റും ജര്‍മ്മനിയിലെ യഹൂദപൗരന്മാരെ പീഡിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള നടപടികള്‍ ആരംഭിച്ചു.

1933 അവസാനത്തോടെ ആനിന്റെ പിതാവ് ഓട്ടോ ഫ്രാങ്ക് ഹോളണ്ടിന്റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാമിലേക്കു പോയി. അവിടെ അദ്ദേഹം ജാം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഒരു ജെല്ലിംഗ് പദാര്‍ത്ഥം നിര്‍മ്മിക്കുന്ന ഒരു കമ്പനി സ്ഥാപിച്ചു. 1934 ഫെബ്രുവരിയില്‍ തന്റെ മാതാപിതാക്കളോടും സഹോദരി മാര്‍ഗോട്ടിനോടുംകൂടി ആന്‍ ആംസ്റ്റര്‍ഡാമിലേക്കു പോയി.

1935-ല്‍ ആന്‍ അവിടെ സ്‌കൂള്‍ പഠനം ആരംഭിച്ചു. 1940 മെയ് മാസത്തില്‍ ജര്‍മ്മന്‍കാര്‍, നെതര്‍ലാന്‍ഡ്‌സ് ആക്രമിക്കുകയും അവിടെയുള്ള യഹൂദരുടെ ജീവിതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു. 1942-ലെ വേനല്‍ക്കാലത്തിനും 1944 സെപ്റ്റംബറിനുമിടയില്‍ നാസികളും അവരുടെ ഡച്ച് സഹകാരികളും ഹോളണ്ടിലെ ഒരുലക്ഷത്തിലധികം യഹൂദരെ നാസി തടങ്കല്‍പ്പാളയത്തിലേക്കു നാടുകടത്തി.

1942 ജൂലൈയില്‍ ജര്‍മ്മനിയിലെ ഒരു വര്‍ക്ക് ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആനിന്റെ സഹോദരി മാര്‍ഗോട്ട് ഫ്രാങ്കിന് ഒരു കത്ത് ലഭിച്ചു. ആന്‍ ഫ്രാങ്കിന്റെ കുടുംബം 1942 ജൂലൈ ആറാം തീയതി മുതല്‍ ആംസ്റ്റര്‍ഡാമിലെ പ്രിന്‍സെന്‍ഗ്രാച്ച് 263 എന്ന സ്ഥലത്ത് (ഓട്ടോ ഫ്രാങ്കിന്റെ ജോലിസ്ഥലത്തുള്ള ഒരു അപ്പാര്‍ട്ട്‌മെന്റില്‍) ഒളിവില്‍ കഴിയുകയായിരുന്നു. തങ്ങളെ ആരും കണ്ടെത്താതിരിക്കാന്‍ കുടുംബം സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് പലായനം ചെയ്തുവെന്ന ഒരു തെറ്റായ സന്ദേശം അവര്‍ കൈമാറി.

അവര്‍ ഒളിവില്‍പോയി ഒരാഴ്ചയ്ക്കുശേഷം, ഫ്രാങ്ക് ഓട്ടോയുടെ ബിസിനസ് പങ്കാളിയും യഹൂദനുമായിരുന്ന ഹെര്‍മന്‍ വാന്‍ പെല്‍സും ഭാര്യ അഗസ്റ്റെയും മകന്‍ പീറ്ററും ഫ്രാങ്ക് കുടുബത്തോടു ചേര്‍ന്നു. ഓട്ടോ ഫ്രാങ്കിന്റെ ഓസ്ട്രിയന്‍ വംശജനായ സെക്രട്ടറി മൈപ് ഗീസ് ഉള്‍പ്പെടെയുള്ള ഒരു ചെറിയകൂട്ടം ജീവനക്കാര്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തി ഭക്ഷണവും മറ്റു സാധനങ്ങളും ഒളിവില്‍ കഴിയുന്നവര്‍ക്ക് എത്തിച്ചുനല്‍കി.

കുടുംബം ഒളിവില്‍ പോകുന്നതിന് ഒരുമാസം മുമ്പ്, ആനിന്റെ പതിമൂന്നാം ജന്മദിനത്തിന് ലഭിച്ച ഒരു ഡയറിയില്‍ തന്റെ നിരീക്ഷണങ്ങളും വികാരങ്ങളും ആന്‍ രേഖപ്പെടുത്താന്‍ തുടങ്ങിയിരുന്നു. കിറ്റി എന്നുവിളിക്കുന്ന ഒരു സാങ്കല്‍ല്പിക സുഹൃത്തിനെ അഭിസംബോധന ചെയ്തുകൊണ്ടാണ് ആന്‍ ഡയറിക്കുറിപ്പുകള്‍ എഴുതിയിരുന്നത്.

1944 ആഗസ്റ്റ് നാലിന്, 25 മാസത്തെ ഒളിവിനുശേഷം, ആന്‍ ഫ്രാങ്കിനെയും ഒളിവില്‍ കഴിഞ്ഞിരുന്ന മറ്റ് ഏഴുപേരെയും ജര്‍മ്മന്‍ രഹസ്യപൊലീസായ ഗസ്റ്റപ്പോ കണ്ടെത്തി. അറസ്റ്റിനുശേഷം, ഫ്രാങ്ക് കുടുംബത്തെയും സഹഒളിവുകാരെയും ഹിറ്റ്‌ലറിന്റെ രഹസ്യപൊലീസ് ആദ്യം, വടക്കന്‍ നെതര്‍ലന്‍ഡിലുള്ള വെസ്റ്റര്‍ബോര്‍ക്ക് തടങ്കല്‍ പാളയത്തിലേക്ക് അയച്ചു. പിന്നീട് അവരെ 1944 സെപ്റ്റംബറില്‍, ഒരു ചരക്കുതീവണ്ടിയില്‍ ജര്‍മ്മന്‍ അധിനിവേശ പോളണ്ടിലെ കുപ്രസിദ്ധമായ ഔഷ്വിറ്റ്‌സ്-ബിര്‍കെനൗ നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലേക്കു കൊണ്ടുപോയി. ആനിനെയും മാര്‍ഗോട്ട് ഫ്രാങ്കിനെയും ഓഷ്വിറ്റ്‌സ് ഗ്യാസ് ചേമ്പറുകളില്‍ ഉടന്‍ മരിക്കാനായി വിട്ടുകൊടുത്തില്ല. പകരം വടക്കന്‍ ജര്‍മ്മനിയിലെ തടങ്കല്‍പ്പാളയമായ ബെര്‍ഗന്‍-ബെല്‍സണിലേക്ക് അയച്ചു. 1945 ഫെബ്രുവരിയില്‍, ഫ്രാങ്ക് സഹോദരിമാര്‍ ബെര്‍ഗന്‍-ബെല്‍സനില്‍ ടൈഫോയിഡ് ബാധിച്ച് മരണമടഞ്ഞു. ഏതാനും ആഴ്ചകള്‍ക്കുശേഷം, 1945 ഏപ്രില്‍ 15-ന് ബ്രിട്ടീഷ് സൈന്യം ക്യാമ്പ് മോചിപ്പിച്ചു.

ആനിന്റെ മാതാവ് എഡിത്ത് ഫ്രാങ്ക് 1945 ജനുവരിയില്‍ ഔഷ്വിറ്റ്‌സില്‍ പട്ടിണിമൂലം മരിച്ചു. ഹെര്‍മന്‍ വാന്‍ പെല്‍സ് 1944-ല്‍ ഔഷ്വിറ്റ്‌സിലെ ഗ്യാസ് ചേമ്പറില്‍വച്ചാണ് മരിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ 1945-ലെ വസന്തകാലത്ത് ഇന്നത്തെ ചെക്ക് റിപ്പബ്ലിക്കിലെ തെരേസിയന്‍സ്റ്റാഡ് കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍വച്ചും മകന്‍ പീറ്റര്‍ വാന്‍ പെല്‍സ് 1945 മെയ് മാസത്തില്‍ ഓസ്ട്രിയയിലെ മൗട്ട്ഹൗസന്‍ തടങ്കല്‍പ്പാളയത്തില്‍വച്ചും മരണത്തിനു കീഴടങ്ങി. ആന്‍ ഫ്രാങ്കിന്റെ പിതാവ് ഓട്ടോ മാത്രമായിരുന്നു രഹസ്യസംഘത്തില്‍ ജീവനോടെ അവശേഷിച്ച ഏക അംഗം. 1945 ജനുവരി 27-ന് സോവിയറ്റ് സൈന്യം ഓട്ടോയെ ഔഷ്വിറ്റ്‌സില്‍നിന്നു മോചിപ്പിച്ചു.

തടങ്കല്‍പ്പാളയത്തില്‍നിന്നു മോചിതനായശേഷം ഓട്ടോ ഫ്രാങ്ക് ആംസ്റ്റര്‍ഡാമില്‍ തിരികെയെത്തി. ഫ്രാങ്കിന്റെ സെക്രട്ടറി മൈപ് ഗീസ് അഞ്ച് നോട്ട്ബുക്കുകളും ആനിന്റെ രചനകളടങ്ങിയ 300 പേപ്പറുകളും ഓട്ടോയ്ക്കു നല്‍കി. നാസിപട്ടാളം ഫ്രാങ്ക്‌സിനെ അറസ്റ്റ് ചെയ്തതിനു തൊട്ടുപിന്നാലെ രഹസ്യകേന്ദ്രത്തില്‍നിന്ന് ഗീസ്, നോട്ടുബുക്കുകളും വിലയേറിയ രേഖകളും വീണ്ടെടുത്ത് അവളുടെ മേശയില്‍ ഒളിച്ചുസൂക്ഷിച്ചിരുന്നു. ആനിക്ക് ഒരു എഴുത്തുകാരിയോ, പത്രപ്രവര്‍ത്തകയോ ആകാന്‍ ആഗ്രഹമുണ്ടെന്ന് ഓട്ടോ ഫ്രാങ്കിന് അറിയാമായിരുന്നു. അവളുടെ യുദ്ധകാലരചനകള്‍ ഒരുദിവസം പ്രസിദ്ധീകരിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നു. നാടുകടത്തപ്പെട്ട ഒരു ഡച്ച് ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്റെ റേഡിയോ പ്രക്ഷേപണത്തില്‍, നാസികളുടെ കീഴിലുള്ള ജീവിതം എങ്ങനെയായിരുന്നുവെന്ന് രേഖപ്പെടുത്താന്‍ സഹായിക്കുന്ന ജേര്‍ണലുകളും കത്തുകളും സൂക്ഷിക്കാന്‍ ഡച്ചുകാരോട് ആഹ്വാനംചെയ്തതിനുശേഷം ആന്‍ തന്റെ ഡയറി എഡിറ്റ് ചെയ്യാന്‍പോലും തയ്യാറായി.

മകളുടെ രചനകള്‍ തിരികെക്കിട്ടിയശേഷം, ഓട്ടോ ഫ്രാങ്ക് അവയെ ഒരു കൈയെഴുത്തുപ്രതിയായി രൂപപ്പെടുത്തി. അത് 1947-ല്‍ നെതര്‍ലാന്‍ഡില്‍ ‘ഹെറ്റ് അച്ചെറ്റര്‍ഹൂയിസ്’ (റിയര്‍ അനെക്‌സ്) എന്നപേരില്‍ പ്രസിദ്ധീകരിച്ചു. അമേരിക്കന്‍ പ്രസാധകര്‍ ഈ കൃതി ആദ്യം നിരസിച്ചെങ്കിലും, ഒടുവില്‍ 1952-ല്‍ അമേരിക്കയില്‍ ‘ദ ഡയറി ഓഫ് എ യംഗ് ഗേള്‍’ എന്നപേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ലോകമെമ്പാടും ദശലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞ ഈ പുസ്തകം മനുഷ്യാത്മാവിന്റെ നാശമില്ലാത്ത സ്വഭാവത്തിന്റെ തെളിവായി മുദ്രചെയ്യപ്പെട്ടു.

ആന്‍, ഡയറി എഴുതിയ രഹസ്യസങ്കേതം ‘ആന്‍ ഫ്രാങ്ക് ഹൗസ്’ എന്നപേരില്‍ ഒരു മ്യൂസിയമാക്കി പൊതുജനങ്ങള്‍ക്കായി ഇന്ന് തുറന്നുനല്‍കിയിരിക്കുന്നു.

ആന്‍ ഫ്രാങ്കിന്റെ ഡയറിയില്‍നിന്ന് നമുക്കു പഠിക്കാന്‍ കഴിയുന്ന ജീവിതപാഠങ്ങള്‍

1. സന്തോഷമുള്ളവന്‍ മറ്റുള്ളവരെ സന്തോഷിപ്പിക്കും

കുട്ടിക്കാലത്ത് അനുഭവിക്കേണ്ടിവന്ന സങ്കീര്‍ണ്ണമായ ജീവിതസാഹചര്യങ്ങള്‍ക്കിടയിലും ആന്‍ നല്‍കുന്ന ശുഭാപ്തിവിശ്വാസവും സന്തോഷവും ഈ വാക്യങ്ങളില്‍ ദൃശ്യമാണ്. നമ്മുടെ ജീവിതസാഹചര്യങ്ങള്‍ പരിഗണിക്കാതെ, ശുഭാപ്തിവിശ്വാസത്തോടെയും സന്തോഷത്തോടെയും നമ്മള്‍ ജീവിതത്തെ അഭിമുഖീകരിക്കണം എന്നതാണ് ഒന്നാമത്തെ പാഠം.

2. അവിടെയുള്ള ദുരിതങ്ങള്‍ ഞാന്‍ കാണുന്നില്ല. പക്ഷേ, ഇപ്പോഴും നിലനില്‍ക്കുന്ന സൗന്ദര്യം ഞാന്‍ ദര്‍ശിക്കുന്നു

ആയിരക്കണക്കിന് യഹൂദന്മാര്‍ അവരുടെ വീടുകളില്‍ ഒളിച്ചിരിക്കുമ്പോഴും ആയിരക്കണക്കിനുപേര്‍ തടങ്കല്‍പ്പാളയങ്ങളില്‍ കഷ്ടപ്പെടുമ്പോഴും നിരവധിപേര്‍ മരിച്ചുവീഴുമ്പോഴും ഈ ദുരിതങ്ങള്‍ക്കപ്പുറം ശോഭനമായ ഒരു ഭാവി ഉണ്ടാകുമെന്നും അതിനായി നല്ല കാര്യങ്ങള്‍ ചിന്തിക്കണമെന്നും ആനിന് അറിയാമായിരുന്നു. ആന്‍ ഫ്രാങ്കിന്റെ ഡയറിയില്‍നിന്നു പഠിക്കേണ്ട മറ്റൊരു പാഠമാണിത്.

3. സാധാരണ ആളുകള്‍ക്ക് പുസ്തകങ്ങളുടെ അര്‍ഥം എന്താണെന്ന് അറിയില്ല. അവടെ മിണ്ടാതിരിക്കുക. വായനയും പഠനവും റേഡിയോയും ഞങ്ങളുടെ വിനോദങ്ങളാണ്

ആന്‍ ഫ്രാങ്കിന്റെ ഡയറിയിലെ ഏറ്റവും മികച്ച പാഠങ്ങളിലൊന്നാണിത്. എഴുത്തിനോടുള്ള ആനിന്റെ അഭിനിവേശം വായനയോടുള്ള അവളുടെ അടങ്ങാത്ത ആഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആനിനെ സംബന്ധിച്ചിടത്തോളം പുസ്തകങ്ങള്‍, രക്ഷപ്പെടാനുള്ള ഒരു വഴിയും പഠനം തുടരാനുള്ള ഒരു മാര്‍ഗവുമായിരുന്നു. അവള്‍ക്ക് പുസ്തകങ്ങള്‍ സുഹൃത്തുക്കളായിരുന്നു. മാസങ്ങളോളം പുറത്തിറങ്ങാന്‍ കഴിയാത്തതിനാല്‍, മറ്റു വിനോദങ്ങള്‍ക്കുള്ള ഓപ്ഷനുകള്‍ അവള്‍ക്കില്ലായിരുന്നു. ഇക്കാരണത്താല്‍, ആന്‍ ഫ്രാങ്ക്, അവള്‍ ഒളിവിലായിരുന്ന കാലത്ത് തന്റെ ഏറ്റവും വലിയ കൂട്ടുകാരിയായി പുസ്തകങ്ങളെ സ്വീകരിച്ചിരുന്നു.

4. സ്ത്രീകളെയും നല്ലതുപോലെ ബഹുമാനിക്കണം. പൊതുവെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും പുരുഷന്മാര്‍ക്ക് വലിയ തോതില്‍ ബഹുമാനമുണ്ട്. അതിനാല്‍ സ്ത്രീകള്‍ക്ക് അവരുടെ പങ്ക് എന്തുകൊണ്ട് പാടില്ല?

ജീവിതത്തിന്റെ ഏതു മേഖലയിലും സ്ത്രീകള്‍ക്ക്, പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ലഭിക്കുന്ന ബഹുമാനക്കുറവിനെയും താഴ്ന്ന പ്രാധാന്യത്തെയുംകുറിച്ചുള്ള ആനിന്റെ അവബോധമാണ് ഈ വരികളില്‍ നിഴലിക്കുന്നത്. ഇന്നത്തെ സമൂഹത്തില്‍ വരുത്തേണ്ട പരിവര്‍ത്തനത്തിന്റെ മറ്റൊലി ഈ വാക്കുകളില്‍ അടങ്ങിയിട്ടുണ്ട്.

5. ലോകത്തെ നല്ലതാക്കാന്‍ ഇറങ്ങിത്തിരിക്കാന്‍ ആരും ഒരുനിമിഷം പോലും കാത്തിരിക്കേണ്ടതില്ല എന്നത് എത്രയോ അത്ഭുതകരമാണ്

ആന്‍ ഫ്രാങ്കിന്റെ ഡയറിയില്‍നിന്ന് ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തുന്ന മറ്റൊരു പാഠം ഇതാണ്. ചെറിയ പ്രവര്‍ത്തനങ്ങളിലൂടെയും തീരുമാനങ്ങളിലൂടെയും ലോകത്തെ നല്ലതാക്കാന്‍ നാം കാത്തിരിക്കേണ്ടതില്ല. ചെറിയ പ്രവൃത്തികളിലൂടെ ലോകത്തെ മെച്ചപ്പെടുത്താന്‍ കഴിയുമെന്നും അവരുടെ ജീവിതത്തിന്റെ ചില വശങ്ങള്‍ മാറ്റണമെങ്കില്‍ ആരും കാത്തിരിക്കേണ്ടതില്ലെന്നും കാണിക്കാന്‍ ആഗ്രഹിക്കുന്നു.

ഫാ. ജയ്‌സണ്‍ കുന്നേല്‍ MCBS

 

Latest News