Thursday, January 23, 2025

നൈജീരിയയിലെ ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങള്‍

തെക്ക്-പടിഞ്ഞാറന്‍ നൈജീരിയയിലെ ഒരു കത്തോലിക്കാ പള്ളിയില്‍ അടുത്തിടെ നിരവധി വിശ്വാസികള്‍ കൊല്ലപ്പെട്ട സംഭവം രാജ്യത്തെ മതപരമായ അക്രമത്തെക്കുറിച്ച് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. പള്ളികള്‍ക്കും ക്രിസ്ത്യാനികള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ കുത്തനെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ചര്‍ച്ച് ഗ്രൂപ്പുകളെ പ്രതിനിധീകരിക്കുന്ന ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയ (സിഎഎന്‍) പറയുന്നു. ‘ഇത് തീര്‍ത്തും നിരാശാജനകമായ ഒരു സാഹചര്യമായി മാറുകയാണ്. അത് അപലപനീയവുമാണ്’. സിഎഎന്‍ വക്താവ് അഡെബയോ ഒലാഡെജി പറഞ്ഞു.

ഒരു ദശാബ്ദം മുമ്പ്, 2012 ല്‍ 46 ആക്രമണങ്ങളാണ് ക്രൈസ്തവര്‍ക്ക് നേരെയുണ്ടായത്. ആ വര്‍ഷം ഏപ്രിലില്‍, വടക്കന്‍ നഗരമായ കാനോയില്‍ ക്രിസ്ത്യന്‍ ആരാധകര്‍ ഉപയോഗിച്ചിരുന്ന യൂണിവേഴ്‌സിറ്റി തിയേറ്ററില്‍ തോക്കുധാരികള്‍ കുറഞ്ഞത് 15 പേരെ കൊന്നു. പിന്നീട് 2012-ല്‍ തന്നെ സെന്‍ട്രല്‍ നൈജീരിയയിലെ ഒരു പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 19 പേരെങ്കിലും മരിച്ചു. കൂടാതെ പല സംഭവങ്ങളും രേഖപ്പെടുത്തപ്പെടാതെ പോയിട്ടുണ്ടാവാം. ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണത്തില്‍ എത്ര പേര്‍ മരിച്ചുവെന്ന് കൃത്യമായി കണ്ടെത്താനും പ്രയാസമാണ്.

2019 മുതല്‍ ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളില്‍ വ്യക്തമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ആംഡ് കോണ്‍ഫ്‌ലിക്റ്റ് ലൊക്കേഷന്‍ ആന്‍ഡ് ഇവന്റ് ഡാറ്റാ പ്രോജക്റ്റ് ശേഖരിച്ച കണക്കുകള്‍ പ്രകാരം, ഈ വര്‍ഷം ഇതുവരെ 23 വ്യത്യസ്ത ആക്രമണങ്ങള്‍ പള്ളി പരിസരങ്ങളിലും അവയുമായി ബന്ധപ്പെട്ട ആളുകള്‍ക്കും നേരെ ഉണ്ടായിട്ടുണ്ട്. 2021-ല്‍ ആകെ 31 സംഭവങ്ങള്‍, 2020-ല്‍ 18. ഈ വര്‍ഷം, ഇക്കഴിഞ്ഞ ജൂണ്‍ 5 ന് തെക്ക്-പടിഞ്ഞാറ് ഒന്‌ഡോ സംസ്ഥാനത്തെ ഒരു പള്ളിയില്‍ 40 വിശ്വാസികളാണ് കൊല്ലപ്പെട്ടത്. മെത്തഡിസ്റ്റ് ചര്‍ച്ച് നേതാവിനെ തട്ടിക്കൊണ്ടുപോയത് മെയ് 29 നാണ്. മേയ് 25 ന് കാറ്റ്സിന സംസ്ഥാനത്ത് രണ്ട് കത്തോലിക്കാ പുരോഹിതരെ തട്ടിക്കൊണ്ടുപോയിരുന്നു.

ഈ കാലയളവില്‍, തീവ്രവാദി ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ ബൊക്കോ ഹറാം ആയിരുന്നു പല ആക്രമണങ്ങളും നടത്തിയത്. ഇസ്ലാമിന്റെ കര്‍ശനമായ വ്യാഖ്യാനം പാലിക്കാത്ത മുസ്ലിം സമുദായങ്ങള്‍ക്കെതിരെയും ബോക്കോ ഹറാം പോലുള്ള ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകള്‍ ചില ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. മുസ്ലീം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്ന സ്‌കൂളുകള്‍ ആക്രമിക്കപ്പെടുകയും കുട്ടികളെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്. ഈ തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരെ സംസാരിച്ച മുസ്ലീം നേതാക്കളും ആക്രമിക്കപ്പെട്ടിട്ടുണ്ട്.

ആരാണ് ഇപ്പോള്‍ ആക്രമണം നടത്തുന്നത്?

നൈജീരിയയില്‍ പള്ളിക്ക് നേരെ നടന്ന ഏറ്റവും പുതിയ ആക്രമണം ഇസ്ലാമിക് സ്റ്റേറ്റ് നെറ്റ്വര്‍ക്കുമായി ബന്ധമുള്ള ഒരു തീവ്രവാദി ഗ്രൂപ്പാണ് നടത്തിയതെന്ന് നൈജീരിയന്‍ അധികൃതര്‍ സംശയിക്കുന്നു. ഭൂമി പോലുള്ള വിഭവങ്ങള്‍ക്കായി ഇടയന്മാരും കര്‍ഷകരും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷവും പ്രദേശത്തെ സ്ഥിതി സങ്കീര്‍ണ്ണമാക്കുന്നു. വരള്‍ച്ചയും മരുഭൂവല്‍ക്കരണവും മേച്ചില്‍പ്പുറങ്ങളെ നശിപ്പിക്കുകയും വടക്കന്‍ ജലസ്രോതസ്സുകള്‍ വറ്റിവരണ്ടതിലേക്ക് നയിക്കുകയും ചെയ്തു. മുസ്ലീം ഇടയന്മാര്‍ക്ക് തെക്കോട്ട് കുടിയേറേണ്ടി വന്നു, അവിടെ അവര്‍ ക്രിസ്ത്യന്‍ കര്‍ഷക സമൂഹങ്ങളുമായി ഏറ്റുമുട്ടി. ഈ ഏറ്റുമുട്ടലുകളില്‍, ക്രിസ്ത്യന്‍, മുസ്ലീം സമുദായങ്ങളെ ലക്ഷ്യമിട്ട് വീടുകളും ആരാധനാലയങ്ങളും നശിപ്പിക്കപ്പെട്ടു.

സര്‍ക്കാര്‍ എന്താണ് പറഞ്ഞത്?

രാഷ്ട്രീയ അസ്ഥിരത സൃഷ്ടിക്കാനും മതത്തിന്റെ അടിസ്ഥാനത്തില്‍ നൈജീരിയക്കാര്‍ക്കിടയില്‍ ഭിന്നത വളര്‍ത്താനും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളാണ് ഇതിന് പിന്നിലെന്ന് പ്രസിഡന്റ് മുഹമ്മദ് ബുഹാരി നേരത്തെ ആരോപിച്ചിരുന്നു. നൈജീരിയയിലെ പോലീസ് മേധാവി ഉസ്മാന്‍ അല്‍ക്കലി ബാബ, ഒവോ സ്റ്റേറ്റിലെ ഏറ്റവും പുതിയ ആക്രമണത്തിന്റെ കുറ്റവാളികളെ കണ്ടെത്തുന്നതിന് പൂര്‍ണ്ണമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. നൈജീരിയയിലെ ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ സ്ഥിതിഗതികള്‍ വഷളാക്കുന്ന സര്‍ക്കാര്‍ നയങ്ങളെയാണ് കുറ്റപ്പെടുത്തുന്നത്.

മതസഹിഷ്ണുതയ്ക്കും വിദ്വേഷ പ്രസംഗത്തിനും എതിരെ നിയമനിര്‍മ്മാണം കൊണ്ടുവരാന്‍ മതനേതാക്കളുമായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കണമെന്നാണ് ഇപ്പോള്‍ എല്ലാ വിഭാഗങ്ങളുടേയും കൂട്ടായ ആവശ്യം.

Latest News