Sunday, November 24, 2024

പോളിയോ വാക്‌സിന്‍ സ്വീകരിച്ച ആദ്യ കുഞ്ഞ്, ഇന്ന് പാകിസ്താന്റെ പ്രഥമവനിത; പുതുചരിത്രമെഴുതി അസീഫ ഭൂട്ടോ

പാകിസ്താനില്‍ പുതുചരിത്രമെഴുതി, പ്രഥമവനിതയെന്ന ബഹുമതി ഇളയ മകള്‍ അസീഫ ഭൂട്ടോ (31)യ്ക്ക് നല്‍കാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി തീരുമാനിച്ചു. സഹോദരിയെ പ്രഥമവനിതയായി നിയമിക്കുന്ന വിവരം സര്‍ദാരിയുടെ മൂത്തമകള്‍ ബക്താവര്‍ ഭൂട്ടോയും ട്വീറ്റ് ചെയ്തു. പ്രസിഡന്റിന്റെ ഭാര്യയാണു സാധാരണ പ്രഥമവനിത ആകുന്നതെങ്കിലും ആസിഫ് അലി സര്‍ദാരിയുടെ ഭാര്യ ബേനസീര്‍ ഭൂട്ടോ 2007ല്‍ വധിക്കപ്പെട്ട സാഹചര്യത്തില്‍ മകളെ ആ പദവിയിലേക്കു നിയോഗിക്കുകയായിരുന്നു.

പാകിസ്താന്റെ ഇന്നോളമുള്ള ചരിത്രത്തില്‍ പ്രസിഡന്റിന്റെ ഭാര്യയാണ് പ്രഥമവനിതാ പദം അലങ്കരിച്ചിട്ടുള്ളത്. ഭാര്യയ്ക്കു പകരം മറ്റുള്ളവര്‍ പ്രഥമവനിതകളായ സംഭവം പാകിസ്ഥാന്റെ ചരിത്രത്തിലില്ല. ഇതിന് മുമ്പ് 2008-ല്‍ ആസിഫ് അലി സര്‍ദാരി പാക് പ്രസിഡന്റായിരുന്നപ്പോള്‍ പ്രഥമവനിതാ പദം ഒഴിച്ചിട്ടിരിക്കുകയായിരുന്നു. അസീഫയെത്തുമ്പോള്‍ അത് പുതുചരിത്രമാകുന്നതും ഇതുകൊണ്ടാണ്. പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ (പി.പി.പി) തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായി രംഗത്തുണ്ടായിരുന്ന അസീഫ കഴിഞ്ഞ ഞായറാഴ്ച നടന്ന പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ആസിഫ് അലി സര്‍ദാരിക്കൊപ്പമുണ്ടായിരുന്നു.

അസീഫ ഭൂട്ടോ

ആസിഫ് അലി സര്‍ദാരിയുടേയും ബേനസീര്‍ ഭൂട്ടോയുടേയും മകളായി 1993 ഫെബ്രുവരി മൂന്നിന് ലണ്ടനിലാണ് അസീഫ ജനിച്ചത്. ഭൂട്ടോ സര്‍ദാരിയുടെ മൂന്ന് അവകാശികളില്‍ ഇളയവള്‍. ആ വര്‍ഷം ഒക്ടോബറില്‍ ബേനസീര്‍ ഭൂട്ടോ പാകിസ്താന്റെ 13-ാം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തൊട്ടടുത്ത വര്‍ഷം അവര്‍ പാകിസ്താനില്‍ പോളിയോ പ്രതിരോധ യജ്ഞം ആരംഭിച്ചു. തന്റെ ഇളയ മകള്‍ക്ക് പ്രതിരോധ വാക്സിന്‍ നല്‍കിയാണ് ബേനസീര്‍ പോളിയോയ്ക്കെതിരായ പോരാട്ടം ആരംഭിച്ചത്. ഇതോടെ പാകിസ്താനില്‍ ആദ്യമായി പോളിയോ വാക്സിന്‍ സ്വീകരിച്ചയാളായി അസീഫ. തുടര്‍ന്ന് പോളിയോ നിര്‍മ്മാര്‍ജനത്തിനായി പ്രവര്‍ത്തിച്ച അസീഫ പോളിയോ വിമുക്ത പാകിസ്ഥാന്റെ അംബാസഡറായി.

ഓക്സ്ഫോര്‍ഡ് ബ്രൂക്സ് യൂണിവേഴ്സിറ്റിയില്‍ നിന്ന് പൊളിറ്റിക്സിലും സോഷ്യോളജിയിലും ബിരുദമെടുത്ത അസീഫ ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് ഗ്ലോബല്‍ ഹെല്‍ത്ത് ആന്‍ഡ് ഡെവലപ്പ്മെന്റില്‍ ബിരുദാനന്ദരബിരുദം നേടി. 2012-ലാണ് അസീഫ പാകിസ്താനിലെ പോളിയോ നിര്‍മാര്‍ജനത്തിന്റെ ഗുഡ്വില്‍ അംബാസഡറാകുന്നത്. പോളിയോ പ്രതിരോധവുമായി ബന്ധപ്പെട്ട നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് അംബാസഡര്‍ എന്ന നിലയില്‍ അവര്‍ നേതൃത്വം നല്‍കി. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നത് അസീഫയുടെ ശീലമായിരുന്നു. പോളിയോബാധിതരുടെ വീടുകള്‍ സന്ദര്‍ശിച്ച് അവര്‍ക്ക് ആശ്വാസം പകരാനും അസീഫ സമയം കണ്ടെത്തി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അസീഫയെ തന്റെ സഹോദരങ്ങളേക്കാള്‍ പ്രശസ്തയാക്കി.

2012 ല്‍ ബര്‍മിംഗ്ഹാമില്‍ നോബേല്‍ ജേതാവായ മലാല യൂസഫ്‌സായിയെ കാണാന്‍ പിതാവിനൊപ്പം എത്തിയപ്പോഴാണ് അസീഫ പൊതുജനശ്രദ്ധയാകര്‍ഷിച്ചത്. 21 ാം വയസ്സില്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിയനെ അഭിസംബോധന ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ പാകിസ്ഥാനിയുമായി അവര്‍. സമൂഹ മാധ്യമങ്ങളിലും അസീഫ സജീവമാണ്. സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലൂടെ പാകിസ്താനിലെ രാഷ്ട്രീയ സംഭവവികാസങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ അസീഫ സ്ഥിരമായി പങ്കുവയ്ക്കാറുണ്ട്.

രാഷ്ട്രീയ പ്രവേശനം

സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന അസീഫ 2020-ലാണ് രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കുന്നത്. നവംബര്‍ 30-ന് മുള്‍ട്ടാനില്‍ നടന്ന പി.പി.പിയുടെ റാലിയിലൂടെയാണ് തന്റെ രാഷ്ട്രീയപ്രവേശം അവര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. 2022-ല്‍ സഹോദരന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരിയ്ക്കൊപ്പം ഖാന്‍വാലില്‍ പി.പി.പി റാലിയില്‍ പങ്കെടുക്കവെ വാര്‍ത്താ ചാനലിന്റെ ഡ്രോണ്‍ ഇടിച്ച് അസീഫയ്ക്ക് പരിക്കേറ്റത് അന്ന് വാര്‍ത്തയായിരുന്നു.

ഈ വര്‍ഷം പാകിസ്താനില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ പി.പി.പിയുടെ പ്രചരണത്തില്‍ നിര്‍ണായകമായ പങ്ക് വഹിച്ചിരുന്നു അസീഫ. പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്ന സഹോദരന്‍ ബിലാവലിന് ശക്തമായ പിന്തുണയാണ് അസീഫ നല്‍കിയത്. പാകിസ്താന്റെ മണ്ണില്‍ സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കുക എന്നതാണ് തന്റെ ലക്ഷ്യവും സ്വപ്‌നവുമെന്ന് അസീഫ പ്രഖ്യാപിച്ചുണ്ട്. കാത്തിരുന്നു കാണാം, അസീഫയുടെ പ്രവര്‍ത്തനങ്ങള്‍..

Latest News