Sunday, November 24, 2024

‘ജീവനല്ലാതെ മറ്റൊന്നും അവശേഷിച്ചിട്ടില്ല’; ബംഗ്ലാദേശില്‍ വെള്ളപ്പൊക്കത്തെ അതിജീവിച്ചവര്‍ പറയുന്നു

ഒരു നൂറ്റാണ്ടിലേറെക്കാലയളവില്‍ വടക്കുകിഴക്കന്‍ ബംഗ്ലാദേശ് കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കത്തില്‍ അനേകം ആളുകളാണ് മരിച്ചത്. അവരില്‍ പലരും കൊച്ചുകുട്ടികളാണ്. നാല് ലക്ഷത്തിലധികം ആളുകള്‍ ഇതിനോടകം ഒറ്റപ്പെട്ടു.

മെയ് പകുതി മുതല്‍ ബംഗ്ലാദേശിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 80-ലധികം പേര്‍ മരിച്ചു. അവരില്‍ ഭൂരിഭാഗവും വടക്കുകിഴക്കന്‍ മേഖലയിലുള്ളവരാണ്. വെള്ളപ്പൊക്കം ബാധിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും, സില്‍ഹെറ്റിലെ നൂറുകണക്കിന് ഗ്രാമങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലായതിനാല്‍, ദുരിതത്തിന്റെ കഥകളാണ് എങ്ങും.

സില്‍ഹെറ്റ് മേഖലയിലെ ഷുമാന അക്തര്‍ ഐഷ എന്ന സ്ത്രീയുടെ വീട്, വെള്ളത്താല്‍ ചുറ്റപ്പെട്ടിരിക്കുന്നു. കെട്ടിടത്തിന്റെ ഭിത്തികളായിരുന്ന തകര ഷീറ്റുകള്‍ കനത്ത മഴയില്‍ തകര്‍ന്നു. അവളുടെ വീട് ഭീകരമായ മഴയെ അതിജീവിച്ചെങ്കിലും അവളുടെ ഭര്‍ത്താവ് ഗോയയും സഹോദരി ലുബ്‌നയും അതിജീവിച്ചില്ല. ‘വെള്ളം എല്ലാം തൂത്തുവാരുകയായിരുന്നു’. ഷുമന പറഞ്ഞു.

ദിവസങ്ങളോളം തുടര്‍ന്ന മഴയ്ക്ക് ശേഷമാണ് വീട്ടില്‍ കുടുങ്ങിയ കുടുംബം ഭക്ഷണവും സുരക്ഷിതമായ ഭൂമിയും കണ്ടെത്താനായി പുറത്തിറങ്ങാന്‍ തീരുമാനിച്ചത്. കാലാവസ്ഥ പ്രതികൂലമായിരുന്നു. എങ്കിലും ഒരു ബോട്ട് കണ്ടെത്തി, ഷുമാനയും മറ്റ് അഞ്ച് ബന്ധുക്കളും അതില്‍ യാത്ര പുറപ്പെട്ടു. പക്ഷേ തുഴയുന്നതിനിടെ അവളുടെ ഭര്‍ത്താവ് ഗോയ ശക്തമായ ഒഴുക്കില്‍പ്പെട്ടു.

‘ഞങ്ങളുടെ ബോട്ടില്‍ വെള്ളം നിറഞ്ഞിരുന്നു. ഞങ്ങള്‍ക്ക് അത് ഓടിക്കാന്‍ കഴിഞ്ഞില്ല. അപ്പോള്‍ ഞാന്‍ വെള്ളത്തില്‍ വീണു, ബോധം നഷ്ടപ്പെട്ടു. എന്റെ അനിയത്തി ലുബ്‌നയും എന്റെ ഭര്‍ത്താവും വെള്ളത്തില്‍ വീണു’. ഷുമാന പറഞ്ഞു.

പക്ഷേ താന്‍ എങ്ങനെ രക്ഷപ്പെട്ടുവെന്ന് ഷുമനയ്ക്ക് അറിയില്ല. ഒരു മണിക്കൂറിന് ശേഷം മറ്റൊരു ബോട്ട് അവളെയും മറ്റ് യാത്രക്കാരെയും രക്ഷപ്പെടുത്തി. ഇതിന് പിന്നാലെയാണ് ഗോയയുടെയും ലുബ്‌നയുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

ഇപ്പോള്‍ സ്വന്തം വീട്ടിലേക്ക് മടങ്ങുമ്പോള്‍, 35 വയസ്സുള്ള ഗോയയുടെ ഒരു ചെറിയ പാസ്പോര്‍ട്ട് ഫോട്ടോ മാത്രമാണ് ഷുമനയുടെ കൈവശമുള്ളത്.

വെള്ളം കയറാന്‍ തുടങ്ങിയപ്പോള്‍, വിധവയായ 50 കാരി ഖുദേസ ബീഗം, കംപാനിഗഞ്ച് ജില്ലയില്‍ തന്റെ വീട്ടിലായിരുന്നു. ഏഴ് കുട്ടികളുടെ അമ്മയായ അവര്‍ തന്റെ അടുക്കള പാത്രങ്ങളും വസ്ത്രങ്ങളും കിടക്കയിലേക്ക് ശേഖരിച്ചു വച്ചു. പക്ഷേ ജലനിരപ്പ് നെഞ്ചൊപ്പം ഉയര്‍ന്നതോടെ അവളും കുടുംബത്തോടൊപ്പം ബോട്ടില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു.

‘ഞങ്ങള്‍ യാത്ര ചെയ്യുന്നതിനിടയില്‍ അത് മറിഞ്ഞു. ഞാനും മക്കളും നീന്തിയും തടിയില്‍ പിടിച്ചുകിടന്നുമാണ് രക്ഷപ്പെട്ടത്.’ ഖുദേസയ്ക്ക് ഇപ്പോള്‍ അവശേഷിക്കുന്നത് അവളുടെ കുടുംബം മാത്രമാണ്. മറ്റൊന്നുമില്ല.

‘എനിക്ക് എന്റെ വീട്ടിലെ വസ്തുവകകളോ വളര്‍ത്തുമൃഗങ്ങളെയോ രക്ഷിക്കാനായില്ല. അവയെല്ലാം ഒഴുക്കില്‍പ്പെട്ടു. എനിക്കും മക്കള്‍ക്കും ഞങ്ങളുടെ ജീവനല്ലാതെ മറ്റൊന്നും ബാക്കിയില്ല’. ബംഗ്ലാദേശില്‍ ഇപ്പോള്‍ ഭവനരഹിതരായ ദശലക്ഷക്കണക്കിന് ആളുകളില്‍ ഒന്നാണ് ഖുദേസയുടെ കുടുംബവും.

‘ഇവിടെയുള്ള മിക്ക വീടുകളും വെള്ളത്തിനടിയിലാണ്. ആളുകള്‍ക്ക് ഭക്ഷണം വേണം, വെള്ളം വേണം, വസ്ത്രം വേണം. ഇവരില്‍ ചിലര്‍ നാലോ അഞ്ചോ ദിവസം അവരുടെ വെള്ളത്തിനടിയിലായ വീടുകളുടെ മേല്‍ക്കൂരയില്‍ താമസിച്ചു. തുടര്‍ന്ന് ഞങ്ങള്‍ അവരെ രക്ഷിച്ചു’. കമ്പനിഗഞ്ചിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സഹായിക്കുന്ന ബംഗ്ലാദേശ് ആര്‍മിയിലെ ലെഫ്റ്റനന്റ് കേണല്‍ അബ്ദുള്ള പറഞ്ഞു.

തന്റെ ടീം നേരിടുന്ന ഏറ്റവും വലിയ ബുദ്ധിമുട്ട് വിദൂര പ്രദേശങ്ങളിലുള്ള ആളുകളിലേക്ക് എത്തുക എന്നതാണെന്ന് അദ്ദേഹം പറയുന്നു.

ബംഗ്ലാദേില്‍ കനത്ത മഴ ആദ്യമല്ല. എല്ലാ വര്‍ഷവും ഇവിടുത്തെ ജനങ്ങള്‍ മഴയെ നേരിടാന്‍ തയ്യാറെടുക്കുന്നതാണ്. എന്നാല്‍ ഈ വര്‍ഷം സില്‍ഹറ്റില്‍ ഒരു നൂറ്റാണ്ടിലേറെക്കാലത്തെ ഏറ്റവും ഉയര്‍ന്ന മഴയാണ് ലഭിച്ചത്.

രാജ്യത്തെ വെള്ളപ്പൊക്ക പ്രവചന മുന്നറിയിപ്പ് കേന്ദ്രം പറയുന്നതനുസരിച്ച് ജൂണില്‍ സില്‍ഹറ്റില്‍ സാധാരണയായി 840 മില്ലിമീറ്റര്‍ മഴ ലഭിക്കും. എന്നാല്‍ ഈ മാസം കഴിയുന്നതിന് മുമ്പുതന്നെ, അതിന്റെ ഇരട്ടിയോളം ലഭിച്ചു കഴിഞ്ഞു. 1,500 മില്ലിമീറ്ററില്‍ കൂടുതല്‍.

ലോകത്തിലെ ഏറ്റവും കൂടുതല്‍ കാലാവസ്ഥാ ദുര്‍ബലമായ രാജ്യങ്ങളിലൊന്നായ ബംഗ്ലാദേശില്‍ ക്രമരഹിതമായ കാലാവസ്ഥാ പാറ്റേണുകള്‍ ഇനിയും സംഭവിക്കുമെന്ന് പ്രവചിക്കപ്പെടുന്നു.

ലോകബാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2015-ലെ ഒരു വിശകലനം കണക്കാക്കുന്നത് ഏകദേശം 3.5 ദശലക്ഷം ബംഗ്ലാദേശികള്‍ ഓരോ വര്‍ഷവും വെള്ളപ്പൊക്ക ഭീഷണിയിലാണെന്നാണ്.

2050 ആകുമ്പോഴേക്കും സമുദ്രനിരപ്പ് ഉയരുന്നതിനാല്‍ രാജ്യത്തിന്റെ 17% വെള്ളത്തിനടിയിലാകുമെന്നും 20 ദശലക്ഷം ആളുകള്‍ക്ക് വീടില്ലാതാകുമെന്നും യുഎന്‍ പുറത്തുവിട്ട ഒരു റിപ്പോര്‍ട്ടില്‍ കണക്കാക്കുന്നു.

വെള്ളപ്പൊക്കത്തെ അതിജീവിച്ചവര്‍ക്ക് ഇനിയും മറ്റ് വെല്ലുവിളികള്‍ നിലനില്‍ക്കുന്നു. ജലജന്യ രോഗങ്ങള്‍, പട്ടിണി, ആളുകളെ പുനരധിവസിപ്പിക്കുന്നതിനുള്ള വെല്ലുവിളി തുടങ്ങിയവ.

ബംഗ്ലാദേശിലെ വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ കഴിഞ്ഞയാഴ്ച അതിവേഗം വഷളായതായി യുണൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ട്, യുനിസെഫ് പറയുന്നു. ദശലക്ഷക്കണക്കിന് കുടുംബങ്ങള്‍kdkd കുടിവെള്ളം പോലുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാല്‍ അന്താരാഷ്ട്ര സഹായം ആവശ്യപ്പെടുകയാണ്.

Latest News