രാജ്യത്തെ തിരിച്ചറിയൽ രേഖയായ ആധാറിലെ ബയോമെട്രിക് വിവരങ്ങൾ സുരക്ഷിതമല്ലെന്നും ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും വിമര്‍ശനം. ആഗോള ക്രെഡിറ്റ് ഏജൻസിയായ മൂഡീസാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. എന്നാല്‍ മൂഡീസിന്റെ ആരോപണങ്ങള്‍ തള്ളി കേന്ദ്ര സർക്കാര്‍ രംഗത്തെത്തി.
ബാങ്കിങ് – സർക്കാർ സേവനങ്ങൾക്ക് ആധാർ അധിഷ്ഠിത തിരിച്ചറിയല്‍ സംവിധാനം ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ സാങ്കേതിക തകരാറുകൾമൂലം പലപ്പോഴും ആധാർ അധിഷ്ഠിത സേവനങ്ങള്‍ നിഷേധിക്കപ്പെടുന്നതായി മൂഡീസ് വിമര്‍ശിക്കുന്നു. ബയോമെട്രിക് സാങ്കേതികവിദ്യയിൽ പലപ്പോഴും ആധാറിന് വിശ്വാസ്യതയില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യപോലുള്ള രാജ്യത്ത് വിരലടയാളവും നേത്ര പടലവും സ്കാൻ ചെയ്തുള്ള കേന്ദ്രീകൃത സാങ്കേതികവിദ്യ പ്രായോഗികമല്ലെന്നും തട്ടിപ്പിന് സാധ്യതയുണ്ടെന്നും മൂഡീസ് കൂട്ടിച്ചേര്‍ക്കുന്നു.
അതേസമയം, ആധാറിന്റെ ഡാറ്റ മാനേജ്മന്റ് അപര്യാപ്തമാണെന്ന് രാജ്യത്തെ ഏറ്റവും ഉയർന്ന ഓഡിറ്റിംഗ് കേന്ദ്രമായ കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (CAG) അഭിപ്രായപ്പെട്ട് ഒരു വർഷമാകുമ്പോഴാണ് മൂഡീസ് ആരോപണങ്ങളുമായി രംഗത്തു വരുന്നത് എന്നത് പ്രധാനമാണ്. എന്നാല്‍ മൂഡീസിന്റെ റിപ്പോർട്ടിലെ ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതും തെളിവുകൾ ഇല്ലാത്തതുമാണെന്നാണ് കേന്ദ സർക്കാറിന്റെ വാദം.