തുടർച്ചയായ ആക്രമണങ്ങളും സമാധാനമില്ലാത്ത അവസ്ഥയും നൈജീരിയയിലെ ക്രൈസ്തവ സമൂഹത്തെ ഭയത്തിന്റെ നിഴലിലാക്കുന്നു. വിദ്യാലയങ്ങൾ ആക്രമിച്ചും ചെറിയ കുഞ്ഞുങ്ങളെപ്പോലും കൊന്നൊടുക്കിയും ഭീകരർ നടത്തുന്ന ക്രൂരതയ്ക്ക് ഒരു അവസാനമില്ല. ഇപ്പോൾ വിദ്യാലയങ്ങൾ ലക്ഷ്യംവെച്ചാണ് കൊലപാതകങ്ങളും തട്ടിക്കൊണ്ടു പോകലുകളും നടത്തുന്നത്. മനുഷ്യമനസാക്ഷിയെ തന്നെ നടക്കുന്ന ഇത്തരം പ്രവണതകൾക്ക് ഒരു അന്ത്യം കുറിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. തുടർന്ന് വായിക്കുക.
നൈജീരിയയിലെ ഒരു സാധാരണ ദിവസത്തെ ചോരക്കളമാക്കാൻ ഭീകരർക്ക് അധികസമയം വേണ്ടിവരുന്നില്ല. മെയ് 12 മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവരെയും ന്യൂനപക്ഷ വിഭാഗങ്ങളെയും ലക്ഷ്യമിട്ട് അഴിച്ചുവിട്ട അക്രമപരമ്പരകൾ വംശഹത്യയുടെ ഭീകരമായ ചിത്രമാണ് പുറത്തുവിടുന്നത്. രണ്ടു വയസ്സുമാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞുങ്ങളെപ്പോലും തലയറുത്തുകൊല്ലാനും സ്ത്രീകളെയും അധ്യാപകരെയും കൂട്ടത്തോടെ തട്ടിക്കൊണ്ടുപോകാനും ഭീകരർക്ക് യാതൊരു മടിയുമില്ലെന്ന് പ്രാദേശിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ മാത്രം അമ്പതിലധികം ക്രൈസ്തവരാണ് ഇവിടെ കൊല്ലപ്പെട്ടത്. നിരവധി വീടുകളും ദേവാലയങ്ങളും ഭീകരർ അഗ്നിക്കിരയാക്കിക്കഴിഞ്ഞു.
സ്കൂളുകൾ കേന്ദ്രീകരിച്ച് കൂട്ടതട്ടിക്കൊണ്ടു പോകലുകൾ
മെയ് 15-നാണ് രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് സ്കൂളുകൾക്ക് നേരെ സമാന്തരമായ രണ്ട് ആക്രമണങ്ങൾ ഉണ്ടായത്. വടക്കുകിഴക്കൻ നൈജീരിയയിലെ ബോർണോ സംസ്ഥാനത്തുള്ള മുസ്സ എന്ന നഗരത്തിൽ മോട്ടോർ സൈക്കിളുകളിലെത്തിയ സായുധ സംഘം മൂന്ന് സ്കൂളുകൾ വളഞ്ഞ്, രണ്ടിനും അഞ്ചിനും ഇടയിൽ പ്രായമുള്ള അമ്പതോളം കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയത്.
ഇതേസമയം തന്നെ രാജ്യത്തിന്റെ മറുഭാഗത്ത്, ഒയോ സംസ്ഥാനത്തെ അഹോരോ-എസിനെലെ മേഖലയിൽ രണ്ട് സെക്കൻഡറി സ്കൂളുകൾ ഭീകരർ ആക്രമിച്ചു. ആക്രമണത്തിൽ ഒരു അധ്യാപകനെ വധിച്ച ഭീകരർ, സ്കൂൾ പ്രിൻസിപ്പലിനെയും നാൽപ്പതിലധികം വിദ്യാർത്ഥികളെയും തട്ടിക്കൊണ്ടുപോയി. ബന്ധിയാക്കപ്പെട്ട സ്കൂൾ പ്രിൻസിപ്പൽ റേച്ചൽ അലാമു, തങ്ങളെ മോചിപ്പിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ‘ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ’യോട് അപേക്ഷിക്കുന്ന വീഡിയോ പിന്നീട് പുറത്തുവന്നു.
ഇതിനിടയിൽ, കമ്മ്യൂണിറ്റി ഹൈസ്കൂളിലെ ഒരു അധ്യാപകനെ ഭീകരർ ക്രൂരമായി തലയറുത്തു കൊല്ലുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ബന്ധികളാക്കപ്പെട്ട മറ്റുള്ളവരുടെ ജീവനെക്കുറിച്ചുള്ള ആശങ്ക വർധിച്ചിരിക്കുകയാണ്. രക്ഷാപ്രവർത്തനത്തിന് എത്തിയ സൈനികരെ ഭീകരർ ഒളിപ്പിച്ചുവെച്ച ഐ.ഇ.ഡി (IED) സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് വധിച്ചതായി ഒയോ സംസ്ഥാന ഗവർണറുടെ മാധ്യമ ഉപദേശകൻ ഡോ. സുലൈമാൻ ഒലൻറേവാജു സ്ഥിരീകരിച്ചു.
“ഈ ആക്രമണങ്ങൾ പള്ളികളിലെ ആരാധനകളെ മാത്രമല്ല, ഇവിടുത്തെ സാധാരണക്കാരായ ക്രൈസ്തവരുടെ ജീവിതത്തെത്തന്നെയാണ് നിശ്ചലമാക്കുന്നത്. അവർക്ക് പള്ളിയിൽ പോകാനോ കുട്ടികളെ സ്കൂളിൽ അയക്കാനോ കഴിയുന്നില്ല. ഭയത്താൽ അവരുടെ ജീവിതം വഴിമുട്ടി നിൽക്കുകയാണ്,” – വടക്കൻ നൈജീരിയയിലെ ക്രൈസ്തവ സഭയുടെ വക്താവായ അബിയോദുൻ മുസ്ബാഹ് വ്യക്തമാക്കുന്നു.
മലനിരകളിലെ ക്രൂരതകളും നിശ്ചലമാകുന്ന ജീവിതങ്ങളും
ബോർണോ സംസ്ഥാനത്തെ മലനിരകളിൽ ബോക്കോ ഹറാം ഭീകര സംഘടനയുടെ അധീനതയിലുള്ള ക്യാമ്പിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച ഏഴ് ക്രൈസ്തവരെ ഭീകരർ പരസ്യമായി തലയറുത്തു കൊന്നു. ക്യാമ്പിലുള്ള മറ്റ് സ്ത്രീകളുടെയും കുട്ടികളുടെയും മുന്നിൽ വെച്ചായിരുന്നു ഈ ക്രൂരത. സമാനമായ രീതിയിൽ നാനൂറോളം പേർ ഇപ്പോഴും ഈ മലനിരകളിൽ തടവിലുണ്ടെന്നാണ് ‘സഹാറ റിപ്പോർട്ടേഴ്സ്’ വ്യക്തമാക്കുന്നത്. പട്ടിണിയും പീഡനങ്ങളും കാരണം പലരും ക്യാമ്പുകളിൽ വെച്ച് തന്നെ മരണപ്പെടുന്നു.
മറ്റൊരു സംഭവത്തിൽ, കടുന സംസ്ഥാനത്തെ ബേഗെ ബാപ്റ്റിസ്റ്റ് ചർച്ചിൽ ഞായറാഴ്ച ആരാധന നടന്നുകൊണ്ടിരിക്കെ ഫുലാനി തീവ്രവാദികൾ അത്യാധുനിക ആയുധങ്ങളുമായി ഇരച്ചുകയറി 40 പേരെ തട്ടിക്കൊണ്ടുപോയി. ഇതിൽ 24 പേർ രക്ഷപ്പെട്ടെങ്കിലും കുട്ടികളടക്കം 16 പേർ ഇപ്പോഴും ഭീകരരുടെ പിടിയിലാണ്.
യു.എസ് ഇടപെടലും വേരറുക്കാത്ത ഭീകരതയും
അതിനിടെ, നൈജീരിയയിലെ ഐസിസ് (ISIS) ഭീകര സംഘടനയുടെ രണ്ടാംനിര നേതാവായ അബു-ബിലാൽ അൽ-മിനുകിയെ യു.എസ്-നൈജീരിയൻ സംയുക്ത സൈനിക നീക്കത്തിലൂടെ വധിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ക്രൈസ്തവർക്കും മുസ്ലിങ്ങൾക്കും ഒരുപോലെ ഭീഷണിയായ ഒരു ഭീകരൻ ഇല്ലാതായെങ്കിലും, സൈനിക നടപടികൾ കൊണ്ട് മാത്രം ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനാകില്ലെന്ന് ആഫ്രിക്കൻ മേഖലയിലെ ‘ഓപ്പൺ ഡേർസ്’ വക്താവ് ജോ ന്യൂഹൗസ് ഓർമ്മിപ്പിക്കുന്നു.
“ഒരു നേതാവിനെ വധിക്കുന്നത് ഭീകര സംഘടനകൾക്ക് താൽക്കാലിക തിരിച്ചടിയാണ്. എന്നാൽ ആ സ്ഥാനത്തേക്ക് വരാൻ വേറെയും ആളുകളുണ്ടാകും. ഭീകരതയുടെ യഥാർത്ഥ വേരുകൾ കിടക്കുന്നത് അവരുടെ പ്രത്യയശാസ്ത്രങ്ങളിലാണ്. അതിനെയാണ് ഇല്ലാതാക്കേണ്ടത്,” ജോ ന്യൂഹൗസ് പറയുന്നു.
ക്രൈസ്തവ സമൂഹത്തെ ഭയപ്പെടുത്തി ഒതുക്കുക എന്ന കൃത്യമായ ലക്ഷ്യത്തോടെയാണ് ഈ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നത്. ബന്ധികളെ മോചിപ്പിക്കാനായി ഭീകരർ ചോദിക്കുന്ന വൻ തുകകൾ പല കുടുംബങ്ങളെയും ദാരിദ്ര്യത്തിലേക്ക് തള്ളിയിടുന്നു. തടവിലാക്കപ്പെടുന്ന ക്രൈസ്തവർ കടുത്ത ലൈംഗിക-ശാരീരിക പീഡനങ്ങൾക്കാണ് ഇരയാകുന്നത്.

