ചെർണോബിൽ ആണവ ദുരന്തത്തിന്റെ 40-ാം വാർഷികം ലോകം സ്മരിക്കുന്ന വേളയിൽ യുക്രൈനിലും റഷ്യയിലുമായി നടന്ന വിവിധ ആക്രമണങ്ങളിൽ 16 പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച നടന്ന ആക്രമണങ്ങൾ ആണവ സുരക്ഷയെക്കുറിച്ചുള്ള പുതിയ മുന്നറിയിപ്പുകൾക്ക് കാരണമായി.
1986-ൽ ലോകത്തെ നടുക്കിയ ആണവ ദുരന്തം നടന്ന അതേ ദിവസം തന്നെ ആണവ നിലയങ്ങൾക്ക് സമീപം ആക്രമണങ്ങൾ തുടരുന്നത് വലിയ ആശങ്കയ്ക്കാണ് വഴിതെളിച്ചിരിക്കുന്നത്. യുക്രൈനിലെ ഡിനിപ്രോ നഗരത്തിൽ റഷ്യ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽ മരണസംഖ്യ ഒമ്പത് ആയി ഉയർന്നു. റഷ്യയുടെ അതിർത്തി മേഖലയായ ബെൽഗൊറോഡിലും യുക്രൈൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു.
റഷ്യൻ അധീനതയിലുള്ള ക്രിമിയയിലെ സെവാസ്റ്റോപോളിൽ നടന്ന യുക്രേനിയൻ ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ലുഹാൻസ്ക് മേഖലയിൽ യുക്രൈൻ നടത്തിയ ആക്രമണങ്ങളിൽ അഞ്ച് പേർ കൂടി കൊല്ലപ്പെട്ടതായി റഷ്യൻ അനുകൂല ഉദ്യോഗസ്ഥർ അറിയിച്ചു. റഷ്യയുടെ ഉൾപ്രദേശമായ യാരോസ്ലാവിലെ എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരെ യുക്രൈൻ ഡ്രോൺ ആക്രമണം നടത്തി. റഷ്യൻ സൈന്യത്തിന് ആവശ്യമായ ഇന്ധനം ഉൽപ്പാദിപ്പിക്കുന്ന പ്രധാന കേന്ദ്രമാണിത്.
“റഷ്യയുടെ യുദ്ധം വീണ്ടും ലോകത്തെ ഒരു മനുഷ്യനിർമ്മിത ദുരന്തത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്. ആണവ നിലയങ്ങൾക്ക് മുകളിലൂടെ റഷ്യൻ ഡ്രോണുകൾ പറക്കുന്നത് ലോകം അനുവദിക്കരുത്” എന്ന് ചെർണോബിൽ വാർഷികത്തിൽ സംസാരിച്ച യുക്രേനിയൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി പറഞ്ഞു.

