ഡോർസെറ്റിലെ ഒരു കർഷക കുടുംബത്തിലെ അംഗമായ 28 വയസ്സുകാരന്റെ ജീവിതം ഇപ്പോൾ യുക്രൈനിലെ കീവിലെ ആശുപത്രിയിലാണ്. ഡോക്ടറാണെങ്കിലും അദ്ദേഹം ഇപ്പോൾ രോഗിയായിട്ടാണ് ആശുപത്രിയിലായിരിക്കുന്നത്.
യുക്രൈനിലെ ഏറ്റവും സംഘർഷഭരിതമായ യുദ്ധമുഖത്ത് പരിക്കേറ്റവരെ സഹായിക്കുന്ന ജോലിയിൽ ഏർപ്പെട്ട ഒരു ബ്രിട്ടീഷ് വോളണ്ടിയർ ആയിരുന്നു ഡോ. എഡി സ്‌കോട്ട്. ആളുകളെ ഒഴിപ്പിക്കുന്നതിനിടെ എഡി സഞ്ചരിച്ച വാഹനത്തിനുനേരെ റഷ്യൻ ഡ്രോണുകൾ ബോബ് വർഷിച്ചു. ആ ആക്രമണത്തിൽ അദ്ദേഹത്തിന്റെ ഇടതുകൈയും കാലും തകർന്നു.
“എന്റെ കൈയും കാലുമുണ്ടായിരുന്നിടത്ത് ആരോ ചൂടുള്ള ഒരു കത്തി ഓടിക്കുന്നതുപോലെ തോന്നുന്നു” – തന്റെ വേദനയെക്കുറിച്ച് എഡി പറഞ്ഞു. “ഒരുനിമിഷം ഞാൻ പോക്രോവ്സ്കിൽ തിരിച്ചെത്തിയെന്നു കരുതി. ഈ പരിക്ക് എന്റെ ജീവിതത്തെ മാറ്റിമറിക്കുന്നതാണ്. എന്നാൽ, അത് എന്റെ ജീവിതം അവസാനിപ്പിക്കുന്നില്ല” – അദ്ദേഹം കൂട്ടിച്ചേർത്തു.
സംഘർഷം മൂലം കൈകാലുകൾ മുറിച്ചുമാറ്റപ്പെട്ട ആയിരക്കണക്കിന് ആളുകൾക്കുവേണ്ടി വാദിക്കുക മാത്രമല്ല, റഷ്യയുടെ ആക്രമണത്തിന്റെ അനന്തരഫലങ്ങൾ എടുത്തുകാണിക്കാനാണ് എഡി ഇപ്പോൾ ആഗ്രഹിക്കുന്നത്. “എനിക്ക് എന്താണ് സംഭവിച്ചതെന്നു നോക്കൂ. യുക്രൈനിലെ സാധാരണക്കാർക്ക് ഇത് എല്ലായ്‌പ്പോഴും സംഭവിക്കുന്നു. യുദ്ധകുറ്റകൃത്യങ്ങൾ റഷ്യയുടെ തന്ത്രത്തിന്റെ ഭാഗമാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. ഇത് യാദൃശ്ചികമല്ല” – എഡി പറഞ്ഞു. “ഞാൻ ഇവിടെയുള്ളതിന്റെ ഏക കാരണം യുക്രൈനെ സഹായിക്കുക എന്നതാണ്. യുക്രൈന് സഹായം ആവശ്യമായിരുന്നതിനാലും എനിക്ക് അവരെ സഹായിക്കാൻ കഴിയുമെന്ന് കരുതിയതിനാലുമാണ് ഞാൻ ഇവിടെയുള്ളത്. ഇതിനർഥം എനിക്ക് യുക്രൈനെ തുടർന്നും സഹായിക്കാനും ഇവിടെ ജീവിക്കാനും അതിൽ സന്തോഷവാനായിരിക്കാനും കഴിയുമെന്നാണ്. അതിനുപകരമായി എനിക്ക് ഒരു കൈയും കാലും നൽകേണ്ടിവന്നു. എന്നാൽ, അതൊരു വലിയ വിലയാണെന്ന് ഞാൻ കരുതുന്നു” – എഡി വെളിപ്പെടുത്തി.
2022 ഫെബ്രുവരിയിൽ റഷ്യയുടെ സമ്പൂർണ്ണ അധിനിവേശത്തിന് നിരവധി വർഷങ്ങൾക്കുമുമ്പ് യുക്രൈനിലെ സംഘർഷത്തെക്കുറിച്ചുള്ള ഡോക്യുമെന്ററികൾ കാണുകയും സൈനിക-സിവിലിയൻ വോളണ്ടിയർമാരുടെ സാമൂഹികസന്ദേശ പോസ്റ്റുകൾ പിന്തുടരുകയും ചെയ്തതിനുശേഷമാണ് എഡിക്ക് യുക്രൈനിൽ വോളണ്ടിയറായി ജോലിചെയ്യാൻ താൽപര്യം ജനിച്ചത്. എങ്കിലും തന്റെ പരിക്കുകൾ ‘ജീവിതം മാറ്റിമറിക്കുന്നവയാണ്; ജീവിതാവസാനമല്ല’ എന്ന് അദ്ദേഹം ഊന്നിപ്പറയുന്നു.
ഒരു പട്ടാളക്കാരനാകാനുള്ള ആഗ്രഹം തള്ളിക്കളഞ്ഞ്, സംഘർഷത്തിലെ സിവിലിയൻ വോളണ്ടിയർമാരുടെ പ്രവർത്തനങ്ങളെ അദ്ദേഹം സൂക്ഷ്മമായി പരിശോധിച്ചു. ഒരു ഫോർ വീൽ ഡ്രൈവ് വാഹനം വാങ്ങി 2022 ൽ അദ്ദേഹം യുക്രൈനിലെത്തി. അവിടെ അദ്ദേഹം വിവിധ ചെറുകിട സഹായഗ്രൂപ്പുകളുമായി ചേർന്നു പ്രവർത്തിക്കാൻ തുടങ്ങി. പിന്നീട് അദ്ദേഹം യുക്രൈനിലെ 600 മൈൽ നീളമുള്ള ഫ്രണ്ട്‌ലൈനുകളിലെ പോക്രോവ്‌സ്‌ക്, ചാസിവ് യുദ്ധമുഖത്തിനു സമീപമുള്ള ഹോട്ട്‌സ്‌പോട്ടുകളിലെ സാധാരണക്കാർക്ക് ഭക്ഷണം, വെള്ളം, മെഡിക്കൽ സാധനങ്ങൾ എന്നിവ എത്തിച്ചുകൊടുക്കുകയും യുദ്ധത്തിൽ കുടുങ്ങിയ ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു.
ജനുവരി 30 ന്, പോക്രോവ്‌സ്കിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് ബേസ് യു എ എന്ന മാനുഷിക സഹായസംഘടനയുടേതാണെന്ന് വ്യക്തമായി അടയാളപ്പെടുത്തിയ ഒരു വെളുത്ത ഫോർ വീൽ ഡ്രൈവ് കാർ താൻ ഓടിച്ചത് എങ്ങനെയെന്ന് അദ്ദേഹം വിവരിച്ചു:
“ഞങ്ങളുടെ വാഹനങ്ങൾ വ്യക്തമായും സൈനികേതരമാണ്. സൈനികവാഹനങ്ങൾ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഡ്രോൺ-ജാമിംഗ് ആന്റിനകൾപോലും അവരുടെ പക്കലില്ല. ഞങ്ങൾ വളരെ പതുക്കെയാണ് പോയിരുന്നത്. മണിക്കൂറിൽ 20 മൈലിൽ താഴെമാത്രം വേഗതയിൽ. അതിനാൽ അവർ എന്താണ് ലക്ഷ്യമിടുന്നതെന്ന് ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു. ഡ്രോൺ ഇടിക്കുന്നതിന് ഏകദേശം 30 സെക്കൻഡ് മുമ്പ് ഞങ്ങൾ ഡ്രോൺ ശബ്ദം കേട്ടു. ഡ്രൈവർ എന്ന നിലയിൽ അവർ എന്നെയായിരുന്നു ലക്ഷ്യംവച്ചത്.”
വാഹനത്തിന്റെ ഡോറും വശങ്ങളും കീറിമുറിച്ച കഷണങ്ങളിൽനിന്നുള്ള വേദന എഡി സ്കോട്ടിന് ഓർമ്മയുണ്ട്. തനിക്ക് ഗുരുതരമായി പരിക്കേറ്റതായും വാഹനമോടിക്കാൻ കഴിയാത്തതായും അദ്ദേഹം മനസ്സിലാക്കി. സഹപ്രവർത്തകന് പരിക്കേറ്റെങ്കിലും അദ്ദേഹം പ്രഥമശുശ്രൂഷ നൽകി. ഒടുവിൽ ആംബുലൻസ് എത്തിച്ചു. അത് പോക്രോവ്സ്കിന് പടിഞ്ഞാറുള്ള ഒരു ചെറിയ മെഡിക്കൽ സ്ഥാപനത്തിലേക്കും പിന്നീട് ഡിനിപ്രോ നഗരത്തിലെ ഒരു ആശുപത്രിയിലേക്കും എഡിയെ കൊണ്ടുപോയി.
താൻ എല്ലായ്‌പ്പോഴും ബോധവാനായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. “ഞാൻ അവിടെ കിടക്കുകയായിരുന്നു. എനിക്ക് ഉറങ്ങണമെന്നുണ്ടായിരുന്നു. എന്നാൽ ഞാൻ ഉറങ്ങിയാൽ പിന്നീടൊരിക്കലും ഉണരില്ലെന്ന് എനിക്കറിയാമായിരുന്നു” – അദ്ദേഹം വിശദീകരിച്ചു. “ആംബുലൻസിലുണ്ടായിരുന്നയാൾ എന്റെ മുഖത്തടിക്കുകയും വെള്ളം ഒഴിക്കുകയും ചെയ്തു.”
“ആറു ലിറ്റർ യുക്രേനിയൻ രക്തം എന്റെ ഉള്ളിലേക്ക് കുത്തിവച്ചു. ഇപ്പോൾ ഞാൻ യുക്രേനിയക്കാരനാണ്” – എഡി ചിരിക്കുകയാണ്.
യുക്രേനിയൻ സുഹൃത്തുക്കളുമായും – സിവിലിയൻ വോളണ്ടിയർമാരുമായോ സൈനികരുമായോ – ബ്രിട്ടനിൽനിന്നും മറ്റു രാജ്യങ്ങളിൽനിന്നുള്ള പലരുമായും ഇതിനകംതന്നെ എഡി അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു. യുക്രൈൻ തന്റെ വീടാണെന്ന് അദ്ദേഹം തീരുമാനിച്ചിരുന്നു. സുഹൃത്തുക്കൾ തന്റെ ചുറ്റും അണിനിരന്നതിനുശേഷം അദ്ദേഹത്തിന്റെ ആ തീരുമാനത്തിൽ ഉറച്ചുനിന്നു.
“യുദ്ധമുന്നണിയിൽ ജീവിക്കുകയും മരിക്കുകയും ചെയ്യുന്ന സാധാരണ യുക്രേനിയക്കാർ എന്നെ അദ്ഭുതപ്പെടുത്തുന്നു. നിസ്വാർഥരും അനുകമ്പയുള്ളവരും അവിശ്വസനീയമാംവിധം ഉദാരമതികളുമാണ് അവർ. കിഴക്കൻ യൂറോപ്യൻ രാജ്യമായ ഒരു അഴിമതി നിറഞ്ഞ നരകക്കുഴിയല്ല ഇതെന്ന് ആളുകൾ കാണേണ്ടതുണ്ട്. ആധുനികവും പുരോഗമനപരവുമായ ഒരു ജനതയാണിത്. ജനങ്ങൾ വിജയിക്കാൻ അർഹതയുള്ള ഒരു രാജ്യമാണിത്” – എഡി പറഞ്ഞു.
തന്നെ യു കെ യിലേക്കു മാറ്റാനുള്ള ഓഫറുകൾ അദ്ദേഹം നിരസിക്കുകയും താൻ യുക്രൈനിൽതന്നെ തുടരുമെന്ന് അദ്ദേഹം ഉറപ്പിക്കുകയും ചെയ്തു. സ്കോട്ടിന് കൃത്രിമ കൈയും കാലും ഘടിപ്പിക്കുന്ന സങ്കീർണ്ണമായ പ്രക്രിയ ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് ആവശ്യമായ ധനസഹായം നൽകാൻ ഒരു ചാരിറ്റബിൾ എൻ ജി ഒ, ആർ ടി വെതർമാൻ ഫൗണ്ടേഷൻ തയ്യാറായിട്ടുണ്ട്. എല്ലാ യുക്രേനിയൻ, യുക്രേനിയനിതര യുദ്ധത്തിൽ പരിക്കേറ്റ സൈനികർക്കും – സിവിലിയൻ അല്ലെങ്കിൽ സൈനികർക്കും – നൽകുന്ന ആനുകൂല്യങ്ങൾക്ക് അദ്ദേഹം അർഹനാണ്. ഇരട്ട അംഗവൈകല്യമുള്ളയാൾ എന്ന നിലയിൽ തന്റെ ആവശ്യങ്ങൾക്ക് അനുയോജ്യമായ ഒരു വീട് നിർമ്മിക്കുന്നതിനായി ഒരു വലിയ തുക ദാതാക്കൾ ഇതിനകം സ്വരൂപിച്ചിട്ടുണ്ട്.
“എനിക്ക് ഒരു ഖേദവുമില്ല” – അദ്ദേഹം പറഞ്ഞു. “ആ ദിവസം ആ വാഹനത്തിൽ കയറിയതിൽ എനിക്ക് ഖേദമില്ല. റോഡിലോ മറ്റോ കുറച്ചുകൂടി വലത്തേക്കു തിരിഞ്ഞതിൽ എനിക്ക് ഖേദമില്ല. യുക്രൈനെ സഹായിക്കാൻ എനിക്ക് ചെയ്യാൻ കഴിയുമെന്ന് ഞാൻ കരുതിയിരുന്നതിലും കൂടുതൽ ചെയ്യാൻ കഴിയുന്ന ഒരു സ്ഥാനത്താണ് ഞാൻ ഇപ്പോൾ. കുറഞ്ഞ ശരീരവുമായി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ പോകുന്നുവെന്നു പറയുന്നത് വിചിത്രമായിത്തോന്നുന്നു.
“എനിക്ക് യുക്രൈനെ ഇഷ്ടമാണ്. ഇവിടെ എനിക്കൊരു ഭാവി ലഭിച്ചിരിക്കുന്നു. അതെ, ഞാൻ സങ്കൽപിച്ചതിൽനിന്ന് വ്യത്യസ്തമാണ് അത്. പക്ഷേ പെട്ടെന്ന് എനിക്ക് ഇവിടെ വളരെ യഥാർഥവും സ്പഷ്ടവുമായ ഒരു ഭാവി ലഭിച്ചു. യുക്രൈനെ സഹായിക്കുന്നത് തുടരാനുള്ള അവസരത്തിലാണ് എന്റെ ഭാവി നിലനിൽക്കുന്നത്. ഇവിടെ എന്റെ സ്വന്തം ജീവിതം കെട്ടിപ്പടുക്കാനുള്ള അവസരമുണ്ട്. യുക്രൈനും അതിലെ ജനങ്ങളും സ്വാതന്ത്ര്യത്തിന്റെ ഒരു ഭാവി അർഹിക്കുന്നു. അവരോടൊപ്പം ആ സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു” – എഡി പറഞ്ഞവസാനിസിപ്പിച്ചു.