1965-ൽ സ്ഥാപിച്ചതാണ് ഈ മഠം. അവിടെയുണ്ടായിരുന്ന സാധനസാമഗ്രികളും വിശുദ്ധവസ്തുക്കളും നശിപ്പിച്ച തീവ്രവാദികൾ ഈ ആശ്രമത്തെ അവരുടെ സങ്കേതമാക്കി മാറ്റി. ഈ ആശ്രമത്തിലെ ചാപ്പലും മറ്റിടങ്ങളും മെയ്തെയ് കമാൻഡോകൾ അവരുടെ ആയുധങ്ങൾ സൂക്ഷിക്കുന്ന ഇടമാക്കി മാറ്റിയിരിക്കുകയാണെന്ന് ഏറെ വേദനയോടെയാണ് ആ സന്യാസിനിമാർ പറയുന്നത്. തുടർന്നു വായിക്കുക.
കുക്കിവിഭാഗത്തിലെ ആളുകൾക്കുനേരെ നടക്കുന്ന അതിക്രമങ്ങളിൽ ക്രൈസ്തവസഭയും സഭാസ്ഥാപനങ്ങളും സന്യാസാശ്രമങ്ങളും പലപ്പോഴും ഇരകളാവുകയാണ്. പല ദേവാലയങ്ങളും അഗ്നിക്കിരയായി; അതിൽ പുരാതന ദേവാലയങ്ങളും ഉൾപ്പെടുന്നു. അവയൊക്കെ അഗ്നിക്കിരയായി നശിച്ച അവസ്ഥയിലാണുള്ളത്. ഏറ്റവും സങ്കടകരമായി മാറിയത്, സുഗുണ ഇടവകയിലെ ഒരു സന്യാസാശ്രമം തീവ്രവാദികളുടെ കയ്യിലാണ് എന്നുള്ളതാണ്.
1965-ൽ സ്ഥാപിച്ചതാണ് ഈ മഠം. ഇതിനെ തകർത്ത്, അവിടെയുണ്ടായിരുന്ന സാധനസാമഗ്രികളും വിശുദ്ധവസ്തുക്കളും നശിപ്പിച്ച തീവ്രവാദികൾ ഈ ആശ്രമത്തെ അവരുടെ സങ്കേതമാക്കി മാറ്റി. ഈ ആശ്രമത്തിലെ ചാപ്പലിലും മറ്റും മെയ്തെയ് കമാൻഡോകൾ അവരുടെ ആയുധങ്ങൾ സൂക്ഷിക്കുന്ന ഇടമാക്കി മാറ്റിയിരിക്കുകയാണെന്ന് ഏറെ വേദനയോടെയാണ് ആ സന്യാസിനിമാർ ഓർക്കുന്നത്. കാരണം അവരെ സംബന്ധിച്ചിടത്തോളം അവരുടെ ഏറ്റവും പുരാതനമായ ആശ്രമങ്ങളിലൊന്നും ആദ്യത്തെ മിഷൻ സ്റ്റേഷനുമായിരുന്നു അത്.
അല്പം മനുഷ്യത്വം അവശേഷിപ്പിക്കുന്നവർ
കുക്കി – മെയ്തെയ് വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷമാണ് ഇതെങ്കിലും ഇരുവിഭാഗങ്ങളിലും അല്പം മനുഷ്യത്വവും മൂല്യങ്ങളും അവശേഷിപ്പിക്കുന്നവരുമുണ്ടെന്ന് സിസ്റ്റർ സാക്ഷ്യപ്പെടുത്തുന്നു. ആക്രമണത്തിൽ കുക്കികൾ പോരാടിയത് സ്വന്തം ജീവൻ സംരക്ഷിക്കാനും സമൂഹത്തിന്റെ നന്മയ്ക്കും വേണ്ടിയാണ്. ഈ കൂട്ടത്തിൽ കൂടുതലും ക്രൈസ്തവരായതിനാൽത്തന്നെ അവർ പുലർത്തുന്ന വിശ്വാസത്തിന്റേതായ ദയാദാക്ഷിണ്യം അവർ കാണിക്കുന്നുമുണ്ട് എന്ന് സിസ്റ്റർ പറയുന്നു. പാവപ്പെട്ട സ്ത്രീകളെയും കുട്ടികളെയും ഗർഭിണികളെയും അംഗവൈകല്യമുള്ളവരെയും, അത് ശത്രുപക്ഷത്തുള്ളവരാണെങ്കിൽകൂടിയും അവരെ ആക്രമണസ്ഥലത്തു നിന്നും മാറ്റാൻ കുക്കികൾ തയാറാകുന്നു. ആക്രമണങ്ങളെ അനുകൂലിക്കുകയല്ല എങ്കിൽപ്പോലും, മുന്നിൽക്കണ്ട സംഭവങ്ങളുടെ വെളിച്ചത്തിൽ സത്യാവസ്ഥകളെ സിസ്റ്റർ വ്യക്തമാക്കുന്നു.
കുക്കികളെ സംരക്ഷിക്കുന്ന നല്ലവരായ മെയ്തെയ് വിഭാഗക്കാരുമുണ്ടെന്നും സിസ്റ്റർ പറയുന്നു. രണ്ടു ഗോത്രവർഗങ്ങൾ തമ്മിലുള്ള കലാപമാണ് മണിപ്പൂരിൽ അരങ്ങേറുന്നതെങ്കിലും അതിനിടയിലും ക്രൈസ്തവരെ അടിച്ചമർത്തുന്നതിനും ഇല്ലായ്മ ചെയ്യുന്നതിനുമുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് ഈ സന്യാസിനി ചൂണ്ടിക്കാണിക്കുന്നു. അതിനുദാഹരണമാണ്, ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കുനേരെ നടക്കുന്ന അതിക്രമങ്ങളും അവയെ നിശ്ശബ്‌ദം അനുകൂലിക്കുന്ന രാഷ്ട്രീയപാർട്ടികളും. പലപ്പോഴും ക്രൈസ്തവർക്കെതിരെ മുൻകൂട്ടി ആസൂത്രണം ചെയ്ത പല ആക്രമണങ്ങളും ദൈവാനുഗ്രഹത്താൽ പാളിപ്പോയതായി ഈ ജനത വെളിപ്പെടുത്തുന്നു.
കഷ്ടതകൾക്കിടയിലും ശക്തിപ്പെടുന്ന വിശ്വാസം
ഇനി ഒന്നുംതന്നെ അവശേഷിക്കുന്നില്ല. ഒരായുസ്സിന്റെ അധ്വാനഫലമായി കെട്ടിപ്പൊക്കിയ വീടുകളും ഉപജീവനമാർഗങ്ങളും നഷ്ടപ്പെട്ട ജനത. ക്യാമ്പിൽ നിന്നും പോകാൻ ഇവർക്കൊരിടമില്ല. പ്രിയപ്പെട്ടവരിൽ പലരും കൊല്ലപ്പെട്ട വേദനയും അത് ഏല്പിച്ച മാനസികമായ മുറിവും ഇനിയും ഉണങ്ങാത്തവർ. ഈ തകർച്ചകൾക്കിടയിലും അവരുടെ വിശ്വാസം അവർ നഷ്ടപ്പെടുത്തിയിട്ടില്ല എന്ന് സിസ്റ്റർ സാക്ഷ്യപ്പെടുത്തുന്നു. പീഡിപ്പിക്കപ്പെടുമ്പോൾ സഭ വളരുകയാണ് എന്നതിന്റെ നേർസാക്ഷ്യങ്ങളായിരുന്നു അവിടെയുള്ള ഓരോ ക്രിസ്ത്യാനികളുടെയും ജീവിതം.
“സിസ്റ്ററേ, ഞങ്ങളെ ശരിക്കും തമ്പുരാനാണ് കാക്കുന്നത്. ഒരിക്കൽ ശത്രുക്കൾ ആക്രമിക്കാനെത്തി; ഒരു വലിയ സംഘം അക്രമികൾ. അവർക്ക് പുഷ്പംപോലെ ഞങ്ങളെ ഇല്ലാതാക്കാമായിരുന്നു. പെട്ടെന്ന് ഒരു വലിയ പുകമറ പോലെ ഒന്ന് ഞങ്ങളെ മറച്ചു. അതിനാൽ അവർക്ക് ഞങ്ങളെ കാണാനോ, വെടിവയ്ക്കാനോ കഴിഞ്ഞില്ല” – അവിടെ കുക്കിവിഭാഗത്തിൽ തങ്ങളുടെ ജനത്തിന്റെ സംരക്ഷണത്തിനായി ട്രെയിനിങ്ങും മറ്റും പൂർത്തിയാക്കിയ യുവാവിന്റെ വാക്കുകളാണിത്.
അതുപോലെ തന്നെ താൽക്കാലികമായി നിർമ്മിച്ച ഒരു വസതിയിൽ കഴിയുന്ന കുറെയേറെ കുടുംബങ്ങളെ സിസ്റ്റർ കണ്ടുമുട്ടി. ടിൻഷീറ്റ് കൊണ്ട് കെട്ടിയ വീട്. അവിടെ വെറുംനിലത്ത്, പച്ചമണ്ണിൽ കഴിയുകയാണ് അവർ. കുട്ടികളും കൈക്കുഞ്ഞുങ്ങളും ഉൾപ്പെടുന്ന ആ കുടുംബങ്ങൾ. മഴപെയ്തു ആകെ നനഞ്ഞുകുതിർന്നുകിടക്കുന്ന അവസ്ഥയിലും ആ തണുപ്പിലും അവരെ അവിടെത്തന്നെ തുടരാൻ പ്രേരിപ്പിച്ച ഒരേയൊരു ഘടകം അടുത്ത് ഒരു ദേവാലയമുണ്ടല്ലോ എന്നതായിരുന്നു. തങ്ങൾക്ക് ഞായറാഴ്ച ഒരു കുർബാന കൂടാൻ അധികം സഞ്ചരിക്കണ്ടല്ലോ എന്നതായിരുന്നു.
കടന്നുവന്ന ജീവിതത്തിനിടയിൽ ലാഘവത്തോടെയും കടമപോക്കൽ പോലെയും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്ന അനേകരുടെ ഇടയിൽ ഇവരുടെ ഈ വാക്കുകളും വിശ്വാസതീക്ഷ്ണതയും തന്റെ മനസ്സും കണ്ണുകളും നിറച്ചുവെന്ന് സി. ഹൃദ്യ പറയുന്നു. അവർക്ക് മറ്റൊരിടത്തേക്കു പോകണമെന്നില്ല. നിസ്വാർഥരായ ആ മനുഷ്യർ ചോദിച്ചത് ഒന്നുമാത്രം: “സിസ്റ്ററേ, പറ്റുമെങ്കിൽ ഞങ്ങൾക്കൊരു ബൈബിൾ സംഘടിപ്പിച്ചുതരാമോ? ഞങ്ങളുടെ കയ്യിലുണ്ടായിരുന്നത് കത്തിപ്പോയി.” ഈ വിശ്വാസതീക്ഷ്ണതയ്ക്കു മുന്നിൽ നിന്നും നിശ്ശബ്‌ദമായി നടന്നകലുമ്പോൾ സഭയ്ക്ക് നൽകുന്ന വിശുദ്ധജീവിതങ്ങളെയോർത്ത് സിസ്റ്റർ ഹൃദയത്തിൽ നന്ദി പറയുകയായിരുന്നു.
വളരുന്ന ജപമാലഭക്തി
കലാപബാധിതരായ കുക്കി ആളുകളുടെ ഇടയിൽ വളരെ വലിയ രീതിയിൽ ജപമാലഭക്തി വളർന്നുവരുന്നുണ്ട് എന്ന് സിസ്റ്റർ സാക്ഷ്യപ്പെടുത്തുന്നു. അതിനു കാരണമായി അവർ വെളിപ്പെടുത്തുന്നത് ഒരു സംഭവമാണ്. “കലാപത്തിനിടയിൽ ഒരിക്കൽ മെയ്തെയ് വിഭാഗക്കാർ കുക്കികളെ ആക്രമിക്കാനെത്തിയപ്പോൾ അതീവസുന്ദരിയായ ഒരു സ്ത്രീ ഒരു കുഞ്ഞുമായി നടന്നുവരുന്നതു കണ്ട അനേകം ആളുകളുണ്ട്. ഈ സമയം തന്നെ അക്രമികൾ വെടിയുതിർക്കാൻ ശ്രമിച്ചെങ്കിലും ഒരു തോക്കുപോലും പ്രവർത്തിപ്പിക്കാൻ അവർക്കു കഴിഞ്ഞില്ല. ഒരു ബുള്ളറ്റ് പോലും അതിൽനിന്നും പുറത്തേക്കു വന്നില്ല. ഈ സംഭവത്തിനുശേഷം ഈ അത്ഭുതത്തിന് സാക്ഷികളായ ബാപ്റ്റിസ്റ്റ് വിശ്വാസികൾ ഉൾപ്പെടെയുള്ളവർ ജപമാല വാങ്ങിച്ച് ഭക്തിയോടെ പ്രാർഥനയിലായിരിക്കുകയാണ്” – സിസ്റ്റർ പറയുന്നു.
ഇന്ന് അവിടെ ചെല്ലുന്ന മിഷനറിമാരോടും വൈദികരോടുമൊക്കെ അവർ ചോദിക്കുന്നത് ജപമാലയാണ്. അത്തരത്തിലുള്ള ഒരു ഭക്തിയിലേക്ക് വളർന്നുവരാൻ ആ സംഭവത്തോടെ ആ സമൂഹത്തിനു കഴിഞ്ഞുവെന്ന് സിസ്റ്റർ വെളിപ്പെടുത്തുന്നു. ഒപ്പം അവരുടെ പ്രാർഥനകൾ, ഉള്ളിൽ തട്ടിയുള്ള നിലവിളികൾ ആരുടേയും കണ്ണുനിറയ്ക്കാൻ പാകത്തിലുള്ളതാണ്.
നാളെ എന്താകുമെന്ന് അറിയില്ല. ഇതുവരെ സമ്പാദിച്ചതൊന്നും കയ്യിലില്ല. അവശേഷിക്കുന്നത് ജീവനും അതിനുംമേൽ അമൂല്യമായി സൂക്ഷിച്ച ക്രിസ്തുവിലുള്ള വിശ്വാസവും മാത്രം. തിരിഞ്ഞുനോക്കുമ്പോൾ കാണുന്നത് നഷ്ടങ്ങളുടെ ചാരക്കൂമ്പാരമാണ്. എങ്കിലും ദൈവം തങ്ങളെ കൈപിടിച്ചു നടത്തും, സംരക്ഷിക്കുമെന്ന പ്രത്യാശയിൽ മുന്നോട്ടുപോവുകയാണ് ഇവർ.
മരിയ ജോസ്
(തുടരും…)