Sunday, November 24, 2024

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും വരവറിയിച്ച് ചിങ്ങം ഒന്ന്

കാര്‍ഷികസംസ്‌കാരത്തിന്റെ പൈതൃകം പേറുന്ന കേരളത്തില്‍ ഇന്ന് പുതുവര്‍ഷപ്പിറവി. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും വരവറിയിച്ച് പൊന്നോണം വിരുന്നെത്തുന്ന ചിങ്ങമാസത്തിലെ ആദ്യദിനം. കര്‍ക്കിടകത്തിന്റെ വറുതിയില്‍ നിന്ന് സമൃദ്ധിയുടെ ദിനങ്ങളിലേക്കുളള വാതിലാണ് ചിങ്ങമാസം. മലയാളമാസത്തിലെ ആദ്യദിനമായ ചിങ്ങം ഒന്നിനെക്കുറിച്ചറിയാം.

ചിങ്ങം ഒന്ന് എന്ന് വിളിക്കപ്പെടുന്ന കൊല്ലവര്‍ഷത്തിലെ ആദ്യദിനം മലയാളികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന ദിവസമാണ്; കര്‍ഷകദിനമായും ഇത് ആഘോഷിക്കപ്പെടുന്നു. കൊയ്‌തെടുത്ത നെല്ല് അറയും പറയും പത്തായവും നിറച്ചിരുന്ന സമൃദ്ധിയുടെ കാലം മലയാളികളെ ഓര്‍മ്മപ്പെടുത്തുന്നതാണ് ഓരോ ചിങ്ങമാസപ്പുലരികളും. ചിങ്ങം പുലരുന്നതുമുതൽ മാവേലിത്തമ്പുരാനെ വരവേൽക്കാൻ മലയാളിയും മലയാളമണ്ണും ഒരുങ്ങിത്തുടങ്ങും.

പൂക്കളത്തിന് ശോഭ പകരാൻ തുമ്പയും മുക്കുറ്റിയും പൂക്കുന്നതും ഓണത്തുമ്പികള്‍ വട്ടമിട്ടുപറക്കുന്നതും ഇക്കാലയളവിലാണ്. സ്വർണ്ണവര്‍ണ്ണമുള്ള നെല്‍ക്കതരുകളാല്‍ നിറഞ്ഞ പാടശേഖരങ്ങളും ചിങ്ങമാസത്തിന്റെ പ്രത്യേകതയാണ്. മുറ്റത്തെ ഊഞ്ഞാലും അത്തപ്പൂക്കളവും ചിങ്ങമാസത്തിന്റെ പ്രൗഡി കൂട്ടുന്നു.

മലയാളികള്‍ ചിങ്ങമാസത്തെ കാണുന്നത് കൃഷിചെയ്യാൻ പറ്റിയ മാസമെന്ന നിലയിലാണ്. അതുവരെയുള്ള എല്ലാ ദാരിദ്ര്യവും ചിങ്ങം തീർക്കുമെന്നാണ് കരുതപ്പെടുന്നത്. വര്‍ഷത്തില്‍ 364 ദിവസവും മറ്റുള്ളവര്‍ക്കുവേണ്ടി അധ്വാനിക്കുന്ന ഒരു വിഭാഗത്തിനുവേണ്ടി നീക്കിവയ്ക്കപ്പെട്ട ദിവസം. കർക്കിടക്കത്തിൽ കൃഷിചെയ്യാൻ പറ്റാതെ ദാരിദ്ര്യത്തിലകപ്പെട്ട മനുഷ്യര്‍ക്ക് പ്രതീക്ഷ പകരുന്നു എന്നതിനാലാണ് ചിങ്ങമാസത്തെ ഐശ്വര്യത്തിന്റെ മാസമെന്ന് വിശേഷിപ്പിക്കുന്നതിനു കാരണം. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രളയവും കോവിഡ് മഹാമാരിയും തീര്‍ത്ത ദുരിതങ്ങളിലൂടെയാണ് ചിങ്ങം കടന്നുപോയത്. എന്നാല്‍ നല്ല നാളേയ്ക്കായുളള പ്രത്യാശയോടെ ഏവരും ചിങ്ങപ്പുലരിയെ വരവേറ്റു. കർക്കിടകമാസത്തിലെ ദുരിതങ്ങൾക്കും കഷ്ടപ്പാടകൾക്കും അറുതിയായി ചിങ്ങം പിറക്കുന്ന ഈ ദിനത്തില്‍ ഏവര്‍ക്കും നല്ലൊരു പുതുവര്‍ഷം ആശംസിക്കുന്നു.

Latest News