ഫിൻലാൻഡിലെ ആളുകളുടെ വിശ്വാസമനുസരിച്ച് ക്രിസ്മസ് ഫാദർ അഥവാ സാന്താക്ലോസ് ജീവിച്ചിരിക്കുന്നത് ഫിൻലാൻഡിന്റെ തന്നെ വടക്കൻ പ്രദേശമായ കോർവതുൻതുരി എന്ന് അറിയപ്പെടുന്ന ലാപ്‌ലാൻഡിലാണ്. ഈ പ്രദേശത്തിനടുത്തു തന്നെ ‘ക്രിസ്തുമസ് ലാൻഡ്’ എന്നൊരു വിനോദസഞ്ചാര കേന്ദ്രമുണ്ട്. ലോകത്തിലുള്ള എല്ലാ മനുഷ്യരും തന്നെ ഫിൻലാൻഡിലുള്ള ക്രിസ്തുമസ് ഫാദറിന് കത്തുകൾ അയയ്ക്കാറുണ്ട്.
ക്രിസ്മസ് ഫാദർ ഫിൻലാൻഡിനടുത്തായതുകൊണ്ട് ഫിൻലാൻഡിലെ ആളുകൾക്ക് സമ്മാനങ്ങൾ കൊടുക്കാൻ അദ്ദേഹത്തിന് ഒത്തിരി യാത്ര ചെയ്യേണ്ടതില്ല. നേരിട്ടു സമ്മാനങ്ങൾ കൈമാറാൻ കഴിഞ്ഞില്ലെങ്കിൽ അവ ക്രിസ്തുമസ് ട്രീയുടെ ചുവട്ടിൽ വച്ചിട്ടുപോകും. റയിൻഡീയറുകൾ വലിക്കുന്ന വണ്ടിയിലാണ് സാന്താക്ലോസ് വരുന്നത്. വികൃതിക്കുട്ടികളാണെങ്കിൽ സമ്മാനങ്ങൾക്കു പകരം ഒരു സഞ്ചി നിറയെ കരിയായിരിക്കും ലഭിക്കുക.
ക്രിസ്തുമസ് കാലത്ത് എല്ലാവരും തന്നെ തങ്ങളുടെ വീടുകളിലായിരിക്കാൻ പരിശ്രമിക്കും. മുക്കുവർ തങ്ങളുടെ ബോട്ടുകൾ സെന്റ് തോമസ് ഡേയുടെ (21) അന്നു തന്നെ ഹാർബ്ബറിൽ കയറ്റിവയ്ക്കും.
ഫിൻലാൻഡിൽ മൃഗങ്ങൾക്കുപോലും പ്രത്യേക ക്രിസ്തുമസ് ആഘോഷങ്ങളുണ്ട്. കർഷകർ ഒരു കെട്ട് നെല്ല് മരത്തിൽ തൂക്കിയിടും, പക്ഷികൾക്കും മൃഗങ്ങൾക്കുമായി. അതുപോലെ മരക്കൊമ്പുകളിൽ നട്‌സും മറ്റ് ഭക്ഷണസാധനങ്ങളും തൂക്കിയിടും. അങ്ങനെ പക്ഷികളും മൃഗങ്ങളും ക്രിസ്മസ് ആഘോഷത്തിൽ പങ്കുചേരും.
ക്രിസ്തുമസ് കാലം ഫിൻലാൻഡിലെ ആളുകൾക്ക് വളരെ പ്രധാനപ്പെട്ടതാണ്, പ്രത്യേകിച്ച് ക്രിസ്തുമസ് ദിനം. അന്ന് പാരമ്പര്യമനുസരിച്ച് അരിപ്പായസവും പ്ലം ഫ്രൂട്ട് ജൂസും പ്രാതലിനു കഴിക്കും. അതുകഴിഞ്ഞ് ക്രിസ്മസ്സ് ട്രീ അലങ്കരിക്കാൻ തുടങ്ങും. ഉച്ചയോടെ മേയറുടെ ക്രിസ്തുമസ് സന്ദേശങ്ങൾ ടീവിയിലുണ്ടാകും. ഇതൊക്കെയാണ് ക്രിസ്തുമസ് ദിനത്തിന്റെ ഉച്ചവരെയുള്ള സമയത്ത് ഫിൻലാൻഡിലെ ആളുകൾ ചെയ്യുന്നത്.
ഉച്ചകഴിഞ്ഞ്, സെമിത്തേരി സന്ദർശിച്ച് പ്രിയപ്പെട്ടവരുടെ കല്ലറകളിൽ തിരികൾ വച്ച് പ്രാർത്ഥിക്കുന്നതും ക്രിസ്തുമസ് ദിന കർമ്മങ്ങളിൽ ഒന്നാണ്. അൽപദൂരം നടന്നുവേണം എല്ലാവരും സെമിത്തേരിയിൽ പ്രവേശിക്കാൻ. വാഹനമുള്ളവർ അത് കുറച്ചകലെ പാർക്കു ചെയ്തിട്ട് സെമിത്തേരിയിലേയ്ക്കു നടക്കണം. ഇത് പരമ്പരാഗതമായി ഫിൻലാൻഡിലെ ആളുകൾ ചെയ്തുവരുന്നു. ദീപാലംകൃതമായ സെമിത്തേരി ഒരു അത്ഭുതലോകം തന്നെ തീർക്കുന്നു. ഇതും ക്രിസ്തുമസിന്റെ ആഘോഷങ്ങളിലൊന്നാണ്.
പ്രധാന ക്രിസ്തുമസ് ഭക്ഷണം സന്ധ്യയ്ക്കാണ്. പാരമ്പര്യമായി ‘ലൂട് ഫിഷിൽ’ ആണ് തുടങ്ങുന്നത് (Starter). ഇപ്പോൾ അങ്ങനെയൊന്നുമില്ല. പ്രധാന ഭക്ഷണം പന്നിയുടെ കുറക് വേവിച്ചത്. കൂടെ പാലിലോ തൈരിലോ പാതിവേവിച്ച ഉരുളക്കിഴങ്ങും. ഇതിമസ് കൂടെ ധാരാളം വെജിറ്റബിൾസും ഉണ്ടാകും. ഏറ്റവും അവസാനം അരി പുഡ്ഡിംഗും, കൂടെ പ്ലം ജാമും. ഇതിലെ രസിപ്പിക്കുന്ന കാര്യം ഒരു ‘ബദാം പരിപ്പ്’ പുഡ്ഡിംഗിൽ ഒളിപ്പിച്ചിരിക്കും അത് കിട്ടുന്നയാൾ അടുത്ത വർഷത്തേയ്ക്കുള്ള ഭാഗ്യവാനായിരിക്കും.
ഭക്ഷണത്തിനുശേഷം ക്രിസ്തുമസ് ഫാദർ എല്ലാ വീടുകളും സന്ദർശിക്കും. ഓരോ വീട്ടിലും ചെന്ന് ഈ വീട്ടിൽ കുട്ടികളുണ്ടോ എന്ന് അദ്ദേഹം ചോദിക്കും. എല്ലാവരും ആഹ്ലാദാരവത്തോടെ മറുപടി നൽകും. അടുത്ത ചോദ്യം “കഴിഞ്ഞ ഒരു വർഷം അവർ നന്നായി ജീവിച്ചോ?” എന്നാണ്. അതു കഴിഞ്ഞ് അവർക്ക് സമ്മാനങ്ങൾ നൽകപ്പെടും. കുട്ടികൾ സമ്മാനപ്പൊതി അഴിക്കുന്നതു കാണാൻ മുതിർന്നവരും ചുറ്റും കൂടും. പിന്നെ ഉറങ്ങാനുള്ള സമയമാകും.