ഗ്രാമ്പൂമരത്തിന്റെ ഉണങ്ങിയ പൂക്കളിൽനിന്നുണ്ടാക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് ഗ്രാമ്പൂ. ഒരുകാലത്ത് സ്വർണ്ണത്തെക്കാൾ വിലയുള്ളതായിരുന്നു സുഗന്ധവ്യഞ്ജനങ്ങൾ. ഭക്ഷണത്തിന് രുചിയും മണവും കൂട്ടുന്നതിനൊപ്പംതന്നെ ശരീരത്തിന് ഉപകാരപ്പെടുന്ന പല ഗുണങ്ങളും ഇവയ്ക്കുമുണ്ട്. അതിൽ ഗ്രാമ്പൂ പ്രധാനിയാണ്.
ചൈനയ്ക്കടുത്തുള്ള സ്‌പൈസ് ദ്വീപുകളിൽനിന്നുള്ള ഇവ മധ്യകാലഘട്ടത്തിന്റെ അവസാനത്തിൽ യൂറോപ്പിലും ഏഷ്യയിലും പ്രാദേശിക പാചകരീതിയുടെ ഒരു പ്രധാനഭാഗമായി വ്യാപിച്ചു. ഇന്ന് ഗ്രാമ്പൂ ഒരു ജനപ്രിയ സുഗന്ധവ്യഞ്ജനമായി തുടരുന്നതിനു കാരണം, അത് പല വിഭവങ്ങൾക്കും രുചിയും മണവും നൽകുന്നു എന്ന പ്രത്യേകത കൊണ്ടാണ്.
ഗ്രാമ്പൂ മുഴുവനായോ, പൊടിച്ചോ ഉപയോഗിക്കാം. വൈവിധ്യമാർന്ന ഭക്ഷണങ്ങൾക്ക് മണവും രുചിയും നൽകുന്നതിന് സുഗന്ധവ്യഞ്ജന മിശ്രിതങ്ങളിൽ പൊടിയാക്കിയോ, മുഴുവനായോ ഉൾപ്പെടുത്താം. ഈ ചെറിയ കടും തവിട്ടുനിറത്തിലുള്ള കായ്കൾ കറികളിലും മാംസത്തിലും സോസിലും ബേക്ക് ചെയ്ത സാധനങ്ങളിലും ചായയിലും സുഗന്ധവ്യഞ്ജന മിശ്രിതങ്ങളിലും ഉപയോഗിക്കുന്നു. അവ ചില ആരോഗ്യഗുണങ്ങളും നൽകുന്നു.
ആരോഗ്യഗുണങ്ങൾ
ഗ്രാമ്പൂവിൽ ധാരാളം മാംഗനീസ് അടങ്ങിയിട്ടുണ്ട്. ഇത് അസ്ഥികളെ നന്നാക്കാനും ഹോർമോണുകൾ ഉൽപാദിപ്പിക്കാനും സഹായിക്കുന്ന എൻസൈമുകളെ നിയന്ത്രിക്കുന്ന ഒരു ധാതുവാണ്. മാംഗനീസിന് ശരീരത്തിലെ ദോഷകരമായ ഫ്രീ റാഡിക്കലുകളിൽനിന്നു (കോശനാശത്തിനു കാരണമാകുന്ന അസ്ഥിരമായ ആറ്റങ്ങൾ) സംരക്ഷിക്കുന്ന ഒരു ആന്റി ഓക്‌സിഡന്റായും പ്രവർത്തിക്കാൻ കഴിയും.
വിറ്റാമിൻ കെ, പൊട്ടാസ്യം, ബീറ്റാ കരോട്ടിൻ, യൂജെനോൾ എന്നിവയുടെ മികച്ച ഉറവിടമാണ് ഗ്രാമ്പൂ. ഇതിലെ ബീറ്റാ കരോട്ടിൻ ഗ്രാമ്പൂവിന് സമ്പന്നമായ തവിട്ടുനിറം നൽകാൻ സഹായിക്കുന്നു. പിഗ്മെന്റുകളുടെ ഒരു കുടുംബമായ കരോട്ടിനുകൾ പ്രധാന ആന്റി ഓക്‌സിഡന്റുകളും പ്രോവിറ്റാമിനുകളുമായി പ്രവർത്തിക്കുന്നു. കരോട്ടിൻ പിഗ്മെന്റുകൾക്ക് വിറ്റാമിൻ എ ആയി മാറാൻ കഴിയും. ഇത് കണ്ണുകളുടെ ആരോഗ്യം നിലനിർത്തുന്നതിനുള്ള ഒരു പ്രധാന പോഷകമാണ്.
ഗ്രാമ്പൂവിന്റെ ഗുണങ്ങൾ
ഗ്രാമ്പൂവിന്റെ ചില ആരോഗ്യഗുണങ്ങൾ ഇവയാണ്. ഇവ വീക്കം കുറയ്ക്കുന്നു. ഗ്രാമ്പൂവിൽ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾക്ക് പേരുകേട്ട നിരവധി സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. യൂജെനോൾ ആണ് ഏറ്റവും പ്രധാനം. ഇത് ശരീരത്തിന്റെ വീക്കം കുറയ്ക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ആർത്രൈറ്റിസ് പോലുള്ള ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത കുറയ്ക്കുകയും ലക്ഷണങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.
യൂജെനോൾ ഉൾപ്പെടെയുള്ള ആന്റി ഓക്‌സിഡന്റുകൾ ഗ്രാമ്പൂവിൽ നിറഞ്ഞിരിക്കുന്നു. കോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ ആന്റി ഓക്‌സിഡന്റുകൾ ശരീരത്തെ സഹായിക്കുന്നു. ഗ്രാമ്പൂവിൽ കാണപ്പെടുന്ന ആന്റി ഓക്‌സിഡന്റുകൾ ഹൃദ്രോഗം, പ്രമേഹം, ചില അർബുദങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും.
ഗ്രാമ്പൂ അൾസറിൽനിന്ന് സംരക്ഷിക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ കാണിക്കുന്നു. നമ്മുടെ വയറ്റിലെ പാളിയെ സംരക്ഷിക്കുന്ന മ്യൂക്കസ് പാളികൾ നേർത്തതാക്കുന്നതിലൂടെയാണ് മിക്ക അൾസറുകളും ഉണ്ടാകുന്നത്. ഗ്രാമ്പൂ വലിയ അളവിൽ കഴിക്കുന്നത് ഈ മ്യൂക്കസിനെ കട്ടിയാക്കുമെന്നും അൾസർ വരാനുള്ള സാധ്യത കുറയ്ക്കുമെന്നും ഇതിനകമുള്ള അൾസർ സുഖപ്പെടുത്താൻ സഹായിക്കുമെന്നും ഗവേഷണങ്ങൾ കാണിക്കുന്നു.
ഇത് കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. ചില പഠനങ്ങൾ കാണിക്കുന്നത് ഗ്രാമ്പൂവിൽ കാണപ്പെടുന്ന യൂജെനോൾ ലിവർ സിറോസിസ്, ഫാറ്റി ലിവർ എന്നിവയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്നാണ്.
ചരിത്രത്തിലുടനീളം, പല്ലുവേദന ശമിപ്പിക്കാൻ ആളുകൾ ഗ്രാമ്പൂ എണ്ണ ഉപയോഗിച്ചിട്ടുണ്ട്. ചില സൗന്ദര്യവർധക വസ്തുക്കളിലും മരുന്നുകളിലും യൂജെനോൾ അതിന്റെ ആന്റി ബാക്ടീരിയൽ, ആന്റിഫംഗൽ, ആൻറിവൈറൽ കഴിവുകൾക്കായി ഉപയോഗിക്കുന്നു.
ചില ഉയർന്ന അസിഡിറ്റിയുള്ള ഭക്ഷണപാനീയങ്ങൾ പല്ലിന്റെ ഇനാമലിനെ (പല്ലിന്റെ കട്ടിയുള്ള പുറം പാളി) തകർക്കും. ഗ്രാമ്പൂ എണ്ണയിലെ യൂജെനോൾ പല്ലുകളിൽ പുരട്ടുമ്പോൾ ഈ ഫലങ്ങൾ വിപരീതമാക്കുകയോ, കുറയ്ക്കുകയോ ചെയ്യുമെന്ന് ഒരു പഠനം കണ്ടെത്തി. എന്നാൽ പല്ലിന്റെ ഇനാമൽ നഷ്ടപ്പെടുന്നത് തടയുന്നതിനുള്ള ഒരു ചികിത്സയായോ, മാർഗമായോ ഗ്രാമ്പൂ എണ്ണയെ പൂർണ്ണമായി പര്യവേഷണം ചെയ്യുന്നതിന് കൂടുതൽ ഗവേഷണം ആവശ്യമാണ്.
പൊടിച്ചാൽ ഇവയുടെ ശക്തി പെട്ടെന്ന് നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ ഗ്രാമ്പൂ മുഴുവനായി വാങ്ങി വായുകടക്കാത്ത പാത്രത്തിൽ സൂക്ഷിക്കുന്നതാണ് നല്ലത്. ഗ്രാമ്പൂ പൊടിച്ചെടുക്കണമെങ്കിൽ ഉപയോഗിക്കുന്നതിനു തൊട്ടുമുമ്പാണ് അത് ചെയ്യേണ്ടത്.