Monday, November 25, 2024

അത്ഭുതങ്ങൾ ഒളിപ്പിച്ച ഡെറിങ്കുയു

പിങ്ക്, മഞ്ഞ നിറങ്ങളുള്ള മലഞ്ചെരിവുകൾ. ഉയർന്നു നിൽക്കുന്ന പാറക്കൂട്ടങ്ങൾ; ഒപ്പം വരണ്ടതും ചൂട് നിറഞ്ഞതുമായ കാറ്റ് വീശുന്ന കാലാവസ്ഥയും. അതിനിടയിൽ കൂണുകൾ പോലെ ഉയർന്നു നിൽക്കുന്ന പർവ്വതനിരകളും. അതിനടിയിലായിട്ടാണ് ആ ഭൂഗർഭ നഗരം സ്ഥിതിചെയ്യുന്നത്. തുർക്കിയിലെ നെവ്‌സെഹിർ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരു പുരാതന മൾട്ടി ലെവൽ ഭൂഗർഭ നഗരമായ ഡെറിങ്കുയുവിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഭൂഗർഭ നഗരമായ ഈ അറയ്ക്ക് ഏകദേശം ഇരുപതിനായിരത്തിലധികം ആളുകളെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്.

ബിസി II-I മില്ലേനിയത്തിലാണ് ഇത് നിർമ്മിക്കപ്പെട്ടത്. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 85 മീറ്ററിലധികം താഴെയായിട്ടാണ് ഈ ഡെറിങ്കുയു ഭൂഗർഭ നഗരം സ്ഥിതിചെയ്യുന്നത്. 18 ലെവലുകളിലായി പല തുരങ്കങ്ങൾ ചേർന്നതാണ് ഈ ഭൂഗർഭ നഗരം. ആയിരക്കണക്കിന് വർഷങ്ങളായി ആളുകൾ സ്ഥിരമായി ഉപയോഗിച്ചിരുന്ന ഈ നഗരം ഫ്രിജിയന്മാരിൽ നിന്ന് പേർഷ്യക്കാരിലേക്കും ബൈസന്റൈൻ കാലഘട്ടത്തിലെ ക്രിസ്ത്യാനികളിലേക്കും കൈമാറി എത്തിയിരുന്നു. ഗ്രീക്കോ-ടർക്കിഷ് യുദ്ധത്തിൽ തോൽവി നേരിട്ടപ്പോൾ 1920- കളിൽ കപ്പഡോഷ്യൻ ഗ്രീക്കുകാർ ഇത് ഉപേക്ഷിക്കുകയും പെട്ടെന്ന് ഗ്രീസിലേക്ക് പലായനം ചെയ്യുകയും ചെയ്തു.

ഇത്തരത്തിൽ ഒരു ഭൂഗർഭ നഗരത്തെക്കുറിച്ച് സൂചന കിട്ടിയതിനു പിന്നിൽ രസകരമായ ഒരു സംഭവം തന്നെയുണ്ട്. ഒരിക്കൽ ഒരു തുർക്കിക്കാരൻ തന്റെ വീട് പണിയുന്നതിനിടയിൽ ഒരു വിടവ് കണ്ടെത്തി. സാധാരണയായി ഭൂമിയിൽ പ്രത്യക്ഷപ്പെടാറുള്ള കുഴിയോ മറ്റോ ആയിരിക്കും എന്നാണ് അദ്ദേഹം ആദ്യം കരുതിയിരുന്നത്. എന്നാൽ ആ വിടവിലേക്ക് കയറിപ്പോകുന്ന തന്റെ കോഴികളൊന്നും തിരികെ വരുന്നില്ല എന്നത് അദ്ദേഹം ശ്രദ്ധിച്ചു. ഒന്ന് രണ്ടു ദിവസത്തിനുള്ളിൽ തന്റെ ഏതാനും കോഴികളെ നഷ്ടപ്പെട്ട ആ മനുഷ്യൻ ആ വിള്ളലിനുള്ളിൽ എന്താണെന്നു കണ്ടെത്താനുള്ള ശ്രമം തുടങ്ങി. അദ്ദേഹത്തിന്റെ ആ ശ്രമഫലമായാണ്, ഒരു കാലഘട്ടത്തിൽ സജീവമായിരുന്നതും പിന്നീട് മണ്ണിനുള്ളിൽ മറഞ്ഞുപോയതുമായ ഭൂഗർഭ നഗരത്തെ ലോകത്തിനു മുന്നിലേക്ക് എത്തിച്ചത്.

ചരിത്രം

കപ്പഡോഷ്യ മേഖല നിരന്തരമായി പല സാമ്രാജ്യശക്തികളുടെയും കടന്നുകയറ്റത്തിന് ഇരയായ പുരാതന നഗരമായിരുന്നു. അതിനാൽ തന്നെ ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ അതിൽ നിന്നും രക്ഷ നേടുന്നതിനുള്ള ഒരു താൽക്കാലിക സങ്കേതം എന്ന നിലയിലായിരുന്നു ഈ ഭൂഗർഭ നഗരം ഉപയോഗിച്ചു പോന്നിരുന്നത്. ആദ്യം കഠിനക്ഷാമത്തെ അതിജീവിക്കുന്നതിനുള്ള നിക്ഷേപപ്പുരയായും അതിൽ നിന്നും താൽക്കാലിക അഭയകേന്ദ്രമായും ഈ ഭൂഗർഭ നഗരം ഉയർന്നു.

ബിസി 8, 7 നൂറ്റാണ്ടുകളിൽ ഫ്രിജിയന്മാർ കപ്പഡോഷ്യ മേഖലയിലെ അഗ്നിപർവ്വത പാറകളിൽ നിർമ്മിച്ച ഗുഹകളായിരിക്കാം ഇത് എന്നാണ് തുർക്കി സാംസ്കാരിക വകുപ്പ് അവകാശപ്പെടുന്നത്. റോമൻ കാലഘട്ടത്തിൽ ഫ്രിജിയൻ ഭാഷ ഇല്ലാതായപ്പോൾ അതിനുള്ളിലെ എഴുത്തുകളും ചിത്രങ്ങളും മറ്റും ഗ്രീക്ക് ഭാഷയിലായി. പിന്നീട് ക്രൈസ്തവരുടെ കൈകളിൽ ഈ നഗരം എത്തിയതോടു കൂടി ഇതിൽ ചാപ്പലുകളും മറ്റും നിർമ്മിക്കപ്പെട്ടു.

അറബ് – ബൈസന്റൈൻ യുദ്ധങ്ങളിൽ (എ.ഡി. 780-1180) മുസ്ലീം അറബികളിൽ നിന്നുള്ള സംരക്ഷണകേന്ദ്രമായി ഉപയോഗിച്ചിരുന്ന ഈ നഗരം പൂർണ്ണമായും ഇന്ന് കാണുന്ന വിധത്തിലുള്ളതായി മാറിയത് ബൈസന്റൈൻ കാലഘട്ടത്തിലാണ് എന്ന് ചരിത്രകാരന്മാർ കരുതുന്നു. ഈ ഭൂഗർഭ വാസസ്ഥലങ്ങളിൽ നിന്ന് കണ്ടെത്തിയ ചില പുരാവസ്തുക്കൾ അഞ്ചാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനും ഇടയിലുള്ള മധ്യ ബൈസന്റൈൻ കാലഘട്ടത്തിൽ നിന്നുള്ളവയാണ്.

14-ാം നൂറ്റാണ്ടിൽ തിമൂറിന്റെ മംഗോളിയൻ അധിനിവേശത്തിൽ നിന്നുള്ള സംരക്ഷണമായി ഈ നഗരങ്ങൾ ക്രിസ്ത്യൻ തദ്ദേശീയർ ഉപയോഗിച്ചു പോന്നു. ഓട്ടോമൻ ഭരണത്തിൻ കീഴിലും ജനങ്ങൾക്ക് സംരക്ഷണം നൽകാൻ ഈ നഗരത്തിനു കഴിഞ്ഞു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം വരെ കപ്പഡോഷ്യൻ ഗ്രീക്കുകാർ തങ്ങളുടെ സമൂഹത്തിന് നേരിടേണ്ടിവന്ന പീഡനങ്ങളിൽ നിന്നും ഓടിയൊളിച്ചത് ഈ ഡെറിങ്കുയു ഭൂഗർഭ നഗരത്തിന്റെ സുരക്ഷിതത്വത്തിലേക്കായിരുന്നു എന്നത് ഇതിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.

1923- ൽ തുർക്കിയിൽ നിന്നും ക്രൈസ്തവരെ പുറത്താക്കുകയും അവർ ഗ്രീസിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതരാവുകയും ചെയ്തു. ഈ സാഹചര്യത്തോടെയാണ് ഡെറിങ്കുയു ഉപേക്ഷിക്കപ്പെട്ടത്. പിന്നീട് ഈ പുരാതന നഗരത്തെക്കുറിച്ച് അധികമാരും പറഞ്ഞുകേട്ടിട്ടില്ല. കാലയവനികക്കുള്ളിൽ മറഞ്ഞ ഈ വലിയ അത്ഭുതലോകം പിന്നീട് ലോകത്തിനു മുന്നിൽ വെളിപ്പെടുന്നത് 1963- ലാണ്. ഭൂഗർഭ അറ പൂർണ്ണമായും വീണ്ടെടുത്ത ശേഷം 1969- ൽ സന്ദർശകർക്കായി തുറന്നുകൊടുത്തു.

അത്ഭുതങ്ങൾ ഏറെ ഒളിപ്പിച്ച നഗരം

ഏറെ പ്രത്യേകതകളും അത്ഭുതങ്ങളും ഒളിപ്പിച്ച നഗരമാണ് ഡെറിങ്കുയു. വാതിലായി ഉപയോഗിക്കപ്പെടുന്ന പാറ ഉള്ളിൽ നിന്നും അടച്ചുകഴിഞ്ഞാൽ പിന്നെ അതിനുള്ളിലേക്ക് പ്രവേശിക്കാൻ പുറത്തുനിന്നു ആർക്കും കഴിയില്ല. ഓരോ നിലയിലേക്കും പ്രത്യേകം പ്രവേശന കവാടവും അടയ്ക്കാനുള്ള മാർഗ്ഗങ്ങളും ഉണ്ടായിരുന്നു. കൂടാതെ ഓയിൽ പ്രസ്സുകൾ, ഭക്ഷണശാലകൾ, നിലവറകൾ, സ്റ്റോറേജ് റൂമുകൾ, റെഫെക്റ്ററികൾ, ചാപ്പലുകൾ, വൈൻ ശാലകൾ തുടങ്ങിയവയും ഉണ്ടായിരുന്നു. മതപഠനത്തിനായി ഉപയോഗിക്കുന്ന പ്രത്യേക അറകളും ആ ഭൂഗർഭ നഗരത്തിലെ നിവാസികൾക്ക്‌ ആവശ്യമായ വെള്ളം എടുക്കുന്നതിന് വിശാലമായതും വറ്റാത്തതുമായ കിണറും ഈ ഭൂഗർഭ നഗരത്തിന്റെ പ്രത്യേകതകളായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ ഒരു മനുഷ്യസമൂഹത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഡെറിങ്കുയു ഭൂഗർഭ നഗരത്തിൽ ഉണ്ടായിരുന്നു. എന്നാൽ അങ്ങനെ ഒരു സുരക്ഷിത കേന്ദ്രം അവിടെ ഉണ്ടായിരുന്നതായി പുറത്തുനിന്ന് നോക്കുന്ന ആർക്കും മനസിലാകുകയുമില്ല. അതായിരുന്നു ഡെറിങ്കുയു നഗരത്തിന്റെ ശില്പികളുടെ വിജയവും ലോകത്തെ അവിടേക്ക് ആകർഷിച്ച പ്രധാന കാരണവും.

Latest News