തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുന്ന സിനിമയാണ് ‘മഞ്ഞുമ്മല്‍ ബോയ്സ്’. ഈ ചിത്രത്തിനൊപ്പം കൊടൈക്കനാലിലെ ‘ഗുണ കേവും’ ഏറെ ചര്‍ച്ചയാവുകയാണ്. 2006ല്‍ കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്ന് ഒരു സംഘം സുഹൃത്തുക്കള്‍ കൊടൈക്കനാലിലേക്ക് പോയ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
എന്താണ് ഗുണ കേവ്?
കൊടൈക്കനാല്‍, തമിഴ്നാട്ടിലെ മനോഹരമായ ഹില്‍സ്റ്റേഷനാണ്. ഇവിടെയുള്ള പല സ്ഥലങ്ങളും പ്രകൃതി രമണീയവും ആകര്‍ഷകവുമാണ്. എന്നാല്‍ മറ്റ് ചിലത് വളരെ അപകടകരമാണ്, ആളുകള്‍ അവിടേക്ക് പോകാന്‍ പോലും മടിക്കുന്നു. അത്തരത്തിലൊന്നാണ് ‘ഗുണ കേവ്’. കൊടൈക്കനാലിന്റെ പ്രാന്തപ്രദേശങ്ങളിലാണ് ഈ പ്രശസ്തമായ ഗുഹ സ്ഥിതി ചെയ്യുന്നത്. പില്ലര്‍ റോക്സ് എന്നറിയപ്പെടുന്ന മൂന്ന് പാറകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ഗുഹകളുടെ ഒരു കൂട്ടമാണിത്.
കൊടൈക്കനാലില്‍നിന്നും 12 കിലോമീറ്റര്‍ അകലെ സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 7000 അടി ഉയരത്തില്‍ പൈന്‍ മരക്കാടിന്റെ നടുവിലാണ് ഗുഹയുള്ളത്. 20 കിലോമീറ്ററുകളോളം വ്യാപിച്ചു കിടക്കുന്ന ഗുഹ ആരെയും പേടിപ്പെടുത്തുമെന്ന് മാത്രമല്ല 13 പേരുടെ ജീവന് ഇവിടെ നഷ്ടപ്പെട്ടിട്ടുമുണ്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരമാണ് ഈ എണ്ണം. അതിലും വര്‍ധിക്കും മരിച്ചവരുടെ യഥാര്‍ഥ എണ്ണം. 1821-ല്‍ ബ്രിട്ടീഷ് ഓഫീസര്‍ ബി എസ് വാര്‍ഡാണ് ഈ ഗുഹ കണ്ടെത്തിയത്. ഡെവിള്‍സ് കിച്ചന് അഥവാ ചെകുത്താന്റെ അടുക്കള എന്നായിരുന്നു ഈ ഗുഹ മുമ്പ് അറിയപ്പെട്ടിരുന്നത്.
1991 ല്‍ പുറത്തിറങ്ങിയ കമല്ഹാസന് ചിത്രം ‘ഗുണ’ ഷൂട്ട് ചെയ്തത് ഇവിടെ വച്ചായിരുന്നു. ചിത്രത്തിലെ ‘കണ്മണി അന്‍പോട് കാതലന്‍’ എന്ന ഗാനം ചിത്രീകരിച്ചത് ഇവിടുത്തെ ഗുഹയ്ക്കുളളില്‍ വച്ചാണ്. അതിന് ശേഷമാണ് ഡെവിള്‍സ് കിച്ചന് ഗുണ കേവ് ആയി മാറിയത്. കൊടൈക്കനാലില്‍ എത്തുന്ന വിനോദ സഞ്ചാരികളുടെ ഇഷ്ട സ്ഥലങ്ങളിലൊന്നായിരുന്നു ഈ പ്രദേശമെങ്കില്‍ പിന്നീട് സുരക്ഷാ കാരണങ്ങളാല്‍ നിയന്ത്രണങ്ങളുണ്ടായി. ഗുഹയുടെ കുറച്ചു ഭാഗം മാത്രമേ ജനങ്ങള്‍ക്കായി തുറന്നു കൊടുത്തിട്ടുള്ളൂ. നിലവില്‍ ഗുണ കേവിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനമില്ല.
ഗുഹകള്‍ ചിലര്‍ക്ക് മനോഹരവും ആകര്‍ഷകവുമാണെന്ന് തോന്നിയേക്കാം. എന്നാല്‍ അവയിലേക്ക് പ്രവേശിക്കുന്നത് വളരെ അപകടകരമാണ്. ഗുഹകളില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും രണ്ട് പാറകളില്‍ മുറുകെ പിടിക്കേണ്ടതുണ്ട്. മൂന്നാമത്തെ പാറയാല്‍ രൂപംകൊണ്ട പ്രതലത്തിലേക്ക് സ്വയം താഴ്ന്ന് പോകണം. ഇത് കുത്തനെയുള്ള ഇടിവും വളരെ അപകടസാധ്യതയുള്ളതുമാണ്. ഇതാണ് നേരത്തെ 13 യുവാക്കളുടെ മരണത്തിന് കാരണമായതായി പറയുന്നത്. ഗുണ കേവിന്റെ ആഴം ഇന്നും കൃത്യമായി നിര്‍ണയിക്കപ്പെട്ടിട്ടില്ല. ഏതാണ്ട് 2000 അടിക്കു മുകളില്‍ ആണ് ആഴമെന്ന് കണക്കാക്കുന്നു
എന്നിരുന്നാലും, പ്രശസ്തമായ മോയര്‍ പോയിന്റില്‍ നിന്ന്, ഗുണ ഗുഹകളിലേക്കുള്ള നടത്തം മനോഹരമാണ്, സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സീസണ് ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാണ്, അല്ലെങ്കില്‍ ഓഗസ്റ്റ് മുതല്‍ സെപ്റ്റംബര്‍ വരെയാണ്. മനോഹരമായ പൈന്‍ വനത്തിലൂടെയാണ് റൂട്ട് പോകുന്നത്. നിലം മരങ്ങളുടെ വേരുകളാല്‍ മൂടപ്പെട്ടിരിക്കുന്നു, അത് ഈ സ്ഥലത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. കാലാവസ്ഥ അനുകൂലമല്ലെങ്കില്‍ നിലം പലപ്പോഴും വഴുവഴുപ്പുള്ളതിനാല്‍ നടക്കാന്‍ പ്രയാസമാണ്.