നോണ്‍ സ്റ്റിക്ക് പാത്രങ്ങള്‍ ഉപയോഗിച്ചാല്‍ കാന്‍സര്‍, ഹൃദ്രോഗം എന്നിവ ഉണ്ടാകും എന്നു പറയുന്ന വിവിധ സോഷ്യല്‍ മീഡിയാ സന്ദേശങ്ങളും വീഡിയോകളും പലരും എനിക്ക് അയച്ചുതരാറുമുണ്ട്. എന്താണ് ഇതിന്റെ സത്യാവസ്ഥയും ശാസ്ത്രീതയയും. ഡോ. ജോജോ ജോസഫ് എഴുതുന്നു.
നമ്മുടെ പാചകരീതിയെ അടിമുടി മാറ്റിമറിച്ച ഒരു സംഭവമാണ് നോണ്‍ സ്റ്റിക്ക് പാത്രങ്ങളുടെ കടന്നുവരവ്. മിക്കവാറും എല്ലാ വീടുകളിലും ഇപ്പോള്‍ ഭക്ഷണം പാകം ചെയ്യുന്നത് ഇത്തരം പാത്രങ്ങള്‍ ഉപയോഗിച്ചാണ്. പ്രത്യേകിച്ച് വറുക്കുക, പൊരിക്കുക തുടങ്ങിയവയൊക്കെ. മുമ്പ് ഉപയോഗിച്ചിരുന്ന പാത്രങ്ങളെ അപേക്ഷിച്ച് നോണ്‍ സ്റ്റിക്ക് പാത്രങ്ങളില്‍ പാചകം ചെയ്യുമ്പോള്‍ അടിയില്‍ പിടിക്കില്ല എന്നതാണ് ഇവ ഇത്രയും പോപ്പുലര്‍ ആകാനുള്ള കാരണം. ഇങ്ങനെ അടിയില്‍ പിടിക്കാത്തതിനാല്‍ രുചിയും നല്ലതാണ് എന്നതും നോണ്‍സ്റ്റിക്ക് പാത്രങ്ങളുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നു. വറുക്കാനും പൊരിക്കാനും ഉപയോഗിക്കുന്ന എണ്ണയുടെ അളവ് നോണ്‍സ്റ്റിക്ക് പാത്രങ്ങളില്‍ കുറച്ചു മതി എന്നതും ഭക്ഷണം കൂടുതല്‍ ഹെല്‍ത്തി ആക്കാന്‍ സഹായിക്കുന്നു എന്നതും നോണ്‍ സ്റ്റിക്ക് പാത്രങ്ങളുടെ മറ്റൊരു നേട്ടമാണ്. ഭക്ഷണം പാകം ചെയ്തതിനു ശേഷം നോണ്‍ സ്റ്റിക്ക് പാത്രങ്ങള്‍ കഴുകിവൃത്തിയാക്കാന്‍ എളുപ്പമാണ് എന്ന ഘടകവും ഈ നോണ്‍ സ്റ്റിക്ക് പാത്രങ്ങളെ ജനപ്രിയമാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. നോണ്‍ സ്റ്റിക്ക് പാത്രങ്ങളുടെ വരവോടെ ഭക്ഷണം പാകം ചെയ്യാന്‍ അടുക്കളയില്‍ ചിലവഴിേക്കണ്ട സമയം ഏതാണ്ട് പകുതിയായി കുറഞ്ഞു എന്നതാണ് വാസ്തവം.
ഈ പറഞ്ഞ കാര്യങ്ങള്‍ എല്ലാവരും സമ്മതിക്കുമെങ്കിലും സ്ഥിരമായി നോണ്‍ സ്റ്റിക്ക് പാത്രങ്ങളില്‍ പാചകം ചെയ്ത ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല. കാന്‍സര്‍ പോലെയുള്ള രോഗങ്ങള്‍ക്കു വരെ ഈ പാചകരീതി കാരണമാകുമെന്ന് പലരും സംശയം പ്രകടിപ്പിക്കാറുണ്ട്. നോണ്‍ സ്റ്റിക്ക് പാത്രങ്ങള്‍ കാന്‍സര്‍, ഹൃദ്രോഗം എന്നിവ ഉണ്ടാക്കുമെന്നു പറയുന്ന വിവിധ സോഷ്യല്‍ മീഡിയാ സന്ദേശങ്ങളും വീഡിയോകളും പലരും എനിക്ക് അയച്ചുതരാറുമുണ്ട്. ഇതിന്റെ സത്യാവസ്ഥയും ശാസ്ത്രീതയതുമാണ് ഇന്നിവിടെ പരിശോധിക്കുന്നത്.
എന്താണ് ഈ നോണ്‍ സ്റ്റിക്ക്?
ആദ്യം എന്താണ് ഈ നോണ്‍ സ്റ്റിക്ക് എന്നു പരിശോധിക്കാം. നമ്മള്‍ സാധാരണ ഉപയോഗിക്കുന്ന സ്റ്റീല്‍ അല്ലെങ്കില്‍ അലുമിനിയം പാത്രങ്ങളുടെ ഉള്‍വശത്ത് പോളിടെട്രാഫ്‌ളൂറോ എഥിലീന്‍ (Polytetrafluoroethylene) എന്ന ഒരു സിന്തറ്റിക് പോളിമറിന്റെ കോട്ടിംഗ് അഥവാ കവറിംഗ് കൊടുക്കുമ്പോഴാണ് ഈ പാത്രങ്ങള്‍ നോണ്‍ സ്റ്റിക്ക് ആയി മാറുന്നത്. ‘പി.റ്റി.എഫ്.ഇ’ (PTFE) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ പോളിമറിന്റെ ട്രേഡ് നെയിം അല്ലെങ്കില്‍ ബ്രാൻഡ് നെയിം ആണ് ടെഫ്ലോൺ (Teflon). അതിനാല്‍ നമ്മുടെ ഇടയില്‍ ഇതിനെ ടെഫ്ലോൺ കോട്ടിങ് (Teflon Coating) എന്നാണ് വിളിക്കുന്നത്.
1930-ല്‍ വളരെ യാദൃച്ഛികമായിട്ടാണ് ടെഫ്ലോൺ കണ്ടുപിടിക്കപ്പെടുന്നത്. വളരെ ലളിതമായി പറഞ്ഞാല്‍ കാര്‍ബണ്‍, ഫ്‌ളൂറിന്‍ എന്നീ മൂലകങ്ങള്‍ വളരെ ഉയര്‍ന്ന താപനിലയില്‍ ചൂടാക്കി ഉണ്ടാകുന്ന ഒരു ഫ്‌ളൂറോപോളിമര്‍ ആണ് ഈ ടെഫ്ലോൺ. രാസപദാര്‍ത്ഥങ്ങളുമായി കാര്യമായ പ്രതിപ്രവർത്തനം ഇല്ലാത്ത നോണ്‍ സ്റ്റിക്ക് ആയ ഏതാണ്ട് പൂര്‍ണ്ണമായ ഘര്‍ഷണം ഇല്ലാത്ത (frictionless) ഉപരിതലം നല്‍കാന്‍ ടെഫ്ളോണ് കഴിയും. അതിനാല്‍ നോണ്‍ സ്റ്റിക്ക് പാത്രങ്ങള്‍ കൂടാതെ നെയിൽ പോളിഷ് (Nail Polish), വാട്ടർ പ്രൂഫ് ആയിട്ടുള്ള വസ്ത്രങ്ങൾ (Waterproof Cloth), പൈപ്പ് (Pipe), പെയിന്റ് (Paint), വാഹങ്ങളുടെ കോട്ടിംഗ് അങ്ങനെ നമ്മുടെ നിത്യജീവിതത്തില്‍ നിരവധി ഉപയോഗങ്ങളുണ്ട് ഈ ടെഫ്ളോണ്.
ടെഫ്ലോൺ എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടോ?
ഇനി ടെഫ്ലോൺ എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടോ എന്ന് പരിശോധിക്കാം. അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി നടത്തിയ പഠനങ്ങളില്‍ ടെഫ്ലോൺ, കാന്‍സറിനു കാരണമാകുന്ന കെമിക്കല്‍ (Carcinogenic) അല്ല എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സാധാരണ നോണ്‍ സ്റ്റിക്ക് പാത്രങ്ങളില്‍ പാചകം ചെയ്യുമ്പോള്‍ ടെഫ്ലോൺ ഭക്ഷണത്തില്‍ കലരുന്നില്ല. എന്നാല്‍ പോറല്‍ വീണ അല്ലെങ്കില്‍ കേടുപാടുകൾ സംഭവിച്ചിട്ടുള്ളവയിൽ നിന്നും നിന്നും ചെറിയ അളവില്‍ ടെഫ്ലോൺ ഭക്ഷണത്തോടൊപ്പം അകത്തുപോയാലും അത് ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നില്ല. അത് വിസര്‍ജ്ജ്യത്തോടൊപ്പം പുറത്തേക്കു പോകും.
നോണ്‍സ്റ്റിക്ക് പാത്രങ്ങളില്‍ പാചകം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടവ
ഇതൊക്കെയാണെങ്കിലും നോണ്‍ സ്റ്റിക്ക് പാത്രങ്ങളില്‍ പാചകം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ കൂടിയുണ്ട്. ഉയര്‍ന്ന താപനിലയിലുള്ള പാചകത്തിന് നോണ്‍ സ്റ്റിക്ക് ഉപയോഗിക്കാന്‍ പാടില്ല. കാരണം ഏതാണ്ട് 240 ഡിഗ്രി കഴിയുമ്പോള്‍ ടെഫ്ലോണ്‍ ഉരുകാന്‍ തുടങ്ങും. അതില്‍ നിന്നും വിഷകരമായ പുക (toxic fume) ഉണ്ടാകാനും തുടങ്ങും. ഈ പുക ശ്വസിച്ചാല്‍ നമുക്ക് വിവിധ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകും. പ്രധാനമായും ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളാണ് ഉണ്ടാവുക. ഇതിനെ ടോക്സിക് ഫ്ലു (toxic flue) എന്നാണ് വിളിക്കുന്നത്. ചിലപ്പോള്‍ ഇത് ARDS പോലെ ഗുരുതരമായിട്ടുള്ള പ്രശ്‌നങ്ങള്‍ വരെ ഉണ്ടാക്കും. അതിനാല്‍ ഭക്ഷണം പാകം ചെയ്യാന്‍ പാന്‍ ചൂടാക്കുമ്പോൾ ഉയരുന്നതുവരെ ചൂടാക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ തന്നെ എണ്ണ ഒഴിച്ചാണെങ്കിലും ഒരിക്കലും എണ്ണയുടെ സ്‌മോക്ക് പോയിന്റ് (smoke point – പുക സീമ) വരെ പാന്‍ ചൂടാക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഒരു എണ്ണ അല്ലെങ്കിൽ കൊഴുപ്പ് പുകയാൻ തുടങ്ങുന്ന ഊഷ്മാവാണ് പുക സീമ.
അടുത്തതായി ശ്രദ്ധിക്കേണ്ടത്, പോറല്‍ വീണ അല്ലെങ്കില്‍ കേടുപാടുകൾ സംഭവിച്ചിട്ടുള്ള നോണ്‍ സ്റ്റിക്ക് പാത്രങ്ങളില്‍ ഭക്ഷണം പാചകം ചെയ്യാതിരിക്കുക എന്നതാണ്. ഏറ്റവും പ്രധാനം ഈ പോറല്‍ വീണ ഭാഗത്ത് ഭക്ഷണം ഒട്ടിപ്പിടിക്കുകയും കരിയുകയും ചെയ്യും എന്നതു തന്നെ. പിന്നെ ഈ പോറല്‍ വീണ ഭാഗത്തു നിന്ന് ഈ ടെഫ്ലോൺ കുറേശ്ശെ ഇളകി ഭക്ഷണത്തില്‍ കലരാനും സാധ്യതയുണ്ട്. ദഹനവ്യവസ്ഥയ്ക്ക് ഒന്നും സംഭവിക്കില്ല എങ്കിലും ഇതൊന്നും അനാവശ്യമായി ഭക്ഷണത്തില്‍ കലരാതിരിക്കുന്നതാണ് നല്ലത്.
ഇത്രയും കേട്ടപ്പോള്‍ നിങ്ങള്‍ക്ക് ഒരു സംശയം തോന്നിയേക്കാം. പിന്നെ ചില പഠനങ്ങള്‍ ടെഫ്ലോൺ അപകടകാരിയാണ് എന്ന് പറയുന്നത് എന്തുകൊണ്ടാണ് എന്ന്.
ടെഫ്ലോൺ അപകടകാരിയാണ് എന്ന് പറയുന്നത് എന്തുകൊണ്ട്?
2013-നു മുമ്പ് ടെഫ്ലോൺ ഉണ്ടാക്കാന്‍ ഉപയോഗിച്ചിരുന്ന ഒരു കെമിക്കല്‍ ആണ് പെർഫ്ലുവോറോക്റ്റാനോയിക് ആസിഡ് (perfluorooctanoic acid) അഥവാ PFOA എന്നാണ് ഇത് അറിയപ്പെടുന്നത്. സാധാരണ ഗതിയില്‍ ടെഫ്ലോൺ ഉണ്ടാകുമ്പോഴേക്കും ഇത് പൂര്‍ണ്ണമായി കത്തിത്തീരുകയാണ് ചെയ്യുന്നത്. എന്നാല്‍ ചില ടെഫ്ലോൺ ഉപോല്പന്നങ്ങളില്‍ ഈ PFOA-യുടെ സാന്നിധ്യമുണ്ട് എന്ന് കണ്ടുപിടിക്കപ്പെടുകയുണ്ടായി.
PFOA കാന്‍സര്‍ ഉള്‍പ്പെടെ വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒരു കെമിക്കലാണ് എന്നു മനസിലാക്കിയതും ചില ടെഫ്ളോണുകളിൽ അതിന്റെ സാന്നിധ്യമുണ്ട് എന്നതും പുറത്തുവന്നതോടെ ടെഫ്ലോൺ നിർമ്മാണത്തിൽ നിന്നും PFOA നിരോധിക്കുകയുണ്ടായി. അതിനാല്‍ 2013-നു ശേഷമുള്ള ടെഫ്ലോൺ സുരക്ഷിതമായിട്ടാണ് കരുതപ്പെടുന്നത്. 2013-നു ശേഷം GENX എന്ന കെമിക്കല്‍ ഉപയോഗിച്ചാണ് ടെഫ്ലോൺ നിര്‍മ്മിക്കുന്നത്. GENX സുരക്ഷിതമായിട്ടുള്ള അതായത് ടെഫ്ലോൺ ഉണ്ടാകുന്നതിനു മാത്രം ഉപയോഗിക്കുമ്പോള്‍ ആയിട്ടാണ് കരുതപ്പെടുന്നത്.
ടെഫ്ലോനെക്കുറിച്ചു പറയുമ്പോള്‍ ഉയരുന്ന മറ്റൊരു കാര്യമാണ് വിദേശങ്ങളില്‍ ഇത് നിരോധിച്ചതാണ് എന്നത്. ഇതിന്റെ യാഥാര്‍ത്ഥ്യം മനസിലാകണമെങ്കില്‍ ഒരല്‍പം സയന്‍സ് പഠിക്കണം. ടെഫ്ലോൺ ഉള്‍പ്പെടുന്ന ഏതാണ്ട് പതിനായിരം സിന്തറ്റിക് പോളിമേഴ്‌സിനെ ഒരുമിച്ചുപറയുന്ന ഒരു പേരാണ് Per and Polyfluorinated Substances. നമുക്കിതിനെ എളുപ്പത്തില്‍ PFAS എന്നു വിളിക്കാം.
ഈ പോളിമേഴിസിനെ ‘എക്കാലവും നിലനിൽക്കുന്ന രാസവസ്തു’ എന്നാണ് വിളിക്കാറ്. അതായത്, ഇത് ഒരിക്കലും നശിച്ചുപോകാതെ പ്രകൃതിയില്‍ നിലനില്‍ക്കും. അമേരിക്കയില്‍ 99% ആള്‍ക്കാരുടെ ശരീരത്തിലും PFAS ന്റെ സാന്നിധ്യം ഉണ്ട് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട് എന്നാല്‍ PFAS എല്ലാം അപകടകാരിയല്ല. അതായത്, ടെഫ്ലോൺ കുഴപ്പമില്ല; എന്നാല്‍ ടെഫ്ലോൺ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന PFOA അപകടകാരിയാണ്. അതിനാല്‍ അമേരിക്കയില്‍ ഇതുപോലെ അപകടകാരികളായ PFAS തെരഞ്ഞെടുത്ത് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതില്‍ ടെഫ്ലോൺ ഉള്‍പ്പെടുന്നില്ല. എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ ഈ PFAS മുഴുവന്‍ നിരോധിക്കണമെന്ന അഭിപ്രായക്കാരാണ്. അതിന് അവര്‍ പറയുന്നത് ചിലതിനെ മാത്രം തെരഞ്ഞെടുത്ത് നിരോധിക്കുന്നത് അത്ര ഫലപ്രദം ആകണമെന്നില്ല. അതുപോലെ PFAS ഇല്ലാതെ നമ്മുടെ പല കാര്യങ്ങളും മുന്നോട്ടുപോകാത്ത ഒരു അവസ്ഥയില്‍ ഒരു നിരോധനം വരുമ്പോള്‍ സുരക്ഷിതമായ ഒരു ബദൽ സംവിധാനം കണ്ടുപിടിക്കാന്‍ ശാസ്ത്രലോകം നിര്‍ബന്ധിതമാകും എന്നാണ്.
ചുരുക്കിപ്പറഞ്ഞാല്‍, ടെഫ്ലോൺ കോട്ടഡ് ആയിട്ടുള്ള 2013-നു ശേഷമുള്ള നോണ്‍ സ്റ്റിക്ക് പാത്രങ്ങള്‍ സേഫാണ്. കേടായതും പോറല്‍ വീണതുമായവ ഉപയോഗിക്കാതിരിക്കുക, നോണ്‍സ്റ്റിക്ക് അമിതമായി ചൂടാക്കാതെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ടെഫ്ലോൺ എക്കാലവും നശിക്കാതെയിരിക്കുന്ന രാസവസ്തു ആയതിനാല്‍ മറ്റൊരു ബദൽ കണ്ടുപിടിക്കേണ്ടത് ആവശ്യമാണ്.
ഡോ. ജോജോ വി. ജോസഫ്