Monday, November 25, 2024

ഡോ. വർഗീസ് കുര്യനും ധവളവിപ്ലവവും: ചരിത്രവിജയത്തെ അനുസ്മരിച്ച് ദേശീയ പാൽദിനം

ദിവസേനയുള്ള ആവശ്യത്തിനായിപ്പോലും പാല് ഉൽപാദിപ്പിക്കാൻ കഴിയാത്ത രാജ്യം. അതായിരുന്നു ഒരു കാലത്ത് ഇന്ത്യ. എന്നാൽ ഇന്ന് പാൽ ഉത്പാദനത്തിൽ അമേരിക്കയെ പോലും പിന്നിലാക്കി ഒന്നാം സ്ഥാനത്തേക്ക് ഇന്ത്യ കുതിക്കുമ്പോൾ അതിനു പിന്നിൽ വിസ്മരിക്കാനാവാത്ത സംഭാവന നൽകിയ ഒരു മലയാളിയുടെ സ്വപ്നങ്ങളും ദീർഘവീക്ഷണവും കഠിനാദ്ധ്വാനവുമുണ്ട്. ആ വ്യക്തിയാണ് ഡോ. വർഗ്ഗീസ് കുര്യൻ. ധവളവിപ്ലവത്തിന്റെ പിതാവായി അറിയപ്പെടുന്ന ഡോ. വർഗീസ് കുര്യന്റെ 101-ാമത് ജന്മദിനമാണ് നവംബർ 26. ഈ ദിനം തന്നെയാണ് ദേശീയ ക്ഷീരദിനമായി ആഘോഷിക്കാൻ തിരഞ്ഞെടുത്തിരിക്കുന്നതും.

ഗുജറാത്തിലെ കെയ്‌റ ജില്ലയിലെ ആനന്ദ് എന്ന സ്ഥലത്താണ് വർഗീസ് കുര്യൻ ധവളവിപ്ലവത്തിന് തുടക്കം കുറിച്ചത്. ഇവിടെ ക്ഷീരവിഭാഗം ഓഫീസർ ആയിട്ട് അഞ്ച് വർഷത്തോളം ജോലി ചെയ്തു. ശേഷം സർക്കാർ ജോലി വിട്ട അദ്ദേഹം അവിടുത്തെ ക്ഷീരകർഷകരെ ഒന്നിപ്പിച്ചുകൊണ്ട് കെയ്‌റ ഡിസ്ട്രിക്ട് കോപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ ലിമിറ്റഡ് (കെ.ഡി.സി.എം.പി.യു.എൽ) എന്ന പേരിൽ ക്ഷീരസഹകരണ മുന്നേറ്റത്തിന് തുടക്കം കുറിച്ചു. ഇതാണ് പിന്നീട് അമൂൽ എന്ന സ്ഥാപനമായി രാജ്യമെമ്പാടും വളർന്ന് പന്തലിച്ചത്.

ഇന്ത്യൻ ഡയറി അസോസിയേഷനാണ് (ഐ.ഡി.എ.) ദേശീയ ക്ഷീരദിനാഘോഷങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. 1970- ൽ ഓപ്പറേഷൻ ഫ്‌ളഡ് (Operation Flood) എന്ന പേരിൽ തുടങ്ങിയ ഗ്രാമീണ വികസന പദ്ധതിയായ നാഷണൽ ഡയറി ഡെവലപ്‌മെന്റ് ബോർഡ് (എൻ.ഡി.ഡി.ബി.) ആണ് രാജ്യത്തിന്റെ പാൽ ഉത്പാദനരംഗത്തെ വികസനക്കുതിപ്പിന് ആണിക്കല്ലായത്. രാജ്യമെമ്പാടും ക്ഷീരവിതരണ ശൃഖല വികസിപ്പിക്കാനും ലോകത്ത് ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന രാജ്യമെന്ന നേട്ടം സ്വന്തമാക്കാനും രാജ്യത്തിന് തുണയായത് ഈ പദ്ധതിയാണ്. ഇതാണ് പിന്നീട് ധവളവിപ്ലവമെന്ന പേരിൽ അറിയപ്പെട്ടത്. ധവളവിപ്ലവത്തിന്റെ വിത്ത് പാകിയതാകട്ടെ ഡോ. വർഗീസ് കുര്യനും.

രാജ്യത്തെ പാൽ ഉത്പാദനം വർദ്ധിപ്പിക്കുക, ഗ്രാമീണമേഖലയിൽ വരുമാനം വർദ്ധിപ്പിക്കുക എന്നിവയായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യങ്ങൾ. ക്ഷീരകർഷകർക്ക് ന്യായമായ പാൽവില ഉറപ്പു വരുത്താൻ കഴിഞ്ഞു എന്നതാണ് ധവളവിപ്ലവത്തിന്റെ പ്രധാന നേട്ടം. ഇതു വഴി പാൽ ഉത്പാദനവും ഗ്രാമീണമേഖലയിലെ വരുമാനവും വർദ്ധിപ്പിക്കാനായി. 2016- ലാണ് യു.എസിനെ മറികടന്ന് ഇന്ത്യ ലോകത്ത് പാൽ ഉത്പാദനത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

ഇന്ന് രാജ്യം ക്ഷീരമേഖലയിൽ നേടിയ എല്ലാ നേട്ടങ്ങൾക്കും കടപ്പെട്ടിരിക്കുന്നത് വർഗീസ് കുര്യനോടാണ്. അതിനാൽ തന്നെ അദ്ദേഹത്തോടുള്ള ആദരസൂചകമായി 2014 നവംബർ 26 മുതലാണ് കേന്ദ്ര മൃഗസംരക്ഷണം, ക്ഷീരോത്പാദന മന്ത്രാലയം ദേശീയ പാൽദിനം ആചരിച്ചു തുടങ്ങിയത്.

Latest News