ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും ഉഗാണ്ടയിലും ഇരുന്നൂറിലധികം പേരുടെ ജീവനെടുത്ത പുതിയ എബോള ബാധയെ പ്രതിരോധിക്കാൻ വാക്സിനുകളും ചികിത്സാരീതികളും അടിയന്തിരമായി വികസിപ്പിക്കാൻ ശാസ്ത്രലോകം തീവ്രശ്രമം നടത്തുന്നു. നിലവിൽ ഈ പ്രത്യേക എബോള വൈറസ് വകഭേദത്തിന് അംഗീകൃത വാക്സിനുകളോ ഫലപ്രദമായ ചികിത്സയോ ലഭ്യമല്ല.
കഴിഞ്ഞ ഒരു മാസത്തിനിടെ എബോളയുടെ ‘ബുന്ദിബുഗ്യോ’ വകഭേദം ബാധിച്ചവരുടെ എണ്ണം 875 കടന്നതായും 202 മരണങ്ങൾ സ്ഥിരീകരിച്ചതായും ആഫ്രിക്കൻ യൂണിയന്റെ ആരോഗ്യ ഏജൻസി വ്യക്തമാക്കി. കോംഗോയിലെ വിദൂര ഗ്രാമങ്ങളിലും ആഭ്യന്തര സംഘർഷം നിലനിൽക്കുന്ന പ്രദേശങ്ങളിലും രോഗബാധ പടരുന്നതിനാൽ യഥാർത്ഥ മരണസംഖ്യ ഇതിലും വളരെ കൂടുതലായിരിക്കാമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് പുതിയ വാക്സിനുകൾ മനുഷ്യരിൽ വേഗത്തിൽ പരീക്ഷണത്തിന് എത്തിക്കാൻ ഫാർമസ്യൂട്ടിക്കൽ കമ്പനികളും ഗവേഷകരും ശ്രമിക്കുന്നത്.
2018-ൽ കോംഗോയിലുണ്ടായ എബോള ബാധ പൂർണ്ണമായി നിയന്ത്രണവിധേയമാക്കാൻ രണ്ട് വർഷത്തോളം എടുത്തിരുന്നു. അതിനാൽ ഇപ്പോൾ ലഭ്യമായ എല്ലാ സാങ്കേതികവിദ്യകളും ഉപയോഗിച്ച് എത്രയും വേഗം രോഗവ്യാപനം തടയാനുള്ള ശ്രമത്തിലാണ് ആഗോള ആരോഗ്യ സംഘടനകൾ.

