Sunday, November 24, 2024

ബ്ലഡ് ക്യാൻസർ പൂർണ്ണമായും ഭേദമാക്കാൻ അത്ഭുതമരുന്ന്: വ്യാജസന്ദേശങ്ങൾക്കു പിന്നിലെ സത്യാവസ്ഥ പങ്കുവച്ച് ഡോ. ജോജോ ജോസഫ്

ഡോ. ജോജോ വി. ജോസഫ്

“മാരകരോഗമായിരുന്ന ബ്ലഡ് ക്യാൻസർ പൂർണ്ണമായും ഭേദമാക്കാൻ പുതിയ മരുന്ന് കണ്ടുപിടിച്ചിരിക്കുന്നു” – കഴിഞ്ഞ കുറേക്കാലങ്ങളായി സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന സന്ദേശമാണിത്. കാൻസർ രോഗം മാരകമായ ഒരു രോഗമെന്നിരിക്കെ, ആ അവസ്ഥയിലൂടെ കടന്നുപോകുന്ന അനേകർക്ക്‌ പ്രതീക്ഷ പകരാനെന്നോണം അനേകം ആളുകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ അവ വീണ്ടും വീണ്ടും ഷെയര്‍ ചെയ്യുകയും ചെയ്യുന്നു. എന്നാല്‍ ഈ സന്ദേശത്തിനുപിന്നിലെ വാസ്തവങ്ങളെക്കുറിച്ചു സംസാരിക്കുകയാണ്, കാൻസർരോഗ ചികിത്സാവിദഗ്ധനും ഇന്ത്യയിലെ മികച്ച പത്ത് ഓങ്കോളജി സർജന്മാരിൽ ഒരാളുമായ ഡോ. ജോജോ വി. ജോസഫ്.

‘കാൻസർ, ഒറ്റയടിക്ക് മാറ്റുന്ന അത്ഭുതമരുന്ന്,’ ‘ബ്ലഡ് കാൻസർ പൂർണ്ണമായും ഭേദമാക്കുന്ന മരുന്ന്’ എന്ന പേരുകളിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന മരുന്നാണ് Imitinef Mercilet’ (ഇമിറ്റിനെഫ് മെർസിലറ്റ്) എന്നത്. എല്ലാത്തരം അർബുദങ്ങളെയും ഇല്ലാതാക്കാൻ ഈ മരുന്നിന് കഴിയുമെന്നാണ് വ്യാജപ്രചാരണങ്ങൾക്കു പിന്നിലുള്ളവരുടെ വാദം. ഒപ്പം, പല കാൻസർ ഇൻസ്റ്റിറ്റ്യൂട്ടുകളിലും സൗജന്യമായി മരുന്ന് വിതരണംചെയ്യുന്നതായും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

എന്നാൽ എല്ലാത്തരം കാൻസറുകൾക്കും നിർദേശിക്കാവുന്ന ഒരൊറ്റ മരുന്ന് ലോകത്തൊരിടത്തും ലഭ്യമല്ലെന്ന് ഡോ. ജോജോ വി. ജോസഫ് അടിവരയിട്ടു പറയുന്നു. “ഇത് ആരുടെയോ മനസ്സിലുദിച്ച ആശയമാണ്. ഈ പോസ്റ്റുകളിൽ പരാമർശിച്ചിരിക്കുന്ന Imitinef Mercilet (ഇമിറ്റിനെഫ് മെർസിലറ്റ്) എന്നതുപോലും തെറ്റായ പേരാണ്. ‘ഇമാറ്റിനിബ്’ (Imatinib Mesylate ) എന്ന മരുന്നിനെയാണ് സാമൂഹ്യമാധ്യമങ്ങളിൽ തെറ്റായി പരാമർശിച്ചിരിക്കുന്നത്” – ഡോ. ജോജോ വെളിപ്പെടുത്തുന്നു.

2001 കാലഘട്ടത്തിലാണ് ‘ഇമാറ്റിനിബ്’ (Imatinib) എന്ന മരുന്ന് കണ്ടുപിടിക്കുന്നത്. ആ സമയങ്ങളിൽ ഇതൊരു അത്ഭുതമരുന്നായിരുന്നു. അന്ന് ബ്ലഡ് കാൻസറുകളിലെ ക്രോണിക് മൈലോജെനസ് ലുക്കീമിയ (CML) ബാധിച്ച അനേകം ആളുകൾക്ക് രോഗമുക്തി നൽകിയ ഒരു മരുന്നാണ് ഇത്. ഇന്ന് ഇത് എല്ലാ മെഡിക്കൽ സ്റ്റോറുകളിലും ലഭ്യമാണ്. തുടക്കസമയങ്ങളിൽ 1.2 ലക്ഷം രൂപയായിരുന്നു ഒരു മാസത്തേക്കു വേണ്ടുന്ന മരുന്നിന്റെ വില. എന്നാൽ, ഇന്നത് 1200 മുതൽ 1500 രൂപ വരെയുള്ള വിലയിൽ ലഭ്യമാണ്.

അത്ഭുതമരുന്ന് എന്നപേരിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ 2010 -ൽ (പൂന, ചെന്നൈ എന്നിവിടങ്ങളിലെ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ പേരിൽ) പോസ്റ്റ് ചെയ്തതാണെന്നാണ്, ഈ വിഷയത്തിൽ അന്വേഷണം നടത്തിയതിൽ നിന്നും മനസിലാക്കാൻ സാധിച്ചത്. അതിനാൽ ഇത്തരം പോസ്റ്റുകൾ ഷെയർ ചെയ്യുന്നതിനുമുൻപ് അതിന്റെ പിന്നിലെ യാഥാർഥ്യങ്ങളെക്കുറിച്ച് നമ്മൾ ബോധവാന്മാരായിരിക്കണമെന്നാണ് ഡോ. ജോജോ നൽകുന്ന മുന്നറിയിപ്പ്.

തയാറാക്കിയത്: മരിയ ജോസ് 

Latest News