2023 മെയ് മാസത്തിൽ കേന്ദ്ര സർക്കാർ പിൻവലിച്ച 2000 രൂപ നോട്ടുകൾ മാറ്റി വാങ്ങുന്നതിനുമുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കുകയാണ്. ഏകദേശം 12,000 കോടി രൂപയുടെ നോട്ടുകൾ മാത്രമാണ് ഇനിയും എത്താനുള്ളത്. നോട്ട് നിരോധനത്തെ തുടർന്ന് വിപണിയിൽ അതിവേഗം പണലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു 2000 രൂപ നോട്ടുകൾ കേന്ദ്രം പുറത്തിറക്കിയത്. ലക്ഷ്യം പൂർത്തിയാക്കുകയും ആവശ്യത്തിന് ചെറിയ മൂല്യമുള്ള നോട്ടുകൾ ലഭ്യമാകുകയും ചെയ്തതോടെ 2018 -ൽ 2000 രൂപ നോട്ടിന്റെ അച്ചടി നിർത്തിയിരുന്നു. ഒക്ടോബർ ഏഴിന് 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയം അവസാനിക്കുന്നതോടെ അടുത്ത തീരുമാനം എന്താണെന്ന ആകാംക്ഷയിലാണ് ജനങ്ങൾ. ഈ സാഹചര്യത്തിൽ റിസർവ് ബാങ്ക് അടിച്ചിറക്കുന്ന നോട്ടുകളെക്കുറിച്ചും അതിൽ കാലാകാലങ്ങളിലായി ആലേഖനം ചെയ്തുവന്നിരുന്ന ചിത്രങ്ങളെക്കുറിച്ചും ഒരു ചെറിയ ചരിത്രം വായിക്കാം.
ഇന്നത്തെ തലമുറയിലെ ഭൂരിഭാഗം ആളുകളും നോട്ടുകളിൽ മഹാത്മാഗാന്ധിയുടെ ചിത്രം കണ്ടിട്ടുള്ളവരാണ്. എന്നാൽ, വർഷങ്ങൾക്കു മുമ്പ് ഇങ്ങനെയായിരുന്നില്ല. ഗാന്ധിചിത്രം ആദ്യമായി നോട്ടുകളിൽ പ്രത്യക്ഷപ്പെട്ടത് 1969-ലാണ്. മഹാത്മാഗാന്ധിയുടെ നൂറാം ജന്മവാർഷിക ദിനത്തിലാണ് റിസർവ് ബാങ്ക്, നോട്ടുകളിൽ ഗാന്ധിചിത്രം കൂടി ആലേഖനം ചെയ്യാൻ തുടങ്ങിയത്. 1969-നു മുമ്പ്, ക്ഷേത്രങ്ങൾ, ഉപഗ്രഹങ്ങൾ, അണക്കെട്ടുകൾ, ഐക്കണിക് ഗാർഡനുകൾ എന്നിവയൊക്കെയായിരുന്നു ഇന്ത്യൻ നോട്ടുകളിൽ മുദ്രണം ചെയ്തിരുന്നത്. 1935 -ൽ ആർബിഐ രൂപീകരിച്ചത്തിനു ശേഷം 1938-ലാണ് ആദ്യമായി ഒരു രൂപ നോട്ട് അച്ചടിക്കുന്നത്. കിംഗ് ജോർജ് ആറാമൻ ഈ നോട്ടിൽ പ്രത്യക്ഷപ്പെട്ടു. സ്വാതന്ത്ര്യത്തിനു ശേഷം ആർബിഐ അതിന്റെ ആദ്യ നോട്ട് 1949-ൽ സ്വാതന്ത്ര്യദിനത്തിന് മൂന്നു ദിവസം മുമ്പാണ് അച്ചടിച്ചത്. ഇന്ത്യയുടെ ദേശീയചിഹ്നമായ അശോകസ്തംഭമായിരുന്നു അന്ന് ഈ നോട്ടിൽ ഉണ്ടായിരുന്നത്.
1950-കളിൽ പുറത്തിറക്കിയ 1000, 5000, 10000 രൂപ നോട്ടുകളിൽ യഥാക്രമം തഞ്ചൂർ ടെമ്പിൾ, ഗേറ്റ് വേ ഓഫ് ഇന്ത്യ, ലയൺ ക്യാപിറ്റൽ, അശോകചിഹ്നം എന്നിവ ഉണ്ടായിരുന്നു. പാർലമെന്റിന്റെയും ബ്രഹ്മേശ്വര ക്ഷേത്രത്തിന്റെയും ചിത്രങ്ങളും നോട്ടുകളിൽ പ്രത്യക്ഷപ്പെട്ടു. ഇന്ത്യയുടെ രണ്ടു രൂപ നോട്ടിൽ ആര്യഭടന്റെ ചിത്രങ്ങളും ഇന്ത്യയുടെ ആദ്യ ഉപഗ്രഹം, അഞ്ചു രൂപ നോട്ടിൽ കാർഷിക ഉപകരണങ്ങൾ, പത്തു രൂപ നോട്ടിൽ മയിൽ, 20 രൂപ നോട്ടിൽ രഥചക്രം എന്നിവയും പിന്നീട് അച്ചടിച്ചു വന്നിരുന്നു.