2023-ൽ 130-ലധികം കത്തോലിക്കാ വൈദികരും സമർപ്പിതരും അറസ്റ്റുചെയ്യപ്പെടുകയോ, തട്ടിക്കൊണ്ടുപോകപ്പെടുകയോ, കൊല്ലപ്പെടുകയോ ചെയ്തതായി റിപ്പോർട്ട്. എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് പ്രസിദ്ധീകരിച്ച ക്രിസ്ത്യൻ മതപീഡനങ്ങളെക്കുറിച്ചുള്ള ഒരു പുതിയ റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ.
കാത്തലിക് ചാരിറ്റി പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ, കുറഞ്ഞത് 132-ഓളം അറസ്റ്റുകൾ, തട്ടിക്കൊണ്ടുപോകലുകൾ, അല്ലെങ്കിൽ കൊലപാതകങ്ങൾ എന്നിവ കണ്ടെത്തി. ഇത് മുൻവർഷത്തെ റിപ്പോർട്ടിനേക്കാൾ അല്പം കൂടുതലാണ്. 2022-ൽ ഉണ്ടായിരുന്നത് 124 ആക്രമണ സംഭവങ്ങളായിരുന്നു. നിക്കരാഗ്വ പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗയുടെ അടിച്ചമർത്തലിനെതുടർന്ന് രണ്ട് ബിഷപ്പുമാരും നാല് സെമിനാരിക്കാരും ഉൾപ്പെടെ 46 വൈദികരെ 2023-ൽ ഭരണകൂടം കസ്റ്റഡിയിലെടുത്തുവെന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. സിയുനയിലെ ബിഷപ്പ് ഇസിഡോറോ ഡി കാർമെൻ മോറ, ഉൾപ്പെടെ ഡിസംബറിൽ അറസ്റ്റിലായ 19 വൈദികരും ഇതിൽ ഉൾപ്പെടുന്നു.
ഡിസംബറിനുമുമ്പ് അറസ്റ്റിലായ നിക്കരാഗ്വയിലെ പുരോഹിതരിൽ പലരും ഒന്നുകിൽ മോചിപ്പിക്കപ്പെടുകയോ, രാജ്യത്തുനിന്ന് പുറത്താക്കപ്പെടുകയോ, വീണ്ടും രാജ്യത്തേക്കു പ്രവേശിക്കുന്നത് നിരസിക്കപ്പെടുകയോ ചെയ്യപ്പെട്ടവരാണ്. ഡിസംബറിൽ അറസ്റ്റിലായ വൈദികരിൽ രണ്ടുപേരെ സർക്കാർ വിട്ടയച്ചെങ്കിലും മറ്റ് 17 പേർ ഇപ്പോഴും കസ്റ്റഡിയിലാണ്. രാജ്യംവിടാൻ വിസമ്മതിച്ചതിനെതുടർന്ന് 2022 ആഗസ്റ്റിൽ അറസ്റ്റുചെയ്യപ്പെടുകയും 26 വർഷം തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്ത ബിഷപ്പ് റൊളാൻഡോ അൽവാരസും ഇപ്പോഴും കസ്റ്റഡിയിലാണ്. ഒർട്ടെഗയുടെ ഭരണകൂടം മിഷനറീസ് ഓഫ് ചാരിറ്റി പോലുള്ള സന്യാസസമൂഹങ്ങളെ പുറത്താക്കുകയും കത്തോലിക്കാ സ്കൂളുകളും മാധ്യമസംഘടനകളും അടച്ചുപൂട്ടുകയും ചെയ്തു.
ചൈനയിൽ വിവിധ സാഹചര്യങ്ങളിലായി 2023-ൽ ഇരുപതോളം കത്തോലിക്കാ വൈദികരെ അറസ്റ്റ് ചെയ്തു. ഇതിന്റെ കൃത്യമായ വിവരങ്ങൾ ലഭ്യമാകുക പ്രയാസകരമാണ്. പീഡിപ്പിക്കപ്പെട്ട പുരോഹിതന്മാരിൽ ചിലർ വർഷങ്ങൾക്കുശേഷവും ഇത്തരം റിപ്പോർട്ടുകളുടെ ഒന്നും ഭാഗമല്ലാതെ തുടരുന്നു എന്നതും യാഥാർഥ്യമാണ്. റിപ്പോർട്ട് അനുസരിച്ച്, എണ്ണം അല്പം കൂടുതലോ, കുറവോ ആകാം.
2023-ൽ ഇന്ത്യയിൽ കുറഞ്ഞത് അഞ്ച് കത്തോലിക്കാ പുരോഹിതന്മാരും ഒരു സ്ത്രീയും അറസ്റ്റിലായി. ഇവരിൽ മിക്കവാറും പേർ മതപരിവർത്തന വിരുദ്ധനിയമങ്ങളാലാണ് അറസ്റ്റിലായത്. ഇവരെല്ലാം മോചിതരായെങ്കിലും ഇപ്പോഴും ആരോപണങ്ങളും ജയിൽവാസവും അനുഭവിക്കേണ്ടതായിവരുന്നുണ്ട്. ബെലാറസിൽ 10 കത്തോലിക്കാ വൈദികർ അറസ്റ്റിലായെന്നും അവരിൽ മൂന്നുപേർ ഇപ്പോഴും തടവിലാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. രണ്ട് ഗ്രീക്ക് കത്തോലിക്കാ പുരോഹിതരെയും റഷ്യൻ സൈന്യം ഉക്രൈനിൽ അറസ്റ്റ് ചെയ്തു, അവരിൽ ആരെയും മോചിപ്പിച്ചിട്ടില്ല.
മതപരവും വംശീയവുമായ സംഘർഷങ്ങൾ വളരെ രൂക്ഷമായ നൈജീരിയയിലാണ് അഞ്ച് തട്ടിക്കൊണ്ടുപോകലുകൾ നടന്നിട്ടുള്ളത്. രാജ്യത്തു നടന്ന 28 തട്ടിക്കൊണ്ടുപോകലുകളിൽ മൂന്നുപേർ സമർപ്പിതരാണ്. ഹെയ്തിയിലും രണ്ട് തട്ടിക്കൊണ്ടുപോകലുകൾ ഉണ്ടായി. ഒരു വൈദികനെ മാലിയിൽ നിന്നും മറ്റൊരാൾ ബുർക്കിന ഫാസോയിൽനിന്നും തട്ടിക്കൊണ്ടുപോകപ്പെട്ടു. എത്യോപ്യയിൽനിന്നും ഒരു സന്യാസിനിയെ തട്ടിക്കൊണ്ടുപോയി.
കത്തോലിക്കാ പുരോഹിതന്മാരുടെയും മറ്റ് വൈദികരുടെയും കൊലപാതകങ്ങൾ മുൻവർഷം 18 ആയിരുന്നു. 2023-ൽ അത് 14 ആയി കുറഞ്ഞു. ഈ വർഷം കൊല്ലപ്പെട്ടവരിൽ 11 വൈദികരും ഒരു ബിഷപ്പും രണ്ടു വൈദികാർഥികളും ഉൾപ്പെടുന്നു. എന്നിരുന്നാലും, ഈ കൊലപാതകങ്ങളിൽ പകുതിയും പീഡനവുമായി ബന്ധമില്ലാത്തതോ, അവ്യക്തമായ ഉദ്ദേശ്യങ്ങളുള്ളതോ ആയിരുന്നു.
പീഡനവുമായി ബന്ധപ്പെട്ട ഏഴ് കൊലപാതകങ്ങളിൽ മൂന്നെണ്ണം നൈജീരിയയിലാണ്. ഇതിൽ ഫാദർ ഐസക് ആച്ചിയും നമാൻ ദൻലാമി എന്ന സെമിനാരിക്കാരനും ഉൾപ്പെടുന്നു, ആക്രമണത്തിനിടെ അവരുടെ വസതികളിലുണ്ടായ അഗ്നിബാധയിൽ ഇരുവരും കൊല്ലപ്പെടുകയായിരുന്നു. തട്ടിക്കൊണ്ടുപോയവർ കൊലപ്പെടുത്തിയ ബെനഡിക്റ്റൈൻ വൈദികാർഥി ഗോഡ്വിൻ ഈസും ഇതിൽ ഉൾപ്പെടുന്നു.