ഹമാസ് ബന്ദികളാക്കിയവരുടെ കുടുംബങ്ങൾ ഒത്തുകൂടിയപ്പോൾ ലോകത്തോട് അവർ വിളിച്ചുപറഞ്ഞത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരിൽ പലരും ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ എന്നുപോലും അറിയാതെ ഓരോ നിമിഷവും അവരെ ഓർത്ത് പ്രതീക്ഷയോടെ ദിവസങ്ങൾ തള്ളിനീക്കുകയാണ് പലരും. ന്യൂയോർക്ക് സിറ്റിയിൽ കഴിഞ്ഞ തിങ്കളാഴ്‌ച ചേർന്ന മീറ്റിംഗിൽ പങ്കുവയ്ക്കപ്പെട്ടത്, സമാധാനത്തിൽ ജീവിക്കാനുള്ള ഒരുകൂട്ടം മനുഷ്യരുടെ അവകാശലംഘനത്തിന്റെ സാക്ഷ്യങ്ങളാണ്.
റോണി എഷെലിന്റെ പിതാവ് ഇയാൽ എഷെൽ, ഹമാസ് തീവ്രവാദികളാൽ കൊല്ലപ്പെട്ട തന്റെ മകളെക്കുറിച്ചു സംസാരിക്കാൻ സ്റ്റേജിലേക്കു കയറിയപ്പോൾ അവിടമാകെ ദുഃഖം തളംകെട്ടി നിന്നിരുന്നു. അദ്ദേഹത്തിന്റെ ഓരോ വാക്കും അഗാധമായ ഹൃദയവേദന ഉളവാക്കുന്നതായിരുന്നു. പലരും സങ്കടത്താൽ തളർന്നപ്പോഴും അദ്ദേഹം തന്റെ സംസാരം തുടർന്നു. സാച്ചി ഐഡന്റെ അമ്മ ദേവോറ ഇഡാൻ, മോഷെ എമിലിയോ ലാവി, ഒമ്രി മിരാന്റെ ഭാര്യാസഹോദരൻ ഒപ്പം, ഒമർ ന്യൂട്രയുടെ പിതാവ് റോണൻ ന്യൂട്ര എന്നിവരും തങ്ങളുടെ പ്രിയപ്പെട്ടവരെ തട്ടിക്കൊണ്ടുപോയതിന്റെ വേദനാജനകമായ കഥകൾ പറഞ്ഞു.
മണിക്കൂറുകളോളം തോക്കിൻമുനയിൽ നിർത്തിയശേഷമാണ് സാച്ചി ഐഡനെ പിടികൂടിയത്. ഒമ്രി മിരാനെ, കിബ്ബട്ട്സ് നിർ ഓസിൽ നിന്ന് ഭാര്യയ്ക്കും പെൺമക്കൾക്കുമൊപ്പം തട്ടിക്കൊണ്ടുപോയി; പിന്നീട് അവരെ വീണ്ടെടുത്തു. ഗാസ അതിർത്തിയിൽ ഇസ്രായേലിനെ പ്രതിരോധിക്കുന്നതിനിടെയാണ് ഒമർ ന്യൂട്രയെ പിടികൂടിയത്.
ചില സമയങ്ങളിൽ ബന്ദിയാക്കണോ അതോ ഗാസ മുനമ്പിൽ അവസാനംവരെ പോരാടണോ എന്നതുപോലുള്ള നയപരമായ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ഏറ്റവും പ്രധാനപ്പെട്ടതും നമ്മൾ വിശ്വസിക്കുന്ന കാര്യങ്ങൾക്കുവേണ്ടി പോരാടാനുമുള്ള നമ്മുടെ യുക്തിയെ നാം മനസിലാക്കാതെപോകുമെങ്കിലും എല്ലാ നയങ്ങൾക്കും തീരുമാനങ്ങൾക്കും സംവാദങ്ങൾക്കുംപിന്നിൽ ബന്ദികളും അവരുടെ സഹോദരങ്ങളും സഹോദരിമാരും മാതാപിതാക്കളും പങ്കാളികളാണ്. നമുക്ക് സങ്കല്പിക്കാൻപോലും കഴിയാത്തവിധം കഷ്ടപ്പെടുന്ന ആളുകളുണ്ട്.
നമ്മൾ പരസ്പരം യോജിക്കേണ്ടതില്ല. എന്നാൽ, ഇസ്രായേലിന്റെയും അതിന്റെ പൗരന്മാരുടെയും നിലനിൽപ്പിനുവേണ്ടിയുള്ള ഈ പോരാട്ടത്തോടുള്ള ബഹുമാനം ഒരിക്കലും നഷ്ടപ്പെടരുത്. ബന്ധികളാക്കപ്പെട്ടവരുടെ കുടുംബങ്ങളെ സ്റ്റേജിലേക്കു കൊണ്ടുവന്ന് പ്രതീക്ഷയുടെ സന്ദേശത്തിൽ, ഇസ്രായേലിന്റെ ദേശീയഗാനമായ ‘ദി ഹോപ്പ്’ ആലപിച്ചു.
വെടിനിർത്തൽ അനിവാര്യമാണെന്ന് ആരെങ്കിലും വിചാരിച്ചാലും ഇല്ലെങ്കിലും പൂർണ്ണവിജയംവരെ ഇസ്രായേൽ പോരാടണം. ആത്യന്തികമായി ഒരു കരാർ അംഗീകരിക്കുകയോ, നിരസിക്കുകയോ ചെയ്യേണ്ടത് ഹമാസാണ്. ഒരു പദ്ധതിയും പൂർണ്ണമല്ല. എന്നാൽ, ഹമാസിനെതിരായ യുദ്ധത്തിന്റെ തുടർച്ചയെയും ബന്ദികളെ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങളെയുംകുറിച്ചുള്ള എല്ലാ ചിന്തകൾക്കും സിദ്ധാന്തങ്ങൾക്കും തീരുമാനങ്ങൾക്കുംപിന്നിൽ മറക്കാൻ പാടില്ലാത്ത ഒന്നാണ്, എല്ലാത്തിന്റെയും പിന്നിൽ നിരവധി കുടുംബങ്ങളുണ്ട് എന്നത്.