Monday, November 25, 2024

‘സിന്‍വാറിന്റെ നേതൃത്വത്തിലുള്ള ഭ്രാന്തന്മാര്‍ ഗാസ തകര്‍ത്തു’; ഹമാസിന്റെ നിലവിലെ നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച്, മുന്‍ ഹമാസ് കമ്മ്യൂണിക്കേഷന്‍സ് മന്ത്രി യൂസഫ് അല്‍-മാന്‍സി

ഗാസയിലെ തീവ്രവാദ ഗ്രൂപ്പായ ഹമാസിന്റെ നിലവിലെ നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച്, മുന്‍ ഹമാസ് കമ്മ്യൂണിക്കേഷന്‍സ് മന്ത്രി യൂസഫ് അല്‍-മാന്‍സി. യഹ്യ സിന്‍വാറിന്റെ നേതൃത്വത്തിലുള്ള നിലവിലെ ഹമാസ്, ‘ഭ്രാന്തന്‍മാരുടെ’ സംഘമാണെന്ന് അല്‍-മാന്‍സി പറഞ്ഞു. അല്‍ മാന്‍സി ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ഷിന്‍ ബെറ്റ് സുരക്ഷാ ഏജന്‍സി ഞായറാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. ഇതിലാണ് യൂസഫ് അല്‍-മാന്‍സിയുടെ തുറന്നുപറച്ചില്‍ ഉണ്ടായത്. ഹമാസിന്റെ വിനാശകരമായ ഒക്ടോബര്‍ 7 ലെ ആക്രമണത്തിന്റെ സൂത്രധാരനായ സിന്‍വാറിനെ ഇസ്രായേല്‍ ‘മനുഷ്യത്വമില്ലാത്തവന്‍’ എന്ന് മുദ്രകുത്തിയിരുന്നു.

‘അവര്‍ ഗാസ മുനമ്പ് തകര്‍ത്തു. കൂടാതെ ഈ നഗരത്തെ 200 വര്‍ഷം പിന്നിലേയ്ക്ക് എത്തിച്ചു. ഇവിടെ ജീവിക്കാന്‍ പോലും നിവൃത്തിയില്ലാതാക്കി’. ഗാസ സ്ട്രിപ്പിന്റെ മുന്‍ ഭരണാധികാരി ഇസ്മായില്‍ ഹനിയേഹിന്റെ കീഴില്‍ സേവനമനുഷ്ഠിച്ചിരുന്ന അല്‍-മാന്‍സി പറഞ്ഞു. നിലവില്‍ ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയുടെ തലവനെന്ന പദവിക്കൊപ്പം മറ്റ് നിരവധി റോളുകളും അല്‍-മാന്‍സി വഹിക്കുന്നുണ്ട്.

‘ഗാസ മുനമ്പിലെ ആളുകള്‍ പറയുന്നത്, സിന്‍വാറും കൂട്ടരും ഞങ്ങളെ നശിപ്പിച്ചു, ഞങ്ങള്‍ക്ക് അവരെ ഒഴിവാക്കണമെന്നാണ്. സിന്‍വാറിനെ പിന്തുണയ്ക്കുന്ന ആരെയും ഗാസ മുനമ്പില്‍ ഞാന്‍ കണ്ടിട്ടില്ല; സിന്‍വാറിനെ ആര്‍ക്കും ഇഷ്ടമല്ല. ദൈവം നമ്മെ അവനില്‍ നിന്ന് മോചിപ്പിക്കണമെന്ന് രാവും പകലും പ്രാര്‍ത്ഥിക്കുന്ന ആളുകളുണ്ട്’. ഏജന്‍സി പ്രസിദ്ധീകരിച്ച 14 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ അല്‍-മാന്‍സി പറഞ്ഞു. താന്‍ ഇപ്പോള്‍ ഗാസയിലാണെങ്കില്‍, സിന്‍വാറിനെതിരെ പ്രകടനം നടത്തുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. താന്‍ എല്ലാവരിലും മീതെയാണെന്ന് സിന്‍വാര്‍ കരുതുന്നുവെന്നും അയാള്‍ വിചാരിക്കുന്നത് പോലെ മാത്രം പ്രവര്‍ത്തിക്കുന്നുവെന്നും ആരോടും ആലോചിക്കാതെയാണ് അയാള്‍ തീരുമാനങ്ങള്‍ എടുക്കുന്നതെന്നും അല്‍-മാന്‍സി കൂട്ടിച്ചേര്‍ത്തു. അല്‍-മാന്‍സിയെ എപ്പോഴാണ് അറസ്റ്റ് ചെയ്തത് എന്നതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഷിന്‍ ബെറ്റ് നല്‍കിയിട്ടില്ല.

ഒക്ടോബര്‍ 7 ന് ആയിരക്കണക്കിന് ഹമാസ് പോരാളികള്‍ ഇസ്രായേലിന്റെ തെക്ക് ആക്രമിക്കുകയും ഏകദേശം 1,200 പേരെ കൊല്ലുകയും ചെയ്തു. അവരില്‍ ഭൂരിഭാഗവും സിവിലിയന്മാരുമായിരുന്നു. ക്രൂരമായ അതിക്രമങ്ങള്‍ക്കിടയിലാണ് പലരും കൊല്ലപ്പെട്ടത്. 240 പേരെ ബന്ദികളാക്കിയപ്പോള്‍ അത് ഇസ്ലാമിന് വിപരീതമാണ് താന്‍ പറഞ്ഞതായും മുന്‍ ഹമാസ് മന്ത്രിയായ അല്‍-മാന്‍സി വെളിപ്പെടുത്തി. ‘ഇത് പാഷണ്ഡതയാണ്, ഭ്രാന്താണ്. യുക്തിയുടെയും മതത്തിന്റേയും ബുദ്ധിയുടെയും അടിസ്ഥാനത്തില്‍ അവര്‍ ചെയ്തത് അസ്വീകാര്യമാണ്. ഇതിന് ഉത്തരവാദികള്‍ സിന്‍വാറും അദ്ദേഹത്തിന്റെ സംഘവുമാണ്’. അല്‍ മാന്‍സി കൂട്ടിച്ചേര്‍ത്തു.

യുദ്ധത്തിന്റെ ഫലമായി, ഹമാസിന്റെ സൈനിക വിഭാഗമായ അല്‍-ഖസ്സാം ബ്രിഗേഡിന്റെ തൊണ്ണൂറുശതമാനവും നശിച്ചതായി അല്‍-മാന്‍സി വീഡിയോയില്‍ പറഞ്ഞു. 7,000 ഹമാസ് അംഗങ്ങളെയോ സഖ്യകക്ഷികളായ ഭീകരരെയോ കൊന്നതായി ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് പറയുന്നുണ്ട്. തുരങ്കങ്ങള്‍, ആയുധ ഡിപ്പോകള്‍, കമാന്‍ഡ് സെന്ററുകള്‍, റോക്കറ്റ് ലോഞ്ചറുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഹമാസിന്റെ അടിസ്ഥാന സൗകര്യങ്ങളും ഭീകരവാദികളും ഇസ്രായേല്‍ സൈന്യത്തിന്റെ ലക്ഷ്യത്തില്‍ ഉള്‍പ്പെടുന്നു.

2007ല്‍ ഗാസ മുനമ്പിന്റെ ഭരണാധികാരിയായി ഹമാസ് ചുമതലയേറ്റങ്കെിലും ഹമാസ് രാജ്യത്തോട് കൂറുപുലര്‍ത്തുന്നില്ലെന്ന് അല്‍-മാന്‍സി പറഞ്ഞു. പകരം തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ധനസഹായം നല്‍കുന്നുണ്ടെന്നും പല അന്താരാഷ്ട്ര ഗ്രൂപ്പുകളില്‍ നിന്നും ഖത്തറില്‍ നിന്നും ഇറാനില്‍ നിന്നുമെല്ലാം അവരുടെ പദ്ധതികള്‍ക്കായി പണം വന്നിരുന്നെന്നും അല്‍ മാന്‍സി വെളിപ്പെടുത്തി. ഹമാസ് തങ്ങളുടെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിനായി അന്താരാഷ്ട്ര സഹായം ഉപയോഗിക്കുന്നതായി ഇസ്രായേല്‍ പണ്ടേ ആരോപിച്ചിരുന്നു, ഇറാനും ഖത്തറും തീവ്രവാദ ഗ്രൂപ്പിന്റെ പ്രധാന പിന്തുണക്കാരാണെന്നും ഇസ്രായേല്‍ വ്യക്തമാക്കിയിരുന്നു. ഈ ആരോപണങ്ങളെല്ലാം സത്യമായിരുന്നെന്ന് കാലം തെളിയിക്കുകയും ചെയ്യുന്നു.

Latest News