Wednesday, April 2, 2025

“തൊട്ടുമുൻപിൽ ഒരു ആശുപത്രി മുഴുവനായും തകർന്നുവീഴുന്ന കാഴ്ച കണ്ട് നടുങ്ങി”: ഭൂകമ്പത്തിന്റെ ദൃക്‌സാക്ഷി വിവരണം

മ്യാൻമാറിലെ ജനങ്ങളുടെ ജീവിതത്തിൽ ഇരുട്ട് വീണ ദിവസമായിരുന്നു ഇന്നലെ. ഒന്നിനുപിറകെ വീണ്ടും ഭൂമി കുലുങ്ങിയതോടെ ന​ഗരത്തിലെ പലയിടങ്ങളിലും കെട്ടിടങ്ങൾ തകർന്നുവീണു. മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമായ മണ്ടാലെയിൽ ഇന്നലെ രാത്രിയായപ്പോൾ പലരും ഭയന്ന് വീടുകളിലേക്കു പോകാതെ തെരുവിൽ ടെന്റുകൾ കെട്ടി ഉറങ്ങാൻകിടന്നു; ഇക്കൂട്ടത്തിൽ വീടുകൾ ഉള്ളവരും ഇല്ലാത്തവരും ഉണ്ടായിരുന്നു. ഇനിയും ഭൂകമ്പമുണ്ടായാൽ കെട്ടിടത്തോടൊപ്പം ജീവനും നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാണ് വീടുകളുള്ളവർ പോലും തിരികെപ്പോകാതെ അവിടെ കഴിഞ്ഞത്.

വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പം ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളിലൊന്നാണ് മണ്ടാലെ. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഒരു ചെറിയ ഭൂചലനം. തുടർന്ന് മിനിറ്റുകൾക്കുശേഷം 6.4 തീവ്രത രേഖപ്പെടുത്തിയ തുടർചലനം ഉണ്ടായി. തന്റെ ജീവിതത്തിലെ ഏറ്റവും ഭീതിയേറിയ ദിവസമായിരുന്നു ഇന്നലെ എന്നാണ് കോ കോ എന്ന വ്യക്തി പറയുന്നത്. കാറിൽ സഞ്ചരിക്കുമ്പോൾ ഭൂമി രണ്ടാമതും കുലുങ്ങിയെന്ന് അദ്ദേഹം പറയുന്നു. “ഭൂകമ്പം കാരണം ഞങ്ങൾ കാർ റോഡ് സൈഡിൽ നിർത്തി. ആ നിമിഷം, വാഫിൾ ഷീറ്റുകൾ തകർന്നുവീഴുന്നതുപോലെ ഒരു ആശുപത്രി എന്റെ തൊട്ടുമുൻപിൽ തകർന്നുവീണു. സിനിമാരംഗത്തിലെന്ന പോലെ ഒരു വലിയ പൊടിപടലം ഉയർന്നു” – അദ്ദേഹം പറഞ്ഞു. മണ്ടാലെയിലെ മിക്ക സ്ഥലങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ആശുപത്രി മുഴുവനായും തകർന്ന കാഴ്ച ഇപ്പോഴും കൺമുൻപിലുണ്ടെന്ന് കോ കോ പറയുന്നു.

2021 ൽ അധികാരം ഏറ്റെടുത്ത ഒരു അടിച്ചമർത്തൽ സൈനിക ഭരണകൂടമാണ് മ്യാൻമർ ഭരിക്കുന്നത്. മിക്ക സ്വതന്ത്രമാധ്യമങ്ങളെയും നിരോധിച്ചു. പല മാധ്യമപ്രവർത്തകരും ഒളിവിലോ, നാടുകടന്നോ പ്രവർത്തിക്കാൻ നിർബന്ധിതരാക്കി. ഭൂകമ്പത്തിനുശേഷം, സഖ്യകക്ഷികൾ കുറവുള്ള സൈന്യം അന്താരാഷ്ട്ര സഹായത്തിനായി അപൂർവമായ ഒരു അഭ്യർഥന നടത്തിയിരുന്നു. ഇത് നാശനഷ്ടങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ആശങ്കയെ ആണ് സൂചിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News