Saturday, June 7, 2025

പ്രശസ്തമായ സെമിത്തേരികളും അവിടെയുള്ള പ്രശസ്തരും

ലോകസഞ്ചാരത്തിനും നിരവധി ജീവിതാനുഭവങ്ങൾക്കും ഉയർച്ചതാഴ്ചകൾക്കും ശേഷം ഏതൊരു മനുഷ്യനും അവസാനമായി എത്തുന്ന ഇടത്തേക്ക് നമുക്കൊരു യാത്ര പോകാം; സെമിത്തേരിയിലേക്ക്. ഇനി അവടെനിന്നും ഒരു യാത്രയില്ലെന്നും എന്തിന് ഒരു ചലനം പോലുമില്ലെന്നും മനസ്സിലാക്കി നീണ്ട യാത്ര അവസാനിപ്പിച്ച് ആജീവനാന്ത വിശ്രമത്തിലേക്കു കടക്കുന്ന സെമിത്തേരികൾ. വലിയവനും ചെറിയവനുമെല്ലാം ഒടുക്കമെത്തുന്ന സെമിത്തേരികളിൽ, പ്രശസ്തമായ ചില സെമിത്തേരികളുമുണ്ട്. ഇതാ അത്തരത്തിൽ ചില സെമിത്തേരികളിലേക്കൊരു യാത്ര…

പെർ ലെഷെയ്സ് സെമിത്തേരി, പാരീസ് (Pere Lachaise Cemetery)

റോക്ക്സ്റ്റാർ ജിം മോറിസന്റെ അന്ത്യവിശ്രമസ്ഥലമാണ് ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ഈ സെമിത്തേരി. ഇവിടേക്കെത്തുന്ന ആരാധകരും സഞ്ചാരികളും കുറിപ്പുകളും മദ്യക്കുപ്പികളും മറ്റും അദ്ദേഹത്തിന്റെ ശവകുടീരത്തിൽ വയ്ക്കുന്നു. ചുണ്ണാമ്പുകല്ല് കൊണ്ടാണ് ഈ ശവകുടീരം നിർമ്മിച്ചിരിക്കുന്നത്. അതിവേ​ഗം പറക്കുന്ന ഒരു രൂപത്തിന്റെ ചിത്രവും ഇതിൽ കാണാൻസാധിക്കും. പ്രശസ്ത വ്യക്തികൾ ഉൾപ്പെടെ നിരവധി ആളുകൾ എല്ലാ വർഷവും ഇവിടെ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്താറുണ്ട്. പ്രശസ്ത പോളിഷ് സംഗീതസംവിധായകൻ ഫ്രെഡറിക് ചോപിനും ഇവിടെയാണ് അന്ത്യവിശ്രമം കൊള്ളുന്നത്.

ഹെൻഡേഴ്സൺവില്ലെ മെമ്മറി ഗാർഡൻസ്, ടെന്നസി (Hendersonville Memory Gardens)

അമേരിക്കയിലെ ടെന്നസിയിൽ സ്ഥിതിചെയ്യുന്ന ഈ സെമിത്തേരിയിൽ നിരവധി ​ഗായകരെ അടക്കംചെയ്തിട്ടുണ്ട്. അവരിൽ ഏറ്റവും ശ്രദ്ധേയമായ രണ്ടുപേർ ജോണി കാഷും ഭാര്യ ജൂൺ കാർട്ടറുമാണ്. ഇവിടെ പൂന്തോട്ടങ്ങളിൽ അടുത്തടുത്തായി കിടക്കുന്ന രീതിയിലാണ് ഈ ഇതിഹാസദമ്പതികളെ അടക്കംചെയ്തിരിക്കുന്നത്. ഇതിനോടു ചേർന്നുതന്നെ കാഷിന്റെ പ്രശസ്തമായ വാചകമായ “സന്തോഷം സമാധാനത്തിലായിരിക്കുക എന്നതാണ്; പ്രിയപ്പെട്ടവരോടൊപ്പമായിരിക്കുക; സുഖമായിരിക്കുക. എന്നാൽ എല്ലാറ്റിനുമുപരി, അത് ആ പ്രിയപ്പെട്ടവർ ഉണ്ടായിരിക്കുക എന്നതാണ്” എന്ന് കൊത്തിവച്ചിട്ടുണ്ട്.

സൗത്ത് പാർക്ക് സ്ട്രീറ്റ് സെമിത്തേരി, കൊൽക്കത്ത (South Park Street Cemetery)

വാൾട്ടർ ലാൻഡർ ഡിക്കൻസിനെ അടക്കം ചെയ്തിരിക്കുന്ന ഇടമാണ് സൗത്ത് പാർക്ക് സ്ട്രീറ്റ് സെമിത്തേരി. പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരനായ ചാൾസ് ഡിക്കൻസിന്റെ മകനാണ് വാൾട്ടർ ലാൻഡർ ഡിക്കൻസ്. അദ്ദേഹം ഇന്ത്യയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യയിലായിരിക്കുമ്പോഴാണ് അദ്ദേഹം രോഗബാധിതനായത്. 1863 ലെ പുതുവത്സരാഘോഷത്തിൽ കൊൽക്കത്തയിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 1987 വരെ അദ്ദേഹത്തെ ഭോവാനിപൂർ യുദ്ധസെമിത്തേരിയിൽ അടക്കംചെയ്തിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ ശവകുടീരം സൗത്ത് പാർക്ക് സ്ട്രീറ്റ് സെമിത്തേരിയിലേക്കു മാറ്റി. മാത്രമല്ല, പതിനെട്ടാം നൂറ്റാണ്ടിലെ മറ്റ് പ്രമുഖ യൂറോപ്യന്മാരെ അടക്കം ചെയ്തിരിക്കുന്നതും ഇവിടെയാണ്.

വെസ്റ്റ്മിൻസ്റ്റർ ആബി, ലണ്ടൻ (Westminster Abbey)

ശവസംസ്കാര ചടങ്ങുകളുടെയും ബഹുമതികളുടെയും ഒരു നീണ്ട പാരമ്പര്യമുള്ള ഇടമാണ് ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബി. സെമിത്തേരിയുടെ ഒരിടത്ത് പോയറ്റ്സ് കോർണർ എന്ന് രേഖപ്പെടുത്തിയ ഭാ​ഗത്താണ് പ്രശസ്ത കവികളെയും നാടകകൃത്തുക്കളെയും എഴുത്തുകാരെയും അടക്കം ചെയ്തിരിക്കുന്നത്. ഇവിടെ ആദരിക്കപ്പെട്ട ആദ്യവ്യക്തി ജെഫ്രി ചോസർ ആയിരുന്നു. ചാൾസ് ഡിക്കൻസ്, ജോൺ ഡ്രൈഡൻ, തോമസ് ഹാർഡി, റുഡ്യാർഡ് കിപ്ലിംഗ്, ആൽഫ്രഡ് ടെന്നിസൺ എന്നിവരും ഇതിൽ ഉൾപ്പെടുന്നു. ഇംഗ്ലീഷ് സംഗീതസംവിധായകൻ ജോർജ് ഫ്രിഡറിക് ഹാൻഡലിനെയും ഇവിടെയാണ് അടക്കം ചെയ്തിരിക്കുന്നത്.

ഹൈഗേറ്റ് സെമിത്തേരി, ലണ്ടൻ (Highgate Cemetery)

കാൾ മാർക്സ് അടക്കം നിരവധി പ്രശസ്ത വ്യക്തികളെ ഇവിടെയാണ് അടക്കം ചെയ്തിരിക്കുന്നത്. കിഴക്കൻ ഹൈഗേറ്റിലാണ് മാർക്സിനെ അടക്കം ചെയ്തിരിക്കുന്നത്. “എല്ലാ രാജ്യങ്ങളിലെയും തൊഴിലാളികൾ ഒന്നിക്കുക” എന്ന അദ്ദേഹത്തിന്റെ വാക്കുകൾ അദ്ദേഹത്തിന്റെ പ്രതിമയ്ക്കൊപ്പം ഇവിടെ ആലേഖനം ചെയ്തിട്ടുണ്ട്. ഹൈഗേറ്റ് സെമിത്തേരിയിലെ മറ്റ് ശ്രദ്ധേയരായ വ്യക്തികൾ നോവലിസ്റ്റ് ജോർജ് എലിയറ്റും കവി ക്രിസ്റ്റീന റോസെറ്റിയും ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News