അത്തിപ്പഴം അല്ലെങ്കിൽ അഞ്ജീർ, ഇന്ത്യയിൽ പലപ്പോഴും ഉണങ്ങിയ രൂപത്തിൽ കഴിക്കുന്ന രുചികരമായ ഒരു പഴമാണ്. കുടലിന്റെ ആരോഗ്യം വർധിപ്പിക്കുക, പേശികളെ ശക്തിപ്പെടുത്തുക, ഊർജനില മെച്ചപ്പെടുത്തുക തുടങ്ങിയ പോഷകഗുണങ്ങൾക്ക് പേരുകേട്ടതാണ് അത്തിപ്പഴം. എന്നിരുന്നാലും, ഈ ‘പഴം’ നോൺ വെജിറ്റേറിയൻ ആയിരിക്കുമോ എന്ന് ചിലർ ആശങ്കപ്പെടുന്നു.
വിചിത്രമായി തോന്നുന്നു, അല്ലേ. മരങ്ങളിൽ വളരുന്ന പഴം എങ്ങനെ സസ്യേതരമാകും. അത്തിപ്പഴത്തിന്റെ രൂപീകരണത്തിനുപിന്നിലെ അതുല്യമായ പ്രക്രിയയിൽനിന്നാണ് ഈ ആശയക്കുഴപ്പം ഉണ്ടാകുന്നത്. അത്തിപ്പഴം എങ്ങനെ രൂപംകൊള്ളുന്നു എന്നതിനെക്കുറിച്ച് കൂടുതൽ അറിയാനും അവയെ വെജിറ്റേറിയൻ അല്ലെങ്കിൽ നോൺ വെജിറ്റേറിയൻ എന്ന് വിളിക്കണോ എന്ന് തീരുമാനിക്കാനും വായിക്കുക.
അത്തിപ്പഴം കായ്ക്കുന്നതിൽ കടന്നലുകളുടെ പങ്ക്
അത്തിപ്പഴത്തിന്റേത് ഒരു അടഞ്ഞ പുഷ്പമാണ്. ഈ രൂപം, കാറ്റ് അല്ലെങ്കിൽ തേനീച്ച മുതലായ സാധാരണ രീതിയിൽ പരാഗണം നടത്തുന്നതിനെ തടയുന്നു. ഇവിടെയാണ് പൂക്കളെ പഴങ്ങളാക്കിമാറ്റാൻ കടന്നലുകൾ അത്തിമരത്തെ പരാഗണം നടത്തി സഹായിക്കുന്നത്.
ഒരു പെൺകടന്നൽ അത്തിപ്പൂവിന്റെ ചെറിയ ദ്വാരത്തിലൂടെ മുട്ടയിടാൻ കേറുന്നു. ഈ പ്രക്രിയയ്ക്കിടയിൽ, കടന്നലിന്റെ ആന്റിനകളും ചിറകുകളും ഒടിഞ്ഞുപോകുന്നു. അതോടെ പുറത്തുകടക്കാൻ കഴിയാതെ ആ പെൺകടന്നൽ പൂവിനുള്ളിൽവച്ച് ചത്തുപോകുന്നു. ഫിസിൻ എന്ന എൻസൈം ഉപയോഗിച്ച് അത്തിപ്പഴം ഈ കടന്നലിന്റെ ശരീരത്തെ ദ്രവിപ്പിച്ച് പ്രോട്ടീനാക്കി മാറ്റുന്നു. അങ്ങനെ മുട്ടകൾ വിരിയുകയും ലാർവകൾ ഇണചേരുകയും തുടർന്ന് അത്തിപ്പഴത്തിൽനിന്ന് പുറത്തേക്കു പോകുകയും ചെയ്യുന്നു.
നാം കഴിക്കുന്ന ഓരോ അത്തിപ്പഴത്തിലും അത് കായ്ക്കാൻ സഹായിക്കുന്ന ഒരു കടന്നൽ ചത്തിരിക്കാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, അത്തിപ്പഴം ദ്രവിച്ച കടന്നലിനെ ആഗിരണം ചെയ്യുന്നതിനാൽ പഴങ്ങൾ കടിക്കുമ്പോൾ പ്രാണികളുടെ ശരീരം നമ്മൾ കഴിക്കുകയില്ല.
ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തിൽ വളർത്തുകയും വിൽക്കുകയും ചെയ്യുന്ന അത്തിപ്പഴങ്ങൾ സാധാരണയായി പാർഥെനോകാർപിക് രീതിയിൽ ഉൽപാദിപ്പിക്കുന്നതോ, ഭക്ഷ്യയോഗ്യമായതോ ആയ അത്തിപ്പഴങ്ങളാണ്. അതായത്, അത്തിപ്പഴം നിർമിക്കുന്നത് പരാഗണത്തിന്റെ സഹായമില്ലാതെ തന്നെ.
അത്തിപ്പഴത്തിന്റെ രൂപീകരണപ്രക്രിയ കാരണം പലരും അത്തിപ്പഴം നോൺ-വെജിറ്റേറിയനാണെന്നു കണ്ടെത്തിയേക്കാം. ചില സസ്യാഹാരികൾ അത്തിപ്പഴം ഇപ്പോഴും ഉപയോഗത്തിന് അനുയോജ്യമാണെന്നു വാദിക്കുന്നു. കാരണം, സസ്യാഹാരം മൃഗങ്ങളെ ചൂഷണം ചെയ്യുന്നതിനെതിരായ ഒരു പ്രസ്ഥാനമാണ്. അതേസമയം വാഷ്-ഫിഗ് പരാഗണം മനുഷ്യനാൽ പ്രേരിതമല്ലാത്ത മൃഗങ്ങളെ ചൂഷണം ചെയ്യാത്ത ഒരു സ്വാഭാവിക പ്രക്രിയയാണ്.