ഹമാസ് ഗാസയിലേക്ക് തട്ടിക്കൊണ്ടുപോവുകയും പിന്നീട് മോചിക്കപ്പെടുകയും ചെയ്ത മിയ റെഗേവ്, അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നടന്ന ഒരു ചടങ്ങില്‍ സംസാരിച്ചതിപ്രകാരമാണ്, ‘ഗാസയില്‍ തടങ്കലില്‍ കഴിയുന്ന സ്ത്രീകള്‍ ഒരുപക്ഷേ നിങ്ങള്‍ക്ക് അറിയാവുന്നവരില്‍ വച്ച് ഏറ്റവും ശക്തരാണ്. അവര്‍ കഴിഞ്ഞ 151 ദിവസമായി തുടര്‍ച്ചയായ പീഡനം അനുഭവിച്ചുകൊണ്ടിരിക്കുന്നു. അവരുടെ ദുരിതങ്ങള്‍ അവസാനിപ്പിക്കുക എന്നതാകട്ടെ, ഈ വനിതാ ദിനത്തില്‍ എല്ലാവരുടെയും ലക്ഷ്യം’.
കൂടാതെ തീവ്രവാദികളോട് പോരാടുന്നതിനോ ആളുകളെ ചികിത്സിക്കുന്നതിനോ ഒക്കെയായി സ്വന്തം ജീവന്‍ പോലും അപകടത്തിലാക്കിക്കൊണ്ട് ഗാസയിലേയ്ക്ക് കടന്നുവരുന്ന വനിതകളെക്കുറിച്ചും റെഗെവ് തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ബന്ദികളെ ഉടന്‍ മോചിപ്പിക്കാന്‍ നടപടിയെടുക്കേണ്ട ബാധ്യത അവര്‍ ഊന്നിപ്പറഞ്ഞു. ബന്ദികളെ കുറിച്ച് എല്ലാ ഇസ്രായേല്‍ ജനങ്ങളും ചിന്തിക്കണമെന്നും ഹമാസ് ഓരോ കുടുംബങ്ങളുടെയും ഹൃദയം പിടിച്ചെടുത്തെന്നും, അവരെ ഇതുവരെ തിരികെ നല്‍കിയിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ആരാണ് മിയ റെഗെവ്?
ഒക്ടോബര്‍ 7-ന് ഇസ്രായേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിനിടെ റീയിമിലെ ഒരു പ്രകൃതി പാര്‍ട്ടിയില്‍ നിന്ന് മിയ റെഗേവിനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. ഹമാസുമായുള്ള ബന്ദി ഉടമ്പടിയുടെ ഭാഗമായി നവംബറില്‍ ഇസ്രായേലിലേക്ക് അവരെ തിരിച്ചയച്ചു. ആരോഗ്യനില മോശമായിരുന്നതിനെ തുടര്‍ന്ന് ബീര്‍ഷെബയിലെ സോറോക്ക മെഡിക്കല്‍ സെന്ററിലേക്ക് കൊണ്ടുപോയതിന് ശേഷം റെഗെവ് അവളുടെ കുടുംബാംഗങ്ങളുമായി വീണ്ടും ഒന്നിച്ചു. ഹമാസിന്റെ ആക്രമണ സമയത്ത് അവളോടൊപ്പം ഉണ്ടായിരുന്ന സഹോദരന്‍ ഇറ്റയേയും തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയിരുന്നു. അദ്ദേഹത്തെ ഇതുവരെ മോചിപ്പിച്ചിട്ടില്ല. ഇപ്പോള്‍ ബന്ദികളുടെ മോചനത്തിനും മനുഷ്യാവകാശങ്ങള്‍ക്കും തീവ്രവാദികളുടെ ഉന്മൂലനത്തിനും വേണ്ടി പോരാടുകയാണ് മിയ റെഗെവ്.