എല്ലാവരെയും തനിക്ക് കഴിയുന്നത്ര അദ്ദേഹം സഹായിച്ചു. മുസ്ലീം മത വിഭാഗത്തിലുള്ള ആളുകളും അദ്ദേഹം സഹായിച്ചവരില്‍ ഉണ്ടായിരുന്നു. പക്ഷേ, ഇസ്‌ളാമിക തീവ്രവാദികള്‍ തന്നെ അദ്ദേഹത്തെ കഴുത്തറത്തു കൊന്നു. ലോകത്തിന്റ കണ്ണീരായി മാറുന്ന ഫാ. നിക്കോളായ്. തുടര്‍ന്നു വായിക്കുക.
ക്രൈസ്തവലോകത്തെ ഒന്നടങ്കം ഞെട്ടിച്ച ഒരു സംഭവമായിരുന്നു റഷ്യയിലെ ഡാഗെസ്താനില്‍ സിനഗോഗിനും ഓര്‍ത്തഡോക്‌സ് ദൈവാലയങ്ങള്‍ക്കും നേരെ നടന്ന ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണം. ഈ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ടവരിലൊരാളായിരുന്നു ഡെര്‍ബെന്റിലെ ഹോളി വിര്‍ജിന്‍ ഓഫ് ഗോഡ് ചര്‍ച്ച് ഓഫ് ഇന്റര്‍സെഷന്‍ ദൈവാലയത്തിലെ വൈദികനായ ഫാ. നിക്കോളായ് കോട്ടെല്‍നിക്കോവ്. ദൈവാലയത്തിലെ പെന്തക്കുസ്താ ആഘോഷങ്ങള്‍ക്കിടയിലേക്ക് ഇരച്ചുകയറിയ തീവ്രവാദികള്‍ വിശ്വാസികള്‍ക്കുമുന്നില്‍വച്ച് ഫാ. നിക്കോളായിയെ കഴുത്തറത്തു കൊലപ്പെടുത്തുകയായിരുന്നു.
തീവ്രവാദികളുടെ ആക്രമണം അവസാനിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുമ്പോഴും വിശ്വാസികളുടെ മനസില്‍ വേദനയായി മാറുകയാണ് ഈ വൈദികന്‍. 66-കാരനായ ഫാ. നിക്കോളായ് 40 വര്‍ഷമായി പ്രാദേശികസമൂഹത്തിനു സേവനം ചെയ്തുവന്ന വൈദികനായിരുന്നു.
ഫേസ്ബുക്കില്‍, പത്രപ്രവര്‍ത്തകന്‍ വ്ളാഡിമിര്‍ സെവ്റിനോവ്സ്‌കി ഫാ. നിക്കോളായെ അനുസ്മരിക്കുന്നത് ഇപ്രകാരമാണ്: ‘സണ്‍ജെന്‍സ്‌കി ജില്ലയില്‍ നിന്നുള്ള ഒരു കോസാക്ക് കുടുംബാംഗമായിരുന്നു അദ്ദേഹം. ചെച്നിയയില്‍ പുനരധിവസിക്കപ്പെട്ട അദ്ദേഹം എല്ലാവരെയും തനിക്ക് കഴിയുന്നത്ര സഹായിച്ചു. ഒരിക്കലും ആളുകളെ കബളിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടില്ല. മുസ്ലീം മത വിഭാഗത്തിലുള്ള ആളുകളും അദ്ദേഹം സഹായിച്ചവരില്‍ ഉണ്ടായിരുന്നു. അവരില്‍ പലരും മതം മാറാന്‍ തയാറാണെങ്കിലും അവരെ അതിനു അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നില്ല.’
ഡെര്‍ബെന്റില്‍ പ്രാദേശിക ഇസ്ലാമിക തീവ്രവാദികള്‍ ഇതിനകം തന്നെ അക്രമം നടത്തിയും ഭീഷണി വഴിയും ദൈവാലയങ്ങളെ ലക്ഷ്യം വച്ചിരുന്നു. ഇതു മനസിലാക്കിയ ഫാ. നിക്കോളായ്, മോസ്‌കുകളും സിനഗോഗുകളും പതിവായി സന്ദര്‍ശിക്കുകയും വിവിധ സമുദായങ്ങള്‍ക്കിടയില്‍ നല്ല ബന്ധം നിലനിര്‍ത്തുന്നതിനായി പരിശ്രമിക്കുകയും ചെയ്തിരുന്നു.
‘ഇത്തരം പ്രാകൃതവും നിന്ദ്യവുമായ നടപടികളെ അപലപിച്ചാല്‍ മാത്രം പോരാ, തീവ്രവാദത്തിന്റെ ഈ പൊട്ടിത്തെറികളുടെ സാധ്യതയെ നിര്‍ണ്ണായകമായി ഒഴിവാക്കാന്‍ സമൂഹവും ഭരണകൂടവും സാധ്യമായതെല്ലാം ചെയ്യണം. ഒരു മതത്തിലെയും ആളുകളെയും വിശുദ്ധസ്ഥലങ്ങളെയും ആക്രമിക്കുന്നത് ഒരുതരത്തിലും ന്യായീകരിക്കാവുന്നതല്ല. സമാധാനം വാഴേണ്ട ഇടങ്ങളാണിവ’ എന്ന്, ആക്രമണത്തെ തുടര്‍ന്ന് സ്‌കോയിലെ പാത്രിയാര്‍ക്കീസിന്റെ വക്താവ് വ്ളാഡിമിര്‍ ലെഗോയ്ഡ പ്രതികരിച്ചു.
അതിനിടെ, ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി ഉയര്‍ന്നു. കൊല്ലപ്പെട്ടവരില്‍ 15 പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. 2000-ത്തിന്റെ തുടക്കം മുതല്‍ ഇവിടെ പൊലീസിനും മറ്റ് അധികാരികള്‍ക്കുമെതിരെ തീവ്രവാദി ആക്രമണങ്ങള്‍ പതിവായിരുന്നു. സമീപവര്‍ഷങ്ങളില്‍ ആക്രമണങ്ങള്‍ക്കു ശമനമുണ്ടായിരുന്നെങ്കിലും പ്രദേശത്ത് ഇപ്പോഴും തീവ്രവാദവികാരങ്ങള്‍ ഉയര്‍ന്നുവരുന്നു എന്നതിന്റെ സൂചനയാണ് ഇത്തരം ആക്രമണങ്ങള്‍.