Monday, March 31, 2025

“ബന്ദികൾ പട്ടിണി കിടക്കുമ്പോൾ ഹമാസ് രാജാക്കന്മാരെപ്പോലെ ഭക്ഷണം കഴിക്കുന്നു”: തടവിലായിരുന്നപ്പോഴുള്ള അവസ്ഥ വെളിപ്പെടുത്തി മോചിതരായ ഇസ്രായേലി ബന്ദികൾ

72 വയസ്സുള്ള ഇസ്രായേൽ പൗരൻ ലൂയിസ് ഹാർ 129 ദിവസങ്ങളായിരുന്നു ഹമാസിന്റെ കീഴിൽ തടവിൽകഴിഞ്ഞത്. പ്രായാധിക്യത്തിന്റെ ബുദ്ധിമുട്ടുകളോടൊപ്പം തടവിലാക്കപ്പെട്ടതിന്റെ വിഷമവും ആശങ്കയും ഭയവുംകൂടി ചേർന്നപ്പോൾ ഹാർ എന്ന വൃദ്ധന് ജീവിതം നരകതുല്യമായി. 129 ദിവസം ഹമാസിനുകീഴിൽ താൻ അനുഭവിച്ച ദുരിതങ്ങൾ അദ്ദേഹം വിവരിച്ചത് ടൈം ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഭക്ഷണം പോലും കഴിക്കാതെ തടവുകാർക്കുവേണ്ടി പാചകം ചെയ്യാൻ അദ്ദേഹം നിർബന്ധിതനായി. 2023 ഒക്ടോബർ ഏഴിന് കിബ്ബുട്സ് നിർ യിത്സാക്കിൽ നിന്നു പിടികൂടിയ ഹാർ, മറ്റ് നാലു ബന്ദികൾക്കൊപ്പം ഗാസയിലെ ഒരു ചെറിയ അപ്പാർട്ട്മെന്റിൽ തോക്കിൻമുനയിൽനിന്നും തടവിലാക്കപ്പെട്ടതായി ഓർമ്മിക്കുന്നു. സഹബന്ദികൾക്കും അഞ്ച് സായുധ ഗാർഡുകൾക്കും ഭക്ഷണം തയ്യാറാക്കുക എന്ന ഉത്തരവാദിത്വമായിരുന്നു ഹമാസ് അദ്ദേഹത്തിനു നൽകിയത്. തുടക്കത്തിൽ ഭക്ഷണം തയ്യാറാക്കാനുള്ള ചേരുവകളെല്ലാം ഉണ്ടായിരുന്നെങ്കിലും യുദ്ധം കടുത്തതോടെ ഇവയുടെ ലഭ്യത കുറഞ്ഞു.

അതിനെത്തുടർന്ന് ഹാർ അടക്കമുള്ള ബന്ദികൾക്ക്, ഹമാസ് സായുധ ഗാർഡുകൾ കഴിച്ച ഭക്ഷണാവശിഷ്ടങ്ങൾ കഴിച്ച് ജീവിക്കേണ്ടിവന്നു. “പതുക്കെപ്പതുക്കെ ഭക്ഷണം കുറഞ്ഞുവന്നു. ആദ്യം മുട്ടകൾ ലഭ്യമല്ലാതായി; പിന്നീട് മറ്റു പല സാധനങ്ങളും. അവസാന ദിവസങ്ങളിൽ ഫെർണാണ്ടോയും ഞാനും മാത്രമായിരുന്നു. ഞങ്ങൾ ഒരു ദിവസം ഒരു പിറ്റ പങ്കിട്ടു. പകുതി ഫെർണാണ്ടോയ്ക്കും പകുതി എനിക്കും. ദിവസം മുഴുവൻ കഴിക്കേണ്ടതുകൊണ്ട് ഒരു സമയത്ത് ഒരു ചെറിയ കഷണം മാത്രം കഴിച്ചു” – ഹാർ പറയുന്നു. രണ്ടുപേർക്കും കൂടി ഒരു ലിറ്റർ വെള്ളമായിരുന്നു ഒരു ദിവസത്തേക്ക് അവർ നൽകിയിരുന്നത്. ആവശ്യത്തിന് ഭക്ഷണവും വെള്ളവും ലഭിക്കാതെ ഹാറിന്റെ ശരീരഭാരം ക്രമാതീതമായി കുറഞ്ഞു. 35 പൗണ്ടാണ് 129 ദിവസം  കൊണ്ടു കുറഞ്ഞത്.

ഒരിക്കൽ മാത്രം, തീവ്രവാദികളിലൊരാൾ ‘ഭക്ഷണത്തിനു നന്ദി’ എന്നു പറഞ്ഞതായി ഹാർ പറയുന്നു. പട്ടിണികിടന്നു മരിക്കുമെന്നു ഭയന്ന് ഹാറും സഹതടവുകാരും തങ്ങൾക്കു ലഭിച്ച പരിമിതമായ ഭക്ഷണം ഒളിപ്പിച്ചുവയ്ക്കാൻ തുടങ്ങി. “ഭീകരരിൽ ഒരാൾ കണ്ണിൽകാണുന്നതെല്ലാം കഴിക്കുമായിരുന്നു. ചിലപ്പോഴൊക്കെ അയാൾ അകത്തേക്ക് കടന്നുവരുമായിരുന്നു. കഴിക്കാൻ ഒരു കഷണം മാത്രമേ അവശേഷിക്കുന്നുള്ളൂവെങ്കിലും അതുവരെ അയാൾ എടുത്തുകഴിക്കുമായിരുന്നു. ഒടുവിൽ നിവൃത്തിയില്ലാതെ ശേഷിക്കുന്ന ഒരു കഷണം ഞങ്ങൾ തലയിലുണയ്ക്കുള്ളിൽ ഒളിപ്പിക്കാൻതുടങ്ങി” – അദ്ദേഹം പറഞ്ഞു.

ഇസ്രായേലി സൈനിക നടപടി കാരണം ഗാസയിൽ ഭക്ഷണം തീർന്നുപോയതായി ഹമാസ് അവരോടു പറഞ്ഞപ്പോൾ, സിവിലിയന്മാർക്കുള്ള മാനുഷികസഹായം തീവ്രവാദസംഘം ശേഖരിച്ചുവച്ചിട്ടുണ്ടെന്ന് സ്വതന്ത്രരായ മറ്റു ബന്ദികൾ അവകാശപ്പെട്ടു. “ബന്ദികൾ പട്ടിണി കിടക്കുമ്പോൾ ഹമാസ് രാജാക്കന്മാരെപ്പോലെ ഭക്ഷണം കഴിക്കുന്നു” – മോചിതരായ മറ്റൊരു ബന്ദിയായ എലി ഷറാബി യു എൻ സുരക്ഷാ കൗൺസിലിനോടു പറഞ്ഞു.

തടവിൽകഴിയുമ്പോൾ ഹാറിന്റെ ശരീരഭാരം 35 പൗണ്ട് കുറഞ്ഞു. ചില ബന്ദികൾ തങ്ങളുടെ ശരീരഭാരത്തിന്റെ 40% വരെ കുറഞ്ഞതായി ഇസ്രായേലിന്റെ ആരോഗ്യമന്ത്രാലയം അറിയിച്ചു.

“പതുക്കെ നീങ്ങുന്നു, പതുക്കെ സംസാരിക്കുന്നു, ജീവനോടെയിരിക്കാൻ എല്ലാം പതുക്കെ ചെയ്യുന്നു” – ഹാർ തന്റെ ശാരീരിക അവസ്ഥയെക്കുറിച്ചു പറഞ്ഞു.

പോഷകാഹാരക്കുറവിനപ്പുറം കൊല്ലപ്പെടുമെന്നുള്ള നിരന്തരമായ ഭീഷണിയും അവരുടെമേൽ ഉയർന്നിരുന്നു. “ഞങ്ങൾ ഒരു കണ്ണ് തുറന്നായിരുന്നു ഉറങ്ങിയിരുന്നത്. അവർ ഹമസാണെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. ആരെങ്കിലും ഞങ്ങളെ കൊല്ലാൻ പറഞ്ഞാൽ അവർ അത് ചെയ്യുമെന്നും ഞങ്ങൾക്ക് ഉറപ്പായിരുന്നു” – അദ്ദേഹം പറഞ്ഞു. ഹമാസ് പോരാളികളുടെ മാനസികാവസ്ഥയും പ്രവചനാതീതമായി ഭീകരാവസ്ഥയിലേക്കു നീങ്ങി. “ചില ദിവസങ്ങളിൽ അവർ നല്ല മാനസികാവസ്ഥയിലായിരുന്നു; മറ്റുചിലപ്പോൾ കൂടുതൽ ആക്രമണകാരികളും” – ഹാർ വെളിപ്പെടുത്തുന്നു.

ജീവിതസാഹചര്യങ്ങൾ വളരെ മോശമായിരുന്നു. രണ്ടാഴ്ചയിലൊരിക്കൽ മാത്രമേ ബന്ദികളെ കുളിക്കാൻ അനുവദിച്ചിരുന്നുള്ളൂ; അതും അവർ കൊടുക്കുന്ന ഒരു ബക്കറ്റ് തണുത്ത വെള്ളവും ഒരു സോപ്പ് കഷണവും ഉപയോഗിച്ച്. ടൂത്ത് ബ്രഷുകൾ അവർക്ക് ലഭ്യമല്ലായിരുന്നു. തട്ടിക്കൊണ്ടുപോയ അതേ വസ്ത്രങ്ങളിൽ തന്നെയായിരുന്നു തടവിലായിരുന്ന കാലമത്രയും അവർ ജീവിച്ചത്. ശൈത്യകാലം വന്നപ്പോൾ ഒരു നേർത്ത ഷീറ്റും ദ്വാരമുള്ള ഒരു ജോടി സോക്സും മാത്രമേ അവർക്കു ലഭിച്ചിരുന്നുള്ളൂ.

മാർച്ച് 18 ന് ഗാസയിൽ പോരാട്ടം പുനരാരംഭിച്ചതിനുശേഷം, കുറഞ്ഞത് 24 ബന്ദികൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നു വിശ്വസിക്കപ്പെടുന്നു. മറ്റ് 35 പേർ മരിച്ചതായി കണക്കാക്കപ്പെടുന്നു. തടവിലുള്ള ബന്ദികളുടെമേലുള്ള ആഗോളശ്രദ്ധ നിലനിർത്താൻ ദൃഢനിശ്ചയത്തോടെ ഹാർ ഇപ്പോൾ വടക്കേ അമേരിക്കയിലുടനീളം ഒരു പ്രസംഗ പര്യടനത്തിലാണ്.

“കുടുംബങ്ങളുടെ പ്രതീക്ഷ നിലനിർത്താൻ ഞാൻ ശ്രമിക്കുകയാണ്” – അദ്ദേഹം പറഞ്ഞു. “ഒക്ടോബർ ഏഴ് എന്നതിനെക്കുറിച്ചോ, ഈ പ്രശ്‌നങ്ങളെല്ലാം എന്തുകൊണ്ടാണ് ആരംഭിച്ചതെന്നോ ഉള്ള വാർത്ത ഒരിക്കലും വരുന്നില്ല. ഇസ്രായേൽ എത്രപേരെ ബോംബെറിഞ്ഞു എന്നതു മാത്രമേ ആളുകൾ കേൾക്കൂ” – അദ്ദേഹം പറഞ്ഞുനിർത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News