“അത് ഭയങ്കര ചൂടുള്ള ദിവസമായിരുന്നു. ഞങ്ങൾ അവരെ കൊണ്ട് സ്വന്തം ശവക്കുഴി കുഴിപ്പിച്ചു. അവരെ കൊന്നു. ആ മൃതദേഹങ്ങൾക്കു മേൽ ചുണ്ണാമ്പ് ഒഴിച്ചു. അതിന് രക്തത്തിന്റെ മണമുള്ളതായി ഞാൻ ഓർക്കുന്നു. ഞങ്ങൾ പിന്നീട് അതിനെ കുറിച്ച് സംസാരിച്ചിട്ടില്ല” എട്ടു പതിറ്റാണ്ടുകളായി ഭീകരമായ ഒരു സ്വപ്നംപോലെ ഓർമ്മയിൽ കൊണ്ടുനടക്കുന്ന ദൃശ്യങ്ങൾ വെളിപ്പെടുത്തുകയാണ് 98 കാരനായ എഡ്മണ്ട് റെവെയിൽ. ലോകത്തിൽ ഈ ഭീകര ദൃശ്യങ്ങൾക്ക് സാക്ഷ്യം വഹിച്ചവരിൽ അവശേഷിക്കുന്ന ഒരേയൊരാൾ ഇനി റെവെയിൽ മാത്രമാണ്.
1944-ൽ വധിക്കപ്പെട്ട ജർമ്മൻ തടവുകാരെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു എട്ട് പതിറ്റാണ്ടുകളായി നിശബ്ദത പാലിച്ച അദ്ദേഹം തന്റെ മൗനം വെടിയുമ്പോൾ ആ വാക്കുകൾക്ക്, അദ്ദേഹം സാക്ഷിയാകേണ്ടി വന്ന ക്രൂരതകൾക്ക് കാതോർക്കുകയാണ് ലോകം.
1944 ജൂണിൽ ഫ്രഞ്ച് റെസിസ്റ്റൻസ് വധിച്ച 40 ജർമ്മൻ സൈനികരുടെ മൃതദേഹങ്ങൾ കണ്ടെത്തുന്നതിനുള്ള ഖനന പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ഈ സാഹചര്യത്തിലാണ് മധ്യ ഫ്രാൻസിലെ മെയ്മാകിനടുത്തു കൊല്ലപ്പെട്ട സൈനികരെ കുറിച്ചുള്ള മുൻ പ്രതിരോധ പോരാളിയുടെ സാക്ഷ്യം നിർണ്ണായകമാകുന്നത്.
യുദ്ധത്തിൽ പാപ്പിലോൺ എന്ന രഹസ്യ നാമത്തിൽ ആണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. 1944-ൽ വധിക്കപ്പെട്ട ജർമ്മൻ തടവുകാരെക്കുറിച്ചുള്ള രഹസ്യങ്ങൾ കഴിഞ്ഞ 75 വർഷത്തോളം അദ്ദേഹം സ്വന്തം കുടുംബക്കാരിൽ നിന്ന് പോലും മറച്ചു വച്ചു. പിന്നീട് അപ്രതീക്ഷിതമായി 2019-ൽ ദേശീയ വെറ്ററൻസ് അസോസിയേഷന്റെ ഒരു പ്രാദേശിക മീറ്റിംഗിന്റെ അവസാനം അദ്ദേഹം എഴുന്നേറ്റു, തനിക്കും ചിലത് വെളിപ്പെടുത്താനുണ്ടെന്നു പറഞ്ഞുകൊണ്ട് മുന്നോട്ട് വരുമ്പോൾ അത് നാളിതുവരെ അദ്ദേഹത്തെ വേട്ടയാടിയ ഭീകര ദൃശ്യങ്ങൾ ആയിരുന്നു ഇന്ന് പലർക്കും അറിയില്ലായിരുന്നു.
“വർഷങ്ങളായി അദ്ദേഹത്തിന് തന്റെ ജീവിതകഥ പറയാൻ ധാരാളം അവസരങ്ങൾ ലഭിച്ചു, അദ്ദേഹം ഒരിക്കലും അത് പറഞ്ഞില്ല. പക്ഷേ, അവൻ അവസാനത്തെ സാക്ഷിയായിരുന്നു. അത് അദ്ദേഹത്തിന് ഒരു ഭാരമായിരുന്നു. അവൻ പുറത്ത് പറഞ്ഞില്ലെങ്കിൽ ആരും അറിയില്ലെന്ന് അവനറിയാമായിരുന്നു. അത് വെളിപ്പെടുത്തി കഴിഞ്ഞപ്പോൾ മനസ്സിൽ നിന്ന് ഒരു ഭാരം നീക്കിയതുപോലെ തോന്നി”- മെയ്മാകിന്റെ മേയർ ഫിലിപ്പ് ബ്രുഗെരെ ബിബിസിയോട് പറഞ്ഞു.
എന്നിരുന്നാലും, പ്രാദേശിക അധികാരികൾ തുടർനടപടികൾ സ്വീകരിക്കുന്നതിന് മുമ്പ്, അദ്ദേഹത്തിന് കോവിഡ് ബാധിച്ചു. ഏതാനും ആഴ്‌ചകൾക്ക് മുമ്പാണ് കേസ് വീണ്ടും തുറന്നത്. ചൊവ്വാഴ്ച പ്രാദേശിക പത്രമായ ലാ മൊണ്ടാഗ്‌നെയിലൂടെ ഈ വാർത്ത പുറത്തുവന്നു. അതോടെ ഫ്രഞ്ച്, ജർമ്മൻ ചരിത്രകാരന്മാർ റെവെയിൽ വിവരിച്ച സംഭവങ്ങളുടെ രൂപരേഖ സ്ഥിരീകരിച്ചു.
1944 ജൂൺ 6-ന് ഡി-ഡേയ്ക്ക് തൊട്ടുപിന്നാലെ, കോറെസ് ഡിപ്പാർട്ട്‌മെന്റിന്റെ തലസ്ഥാനമായ ടുള്ളിൽ റെസിസ്റ്റൻസ് പോരാളികൾ ഒരുതരം പ്രക്ഷോഭം നടത്തി. ഈ സമയത്ത് 50 നും 60 നും ഇടയിൽ ജർമ്മൻ സൈനികർ തടവിലാക്കപ്പെട്ടു. എന്നാൽ ജൂൺ 9 ന് 99 ബന്ദികളെ പരസ്യമായി തൂക്കിക്കൊന്നുകൊണ്ട് ജർമ്മനി തിരിച്ചടിക്കുകയായിരുന്നു.
ആ വർഷം തന്നെ ജൂൺ 10-ന് അവിടെ നിന്ന് അധികം അകലെയല്ലാതെ, എസ്എസ് ദാസ് റീച്ച് ഡിവിഷൻ ഒറഡോർ-സർ-ഗ്ലെയ്ൻ ഗ്രാമത്തിൽ 643 പേരെ കൂട്ടക്കൊല ചെയ്തു, അത് അന്നുമുതൽ ശൂന്യമായ സ്മാരകമായി തുടർന്നു. ടുള്ളിലെ പ്രക്ഷോഭത്തിൽ റെവെയിൽ പങ്കെടുത്തിരുന്നു. എന്നാൽ അദ്ദേഹം ആരെയും കൊലപ്പെടുത്തിയില്ല. ആ പ്രക്ഷോഭത്തിൽ നിന്നും മാറി നിൽക്കുവാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു എങ്കിലും കഴിഞ്ഞില്ല എന്നതാണ് വാസ്തവം.
പ്രക്ഷോഭത്തിന്റെ ഒരു ഘട്ടത്തിൽ തടവുകാരിൽ ചിലർ – പോളണ്ട് അല്ലെങ്കിൽ ചെക്കോസ്ലോവാക്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വന്നവർ – ബാക്കിയുള്ളവരിൽ നിന്ന് വേർപെടുത്തപ്പെട്ടു. അവരിൽ 50 ഓളം പേർ ജൂൺ 12 ന് മെയ്മാകിൽ എത്തി. “ഒരു തടവുകാരന് മൂത്രമൊഴിക്കാൻ ആഗ്രഹമുണ്ടെങ്കിൽ, അയാൾക്ക് ഞങ്ങൾ രണ്ടുപേരുടെ സംരക്ഷണം ആവശ്യമായിരുന്നു. ഭക്ഷണത്തിനായി ഞങ്ങൾ ഒന്നും പ്ലാൻ ചെയ്തിരുന്നില്ല. ഞങ്ങൾ സെന്റ്-ഫ്രെജൂക്സിലെ ഒരു അലൈഡ് കമാൻഡ് സെന്ററിന്റെ ഉത്തരവിന് കീഴിലായിരുന്നു, അവരാണ് ഈ സൈനികരെ കൊല്ലാൻ ഉത്തരവിട്ടത്”- നാളുകൾക്കിപ്പുറം പഴയ ഓർമ്മകൾ റെവെയിൽ പങ്കുവച്ചു.
മൃതദേഹങ്ങളുടെ അവശേഷിപ്പുകൾക്കായുള്ള തിരച്ചിൽ
മുൻപും കൊല്ലപ്പെട്ട ജർമ്മൻ സൈനികരുടെ കൂട്ടക്കുഴിമാടങ്ങൾക്കായി തിരച്ചിൽ നടത്തിയിട്ടുണ്ട്. 1967-ൽ ലെ വെർട്ടിൽ നിന്ന് 11 ജർമ്മൻ മൃതദേഹങ്ങൾ പുറത്തെടുത്തെങ്കിലും ഖനനം നിർത്തിയതായും ഖനനം നടന്ന സ്ഥലത്തെക്കുറിച്ചുള്ള രേഖകളൊന്നും സൂക്ഷിച്ചിട്ടില്ലെന്നും പ്രാദേശിക ചരിത്രകാരന്മാർ പറഞ്ഞു. വളരെ രഹസ്യമായ തിരച്ചിൽ അവസാനിപ്പിക്കാ മായിരുന്നു. എന്നിരുന്നാലും, 1967-ൽ ചെറുപ്പമായിരുന്ന ഒരു നാട്ടുകാരൻ ഉത്ഖനനം കണ്ടതായി ഓർക്കുന്നു, ശേഷിക്കുന്ന 40-ഓളം സൈനികരുടെ ശവകുടീരങ്ങൾ എവിടെയായിരിക്കുമെന്ന് അദ്ദേഹം ഏകദേശ സൂചന നൽകി.
അതിനു ശേഷം ആണ് റെവെയിൽ തന്റെ ഓർമ്മകൾ പങ്കുവയ്ക്കുന്നത്. അത് നിർണ്ണായകമായ വെളിപ്പെടുത്തലായി മാറുകയാണ് ഇന്ന്. പിൽക്കാല ജീവിതത്തിൽ റെവെയിൽ റെയിൽവേ-തൊഴിലാളിയായി മാറി. “അദ്ഭുതകരമായ ദയയുള്ള വൃദ്ധനാണ് അദ്ദേഹം. അക്രമത്തിന് എതിരായിരുന്ന അദ്ദേഹം ചെറുത്തുനിൽപ്പിൽ ഒരിക്കലും വെടിയുതിർത്തില്ല. അദ്ദേഹം ഇപ്പോൾ ആഗ്രഹിക്കുന്നത് മരിച്ച സൈനികരെ ഓർമ്മിക്കണമെന്നും അവർ എവിടെയാണ് കിടക്കുന്നതെന്ന് അവരുടെ കുടുംബങ്ങളെ അറിയിക്കണമെന്നും ആണ്. ആ സ്ഥലത്ത് ഒരു ചെറിയ സ്മാരകം സ്ഥാപിക്കണം എന്നും അദ്ദേഹം ആവശ്യപ്പെടുന്നു” മെയ്മാകിന്റെ മേയർ ഫിലിപ്പ് ബ്രുഗെരെ വെളിപ്പെടുത്തുന്നു.