Thursday, May 15, 2025

കനവായിരുന്നുവോ ഗാന്ധി?

”ഭൂമിയില്‍ രക്തവും മാംസവുമുള്ള ഇങ്ങനെയൊരാള്‍ ജീവിച്ചിരുന്നതായി വരുംതലമുറ വിശ്വസിച്ചേക്കില്ല,” വാക്കുകള്‍ ഗാന്ധിജിയെ കുറിച്ച്, പറഞ്ഞത് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍.
ലക്ഷ്യം മാത്രമല്ല അതില്‍ എത്തിച്ചേരാനുള്ള വഴികളും ഒരുപോലെ പ്രധാനപ്പെട്ടതാണെന്ന് നമ്മെ നിരന്തരം ഓര്‍മ്മിപ്പിക്കുന്ന ഈ അര്‍ധനഗ്‌നനായ ഫക്കീര്‍ സമകാലിക ഇന്‍ഡ്യയെ സംബന്ധിച്ച് ഒരു വിരോധാഭാസം തന്നെയാണ്.അദ്ദേഹത്തിന്റെ തന്നെ വാക്കില്‍ പറഞ്ഞാല്‍ ‘ഹിംസയിലൂടെ നേടുന്ന വിജയം വിജയമല്ല. അത് തോല്‍വിയാണു.

എന്തെന്നാല്‍ അത് വെറും നൈമിഷികം മാത്രം’ ലക്ഷ്യപ്രാപ്തിയിലേക്കുള്ള, (നൈതികത തൊട്ടു തീണ്ടാത്ത) ഓട്ടപ്പാച്ചിലിനിടയില്‍ ഗാന്ധി ഒരു മാര്‍ഗ്ഗ തടസ്സമായി പലര്‍ക്കും അനുഭവപ്പെട്ടെക്കാം.

പഴകുന്തോറും വീഞ്ഞിന് വീര്യം കൂടും എന്ന് പറയുന്നതുപോലെ ഗാന്ധിയും അദ്ദേഹത്തിന്റെ ആദര്‍ശങ്ങളും മലയാളിക്കെന്നും പ്രിയപ്പെട്ടതാണ്, ഈ സത്യാനന്തര കാലത്തും അതു മാറ്റമില്ലാതെ തുടരുന്നു എന്നത് വലിയ ആശ്വാസത്തിന് ഇട നല്‍കുന്നുണ്ട്.

ഗാന്ധി’ എന്ന കവിതയില്‍ വി മധുസൂദനന്‍ നായര്‍ ചോദിക്കുന്നുണ്ട്. ”കനവായിരുന്നുവോ ഗാന്ധി? കഥയായിരുന്നുവോ ഗാന്ധി?”. കനവു പോലെയോ കഥ പോലെയോ ഓരോ ഇന്ത്യക്കാരനെയും കടന്നുപോയ, ജീവിതം കൊണ്ട് ഒരു ജനതയെ മുഴുവന്‍ അത്ഭുതപ്പെടുത്തിയ മഹാത്മാ ഗാന്ധിയുടെ ജീവിതത്തെ വിസ്മയത്തോടെയല്ലാതെ ഇന്നത്തെ തലമുറയ്ക്ക് നോക്കി കാണാനാവില്ല.

അഹിംസാ ദിനം

അന്താരാഷ്ട്ര തലത്തില്‍ മറ്റൊരു സവിശേഷത കൂടിയുണ്ട് ഗാന്ധിജയന്തി ദിനത്തിന് ഐക്യരാഷ്ട്ര സഭ ഒക്ടോബര്‍ രണ്ട് രാജ്യാന്തര അഹിംസാ ദിനമായി ആചരിക്കാന്‍ 2007 ജൂണ്‍ 15 ന് തീരുമാനിച്ചു.

ഗാന്ധിയന്‍ വീക്ഷണത്തില്‍ അഹിംസ എന്നാല്‍ പരമമായ സ്‌നേഹമാണ്. സ്വന്തം ശത്രുവിനോട് പോലും ക്ഷമിക്കുന്ന അവസ്ഥയാണ് അഹിംസ. മറ്റൊരാളെ കൊല്ലാതിരിക്കുവാന്‍ സ്വയം മരിക്കാന്‍ തയ്യാറാകുന്ന മന:സ്ഥിതിയാണ് ഗാന്ധി മുന്നോട്ടു വെക്കുന്ന അഹിംസ. ഒരുവന്‍ അഹിംസയിലേക്ക് തിരിയുന്നത് തനിക്ക് ഹിംസ ചെയ്യുവാന്‍ കഴിവില്ലാതെ വരുമ്പോഴല്ല മറിച്ച് ഹിംസ ചെയ്യുവാന്‍ താല്പര്യം ഇല്ലാതെ വരുമ്പോള്‍ ആകണം എന്നും അഹിംസ ഉണ്ടാവേണ്ടത് സാര്‍വ്വത്രിക സ്‌നേഹത്തില്‍ നിന്നാവണം എന്നും ഗാന്ധി വിശ്വസിച്ചിരുന്നു.

ഇന്ത്യന്‍ മതചിന്തയിലും ക്രിസ്തീയ, ജൈന, ഇസ്ലാമിക, യഹുദ, ബുദ്ധ മതചിന്തകളിലും വളരെയധികം അടിസ്ഥാനമുള്ളതാണ് അഹിംസാ സിദ്ധാന്തം. അതിനാല്‍, അഹിംസ എന്ന തത്ത്വത്തിന്റെ ഉപജ്ഞാതാവ് ഗാന്ധി അല്ല. എങ്കിലും രാഷ്ട്രീയരംഗത്ത് അത് വലിയതോതില്‍ ആദ്യമായി പ്രയോഗിച്ചത് അദ്ദേഹമാണ്. സര്‍വ്വനാശകാരിയായ യുദ്ധത്തിനും കൊലപാതകങ്ങള്‍ക്കും എതിരെ സമാധാനത്തിന്റെ, അഹിംസയുടെ സന്ദേശം ലോകമെങ്ങും എത്തിക്കുന്നതിന് ഗാന്ധിയെ സ്‌നേഹിക്കുന്ന ഏവര്‍ക്കും കടമയുണ്ട്.

യങ് ഇന്ത്യയില്‍ ഗാന്ധിജി എഴുതുന്നു..’മദ്യവും മയക്കുമരുന്നും മലേറിയ പോലുള്ള അസുഖങ്ങള്‍ ഉണ്ടാക്കുന്നതിനേക്കാള്‍ ദ്രോഹം മനുഷ്യന് ചെയ്യുന്നുണ്ട്. കാരണം അത് മുറിപ്പെടുത്തുന്നത് ശരീരത്തെമാത്രമല്ല ആത്മാവിനെയും കൂടിയാണ്.’ലഹരിയുടെ കാണാക്കയങ്ങളില്‍ ആബാലവൃന്ദം ജനങ്ങളും അടിപ്പെട്ടിരിക്കുന്ന കാലത്ത് ഗാന്ധിജിയുടെ വാക്കുകള്‍ ഓര്‍മ്മപ്പെടുത്തലാണ്. ലഹരി വിറ്റ് കിട്ടുന്ന വരുമാനം അത് എത്ര തന്നെയായിരുന്നാലും ഉപേക്ഷിക്കാന്‍ നമ്മുടെ ഭരണകൂടങ്ങള്‍ തയ്യാറാകുമോ? മദ്യവും മയക്കുമരുന്നുകളും സൃഷ്ടിക്കുന്ന സാമൂഹ്യപ്രശ്ങ്ങള്‍ക്ക് കേവലം ദിനാചരണങ്ങള്‍ കൊണ്ടോ തൊലിപ്പുറ ചികിത്സകള്‍ കൊണ്ടോ പരിഹാരമാകുമെന്നു വിശ്വസിക്കാന്‍ തരമില്ല.

‘നേരാണു നമ്മള്‍ക്കുണ്ടായിരുന്നു സൂര്യനെപ്പോലെയോരപ്പൂപ്പന്‍ മുട്ടോളമെത്തുന്ന കൊച്ചു മുണ്ടും മൊട്ടത്തലയും തെളിഞ്ഞകണ്ണും മുന്‍ വരി പല്ലില്ലാപ്പുഞ്ചിരിയും വെണ്‍നുരചൂടും വിരിഞ്ഞ മാറും’ സുഗതകുമാരി ടീച്ചര്‍ വാക്കുകള്‍ കൊണ്ട് തീര്‍ത്ത ഗാന്ധിചിത്രം എത്ര മനോഹരമാണെന്ന് നോക്കൂ.

ആ ജീവിതത്തെ, ആശയങ്ങളെ,ആദര്‍ശങ്ങളെ വര്‍ണിക്കുവാന്‍ കവികള്‍ പരസ്പരം മത്സരിക്കുയാണ്. ‘മറന്നുവോ മനുജരെ മറന്നുവോ മക്കളെ നിങ്ങളിന്നെന്നെ മറന്നുവോ’ എന്നു വിലപിക്കുന്ന ഗാന്ധിയെക്കുറിച്ചു പണ്ട് ഞാന്‍ എഴുതിയിട്ടുണ്ട്. അതെ ദിശതെറ്റിയ,അക്ഷരത്തെറ്റുകള്‍ ശീലമാക്കിയ ഒരു കാലത്തു സത്യത്തെക്കുറിച്ചും ശരിയെക്കുറിച്ചും നമ്മോടു സംവദിക്കാന്‍ ഗാന്ധിയെക്കാള്‍ മികച്ചൊരാള്‍ ഇല്ല.
‘സത്യം ആണ് എന്റ ദൈവം .ഞാന്‍ ആ ദൈവത്തെ കണ്ടെത്തിയിട്ടില്ല. എന്നാല്‍ ഞാന്‍ അന്വേഷിച്ചുകൊണ്ടേയിരിക്കുന്നു’ സത്യാന്വേഷിയുടെ ഹൃദയം നിറഞ്ഞ വാക്കുകള്‍ പാതകളില്‍ പ്രകാശമകട്ടെ…

ഏവര്‍ക്കും ഗാന്ധി ജയന്തി ആശംസകള്‍….

ഡോ. സെമിച്ചന്‍ ജോസഫ്

(അങ്കമാലി ഡീ പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി യില്‍ സാമൂഹ്യ പ്രവര്‍ത്തന വിഭാഗം അസി. പ്രൊഫസര്‍ ആണ് ലേഖകന്‍ )

 

Latest News