“അതൊരു അവസാനമാണെന്ന് ഞാൻ കരുതി. ഞാൻ വിയർക്കുകയായിരുന്നു” – ജെയിംസ് എന്ന് വിളിക്കപ്പെടുന്ന ഘാന പൗരൻ ജിഹാദികളുടെ കൈയിലകപ്പെട്ട സമയത്തെക്കുറിച്ച് പറഞ്ഞുതുടങ്ങിയത് ഇപ്രകാരമാണ്. ചാവേറുകളായി പരിശീലനം നേടിയതായി വിശ്വസിക്കുന്ന കുട്ടികൾ, കവചിത ടാങ്കുകൾ, വ്യോമാക്രമണത്തിൽനിന്ന് സംരക്ഷിക്കാൻ അവർ കുഴിച്ച തുരങ്കങ്ങൾ അങ്ങനെ ഭീകരരുടെ തടവിലായിരുന്നപ്പോൾ ഭീകരമായ പല കാര്യങ്ങൾക്കും ജെയിംസിന് സാക്ഷ്യം വഹിക്കേണ്ടിവന്നു. 2019 ൽ തട്ടിക്കൊണ്ടുപോകലിന് ഇരയായതിനുശേഷം രക്ഷപെട്ട ഇദ്ദേഹം ആദ്യമായി മാധ്യമങ്ങൾക്കുമുന്നിൽ നൽകിയ അഭിമുഖത്തിലാണ് താൻ നേരിട്ട അനുഭവങ്ങൾ വെളിപ്പെടുത്തിയത്.
2019 ലായിരുന്നു തന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത ആ ദുരനുഭവം ജെയിംസിന് (യഥാർഥ പേരല്ല) ഉണ്ടായത്. ക്യാമ്പിലെ തന്റെ ആദ്യ ദിവസം ഭയാനകമായിരുന്നു. ഒരു ഓപ്പറേഷൻ പൂർത്തിയാക്കിയ ധാരാളം ഇസ്ലാമിക പോരാളികൾ വായുവിൽ വെടിയുതിർത്തുകൊണ്ടാണ് ജെയിംസിനെ കൊണ്ടുവന്ന ക്യാമ്പിലേക്ക് മടങ്ങിവന്നത്. തന്നെ കണ്ടതും അതിൽ ചിലർ തോക്കു കൊണ്ട് അടിക്കുകയും കുത്തുകയും ചെയ്തു. പേടിച്ചുപോയ ജെയിംസ്, ഭൂമിയിലെ തന്റെ അവസാനദിനമാണ് ഇതെന്ന് തീർച്ചപ്പെടുത്തി. എന്നാൽ, തന്നെ അവർ ഉപദ്രവിക്കുക മാത്രമേ ചെയ്തുള്ളൂ എന്ന് ഇദ്ദേഹം പറയുന്നു.
പിന്നീടുള്ള ദിവസങ്ങളിൽ 30 വയസ്സുള്ള, പരമ്പരാഗത ആഫ്രിക്കൻ മതം പിന്തുടരുന്ന ജെയിംസിനെ ജിഹാദികൾ തങ്ങളുടെ തീവ്രവാദസംഘടനയിലേക്ക് റിക്രൂട്ട് ചെയ്യാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. ഒരു ദിവസം ഒരു ബറ്റാലിയന്റെ കമാൻഡർ ആകാമെന്ന് പറഞ്ഞുകൊണ്ട് അവരുടെ കമാൻഡർ തന്നെ സമീപിച്ചു. തന്റെ മുൻപിലേക്കു തുറന്നുവച്ച ചാക്കിൽ AK-47, M16, G3 തുടങ്ങിയ യന്ത്രത്തോക്കുകളായിരുന്നു.
അവയിൽ ഏതാണ് തനിക്ക് പ്രവർത്തിപ്പിക്കാൻ കഴിയുക എന്ന് അദ്ദേഹം ചോദിച്ചു. താൻ ഇതുവരെ ഒരെണ്ണംപോലും പ്രവർത്തിപ്പിച്ചിട്ടില്ലെന്ന് ജെയിംസ് മറുപടി പറഞ്ഞു. എന്നാൽ അദ്ദേഹം, തങ്ങൾക്ക് വലിയ ആയുധങ്ങളുണ്ടെന്നും ഒരു ബറ്റാലിയൻ നിങ്ങളുടെ ചുമതലയിൽ നൽകാമെന്നും പിന്നെ നിങ്ങളെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ലെന്നും പറഞ്ഞു. ഇത് നിഷേധിച്ച ജെയിംസ്, ഘാനയിൽ താൻ സംഘടനയുടെ റിക്രൂട്ടിംഗ് ഏജന്റ് ആകാമെന്ന് ക്യാമ്പ് കമാൻഡറോട് വാഗ്ദാനം ചെയ്തു. തനിക്ക് അസുഖബാധിതനായ ഒരു കുട്ടിയുണ്ടെന്നും തന്നെ പോകാൻ അനുവദിക്കണമെന്നും യാചിച്ച ജെയിംസിനെ രണ്ടാഴ്ചയ്ക്കുശേഷം അവർ മോചിപ്പിച്ചു.
സമാധാനപരമായ ജനാധിപത്യ രാജ്യമായ ഘാന ഇതുവരെ കലാപങ്ങളിൽനിന്നും അകന്നുനിന്നിരുന്നു. എന്നാൽ, ബുർക്കിന ഫാസോയിലും അതിന്റെ പശ്ചിമാഫ്രിക്കൻ അയൽരാജ്യങ്ങളിലും നാശം വിതയ്ക്കുന്ന കലാപം ഇവിടേക്കും പടരുകയാണ്.
ഇസ്ലാമിനുവേണ്ടിയും മുസ്ലീങ്ങൾക്കുവേണ്ടിയും നിലകൊള്ളുന്ന ജമാ-അത്ത് നുസ്രത്ത് അൽ-ഇസ്ലാം വൽ-മുസ്ലിമിനിൽ (ജെ. എൻ. ഐ. എം.) പെട്ടവരാണ് ജെയിംസിനെ തട്ടിക്കൊണ്ടുപോയ ജിഹാദികൾ. അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ഇവർ മേഖലയിലെ വിവിധ ജിഹാദി ഗ്രൂപ്പുകൾക്കായി 2017 ൽ സ്ഥാപിതമായതാണ്.
ബുർക്കിന ഫാസോയുടെ വടക്കുഭാഗത്തെ വലിയ പ്രദേശങ്ങൾ നിയന്ത്രിക്കുന്ന ശക്തരായ സംഘടനയാണ് ജെ. എൻ. ഐ. എം. ഇപ്പോൾ അത് രാജ്യത്തിന്റെ തെക്കുഭാഗത്തേക്കും പതിയെ ഘാനയിലേക്കും പടരുകയാണ്. സംഘർഷത്തിൽനിന്ന് രക്ഷപെടാൻ ഇതുവരെ 15,000 ത്തിലധികം ആളുകൾ ബുർക്കിന ഫാസോയിൽനിന്ന് വടക്കൻ ഘാനയിലേക്ക് പലായനം ചെയ്തിട്ടുണ്ട്.
ബുർക്കിന ഫാസോ കൂടാതെ, നൈജർ, മാലി തുടങ്ങിയ രാജ്യങ്ങളിലെ പ്രദേശങ്ങളും ജിഹാദികൾ തങ്ങളുടെ കൈപ്പിടിയിലാക്കിയിട്ടുണ്ട്. മുൻ ഫ്രഞ്ച് കോളനികളായിരുന്ന ഐവറി കോസ്റ്റ്, ബെനിൻ, ടോഗോ എന്നിവിടങ്ങളിലും ഇവർ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.
ഘാനയിലെ ഭൂരിഭാഗം ജനസംഖ്യ ക്രിസ്തുമത വിശ്വാസികളാണ്. എന്നാൽ, ബുർക്കിനാ ഫാസോയുടെ അതിർത്തിക്കടുത്തുള്ള ജനസംഖ്യ പ്രധാനമായും മുസ്ലീങ്ങളാണ്. ഈ പ്രദേശത്ത് വംശീയസംഘർഷങ്ങളും നിലനിൽക്കുന്നുണ്ട്. ജിഹാദികൾ അവരെ തങ്ങളുടെ നേട്ടത്തിനായി ചൂഷണം ചെയ്യുമെന്ന ഭയവും നിലനിൽക്കുന്നുണ്ട്.