Monday, November 25, 2024

ഹമാസിന്റെ ലക്ഷ്യം ഒരിക്കലും അവസാനിക്കാത്ത മതയുദ്ധം: വെളിപ്പെടുത്തലുമായി ഹമാസ് സ്ഥാപകന്റെ മകൻ

“ഹമാസ് ഒരു മതപ്രസ്ഥാനമാണ്. ഇസ്രായേലിനെ തകർത്ത് ഒരു ഇസ്ലാമികരാഷ്ട്രം സ്ഥാപിക്കുകയാണ് അവരുടെ ശ്രമം. ലോകത്തെ പിടിച്ചടക്കുകയും അതിലൂടെ ആഗോള ഇസ്ലാമികരാഷ്ട്രം സ്ഥാപിക്കുക എന്ന സ്വപ്നവും പേറിയാണ് ഓരോ ഹമാസ് പ്രവർത്തകനും ജീവിക്കുന്നത്” – ഹമാസ് സ്ഥാപകനായ ഷെയ്ക്ക് ഹസൻ യൂസഫിന്റെ മകനായ മൊസാബ് ഹസ്സൻ യൂസഫിന്റെ വാക്കുകളാണിത്. പലസ്തീൻ അനുകൂല ഭീകരസംഘടനയായ ഹമാസിന്റെ സ്ഥാപകന്റെ മകനാണ് മൊസാബ് എങ്കിലും നിലവിൽ ഭീകരവാദത്തിനെതിരെ പ്രവർത്തിക്കുന്ന വ്യക്തിയാണ് ഇദ്ദേഹം. ഇസ്രായേൽ-ഹമാസ് സംഘർഷം രൂക്ഷമാകുന്നതിനിടയിൽ ഭീകരസംഘടനയുടെ പ്രഖ്യാപിതലക്ഷ്യത്തെക്കുറിച്ച് ലോകത്തോടു വെളിപ്പെടുത്തുകയാണ് മൊസാബ്.

ഒരുകാലത്ത്, തന്റെ പിതാവായ ഷെയ്ക്ക് ഹസൻ യൂസഫിന്റെ ഭീകരപ്രവർത്തനങ്ങളെ മൊസാബ് പിന്തുണച്ചിരുന്നു. എന്നാൽ പിന്നീട് ഇസ്ലാംമതം ഉപേക്ഷിച്ച് ക്രിസ്തുമതം സ്വീകരിച്ചതോടെ ഹമാസിൽനിന്നും വേർപിരിഞ്ഞ് ഇസ്രായേലിന്റെ സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റിൽ പ്രവേശിച്ചു. ഷിൻ ബെറ്റിൽ ദീർഘകാലം പ്രവർത്തിച്ച മൊസാബ്, ഹമാസിനെക്കുറിച്ച് അമ്പരപ്പിക്കുന്ന പല കാര്യങ്ങളും അക്കാലഘട്ടങ്ങളിൽ പുറത്തുവിട്ടിരുന്നു. കൂടാതെ, ചാവേർ ബോംബ് ആക്രമണങ്ങളും തീവ്രവാദ ആക്രമണങ്ങളും തടയാൻ ഇസ്രായേലിനെ സഹായിക്കാനും ശ്രമം നടത്തി. ഇങ്ങനെ 1997 മുതൽ 2007 വരെ ഇസ്രായേൽ ചാരനായി അദ്ദേഹം സേവനംചെയ്തു. പിന്നീട് അമേരിക്കൻ പൗരത്വം സ്വീകരിച്ച് അവിടെ സ്ഥിരതാമസമാക്കിയിരിക്കുകയാണ് അദ്ദേഹം ഇപ്പോൾ.

ഹമാസിന്റെ ലക്ഷ്യം, പലസ്തീൻ കയ്യടക്കുക എന്നുള്ളതു മാത്രമല്ലെന്നാണ് ‘ഗ്രീൻ പ്രിൻസ്’ എന്നുവിളിക്കുന്ന മൊസാബിന്റെ വെളിപ്പെടുത്തൽ. സി.എൻ.എന്നിനു നൽകിയ ഒരു അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തലുമായി മൊസാബ് രംഗത്തെത്തിയിരിക്കുന്നത്. തന്റെ പിതാവ് സ്ഥാപിച്ച ഹമാസിന്റെ ലക്ഷ്യം ഒരിക്കലും അവസാനിക്കാത്ത മതയുദ്ധമാണെന്നാണ് മൊസാബ് പറയുന്നത്. “ലോകം മുഴുവൻ ശരീയത്ത് നിയമം സ്ഥാപിക്കുകയെന്നതാണ് ഹമാസിന്റെ പ്രഖ്യാപിതലക്ഷ്യം. ഇതിനു മുന്നോടിയായി ജൂതന്മാരെ മുഴുവൻ നശിപ്പിക്കാനാണ് തന്റെ പിതാവിന്റെയും സംഘത്തിന്റെയും ശ്രമം” – മൊസാബ് മുന്നറിയിപ്പ് നൽകുന്നു. ഹമാസ് ഒരു മതപ്രസ്ഥാനമാണെന്നും എന്നാൽ അങ്ങനെ വിശേഷിപ്പിക്കാൻ മറ്റുള്ളവർക്ക് ഭയമാണെന്നും മെസാബ് വെളിപ്പെടുത്തുന്നു. ലോകരാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും ഇവരെ പിന്തുണയ്ക്കുന്നതിനുപിന്നിലും ഈ ഭയംതന്നെയാണ് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

“ഹമാസ് ഒരു രാഷ്ട്രീയപ്രസ്ഥാനം ആയിരുന്നെങ്കിൽ പാലസ്തീൻ വിഷയത്തിൽ ഇതിനുമുൻപുതന്നെ സമവായമുണ്ടാകുമായിരുന്നു. എന്നാൽ രാഷ്ട്രീയ അതിരുകളിൽ വിശ്വസിക്കാത്ത ഒരു മതപ്രസ്ഥാനമാണ് ഹമാസ്. ഹമാസിന് സാമ്പത്തികസഹായം ആവശ്യമുള്ളപ്പോഴെല്ലാം അവർ ഇസ്രായേലുമായി യുദ്ധത്തിൽ ഏർപ്പെടുന്നു” – മൊസാബ് വ്യക്തമാക്കിയതായി സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, കഴിഞ്ഞയാഴ്ച വെസ്റ്റ് ബാങ്കിൽ നടത്തിയ ഇസ്രായേൽ പരിശോധനയിൽ 60 ഹമാസ് നേതാക്കൾക്കൊപ്പം മൊസാബിന്റെ പിതാവും അറസ്റ്റിലായതായി റിപ്പോർട്ടുകളുണ്ട്.

Latest News