ജോർജിയയിലെ അബ്ഖാസിയയിലെ ഗാഗ്ര ജില്ലയിലെ ഒരു നദിയാണ് റിപ്രുവ. നിലവിൽ ലോകത്തിലെ ഏറ്റവും നീളം കുറഞ്ഞ നദിയായി അറിയപ്പെടുന്നത് ഈ നദിയാണ്. 18 മീറ്റർ (59 അടി) മാത്രം നീളമുള്ള ഈ നദി കരിങ്കടൽതീരത്തെ ഏറ്റവും തണുത്ത നദികളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.
കാർസ്റ്റ് ക്രുബേര ഗുഹയിലെ നീരുറവകളാണ് നദിയുടെ ഉറവിടം. ഗാഗ്രയുടെ തെക്കുപടിഞ്ഞാറൻ പ്രാന്തപ്രദേശത്തുള്ള കരിങ്കടലിലേക്കാണ് ഈ നദി ഒഴുകിസിച്ചെന്ന് ചേരുന്നത്. ‘കുഴിക്കുക’ അല്ലെങ്കിൽ ‘പൊട്ടിത്തെറിക്കുക’ എന്ന് അർഥം വരുന്ന അബ്ഖാസിയൻ പദമായ രിപ്രയിൽ നിന്നാണ് ഈ പേര് വന്നത്. ഒരു പുരാതന അബ്ഖാസിയൻ ഇതിഹാസത്തിൽ കരിങ്കടൽതീരത്ത് മകനോടും മൂന്ന് പെൺമക്കളോടുമൊപ്പം താമസിച്ചിരുന്ന ഒരു ഭൂഗർഭ ആത്മാവിന്റെ കുട്ടികളുടെ കണ്ണുനീരായിട്ടാണ് ഈ നദിയെ പ്രതിപാദിക്കുന്നത്.
അബ്ഖാസിയയിലേക്കുള്ള ഏക പ്രവേശനകവാടമായ ഗാഗ്ര പാസ്, കാവൽ നിൽക്കുന്ന തന്റെ ആൺകുട്ടിക്കും യോദ്ധാക്കൾക്കുംവേണ്ടി ആയുധങ്ങൾ ഉണ്ടാക്കുകയായിരുന്നു സുലി. അദ്ദേഹം നിർമിച്ച ആയുധങ്ങൾ അജയ്യമായിരുന്നു. അദ്ദേഹത്തിന്റെ പെൺകുട്ടികൾ അവർക്കായി ഭക്ഷണവും വസ്ത്രവും മറ്റും ഉണ്ടാക്കിപ്പോന്നു. ആത്മാവിന്റെ മരണശേഷം, ആർക്കും അദ്ദേഹം ഉണ്ടാക്കിയിരുന്ന ആയുധം അതുപോലെ നിർമിക്കാൻ കഴിഞ്ഞില്ല. അതിനാൽ അദ്ദേഹത്തിന്റെ മകനും അവനോടൊപ്പം നിന്ന യോദ്ധാക്കളും ദൂരദേശങ്ങളിൽനിന്നു വന്ന നിരവധി സൈന്യങ്ങൾക്കെതിരായ യുദ്ധത്തിൽ പരാജയപ്പെട്ടു. തെക്കോട്ടുപോയവർ മൂന്ന് ഗുഹാകവാടങ്ങൾ തകർത്തു. അതിലൂടെ സഹോദരിമാർ അവരുടെ സഹോദരനെ കാണാൻ ഉപരിതലത്തിലേക്കു വന്നു. സഹോദരൻ മരിച്ചുവെന്ന് മനസ്സിലാക്കിയ സഹോദരിമാർ കരയാൻ തുടങ്ങി. ഈ കണ്ണുനീർ ചെറിയ അരുവികളായി ഒഴുകാൻ തുടങ്ങി എന്നാണ് ഐതീഹ്യം. ഈ അരുവികൾ ഗുഹയുടെ പുറത്തുകടക്കുമ്പോൾ റിപ്രുവ, അനിഖംത്സ, ബഗരേപ്സ്റ്റ എന്നീ നദികളായി ഒഴുകി എന്നാണ് വിശ്വസിക്കപ്പെടുന്നത്.
യുണൈറ്റഡ് സ്റ്റേറ്റ്സിലെ മൊണ്ടാനയിലെ ഗ്രേറ്റ് ഫാൾസിനടുത്തുള്ള ജയന്റ് സ്പ്രിംഗ്സ് മുതൽ മിസോറി നദി വരെ ഒഴുകുന്ന റോ നദിയാണ് ഏറ്റവും നീളംകുറഞ്ഞ രണ്ടാമത്തെ നദിയായി റെക്കോർഡുകളിലുള്ളത്. ഇതിന് 201 അടി (61 മീറ്റർ) മാത്രമേ നീളമുള്ളൂ.