‘ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട’. പഴമക്കാർ ഒരു സുകൃത ജപം പോലെ തലമുറകളിലേക്ക് കൈമാറി കൊടുത്ത അർത്ഥവത്തായ ഒരു ചൊല്ലാണ് ഇത്. സൗഹൃദത്തിന് ഓരോരുത്തരുടെയും ജീവിതത്തിൽ വലിയ പ്രാധാന്യമുണ്ട്. അടുത്ത സുഹൃത്തുക്കൾ ആരാണോ അവരെ വിലയിരുത്തി ഒരു വ്യക്തിയെ മനസ്സിലാക്കാൻ കഴിയും. ആധുനിക ലോകത്തിൽ ഡ്യൂഡ്, ഭായ്, അളിയാ തുടങ്ങിയ മോഡേൺ പേരുകളിലൂടെ സൗഹൃദത്തിന്റെ വലിപ്പവും അർത്ഥവും വ്യാപ്തിയും മാറുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടത് മാതാപിതാക്കളാണ്. വളരെ നല്ല കുടുംബാന്തരീക്ഷത്തിൽ വളർന്ന പലരും മോശം സുഹൃത്തുക്കൾ കാരണം വഴി തെറ്റിപ്പോയ സംഭവങ്ങൾ നമ്മുടെ ചുറ്റിലും ഉണ്ട്. ഇതുകൊണ്ടു തന്നെ നല്ല സൗഹൃദങ്ങൾ വളർത്താനും മോശം സൗഹൃദങ്ങളാണെന്നു മനസ്സിലാക്കിയാൽ അതിൽ നിന്ന് ഒഴിഞ്ഞു മറുവാനും ഉള്ള പരിശീലനം കുട്ടികൾക്ക് നൽകണം. അതിനു മാതാപിതാക്കളെ സഹായിക്കുന്ന ഏതാനും കാര്യങ്ങൾ ഇതാ:
1. തുറന്നു സംസാരിക്കുവാൻ കുട്ടികൾക്ക് അവസരം നൽകണം
ചെറുപ്പം മുതൽ എല്ലാകാര്യവും മാതാപിതാക്കളുമായി പങ്കുവയ്ക്കുന്നതിനുള്ള ഒരു തുറവിയുടെ സംസ്കാരം കുട്ടികളിൽ വളർത്തിയെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പലപ്പോഴും അനാവശ്യമായ പേടിപ്പെടുത്തലുകളും കർക്കശ മനോഭാവവും കുട്ടികളെ മാതാപിതാക്കളോട് കാര്യങ്ങൾ തുറന്നു സംസാരിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കാം. ഇത്തരം സാഹചര്യങ്ങൾ മുന്നിൽ കണ്ടുകൊണ്ട് മക്കളെ സ്നേഹിക്കുവാനും ചേർത്തു പിടിക്കുവാനും സൗഹൃദം സ്ഥാപിക്കുവാനും മാതാപിതാക്കൾ ശ്രമിക്കണം.
2. മക്കളുടെ സുഹൃത്തുക്കളെ അറിയാം
നമ്മുടെ മക്കളുടെ കൂട്ടുകാർ ആരൊക്കെയാണെന്നും അവർ ഏതൊക്കെ സാഹചര്യത്തിൽ നിന്ന് വരുന്നവരാണെന്നും മാതാപിതാക്കൾ തിരിച്ചറിയണം. ചെറുപ്പം മുതലേ നല്ല സൗഹൃദങ്ങളിലേക്ക് അവരെ നയിച്ചാൽ അത് ഭാവിയിലും അത്തരം സൗഹൃദങ്ങൾ കണ്ടെത്തുന്നതിന് അവരെ പ്രേരിപ്പിക്കും. സ്കൂളിൽ നിന്ന് വരുമ്പോൾ മക്കളുടെ വിശേഷങ്ങൾ ചോദിച്ചു മനസ്സിലാക്കി അതിലൂടെ അവരുടെ സുഹൃത്തുക്കൾ ആരാണെന്നും അവരുടെ സ്വഭാവം എന്താണെന്നും മനസ്സിലാക്കാം. വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനടിയിൽ സുഹൃത്തുക്കളുടെ കുറുമ്പുകളും വീരസാഹസങ്ങളും മക്കൾ പറയും. സുഹൃത്തുക്കളിൽ നിന്നും ലഭിക്കുന്ന വാക്കുകളും അക്കൂട്ടത്തിലുണ്ടാകും. അതെല്ലാം വിലയിരുത്തി കൂട്ടുകാരുടെ സ്വഭാവം മനസ്സിലാക്കാം.
3. വിവേകപൂർവം പ്രവർത്തിക്കുവാൻ പ്രേരിപ്പിക്കും
മക്കളുടെ സൗഹൃദങ്ങൾ പ്രശ്‌നങ്ങളിലേയ്ക്കു നയിക്കുവാൻ ഇടയുണ്ടെന്നു മനസിലാക്കിയാൽ മക്കളെ കാര്യം പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുക. അതല്ലാതെ സൗഹൃദം അവസാനിപ്പിക്കാനായി സമ്മർദം ചെലുത്തുന്നതിൽ അർത്ഥമില്ല. അത് മക്കളെ വാശി പിടിപ്പിക്കാനും സ്കൂളിലെ വിശേഷങ്ങൾ നിങ്ങളോട് പറയുന്നത് അവസാനിപ്പിക്കാനുമാണ് സാധ്യത. ആയതിനാൽ ഇടപെടൽ ബുദ്ധിപൂർവമായിരിക്കണം.
4. സുഹൃത്തുക്കളെ മനസിലാക്കുവാൻ പഠിപ്പിക്കാം
മക്കളെ അവരുടെ സുഹൃത്തുക്കൾ എപ്രകാരമുള്ളവരാണെന്നു വിലയിരുത്തുവാൻ പഠിപ്പിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. അതിനു സാഹചര്യത്തെളിവുകളും അനുഭവങ്ങളും കുഞ്ഞിന് മുന്നിൽ കൊണ്ടുവരാം. അനുഭവങ്ങളിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളൂമ്പോൾ അത് കുട്ടികൾക്ക് വേഗത്തിൽ മനസിലാക്കുവാൻ കഴിയും. സുഹൃത്തിനെ വിലയിരുത്താൻ പഠിപ്പിക്കുക, തെറ്റുകൾ സ്വയം മനസ്സിലാക്കാൻ അവസരം നൽകുക എന്നിവ പ്രധാനമാണ്. സുഹൃത്തിനെ തെറ്റിൽ നിന്ന് പുറത്തു കൊണ്ടുവരാൻ നിങ്ങളുടെ മക്കൾക്കു സാധിക്കുമെങ്കിൽ അതാണ് ഏറ്റവും ഉചിതം. പരസ്പരം തെറ്റിലേക്ക് കൈപ്പിടിച്ച് കൊണ്ടു പോകുന്നവരല്ല, വിജയത്തിലേക്കും സന്തോഷത്തിലേക്കും ഒന്നിച്ച് മുന്നേറുന്നവരായി മക്കളെ നമുക്ക് മാറ്റിയെടുക്കാം.
5. ‘നോ’ പറയാൻ പ്രാപ്തരാക്കാം
കുട്ടികൾ എന്തായാലും ഒരു സൗഹൃദ വലയത്തിനു നടുവിൽ ആയിരിക്കും ഉണ്ടാവുക. എല്ലായിടത്തും ഒരുപക്ഷെ മാതാപിതാക്കൾക്ക് ഒപ്പം എത്തുവാൻ സാധിക്കുകയും ഇല്ല. അതിനാൽ തന്നെ ചെറുപ്രായത്തിലേ ‘നോ’ പറയുന്നതിനുള്ള ധൈര്യം വളർത്തിയെടുക്കാം. ശരിയല്ലെന്നും തോന്നുന്ന കാര്യങ്ങളോട് പ്രതികരിക്കുവാൻ മക്കളെ പരിശീലിപ്പിക്കണം. അത് ശക്തമായ ആത്മധൈര്യത്തിന്റെ തെളിവാണ്. മറ്റുള്ളവർ എന്ത് കരുതും എന്ന ഭീതിയിൽ തെറ്റുകാണുമ്പോൾ പ്രതികരിക്കാതിരിക്കുന്നത് ഭീരുത്വമാണെന്ന തിരിച്ചറിവ് കുഞ്ഞിന് നൽകിയാൽ ഭാവിയിൽ അവൻ/ അവൾ നന്മയുടെ വഴിയിലൂടെ സ്വയം സഞ്ചരിക്കുവാൻ പ്രാപ്തനാകും.
മരിയ ജോസ്