![](https://i0.wp.com/editkerala.com/wp-content/uploads/2024/10/WhatsApp-Image-2024-10-16-at-11.11.51-AM-e1738575060413-235x300.jpeg?resize=108%2C138&ssl=1)
ആത്മീയതയുടെ അഗ്നിയുമായി
വിശ്വാസികൾക്ക് ഇത് ആത്മീയയുടെ മാസ്മരികലോകം, അല്ലാത്തവർക്ക് ഇതൊരു അദ്ഭുതലോകം. നല്ല വിശപ്പുള്ളതിനാൽ ആദ്യം കണ്ട ആശ്രമത്തിൽകയറി അവിടെനിന്ന് നല്ല കിടിലൻ ഭക്ഷണം കഴിച്ചു. ആവശ്യത്തിന് കഴിക്കാം. നമ്മുടെ അടുത്തുനിന്ന് അവർ സ്നേഹത്തോടെ വിളമ്പിത്തരും. ഒരാഴ്ച്ച ഇവിടെത്തന്നെ ചുറ്റിപ്പറ്റി നിന്നാലോ എന്ന് വിചാരിച്ചു. നൽകിയ ഭക്ഷണത്തിന് നന്ദിപറഞ്ഞ് അവിടെനിന്ന് ഇറങ്ങി.
ഞങ്ങൾക്ക് അവിടെ താമസിക്കാൻ രണ്ട് ആശ്രമത്തിന്റെ മേൽനോട്ടമുള്ള സ്വാമിമാരുടെ ഫോൺ നമ്പർ ലഭിച്ചു. പക്ഷേ, അവരെ വിളിക്കാൻ പലവട്ടം ശ്രമിച്ചിട്ടും മോശം നെറ്റ് വർക്കായതിനാൽ ബന്ധപ്പെടാൻ കഴിയാതെയായി. ഞങ്ങളുടെ നടപ്പ് തുടരുകയാണ്. ലക്ഷ്യം സംഗത്തിൽ പോയി പുതിയ പാപം ചെയ്യുന്നതിനു മുന്നോടിയായി പഴയ പാപം കഴുകിക്കളയണം എന്നതാണ്.
ഒരുപാട് ദൂരം നടന്നു. പൊടിപടലങ്ങൾ താണ്ടി നദിയുടെ തീരത്ത്. സ്ത്രീപുരുഷവ്യത്യാസമില്ലാതെ എല്ലാവരും പാപമാലിന്യം ഗംഗയ്ക്കു കൊടുക്കുകയാണ്. ഇതുമുഴുവൻ പേറാൻമാത്രം പാവം ഗംഗ എന്ത് തെറ്റ് ചെയ്തോ ആവോ. വലിയ തിരക്കില്ലതെ, പരാതിയില്ലാതെ ഒഴുകുന്ന നദിക്കരുകിൽ കുറേനേരം ഞങ്ങളുമിരുന്നു. വേണമെങ്കിൽ ധ്യാനമെന്നു പറയാം. കുറെ പേരെ പ്രാർഥനയിൽ ഓർത്തു. നന്മയുള്ള നല്ല ലോകം തിരികെവരണമെന്ന് ഉള്ളുരുകി പ്രാർഥിച്ചു. എന്റെ കൈയിൽ ക്യാമറ കണ്ടതുകൊണ്ടായിരിക്കും അവിടെ ജോലിചെയ്യുന്നവരുടെ കുട്ടികൾ പിന്നിൽവന്നു തട്ടി ഒരു ഫോട്ടോ എടുത്തുതരുമോ എന്ന് ചോദിച്ചു. പിന്നെന്താ, എടുത്തുതരാലോ. അവന്റ ഫോട്ടോ എടുത്തുകഴിഞ്ഞപ്പോൾ അവന്റെ ഒരുകൂട്ടം കൂട്ടുകാരും കൂടി വന്നു. പിന്നെ അവിടെനിന്നാൽ ശരിയാവൂല എന്ന് മനസ്സിലാക്കി അവിടെനിന്ന് പോന്നു. പോരുന്നതിനുമുൻപ് സംഘത്തിൽ ചെല്ലുമ്പോൾ കുറച്ചു വെള്ളം കൊണ്ടുവരണമെന്ന് ബിബിനോട് രഘുഭായ് പറഞ്ഞിരുന്നു. ഒരു ചെറിയ കുപ്പിയിൽ, കണ്ടാൽ പരിശുദ്ധമല്ലെങ്കിലും വിശ്വാസത്തിൽ പരിശുദ്ധമായ വെള്ളമെടുത്ത് അടുത്ത സ്ഥലത്തേക്ക്.
മണൽതിട്ടയിൽ ഒട്ടകത്തിന്റെയും കുതിരയുടെയുടെ സഫാരി നടത്തേണ്ടവർക്ക് നടത്താം. ചെണ്ടകൊട്ടി ചിലർ നമ്മൾക്കരികിൽ വരും. അവർക്കൊപ്പം ഡാൻസ് ചെയ്യാം; ചെറിയ എന്തെങ്കിലും പൈസ കൊടുത്താൽ മതി. നടപ്പ് തുടരുകയാണ്. ചായ കുടിക്കുന്നതിനെക്കുറിച്ച് ആലോചിച്ചതേയുള്ളൂ അപ്പോഴേക്കും ഒരു ആശ്രമത്തിന്റെ മുന്നിൽ ചായ കൊടുക്കുന്നു. ചായയും ബിസ്‌ക്കറ്റും കഴിച്ച് നടപ്പ് തുടർന്നു. ചില ആശ്രമങ്ങളിൽ പ്രഭാഷണം നടത്തുന്നത് ചെറിയ പെൺകുട്ടികളാണ്. എന്ത് രസമാണ് അവരുടെ സംസാരം, എത്ര ജനങ്ങളാണ് അവരെ കേൾക്കുന്നത്. ഓരോ ആശ്രമങ്ങൾ താണ്ടി നടന്നുനടന്ന് ശരിക്കും മടുത്തു. കുറച്ചുനേരം വിശ്രമിക്കനായി മറ്റൊരു ആശ്രമത്തിൽ. അവിടെവച്ച് ഒരു സ്വാമിയെ പരിചയപ്പെട്ടു. അദ്ദേഹത്തിന്റെ കൈയിലുള്ള ചില പലഹാരങ്ങൾ കഴിക്കാനായി തന്നു. ഒന്നുരണ്ടണ്ണം കഴിച്ച് കഴിഞ്ഞപ്പോൾ പുള്ളി പറഞ്ഞു: “അത് ബാഗിൽ വെച്ചോ; ആവശ്യം വരും.” വേണ്ടായെന്ന് നിർബന്ധം പിടിച്ചിട്ടും ആ മനുഷ്യൻ ആ പൊതി എന്റെ ബാഗിൽ വച്ചു. ഞങ്ങൾക്ക് രാത്രി നിൽക്കാനുള്ള റൂമിനെക്കുറിച്ച് അദ്ദേഹം ചോദിച്ചു. ഇതുവരെ റൂം ലഭിച്ചില്ല എന്നറിഞ്ഞ അദ്ദേഹം പറഞ്ഞു: “എന്റെ കൂടെ നിന്നോളൂ.” ഇങ്ങനെ പറയുമ്പോൾതന്നെ നേരത്തെ ബന്ധപ്പെടാൻ ശ്രമിച്ച സ്വാമി തിരിച്ചുവിളിച്ചു. “നിങ്ങൾക്ക് വേണ്ട മുറി ഒരുക്കിയിട്ടുണ്ട്. അങ്ങോട്ട് പോരെ. ലൊക്കേഷൻ ഇപ്പൊ ഇട്ടുതരാ”മെന്ന് പറഞ്ഞു. റൂം ആയതിനാൽ ഞങ്ങൾക്ക് മുറി വാഗ്ദാനം ചെയ്ത സ്വാമിയുടെ സ്നേഹത്തിന് നന്ദിപറഞ്ഞ് അവിടെ നിന്നുമിറങ്ങി.
ആശ്രമത്തിൽ നിന്നിറങ്ങിയപ്പോൾ വൻ സുരക്ഷാവലയത്തിൽ ഒരു സ്വാമിയുടെ കാർ തൊട്ടടുത്തുള്ള ആശ്രമത്തിലേക്കു കയറുന്നു. ആളുകൾ അദ്ദേഹത്തെ കാണാൻ ഓടിക്കൂടുന്നു. ആകാംക്ഷയായി. അടുത്തേക്കു ചെന്നപ്പോൾ ആശ്രമത്തിനുചുറ്റും വൻ ജനാവലി. ബാലാജി സർക്കാർ ജയ്, ബാലാജി സർക്കാർ ജയ് എന്ന് ഉച്ചത്തിൽ വിളിക്കുന്നുണ്ട്. സ്വാമി ദർശനം തരണേ ദർശനം തരണേയെന്നു സ്ത്രീകൾ കരഞ്ഞു പറയുന്നു. കുട്ടികൾ ജയ് ശ്രീ റാം ജയ് ശ്രീ റാം വിളിക്കുന്നു. തോക്കുധാരികൾ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. ആളുകൾ കൂടിക്കൂടിവന്നപ്പോൾ അവിടെനിന്ന് സ്ഥലം കാലിയാക്കി. അപ്പോഴേക്കും വാട്സാപ്പിൽ റൂമിന്റെ ലൊക്കേഷൻ സ്വാമി അയച്ചിരുന്നു. ലൊക്കേഷൻ എടുത്ത് സ്ഥലം നോക്കിയപ്പോൾ ഞങ്ങൾ നിന്നിരുന്ന സ്ഥലത്തുനിന്ന് 14 കിലോമീറ്റർ അകലെയാണ് സെക്ടർ 9. തൽക്കാലം അത്രയും ദൂരം സഞ്ചരിക്കാനുള്ള ആരോഗ്യം ശരീരത്തിലില്ല. നേരത്തെ റൂം തരാമെന്നുപറഞ്ഞ സ്വാമിയുടെ അടുത്തുചെന്നു നോക്കുമ്പോൾ ആ സ്വാമിയും അവിടെയില്ല. സമയം പത്തു മണി ആകാറായി. വിശക്കുന്നുണ്ട്. രാവിലെ ഭക്ഷണം കഴിച്ച സ്ഥലത്തുനിന്ന് വീണ്ടും ഭക്ഷണം കഴിച്ചു. പ്രയാഗിൽ ചെന്ന് കാണാൻ ആഗ്രഹിച്ചതെല്ലാം ഒറ്റ ദിവസംകൊണ്ട് കണ്ടു. ആകെ ബാക്കിയുള്ളത് അഘോരികൾക്കൊപ്പം സമയം പങ്കിട്ടില്ല എന്നുള്ളതാണ്. അവരുടെ അടുത്ത് പോകാത്ത നിരാശയിൽ തിരികെ വാരണാസിയിലേക്ക് പോകുന്നതിനുമുമ്പ് ,എന്തായാലും വന്നതല്ലേ ഒരു കറക്കം കൂടി കറങ്ങിയേക്കാം. പിന്നെ മനസ്സാഗ്രഹിച്ചതുപോലെ അങ്ങോട്ടു പോയതെല്ലാം അഘോരികളുടെ കൂട്ടത്തിലേക്കായിരുന്നു.
പലതരത്തിലുള്ള ആളുകൾ, ചിലർ സംസാരിക്കുന്നു, ചിലർ ആരോടും മിണ്ടില്ല. കുറച്ചുപേർക്കൊപ്പം ഞങ്ങൾ തീ കാഞ്ഞിരുന്നു. തീ കത്തിത്തീർന്നപ്പോൾ അവരുടെ കൂടെത്തന്നെ പോയി വിറകെടുത്തുകൊണ്ടുവന്ന് വീണ്ടും കത്തിച്ചു. അവരുടെ പാട്ടും പ്രാർഥനാമന്ത്രങ്ങളും കേട്ട് കുറച്ചുനേരം അവിടെ സമയം ചെലവഴിച്ചു. രൂപങ്ങൾ അവർ വികൃതമാക്കിവച്ചിരുന്നെങ്കിലും മനസ്സ് ശാന്തമായിരുന്നു. ആ ഒരു ശാന്തത ഞങ്ങൾക്കും അനുഭവിക്കാൻ കഴിഞ്ഞു. അവരോട് യാത്ര പറഞ്ഞ് അവിടെ നിന്നിറങ്ങി. മുന്നോട്ടുനടന്നു. തിരികെപ്പോകാനുള്ള വഴികളാണ്.
പോകുന്ന വഴിക്ക് ശ്രീ ശങ്കരാചാര്യരുടെ പേരിലുള്ള വളരെ വലിയ ഒരു ആശ്രമം കണ്ടു. യാത്രചെയ്യുന്ന ഒരാളെ സംബന്ധിച്ച് ശ്രീബുദ്ധനും ശങ്കരാചാര്യമെല്ലാം അദ്ഭുതങ്ങളാണ്. മഠത്തിലെ ഒരു സ്വാമി ക്ലാസെടുക്കുകയാണ് ദാരിദ്ര്യത്തെക്കുറിച്ചും ലളിതജീവിതത്തെക്കുറിച്ചുമാണ് അദ്ദേഹം പറയുന്നത്. ഇത് പ്രസംഗിക്കുന്ന സ്വാമിയുടെ ആഡംബര കാർ പുറത്തുണ്ടായിരുന്നു. ആശ്രമത്തിൽ നിന്നിറങ്ങി ഒരു 50 മീറ്റർ കഴിഞ്ഞില്ല, അതിനുമുമ്പ് പ്രയാഗിലെ അവസാന കാഴ്ചയിലേക്ക്.
നീളത്തിലുള്ള ശൗചാലയങ്ങൾ. ആ ശൗചാലയങ്ങൾക്ക് തൊട്ടരികിലായി തുണി വലിച്ചുകെട്ടിയ ചെറിയ ടെന്റുകൾ. ഈ ടെന്റിനും ശൗചാലയങ്ങൾക്കും ഇടയിലിരുന്ന് രണ്ടു കുട്ടികൾ ചെറിയ ഒരു പാത്രത്തിൽനിന്ന് ആർത്തിയോടെ ചോറ് വാരിവാരി കഴിക്കുകയാണ്. എന്തോ ഒരു മഞ്ഞ ചാറുകറിയുണ്ട്. കറിയാണ് എന്നൊന്നും പറയാൻ കഴിയില്ല. അങ്ങനെ എന്തോ ഒന്ന്. മരംകോച്ചുന്ന തണുപ്പായതുകൊണ്ട് കുട്ടികളുടെ തണുപ്പ് മാറ്റാൻ ഇവരുടെ അച്ഛൻ ചെറിയ വിറകുകൊള്ളികൾകൊണ്ട് തീപിടിപ്പിച്ച് അവർക്ക് ചൂട് കൊടുത്തുകൊണ്ടിരിക്കുകയാണ്. ഭക്ഷണം കഴിക്കുന്നതിന് അരികിലൂടെ ശൗചാലയത്തിൽനിന്നും ഒഴുകിപ്പോകുന്ന വെള്ളമുണ്ട്. കുറച്ചുനേരം അവർക്കൊപ്പമിരുന്നു. വിപിൻ കാര്യങ്ങളൊക്കെ ചോദിച്ചറിയുന്നുണ്ട്. ശൗചാലയം വൃത്തിയാക്കുന്ന ജോലിയാണ് കുട്ടികളുടെ അച്ഛനും അമ്മയ്ക്കും. തുച്ഛമായ പൈസയാണ് കിട്ടുക. എന്റെ ബാഗ് ഞാൻ തപ്പി നോക്കി ഇവന്മാർക്ക് കൊടുക്കാൻ എന്തെങ്കിലുമുണ്ടോ എന്നറിയാൻ. കുറച്ചുമുൻപ് ആ സ്വാമി തന്ന പലഹാരമുണ്ട്. ചിലപ്പോ ആ മനുഷ്യൻ ഇവർക്കുവേണ്ടിയായിരിക്കും എന്റെ അടുത്ത് ആ പലഹാരം തന്നുവിട്ടത്. ബിബിൻ, ബിബിന്റെ ബാഗ് നോക്കി. രാവിലെ വിൽസൺ അച്ചൻ നൽകിയ ഒരു ചോക്ലേറ്റ് ബാഗിലുണ്ട്. അത് ആ കുട്ടികളുടെ കൈയിൽ കൊടുത്തപ്പോൾ ആ സന്തോഷം കാണാമായിരുന്നു. ചോറുണ്ട് കഴിയുന്നതുവരെ അവൻ ചോക്ലേറ്റ് മുറുക്കിപ്പിടിച്ചുകൊണ്ടിരിക്കുന്നു. ചോറുണ്ടു കഴിഞ്ഞപ്പോൾ അവരുടെ അമ്മ വലിയ ഒരു ഗ്ലാസിൽ വെള്ളം കൊടുത്തു. അവർ അത് കുടിക്കുന്നതു കാണുമ്പോൾ, ഭക്ഷണം കഴിക്കുന്നത് കണ്ടപ്പോൾ ഉള്ളു പിടഞ്ഞു. ഇതെഴുതുമ്പോഴും ചങ്കിൽ നീറ്റലാണ്. അവന്റെ കൈയിലെ ചോക്ലേറ്റ് മേടിച്ച് രണ്ടുപേർക്ക് പകുതിയായി കൊടുത്തു. കഴിക്കുന്നതിനിടയിൽ അവരെ കെട്ടിപ്പിടിച്ചു. ചേർത്ത്വച്ച് ഉമ്മ നൽകി. അവർക്ക് തിരിച്ച് ഇവയൊന്നും നൽകാനറിയില്ല. ഒരു ഉമ്മ തരാൻ അവരോട് കെഞ്ചി. അവനു ഉമ്മവയ്ക്കാനും അറിയില്ല. അവരുടെ മുഖം എന്റെ മുഖത്തോട് ചേർത്തുവച്ചു. ഇവരെയൊക്കെ സഹായിക്കാൻ പറ്റാത്തവിധം ഞാനൊക്കെ നിസ്സഹായനാണ്. ടാറ്റാ എങ്ങനെയാണ് കൊടുക്കേണ്ടതെന്ന് അവരുടെ അച്ഛൻ അവരെ കാണിച്ചുകൊടുക്കുന്നുണ്ടായിരുന്നു. അവിടെ നിന്നിറങ്ങി. ഇവരുടെയൊക്കെ ജീവിതം ഇങ്ങനെയായതിന് ആരെ ഞാൻ പഴി പറയണം.
പ്രയാഗിലെ കാഴ്ചകൾ അവിടുത്തെ അനുഭവങ്ങൾ ഒറ്റ ദിവസങ്ങൾകൊണ്ടുതന്നെ ചുറ്റിക്കാണാനും അനുഭവിക്കാനും കഴിഞ്ഞതിനാൽ ഞങ്ങൾ തിരികെ വാരണാസിയിലേക്കു പോകാൻ തീരുമാനിച്ചു. സംഘത്തിൽനിന്ന് വാരണാസിയിലേക്ക് ബസ്സ് കിട്ടണമെങ്കിൽ ആറ് കിലോമീറ്റർ നടക്കണം. എന്തായാലും രണ്ടും കൽപിച്ച് ഞങ്ങൾ നടക്കാൻ തീരുമാനിച്ചു. നടക്കാൻ തുടങ്ങിയതും ബൈക്കുമായി ഒരാളെത്തി. “200 രൂപ തരുമെങ്കിൽ രണ്ടുപേരെയും ബസ് കിട്ടുന്ന സ്ഥലത്ത് കൊണ്ടുവിടാം.” അദ്ദേഹത്തിന്റെ ഓഫർ അംഗീകരിച്ച് ഞങ്ങൾ ബൈക്കിൽ കയറി. രാഹുൽ എന്നാണ് അവന്റെ പേര്. ഗംഗയുടെ തീരത്ത് തന്നെ അവന് ഹോംസ്റ്റേ ഉണ്ടെന്നും ടാക്സി സർവീസ് കൊടുക്കുന്നുണ്ടെന്നുമെല്ലാം പോകുന്ന വഴിക്ക് പറയുന്നുണ്ടായിരുന്നു. ബസ് കിട്ടുന്ന സ്ഥലത്ത് ഞങ്ങളെ ഇറക്കി. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഈ നമ്പറിൽ വിളിച്ചാൽ മതി എന്നുപറഞ്ഞ് അവന്റെ നമ്പർ തന്നു. നേരം ഒരുപാട് താമസിച്ചതിനാൽ ബസ്സ് ഒന്നുംതന്നെ നിർത്തുന്നില്ല. നാലാളെ കിട്ടുവാണെങ്കിൽ വാരണാസിയിൽ പോവാൻ തയ്യാറായി ഒരു കാറുകാരൻ നിൽപ്പുണ്ട്. കുറേനേരം കാത്തിരുന്നിട്ടും ആരും വരാത്തതിനാൽ കിട്ടിയ ഒരു ബസ്സിൽ അടുത്ത സ്റ്റോപ്പിലേക്ക്. അവിടെ ചെന്നപ്പോൾ രണ്ടുപേർ ഒരു കാറുകാരനോട് വിലപേശിക്കൊണ്ടിരിക്കുകയാണ് അവരും വാരണാസിയിലേക്കാണ്. അങ്ങനെ ഞങ്ങൾ നാലുപേരും ഒരാൾക്ക് 500 എന്ന രീതിയിൽ 2000 രൂപയ്ക്ക് ഉറപ്പിച്ച് വരണാസിയിലേക്ക്.
വാരാണസിലയിലേക്ക് തിരികെ
മൂന്നു മണിക്കൂർ അടുത്ത് അങ്ങോട്ടേക്ക് യാത്രയുണ്ട്. പോകുന്ന വഴിയിൽ ഇത്രയും ദിവസത്തെ യാത്രയെക്കുറിച്ച് ഒന്നുകൂടി ആലോചിച്ചു. ഒരു സ്ഥലത്തും തടസ്സമുണ്ടാകാത്ത യാത്ര. എല്ലായിടത്തും സ്വീകരിക്കാൻ കുറെ നല്ല ആളുകൾ. ഭക്തിയുടെ പല തലങ്ങൾ. ഇവിടുത്തെ ചില ഭക്തിയും ഭക്തരെയും കാണുമ്പോൾ കേരളത്തിലെ സമാധിയെന്നും ഒന്നുമല്ലന്ന് മനസ്സിലാകും. ഇവരോടൊക്കെ ആളോഹരി വരുമാനത്തെക്കുറിച്ചും, പൈസയുടെ മൂല്യം ഇടിയുന്നതിനെക്കുറിച്ചും, സാമ്പത്തിക സാമൂഹിക വികസനങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞ് വോട്ട് ചോദിക്കാൻ ചെന്നാൽ ആട്ടിയോടിക്കുമെന്നത് ഉറപ്പ്. എങ്കിലും ആത്മീയതയിലാഴ്ന്നു നിൽക്കുന്ന നല്ല ചില ജീവിതങ്ങളെ നമ്മൾക്ക് കാണാം. അവരുടെ മുഖത്തെ തേജസ് അദ്ഭുതമാണ്. ഇവരൊന്നും ഫോട്ടോ എടുക്കാൻ സമ്മതിക്കില്ല. അടുത്തു പോയിരിക്കാം, അവരിൽനിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാം. രാവും പകലുംപോലെ ജീവിതത്തിൽ എല്ലാം വന്നുപോകും. പണം, പദവികൾ, സന്തോഷം, ദുഃഖം, മനുഷ്യബന്ധങ്ങൾ.
നമ്മൾ കെട്ടിപ്പൊക്കുന്നതിനെതെല്ലാം ഒരു രാവിന്റെ ദൈർഘ്യം മാത്രമേ ഉള്ളുവെന്ന് മനസ്സിലാക്കിത്തരും. ഞാനെന്ന ഭാവത്തിന് ആയുസ്സില്ലാതാക്കിത്തരുന്ന യാത്ര. ഇന്ത്യ എന്ന രാജ്യത്തിനെ മുഴുവനായി കണ്ടു. പാവപ്പെട്ടവന്റെയും പണക്കാരന്റെയും സ്ഥാനം. ഭക്തി വിൽക്കുന്ന മാർഗങ്ങൾ. എത്ര മോശമായ അവസ്ഥയാണെങ്കിലും നല്ലതെന്ന് വിളിച്ചുപറയാൻ നിൽക്കുന്ന മാധ്യമങ്ങൾ. ആയിരങ്ങൾ മരിച്ചാലും ആർക്കും ഒന്നും പറ്റിയിട്ടില്ല എന്ന് പലവട്ടം വിളിച്ചുപറയാൻ തയ്യാറാക്കിനിർത്തിയിരിക്കുന്ന സർക്കാർ സംവിധാനങ്ങൾ. ഇവയൊക്കെ കണ്ട് നിർവൃതിയടഞ്ഞ എന്നെപ്പോലെ കുറെപ്പേർ. ബിബിൻ അപ്പോഴേക്കും വിളിച്ചു “എടാ, എഴുന്നേൽക്കൂ.” പകൽ നടത്തം, നന്നായി ഉറക്കി. കാർ വാരാണസിയിൽ എത്തി. ഡ്രൈവർ ഇറങ്ങി, ഞങ്ങൾക്ക് താമസിക്കേണ്ട സ്ഥലത്തേക്കുള്ള ഓട്ടോ പിടിച്ചുതന്നു. കൂടെയുള്ളവരോടും ഡ്രൈവറോടും നന്ദിപറഞ്ഞ് റൂമിലേക്ക്.
റൂമിലെത്തിയപ്പോൾ ഏകദേശം രണ്ടു മണി. വാരാണസി ഇറങ്ങിയാൽ വിളിക്കണമെന്ന് വിൽസനച്ചൻ പറഞ്ഞിരുന്നു. പക്ഷെ അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാൻ തോന്നിയില്ല. എന്നിട്ടും ഞങ്ങളെയും കാത്ത് ആ മനുഷ്യൻ അവിടെയുണ്ടായിരുന്നു. സമയം ഏറെ ആയിട്ടും ഞങ്ങൾക്ക് കാപ്പിയിട്ട് തന്നതിനുശേഷമാണ് അദ്ദേഹം റൂമിലേക്കു പോയത്. ശുഭരാത്രി.
നല്ല തണുപ്പുള്ളതിനാൽ ഞാൻ താമസിച്ചാണ് എണീറ്റത്. രാവിലത്തെയും ഉച്ചക്കത്തെ ഭക്ഷണവും ഒന്നിച്ചുകഴിച്ചു. ബിബിൻ നേരത്തെ എണീറ്റ് ആശ്രമത്തിലെ കുട്ടികൾക്ക് കുറച്ചുനേരം ക്ലാസ്സ് എടുത്തുകൊടുത്തു. അവരൊക്കെ വല്ലിയ സന്തോഷത്തിലാണ്. മുപ്പതാം തീയതിയായിരുന്നു വാരാണസിയിൽനിന്നും തിരികെ ട്രെയിൻ ബുക്ക് ചെയ്തത്. പക്ഷെ, അത്യാവശ്യമായി ഡൽഹിയിൽ പോകേണ്ടതുകൊണ്ട് പ്ലാൻ ചെറുതായി മാറ്റി. പോകുന്നതിനുമുമ്പ് ആശ്രമത്തിലെ കുട്ടികൾ ഞങ്ങൾക്ക് പാട്ട് പാടിത്തന്നു. അച്ചന്റെ ഒപ്പം അടുത്തുള്ള സിസ്റ്റേഴ്സിനെ കാണാൻപോയി. അവർ നൽകിയ സ്നേഹത്തിനും നന്ദിപറഞ്ഞ് അവിടെ നിന്നിറങ്ങി. ബസ് ബുക്ക് ചെയ്തിട്ടില്ല. ട്രെയിൻ ഉണ്ടോ എന്നറിയില്ല. ഒരു പ്ലാനും ഇല്ലാതെ യാത്ര ചെയ്യുന്ന ഞങ്ങളെ കണ്ട് ചിലപ്പോ അച്ചൻ അദ്ഭുതപ്പെട്ടിരിക്കാം. ഒരു യാത്രക്കാരന്റെ മനസ്സിൽ എപ്പോഴും ലക്ഷ്യസ്ഥാനം ഉണ്ടായാൽമതി, നല്ല ചിന്തകൾ ഉണ്ടായാൽമതി അവൻ ലക്ഷ്യത്തിലെത്തും. ബസ് സ്റ്റാൻഡ് വരെ അച്ചൻ കൂടെവന്നു. അവിടെനിന്ന് അച്ചനോട് വീണ്ടും കാണാമെന്നുപറഞ്ഞ് കിട്ടിയ ഒരു ബസിൽ ഡൽഹിയിലേക്ക്. ഡൽഹിയിൽ പ്രിയപ്പെട്ട ശരൺന്റെയും കജോളിന്റെയും ആയാന്റെയും കരീഷ്മയുടെയും അരുണിന്റെയും പ്രവീണിന്റെയുമൊപ്പം സമയം ചിലവഴിച്ചു. ചെയ്തുതീർക്കേണ്ട പ്രവർത്തികളെല്ലാം ചെയ്തുതീർത്ത് നേരെ വയനാട്ടിലെ പുൽപ്പള്ളിയിലുള്ള എന്റെ കൊച്ചുവീട്ടിലേക്ക്. കഥ കേൾക്കാൻ ആമിയും ഷിബിയും മമ്മിയും പപ്പയുമൊക്ക കാത്തിരിപ്പുണ്ട്.
കുംഭമേളയ്ക്കു പോകുന്നവർക്ക് ആവശ്യമായ കുറച്ചു കാര്യങ്ങൾ ഇതോടൊപ്പം ചേർക്കുന്നു. ചെറിയ ബാഗ് കൈയിൽ കരുതുക. ബാക്കിയുള്ളതൊക്കെ റൂമിൽ വയ്ക്കുക. അത്യാവശ്യമായ വസ്ത്രം മാത്രം എടുക്കുക. ഒരുപാട് ദൂരം നടക്കാനുള്ളതുകൊണ്ട് അനുയോജ്യമായ പാദരക്ഷകൾ എടുക്കുക. ശൗചാലയങ്ങളിൽ ഉപയോഗിക്കുന്ന ടിഷ്യൂ പേപ്പർ, സോപ്പ്, ഷാംപൂ, ടൂത്ത് ബ്രഷ്,
പേസ്റ്റ്), സൺസ്‌ക്രീൻ, സൺഗ്ലാസുകൾ, തൊപ്പി (ബാൻഡേജ്, ആന്റിസെപ്റ്റിക്, വേദനസംഹാരികൾ), ഹാൻഡ് സാനിറ്റൈസർ, കുടിവെള്ളം തുടങ്ങിയവ നിർബന്ധമായും കരുതുക. വിലപിടിപ്പുള്ള ഒന്നും കൈയിൽ കരുതരുത്. അനാവശ്യമായ ഭക്ഷണവും വസ്ത്രവും കൊണ്ടുപോകരുത്. അപരിചിതരെ അന്ധമായി വിശ്വസിക്കരുത്, അനധികൃത സ്ഥലങ്ങളിൽ ഭക്ഷണം കഴിക്കരുത്. പലരും പ്രകോപിപ്പിക്കാൻ ശ്രമിച്ചാൽ ആ പരിസരങ്ങളിൽനിന്ന് മാറിനടക്കുക തിരിച്ച് സംഘർഷങ്ങൾ ഉണ്ടാക്കരുത്. അനുവദനീയമായ പരിധിക്കപ്പുറം നദിയിലേക്ക് ഇറങ്ങരുത്. പ്ലാസ്റ്റിക് ബാഗുകൾ,സോപ്പ്, ഡിറ്റർജന്റുകൾ എന്നിവ ഉപയോഗിച്ചോ, പൂജനസമഗ്രി എറിഞ്ഞും നദികൾ മലിനമാക്കരുത്.
അഗസ്റ്റിൻ പുൽപള്ളി
(അവസാനിച്ചു)