Wednesday, April 2, 2025

ഇന്ന് അന്താരാഷ്ട്ര വനിതാദിനം; അറിയാം ചരിത്രവും പ്രമേയവും

ഇന്ന് മാര്‍ച്ച് എട്ട്. ലോക വനിതാദിനം. ലോകമെമ്പാടുമുള്ള സ്ത്രീകളോടുള്ള ആദരവും ബഹുമാനവും സ്‌നേഹവും പ്രകടിപ്പിക്കുന്നതിനു വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്. സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായിട്ടാണ് ലോകമെമ്പാടുമുള്ളവര്‍ ഈ ദിനം ആചരിക്കുന്നത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും ദുരുപയോഗവും തടയാനും സ്ത്രീകള്‍ക്ക് തുല്യാവകാശം നേടാനുമാണ് ഈ ദിവസം കൂടുതലായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

അന്താരാഷ്ട്ര വനിതാ ദിനം എല്ലാ വര്‍ഷവും വ്യത്യസ്ത ഒരു പ്രമേയത്തിലാണ് ആഘോഷിക്കുന്നത്. ഈ വര്‍ഷത്തെ വനിതാദിനാ പ്രമേയം ‘പ്രവർത്തനം ത്വരിതപ്പെടുത്തുക’ (Accelerate Action) എന്നതാണ്. തങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടിയ എല്ലാ സ്ത്രീകളെയുടെയും ഓര്‍മ പുതുക്കാനുള്ള ദിനം കൂടിയാണിത്.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുണ്ടായിരുന്ന യു എസ് സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുമായും തൊഴിലാളി പ്രസ്ഥാനങ്ങളുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. സ്ത്രീകള്‍ മെച്ചപ്പെട്ട തൊഴില്‍സാഹചര്യങ്ങള്‍ക്കും വോട്ടവകാശത്തിനും വേണ്ടി പോരാടിയിരുന്ന കാലമായിരുന്നു അത്.

1909 ഫെബ്രുവരി 28 ന് ന്യൂയോര്‍ക്ക് നഗരത്തിലാണ് ഈ ദിനം ആദ്യമായി ആചരിച്ചത്. എന്നാല്‍ 1975 ല്‍ ഐക്യരാഷ്ട്ര സഭ മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാദിനമായി അംഗീകരിച്ചതോടെയാണ് വനിതാദിനം ശ്രദ്ധിക്കപ്പെടുന്നത്. 1977 മുതല്‍ എല്ലാ വര്‍ഷവും മാര്‍ച്ച് എട്ടിന് വനിതാദിനം വിപുലമായി ആഘോഷിക്കാന്‍ തുടങ്ങി. അതിനുശേഷം ഇത്തരമൊരു ദിനാചാരണത്തിന്റെ അര്‍ഥവും വ്യാപ്തിയും കൂടുതല്‍ വര്‍ധിച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ മുതല്‍ ജോലിസ്ഥലത്തെ തുല്യത വരെയുള്ള വിഷയങ്ങള്‍ ഇന്ന് ചര്‍ച്ചയാകുന്നു.

ഉയരങ്ങളില്‍നിന്ന് കൂടുതല്‍ ഉയരങ്ങളിലേക്കെത്താന്‍ അവള്‍ക്ക് കരുത്ത് പകരുന്നതാകട്ടെ ഈ ദിനവും ഇതിന്റെ ആഘോഷങ്ങളും. പെണ്‍കരുത്തിന്റെ കാഹളം മുഴങ്ങാന്‍ വരാനിരിക്കുന്ന നാളുകള്‍ അവളുടേതു കൂടിയായി മാറട്ടെ.

എല്ലാ വായനക്കാര്‍ക്കും വനിതാദിനാശംസകള്‍!

LEAVE A REPLY

Please enter your comment!
Please enter your name here

Latest News