എലിസബത്ത് രാജ്ഞിയുടെ മരണത്തോടെയാണ് വെസ്റ്റ്മിൻസ്റ്റർ ആബി വാർത്തകളിൽ ഇടം നേടിയത്. പിന്നീട് വെസ്റ്റ്മിൻസ്റ്റർ ആബി വാർത്തകളിൽ നിറയുന്നത് ഇന്നാണ്. കാരണം ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണത്തിനായി ബ്രിട്ടൻ ഒരുങ്ങുമ്പോൾ ആ അമൂല്യ മുഹൂർത്തത്തിന് വേദിയാകുന്നത് വെസ്റ്റ്മിൻസ്റ്റർ ആബി ആണ്. വെസ്റ്റ്മിൻസ്റ്റർ ആബിയുടെ പ്രൗഢഗംഭീരമായ ചരിത്രം നമുക്കും വായിക്കാം.
യുനെസ്കോയുടെ പൈതൃകസ്ഥലങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ച വെസ്റ്റ്മിൻസ്റ്റർ ആശ്രമം ലണ്ടനിലെ മനോഹരമായ ഒരു മധ്യകാല ഗോഥിക് നിർമ്മിതിയാണ്. ഒരു ദൈവാലയം മാത്രമായി ഒതുങ്ങുന്ന ഒന്നല്ല ഈ പുരാതന ആശ്രമം. പ്രശസ്തരായ രാജാക്കന്മാരുടെയും രാജകുടുംബാംഗങ്ങളുടെയും സാഹിത്യകാരന്മാരുടെയും ശവകുടീരങ്ങളും പ്രതിമകളും സ്മാരകങ്ങളും ഇവിടെയുണ്ട്. രാജകീയമായ പരിപാടികൾക്കും സ്ഥാനാരോഹണങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന വെസ്റ്റ്മിൻസ്റ്റർ ആശ്രമം സമ്പന്നമായ ചരിത്രവും അതിശയകരമായ വാസ്തുവിദ്യയും കൊണ്ട് ലണ്ടനിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായി മാറുന്നു. ആത്മീയവും ഭൗതീകവും രാഷ്ട്രീയവുമായ അനുഭൂതികളുടെ ബഹിർസ്ഫുരണമായി മാറുന്ന വെസ്റ്റ്മിൻസ്റ്റർ ആബിയെക്കുറിച്ചുള്ള അമ്പരിപ്പിക്കുന്ന ചരിത്രം വായിക്കാം.
വെസ്റ്റ്മിൻസ്റ്റർ ആബി: നിർമ്മാണവും ചരിത്രവും
ഇംഗ്ലണ്ടിലെ പ്രശസ്തവും 13 മുതൽ 16 വരെ നൂറ്റാണ്ടുകളിലെ വാസ്തുവിദ്യയുടെ അമൂല്യമായ സ്മാരകവുമാണ് വെസ്റ്റ്മിൻസ്റ്റർ ആബി. 1066-ൽ വില്യം ദി കോൺക്വറർ മുതൽ ഇംഗ്ലണ്ടിലെ എല്ലാ കിരീടധാരണങ്ങൾക്കും ഈ ആശ്രമം വേദിയായി മാറിയിരുന്നു. അമ്പത് വർഷങ്ങൾക്ക് മുമ്പ്, 1953 ജൂൺ രണ്ടിന് എലിസബത്ത് രാജ്ഞി കിരീടമണിഞ്ഞത് ഈ ആശ്രമത്തിൽ വച്ചാണ്. നീണ്ട നാളുകളുടെ സേവന ജീവിതം പൂർത്തിയാക്കി രാജ്ഞി വിടവാങ്ങുമ്പോൾ അന്ത്യവിശ്രമത്തിനായി തയ്യാറെടുക്കുന്നതും അവരുടെ കിരീടധാരണത്തിനു വേദിയായ ഈ ആശ്രമം തന്നെ.
ഒരു ബെനഡിക്റ്റൈൻ ആശ്രമമായി ആയിരം വർഷങ്ങൾക്ക് മുമ്പ് സ്ഥാപിതമായ ഈ ആശ്രമം 1065-ൽ എഡ്വേർഡ് ദി കൺഫെസർ രാജാവ് പുതുക്കി പണിതു. നിർഭാഗ്യവശാൽ, 1065 ഡിസംബർ 28-ന് പുതിയ ദേവാലയം പ്രതിഷ്ഠിക്കപ്പെട്ടപ്പോൾ, രാജാവ് ആ ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്തവിധം അസുഖം ബാധിച്ച് കിടപ്പിലാകുകയും ഏതാനും ദിവസങ്ങൾക്ക് ശേഷം മരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ ഈ ആശ്രമത്തിന്റെ ഉയർന്ന ബലിപീഠത്തിനു മുന്നിൽ സംസ്കരിച്ചു. എഡ്വേർഡ് രാജാവ് നടത്തിയ നിർമ്മണത്തിന്റെ തെളിവായി വൃത്താകൃതിയിലുള്ള കമാനങ്ങളും നിലവറയിലെ വലിയ തൂണുകളും മാത്രമാണ് ഇന്ന് അവിടെ കാണുവാൻ കഴിയുന്നത്. യഥാർത്ഥത്തിൽ സന്യാസിമാരുടെ ഗാർഹിക ക്വാർട്ടേഴ്സിന്റെ ഭാഗമായിരുന്നു ആ നിലവറ. ഈ കാലഘട്ടത്തിൽ ആബിയിൽ നടന്ന ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിൽ ഒന്നാണ് 1066-ലെ ക്രിസ്മസ് ദിനത്തിൽ വില്യം ദി കോൺക്വററിന്റെ കിരീടധാരണം. 1161-ൽ എഡ്വേർഡ് ദി കൺഫെസർ രാജാവിനെ വിശുദ്ധനായി പ്രഖ്യാപിച്ച് ഏതാനും വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിൻറെ മൃതദേഹം പുതിയ കല്ലറയിലേയ്ക്ക് മാറ്റി.
1220-നും 1272-നും ഇടയിൽ ഹെൻറി മൂന്നാമൻ രാജാവ് ആബി വീണ്ടും പുനർനിർമ്മാണം നടത്തി. അതിനു ശേഷമാണ് ഗോഥിക് ശൈലിയിൽ ഉള്ള നിർമ്മാണ കലയുടെ അതുല്യ സൃഷ്ടിയായി വെസ്റ്റ്മിൻസ്റ്റർ ആബി മാറിയത്. പിന്നീട്, ബെനഡിക്റ്റൈൻ ആശ്രമത്തിന്റെ രീതിയിൽ നിർമ്മിക്കപ്പെട്ട ഈ ആബി, എലിസബത്ത് ഒന്നാം രാജ്ഞി വെസ്റ്റ്മിൻസ്റ്ററിലെ സെന്റ് പീറ്ററിന്റെ കൊളീജിയറ്റ് ചർച്ച് ആയി പുനഃസ്ഥാപിച്ചു. 1560-ൽ ആയിരുന്നു ഈ പുനഃസ്ഥാപനം.
രാജാക്കന്മാരുടെ ഭവനം
‘രാജാക്കന്മാരുടെ ഭവനം’ എന്നറിയപ്പെടുന്ന വെസ്റ്റ്മിൻസ്റ്റർ ആബി 1760 വരെ 17 രാജാക്കന്മാരുടെ അന്ത്യവിശ്രമസ്ഥലമായിരുന്നു. ഒന്നാം എലിസബത്ത് രാജ്ഞിയും ഒന്നാം മേരി രാജ്ഞിയും ഈ ആശ്രമത്തിൽ അടക്കം ചെയ്ത ഭരണാധികാരികളിൽ ഉൾപ്പെടുന്നു. എഡ്വേർഡ് ദി കൺഫസർ രാജാവിന്റെ ശവകുടീരത്തിനു സമീപത്തായിട്ടാണ് പല രാജാക്കന്മാരെയും അടക്കം ചെയ്തിരിക്കുന്നത്. ഐസക് ന്യൂട്ടൺ, മേരി ക്വീൻ ഓഫ് സ്കോട്ട്സ്, ചാൾസ് ഡാർവിൻ എന്നിവരും പ്രശസ്ത സാഹിത്യകാരന്മാരായ ചോസർ, ടെന്നിസൺ, ബ്രൗണിംഗ്, ചാൾസ് ഡിക്കൻസ്, റുഡ്യാർഡ് കിപ്ലിംഗ് തുടങ്ങിയവരും അന്ത്യ വിശ്രമം കൊള്ളുന്നതും ഇവിടെ തന്നെ. അജ്ഞാത സൈനികന്റെ ശവകുടീരവും സ്ഥിതി ചെയ്യുന്നത് ഈ ആബിയിലാണ്. പള്ളിയിലും ആശ്രമങ്ങളിലും ആയി ഏകദേശം 3,300 പേരെ അടക്കം ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.
രാജകീയ ആസ്ഥാനം
പ്രമുഖരായ അനേകം രാജാക്കന്മാർ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം മാത്രമല്ല ഈ വെസ്റ്റ്മിൻസ്റ്റർ ആബി. 1997-ൽ വെയിൽസ് രാജകുമാരിയായ ഡയാനയുടെ ശവസംസ്കാരം ഉൾപ്പെടെ നിരവധി രാജകീയ ചടങ്ങുകൾ, വിവാഹങ്ങൾ, സ്ഥാനാരോഹണ ചടങ്ങുകൾ എന്നിവയ്ക്ക് ഈ ആബി സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇതൊക്കെ തന്നെ ആണെങ്കിലും ഈ ആശ്രമത്തിൽ ദിവസേന ആരാധനാപരമായ ശുശ്രൂഷകൾ നടക്കുന്നുണ്ട്. രാജാക്കന്മാരുടെ ശവകുടീരങ്ങൾക്കു പുറമെ പോയറ്റ്സ് കോർണർ, സ്ഥാനാരോഹണ സിംഹാസനം, ലേഡി ചാപ്പൽ, ചാപ്റ്റർ ഹൗസ് എന്നിവ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ കാണാൻ കഴിയുന്ന ഏറ്റവും ജനപ്രിയമായ ചില കാര്യങ്ങളിൽ ഉൾപ്പെടുന്നു.
1245 മുതൽ, വെസ്റ്റ്മിൻസ്റ്റർ ആബിയുടെ രൂപകല്പനയിലും നിർമ്മാണത്തിലും നിരവധി വാസ്തുശില്പികളും ശിൽപികളും പങ്കുവഹിച്ചിട്ടുണ്ട്. 1245-ൽ ഇറ്റാലിയൻ ശില്പിയായ പിയട്രോ ടോറിജിയാനോ ലേഡി ചാപ്പൽ രൂപകല്പന ചെയ്യാൻ നിയോഗിക്കപ്പെട്ടു. ഒരു നൂറ്റാണ്ടിനുശേഷം, ദൈവാലയം നവീകരിക്കുന്നതിനായി മേസൺ ഓഫ് ഗ്ലൗസെസ്റ്ററിലെ ജോൺ, റെയ്ൻസിലെ ഹെൻറി, ബെവർലിയിലെ റോബർട്ട് എന്നിവരെ നിയമിച്ചു. 1722-ൽ, നിക്കോളാസ് ഹോക്സ്മൂർ രണ്ട് വെസ്റ്റേൺ ടവറുകൾ രൂപകൽപ്പന ചെയ്തു, അത് ഇന്ന് തിരിച്ചറിയാൻ കഴിയുന്ന ഗോഥിക് മുഖച്ഛായ നൽകി, 19-ാം നൂറ്റാണ്ടിൽ സർ ജോർജ് ഗിൽബർട്ട് സ്കോട്ട് ഇത് പുനഃസ്ഥാപിക്കുകയും നവീകരിക്കുകയും ചെയ്തു.
മരിയ ജോസ്