കേരളത്തിൽ ആഘോഷിക്കപ്പെടുന്ന ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നാണ് ഓണം. മലയാളികൾക്ക് ഇത് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമാണ്. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണനാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടുനിൽക്കുകയും ചെയ്യുന്നു. ഓണക്കളികളും ഓണസദ്യയും ഒപ്പമുള്ള പായസവുമൊക്കെ മലയാളികള്‍ക്ക് പ്രിയപ്പെട്ടതെങ്കിലും അത്രയും പ്രാധാനത്തോടെതന്നെ കാണുന്നതാണ് പൂക്കളവും. മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിനായുള്ള ഒരുക്കമായ അത്തപ്പൂക്കളത്തെക്കുറിച്ച് അറിയാം.
ഓണത്തിനു പൂക്കളമിടുന്നതിനെക്കുറിച്ച് പല ഐതിഹ്യങ്ങളും ചിട്ടവട്ടങ്ങളുമുണ്ട്. അത്തംമുതൽ തിരുവോണം വരെയുളള പത്തുദിവസമാണ് പൂക്കളമിടേണ്ടത്. എന്നാൽ എല്ലാ സ്ഥലങ്ങളിലും ഒരുപോലെയല്ല ഈ പൂക്കളമിടൽ. ചില പ്രദേശങ്ങളിൽ ചിങ്ങമാസത്തിലെ അത്തംനാൾ മുതൽ തിരുവോണം വരെയുള്ള പത്തുദിവസങ്ങളിലാണ് വീട്ടുമുറ്റത്ത് അത്തപ്പൂക്കളമൊരുക്കുക. അത്തം, ചിത്തിര, ചോതി എന്നീ ദിവസങ്ങളിൽ നിലത്ത് തുമ്പപ്പൂവ് മാത്രമാണ് അലങ്കരിക്കുക. പിന്നീടുള്ള ദിവസങ്ങളിൽ വിവിധതരം പൂക്കൾ ഉപയോഗിക്കുന്നു.
ആദ്യത്തെ ദിവസമായ അത്തംനാളിൽ ഒരു നിര പൂ മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകൾ, മൂന്നാം ദിവസം മൂന്നിനം പൂവുകൾ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടിവരുന്നു. ചോതിനാൾ മുതൽ മാത്രമേ ചെമ്പരത്തിപ്പൂവിന് പൂക്കളത്തിൽ സ്ഥാനമുള്ളൂ. എന്നാൽ ചിലയിടങ്ങളിൽ ഒരു നിറത്തിലുള്ള പൂവിൽ തുടങ്ങി പത്താം ദിവസമാകുമ്പോൾ പത്തുനിറങ്ങളിലുള്ള പൂക്കൾ കൊണ്ട് പൂക്കളം ഒരുക്കുന്നു. ഉത്രാടദിനത്തിലാണ് പൂക്കളം പരമാവധി വലിപ്പത്തിൽ ഒരുക്കുന്നത്. പലരീതിയിലും ഭംഗിയിലും പൂക്കളം ഇടുന്നത് കണ്ടുവരുന്നുണ്ടെങ്കിലും പൊതുവെ വൃത്താകൃതിയിലാണ് ഓണപ്പൂക്കളം തയാറാക്കേണ്ടത്.
തിരുവോണ ദിനത്തിലെ പൂക്കളം
പ്രധാന ഓണമായ തിരുവോണനാളിൽ പൂക്കളം തയാറാക്കുന്ന രീതിയിൽ വ്യത്യാസമുണ്ട്. ഈ ദിവസം രാവിലെ പൂക്കളത്തിൽ പലകയിട്ട് അരിമാവു പൂശി അതിന്റെ പുറത്ത് നാക്കിലയിട്ട് അരിമാവു പൂശുന്നു. ചാണകം മെഴുകിയ തറയിലായിരിക്കണം പൂക്കളമിടേണ്ടതെന്നും പറയപ്പെടുന്നു. ഓണത്തപ്പന്റെ സങ്കൽപരൂപത്തിനുമുന്നിൽ മാവൊഴിച്ച്, പൂക്കുല നിരത്തി പൂവട നിവേദിക്കുന്നു. ഓണനാളിൽ ഒഴിച്ചുകൂടാനാവാത്ത ചടങ്ങാണിത്.