മക്കളെ തല്ലിയാണോ തലോടിയാണോ വളര്‍ത്തേണ്ടത്? ആദ്യമായി അച്ഛനും അമ്മയുമാകുന്ന പലരിലും ഉണ്ടാകുന്ന ആദ്യത്തെ സംശയമാണിത്. കുഞ്ഞ് വളരുന്നതിനനുസരിച്ച് മാതാപിതാക്കളുടെ ഈ സംശയവും വളരും. എന്നാൽ, ഇത്തരത്തില്‍ തല്ലിവളര്‍ത്തുന്ന നിങ്ങളുടെ പെണ്‍കുട്ടികള്‍ക്ക് ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെക്കുറിച്ച് അറിയാമോ?
മാതാപിതാക്കള്‍ തങ്ങളുടെ പെണ്മക്കളോട് വളരെ മോശമായി പെരുമാറിയാല്‍ ഭാവിയില്‍ അവര്‍ക്ക് പെരുമാറ്റപ്രശ്നങ്ങൾ ഉണ്ടായേക്കാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ചെറുപ്പത്തില്‍ ലഭിക്കുന്ന വളരെ കഠിനമായ പാരന്റിങ് പെണ്‍കുട്ടികളുടെ മസ്തിഷ്കബന്ധങ്ങളില്പോലും മാറ്റം വരുത്തുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്.
കുട്ടിക്കാലത്ത് അനുഭവിക്കുന്ന മോശം പാരന്റിങ്ങ് അനുഭവങ്ങള്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മസ്തിഷ്കവികാസത്തിൽ പ്രതികൂലമായ ഫലങ്ങള്‍ ഉണ്ടാക്കുന്നു. എന്നാൽ ഇത് ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുന്നത് എന്നാണ് പഠനം പറയുന്നത്. ഇത്തരത്തില്‍ മസ്തിഷ്കഘടനയിലും പ്രവര്‍ത്തനത്തിലുമുള്ള മാറ്റങ്ങള്‍ ഭാവിയില്‍ പെൺകുട്ടികളെ ആക്രമണകാരിയും ധിക്കാരിയും ആക്കിയേക്കാമെന്നും പഠനം സൂചിപ്പിക്കുന്നു.
പെണ്‍കുട്ടികള്‍ക്ക് ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങള്‍ ഇവയാണ്
പെരുമാറ്റപ്രശ്നങ്ങള്‍
ചെറുപ്പത്തില്‍ വളരെ മോശം പാരന്റിങ് ലഭിച്ച കുട്ടികള്‍ക്ക് പത്ത് വയസ്സ് ആകുമ്പോള്‍തന്നെ ആക്രമണസ്വഭാവം കണ്ടുതുടങ്ങുമെന്നാണ് പഠനത്തില്‍ പറയുന്നത്.
വികാരങ്ങള്‍ പ്രകടമാക്കുന്ന രീതി
വികാരങ്ങള്‍ പുറപ്പെടുന്ന മസ്തിഷ്കത്തിലെ പ്രധാന സ്ഥലമാണ് അമിഗ്ഡാല. ബാല്യത്തില്‍ കഠിനമായ പാരന്റിങ് അനുഭവം ഏറ്റുവാങ്ങിയ പെണ്‍കുട്ടികള്‍ക്ക് ഇവിടെ കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടാകും.
മോശം പെരുമാറ്റരീതിയിലേക്ക് മക്കള്‍ വരുന്നതില്‍ നിങ്ങളുടെ പാരന്റിങ്ങും ഒരു കാരണമാണെന്ന് ഓര്‍ക്കുക. മക്കളെ തല്ലിവളര്ത്താതെ അവരുടെ നല്ല ഒരു സുഹൃത്തായി എപ്പോഴും കൂടെനില്ക്കുക.