ലോകത്തിലെ തന്നെ ഏറ്റവും ചെറിയ പട്ടണമാണ്, ക്രൊയേഷ്യയുടെ ഏറ്റവും വടക്കുപടിഞ്ഞാറന്‍ ഭാഗമായ ഇസ്ട്രിയ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ‘ഹം’ എന്ന കുഞ്ഞന്‍ നഗരം. കുഞ്ഞന്‍ നഗരമെന്ന പേരിലാണ് ഈ നഗരം പ്രശസ്തമാകുന്നത് തന്നെ.
ഹമ്മിന്റെ നീളം എന്ന് പറയുന്നത് വെറും 100 മീറ്റര്‍ ആണ്. വെറും 100 മീറ്റര്‍ നീളവും 30 മീറ്റര്‍ വീതിയുമുള്ള ഈ നഗരം ലോകത്തിലെ ഏറ്റവും ചെറിയതാണെന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. 1102 മുതലുള്ള രേഖകളില്‍ ഈ നഗരത്തെ പറ്റി പരാമര്‍ശിക്കുന്നുണ്ട്. മാത്രമല്ല, ചോം എന്നും ഹമ്മിനെ വിളിച്ചിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വച്ച് ടവറുമായിട്ടാണ് ഈ സെറ്റില്‍മെന്റ് ആരംഭിച്ചതെന്നാണ് പറയപ്പെടുന്നത്. വളരെ കുറച്ചു ആളുകള്‍ക്ക് മാത്രം താമസിക്കാന്‍ കഴിയുന്ന തരത്തിലായിരുന്നു ഈ നഗരം ആദ്യം ഉണ്ടായിരുന്നത്. സൈന്യങ്ങളൊന്നും ഇവിടേക്ക് കടന്നു വരുന്നില്ലെന്ന് ഉറപ്പാക്കാന്‍ വേണ്ടി കാവല്‍ നില്‍ക്കുന്ന ഒരു സ്ഥലം കൂടിയായിരുന്നു ഹം.
1552ല്‍ ബെല്‍ ടവറും 1802ല്‍ ഒരു ഇടവക പള്ളിയും ഇവിടെ നിര്‍മ്മിച്ചു. മതിലുകളാല്‍ ചുറ്റപ്പെട്ട നഗരമാണിത്. മതിലിനുള്ളില്‍ പഴയ രീതിയിലുള്ള ആര്‍ക്കിടെക്ച്ചറുകള്‍ കാണാന്‍ സാധിക്കും. ഇത് കൂടാതെ മറ്റ് തരത്തിലുള്ള വികസനകളൊന്നും കാണാന്‍ സാധിക്കില്ല.
വളരെ കുറച്ച് തെരുവുകളും വളരെ കുറവ് താമസക്കാരും അടങ്ങിയതാണ് ഈ നഗരം.
വെറും 30 പേര്‍ മാത്രമാണ് ഇവിടെ താമസക്കാരായി ഉണ്ടായിരുന്നത് എന്നാണ് 2011ലെ സെന്‍സസ് പ്രകാരമുള്ള കണക്കുകള്‍ പറയുന്നത്. എന്നാല്‍ 2021 ഓടെ ഇത് 52 ആയി ഉയര്‍ന്നിട്ടുണ്ട്.
നാടോടിക്കഥകള്‍ അനുസരിച്ച്, ഭൂമിയിലെ മനോഹരമായ ഒരു ഭാഗം കണ്ടെത്തി, അവിടെ വാസസ്ഥലങ്ങള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ച ചില മനുഷ്യര്‍ വളരെക്കാലം മുമ്പ് നിര്‍മ്മിച്ചതാണ് ഹം. ‘ടൗണ്‍ ഓഫ് ട്രഫിള്‍സ് എന്നും ഈ നഗരം അറിയപ്പെടുന്നു. ഒക്ടോബറില്‍ ഇവിടം സന്ദര്‍ശിക്കുകയാണെങ്കില്‍ പ്രാദേശിക ഉത്സവമായ ‘ഗ്രാപ്പ’ ഉത്സവം കാണാന്‍ സാധിക്കും.
ഇവിടെ പുരുഷന്മാര്‍ക്ക് മാത്രമേ വോട്ട് ചെയ്യാന്‍ കഴിയൂ എന്നാണ് പറയപ്പെടുന്നത്. അവര്‍ തടികൊണ്ടുള്ള സ്പൂണിലാണ് വോട്ട് രേഖപ്പെടുത്തുക. എങ്ങനെയാണ് ഇത്രയും ചെറിയ ഒരു പ്രദേശത്ത് ഇത്രയും ആളുകളെ ഉള്‍ക്കൊള്ളുന്നത് എന്നതാണ് പലരുടെയും സംശയം.