സുഡാനിലെ ആഭ്യന്തര യുദ്ധത്തില്‍ അര്‍ധസൈനിക വിഭാഗമായ റാപിഡ് സപ്പോര്‍ട്ട് ഫോഴ്‌സ് (ആര്‍എസ്എഫ്) നടത്തിയ വംശഹത്യയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. പടിഞ്ഞാറന്‍ ഡാര്‍ഫറില്‍ നടത്തിയ ക്രൂരത സംബന്ധിച്ച റിപ്പോര്‍ട്ട് അന്താരാഷ്ട്ര സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അറബ് ഇതര മസാലിത്ത് ഗോത്രത്തിനെതിരെ അറബ് നേതൃത്വത്തിലുള്ള ആര്‍എസ്എഫ് 12 മാസത്തെ വംശീയ ഉന്മൂലന കാമ്പയിനാണ് നടത്തിയതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വെസ്റ്റ് ഡാര്‍ഫറിന്റെ തലസ്ഥാനമായ എല്‍-ജെനീനയില്‍ നടന്ന ആക്രമണത്തില്‍, കുടിയൊഴിപ്പിക്കപ്പെട്ട മസാലിത് വിഭാഗത്തിന്റെ വീടുകള്‍ക്ക് നേരെ ഷെല്ലാക്രമണം നടത്തുകയും കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്തു. വംശീയ ഉന്മൂലനം ലക്ഷ്യം വച്ചുള്ള നടപടിയില്‍ ലക്ഷകണക്കിന് പേരാണ് അഭയാര്‍ത്ഥികളായതെന്നും 186 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ജൂണില്‍ കലാപത്തില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ആയിരക്കണക്കിനു പേര്‍ ഉള്‍പ്പെട്ട ജനക്കൂട്ടത്തിനുനേരെ ആര്‍എസ്എഫ് വെടിവയ്ക്കുകയായിരുന്നു. കുട്ടികളെ ഉള്‍പ്പെടെ ‘കൂട്ടിയിട്ട് വെടിവച്ചുകൊന്നു’ സാക്ഷികള്‍ വിവരിക്കുന്നു. ‘ആര്‍ എസ് എഫ് സേന കുട്ടികളെ തട്ടിയെടുത്തശേഷം മാതാപിതാക്കളെ വെടിവച്ചുകൊന്നു. കുട്ടികളെ കൂട്ടിയിട്ടശേഷം അവര്‍ക്കുനേരെയും വെടിയുതിര്‍ത്തു. ശേഷം അവരുടെ ശരീരം നദിയിലേക്ക് വലിച്ചെറിഞ്ഞു,’ സാക്ഷി വിവരിക്കുന്നു.
ചാഡ്, ഉഗാണ്ട, കെനിയ, സൗത്ത് സുഡാന്‍ എന്നിവിടങ്ങളിലേക്ക് പലായനം ചെയ്ത 220 പേരുടെ സാക്ഷി മൊഴികള്‍ സമാഹരിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. നൂറ്റിയിരുപതിലധികം ഫോട്ടോഗ്രാഫുകളും വിഡിയോകളും രേഖകളും റിപ്പോര്‍ട്ട് തയാറാക്കുന്നതിന് ഭാഗമായി പരിശോധിച്ചിരുന്നു. യുണൈറ്റഡ് നേഷന്‍സും ആഫ്രിക്കന്‍ യൂണിയനും സുഡാനെതിരെ അടിയന്തരമായി ആയുധ ഉപരോധം ഏര്‍പ്പെടുത്തുകയും പൗരന്മാരെ സംരക്ഷിക്കുന്നതിനായി ഡാര്‍ഫറിലേക്ക് ശക്തമായ പോലീസ് സേനയെ വിന്യസിക്കുകയും ചെയ്യണമെന്നും റിപ്പോര്‍ട്ട് പറയുന്നു. 2023 ഏപ്രിലില്‍ ആര്‍എസ്എഫും സുഡാന്‍ സൈന്യവും തമ്മില്‍ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടശേഷം, 80 ലക്ഷത്തിലധികം ആളുകളാണ് പലായനം ചെയ്തത്.
ഡാര്‍ഫറില്‍ പോഷകാഹാരക്കുറവ് മൂലം കുട്ടികള്‍ മരിച്ചുവീഴുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് യുഎന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം കഴിഞ്ഞയാഴ്ച രംഗത്തെത്തിയിരുന്നു. എല്‍ ഫാഷര്‍ പോലെയുള്ള മേഖലകളുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ വേണ്ടി അവിടേക്കുള്ള സഹായവിതരണങ്ങള്‍ ആര്‍ എസ് എഫ് തടസപ്പെടുത്തുകയും ചെയ്തിരുന്നു. സൈനിക മേധാവി അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാനും അര്‍ധ സൈനിക കമാന്‍ഡറായ ഉപസൈനികമേധാവി മുഹമ്മദ് ഹംദാന്‍ ഡാഗ്ലോയും തമ്മിലുണ്ടായ തര്‍ക്കങ്ങളാണ് ഇരു സേനകളും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചത്.