ജപ്പാനിലെ ജയിലുകളില്‍ കഴിയുന്ന വനിതാ തടവുകാര്‍ക്ക് നേരെയുള്ള ചൂഷണങ്ങള്‍ വര്‍ധിക്കുന്നുവെന്ന ആരോപണവുമായി രാജ്യത്തെ മനുഷ്യാവകാശ സംഘടന രംഗത്ത്. ഹ്യൂമന്‍ റൈറ്റ്സ് വാച്ച് ആണ് ചൊവ്വാഴ്ച ഈ കാര്യം വ്യക്തമാക്കിയത്. ഗര്‍ഭാവസ്ഥയിലും സ്ത്രീകളുടെ കയ്യില്‍ വിലങ്ങുകള്‍ ധരിപ്പിക്കുന്നുവെന്നും, ജനിച്ച കുട്ടിയുടെ അടുത്ത് നിന്നും അമ്മയെ മാറ്റി താമസിപ്പിക്കുന്നുവെന്നും, പ്രായമുള്ള വനിതാ തടവുകാര്‍ക്ക് വേണ്ടത്ര പരിചരണം ലഭ്യമാകുന്നില്ല എന്നും സംഘടന ആരോപിച്ചു. 60 ഓളം തടവുകാരുമായി സംഘടനയുടെ പ്രതിനിധികള്‍ സംസാരിച്ചതിന്റെ ഫലമായാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വന്നത്. പ്രസവ സമയത്ത് വരെ ചിലരെ വിലങ്ങ് അണിയിച്ചിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ പൂര്‍ണമായും നിരാകരിച്ച ജപ്പാന് ഗവണ്മെന്റ് തടവുകാര്‍ക്ക് മുലയൂട്ടല്‍ സമയത്തും, കുട്ടികളുടെ അടുത്തുള്ള സമയങ്ങളിലും അവരെ കുളിപ്പിക്കുകയും മറ്റും ചെയ്യുന്ന അവസരങ്ങളിലും നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ടെന്നും ആവശ്യമായ മെഡിക്കല്‍ സംവിധാനങ്ങള്‍ തടവുകാര്‍ക്കായി ഒരുക്കിയിട്ടുണ്ട് എന്നും പറഞ്ഞു. ജനിച്ച കുട്ടിയുടെ അടുത്ത് നിന്ന് പോലും അമ്മയെ ഉടനെ മാറ്റുന്ന തരത്തിലുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ ജയിലുകളില്‍ നടക്കുന്നുണ്ടെന്നാണ് സംഘടനയുടെ വാദം.
2021 വരെയുള്ള ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് മോഷണ കേസുകളിലും മയക്കുമരുന്നുമായി ബന്ധപ്പെട്ടും 4,000 ഓളം വനിതാ തടവുകാര്‍ രാജ്യത്തെ ജയിലുകളില്‍ ഉണ്ട്. 184 സ്ത്രീകളില്‍ മൂന്ന് എന്ന അനുപാതത്തിലാണ് ജയിലിനുള്ളില്‍ വച്ച് സ്ത്രീകള്‍ പ്രസവിക്കുന്ന സാഹചര്യം. അങ്ങനെ ഉള്ളവര്‍ക്ക് തന്റെ കുട്ടിയ്ക്ക് ഒപ്പം സമയം പങ്കിടാനും കുട്ടിയുടെ ആവശ്യങ്ങള്‍ നിറവേറ്റാനും ഉള്ള സൗകര്യങ്ങള്‍ നല്‍കാറുണ്ട് എന്നാണ് വിഷയത്തില്‍ ഗവണ്മെന്റിന്റെ മറുപടി.
ജനിക്കുന്ന കുട്ടികളെ അവരുടെ അമ്മയുടെ അടുത്ത് നിന്നും മാറ്റുന്ന രീതി കുട്ടിയിലും അമ്മയിലും ഒരുപോലെ മാനസികാഘാതം സൃഷ്ടിക്കും എന്നും കുട്ടിയുടെ മുലയൂട്ടലിനെയും അമ്മയുമായുള്ള ബന്ധത്തെയും ഇത് ബാധിക്കുമെന്നും ഹ്യൂമന്‍ റൈറ്റ്സ് വാച്ച് ആരോപിച്ചു.
ഒരു വര്‍ഷം വരെ കുട്ടിയെ അമ്മയ്ക്ക് ഒപ്പം നിര്‍ത്താനുള്ള നിയമം ഇവിടെ ഉണ്ടെങ്കിലും ജയില്‍ അധികൃതര്‍ വേണ്ട രീതിയില്‍ ഈ അവകാശങ്ങളെക്കുറിച്ച് തടവുകാരെ അറിയിക്കുന്നില്ല എന്നും സംഘടന പറഞ്ഞു. എന്നാല്‍ സാധാരണഗതിയില്‍ സ്ത്രീകളെ പ്രസവ സമയത്ത് ആശുപത്രികളിലേയ്ക്ക് മാറ്റാറുണ്ടെന്നും പ്രസവ മുറിയിലേക്ക് പ്രവേശിക്കും മുന്‍പും മുറിയില്‍ നിന്ന് പുറത്ത് വന്ന ശേഷവും മാത്രമാണ് വിലങ്ങ് അണിയിക്കാറുള്ളത് എന്നും നീതിന്യായ മന്ത്രാലയം ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന് നല്കിയ മറുപടിയില്‍ പറയുന്നു.
പക്ഷെ തടവുകാര്‍ തങ്ങളോട് പറഞ്ഞത് അതായിരുന്നില്ല എന്നും സാഗയിലെ ഒരു ജയിലില്‍ പ്രസവ സമയത്ത് തന്റെ കയ്യില്‍ വിലങ്ങ് അണിയിച്ചിരുന്നതായി ഒരു സ്ത്രീ പറഞ്ഞുവെന്നും ഇത് 2014ലെ ഗവണ്മെന്റ് നിയമത്തിന് എതിരാണെന്നും സംഘടന റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ഇതിന് തെളിവുകളില്ലെന്നും, 2014 ന് ശേഷം പ്രസവ സമയത്ത് സ്ത്രീകളെ വിലങ്ങ് അണിയിക്കാറില്ലെന്നും വ്യക്തമാക്കി ഗവണ്മെന്റ് റിപ്പോര്‍ട്ട് തള്ളി. പ്രായമായ സ്ത്രീകള്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ലെന്നും പലപ്പോഴും സഹ തടവുകാരുടെയും ഉദ്യോഗസ്ഥരുടെയും മര്‍ദ്ദനങ്ങള്‍ക്ക് ഇവര്‍ക്ക് ഇരയാകേണ്ടി വരുന്നുവെന്നും സംഘടനയുടെ റിപ്പോര്‍ട്ടിലുണ്ട്.
ഔദ്യോഗിക കണക്ക് പ്രകാരം 2021ല്‍ ജയിലുകളില്‍ എത്തിയ പ്രായമായ പുരുഷന്മാര് 13 ശതമാനം ആണെങ്കില്‍ സ്ത്രീകള്‍ 65 ശതമാനമാണ്. ഒറ്റപ്പെടലും ദാരിദ്ര്യവും പ്രായമായ സ്ത്രീകളെ പല മോഷണ ശ്രമങ്ങള്‍ക്കും നിര്‍ബന്ധിതരാക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രാന്‍സ്ജെന്‍ഡര്‍ തടവുകാരോടുള്ള മോശം സമീപനവും, ജയിലുകളിലെ ചികിത്സാ സംവിധാനങ്ങളില്‍ ഉള്ള കുറവും, ഏകാന്ത തടവും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.