തെക്കൻ പാക്കിസ്ഥാനിലെ കറാച്ചി നഗരത്തിലുള്ള ഒരു ജയിലിൽനിന്ന് ഇരുനൂറിലധികം തടവുകാർ രക്ഷപെട്ടതായി ഉദ്യോഗസ്ഥർ. തുടർച്ചയായ ഭൂകമ്പത്തെ തുടർന്ന് സെല്ലുകളിൽനിന്ന് പുറത്തിറങ്ങാൻ അനുവദിച്ച ഗാർഡുകളെ കീഴടക്കിയായിരുന്നു അവർ രക്ഷപെട്ടത്. ജില്ലാ മാലിർ ജയിലിലായിരുന്നു സംഭവം.
ഭൂചലനം കാരണം തടവുകാരെ മുറ്റത്തേക്കു മാറ്റുകയായിരുന്നു. ഇതിനിടെയാണ് പലരും ജയിൽചാടിയതെന്ന് പ്രവിശ്യാ നിയമമന്ത്രി സിയാ-ഉൽ-ഹസൻ ലഞ്ചാർ പറഞ്ഞു. തടവുകാർ ജയിൽജീവനക്കാരുടെ തോക്കുകൾ പിടിച്ചുവാങ്ങിക്കുകയും വെടിവയ്പ്പിനുശേഷം പ്രധാനഗേറ്റ് തുറക്കാൻ നിർബന്ധിക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തിൽ ഒരു തടവുകാരൻ കൊല്ലപ്പെടുകയും മൂന്നു ഗാർഡുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.
കുറച്ചുനേരം വെടിയൊച്ചകൾ കേട്ടെന്നും അതുകഴിഞ്ഞപ്പോൾ തടവുകാർ പല ദിശകളിലേക്കും ഓടിയെന്നുമാണ് ജയിലിന് എതിർവശത്തുള്ള ഒരു റെസിഡൻഷ്യൽ കോംപ്ലക്സിലെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞത്.

