ന്യൂവാർക്ക് അതിരൂപതയുടെ സഹായമെത്രാനായി 57 കാരനായ ബിഷപ്പ് എലക്റ്റ് പെഡ്രോ ബിസ്മാർക്ക് ചൗവിനെ നിയമിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. മെയ് 30 വെള്ളിയാഴ്ച ആയിരുന്നു അദ്ദേഹത്തിന്റെ നിയമനം. യുണൈറ്റഡ് സ്റ്റേറ്റ്സിലെ, ലെയോ പതിനാലാമൻ മാർപാപ്പയുടെ രണ്ടാമത്തെ എപ്പിസ്കോപ്പൽ നിയമനമാണിത്. അതുപോലെതന്നെ അമേരിക്കയിലെ ആദ്യത്തെ നിക്കരാഗ്വൻ വംശജനായ ബിഷപ്പാണ് അദ്ദേഹം എന്ന പ്രത്യേകതയുമുണ്ട്.
“ന്യൂവാർക്ക് അതിരൂപതയുടെ സഹായമെത്രാനായി നിയുക്ത ബിഷപ്പ് പെഡ്രോ ബിസ്മാർക്ക് ചൗവിനെ പരിശുദ്ധ പിതാവ് നിയമിച്ചതിനെ ഞാൻ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. അദ്ദേഹത്തിന്റെ ആഴമായ വിശ്വാസവും ഗണ്യമായ അജപാലന അനുഭവവും ദൈവജനങ്ങളോടുള്ള സ്നേഹവും നമ്മുടെ പ്രാദേശികസഭയ്ക്ക് വലിയ അനുഗ്രഹമായിരിക്കും” – ന്യൂവാർക്ക് അതിരൂപത പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ കർദിനാൾ ജോസഫ് ഡബ്ല്യു ടോബിൻ പറഞ്ഞു. “യേശുക്രിസ്തുവിന് സാക്ഷ്യം വഹിക്കാനുള്ള നമ്മുടെ ദൗത്യം തുടരുമ്പോൾ അദ്ദേഹത്തിന്റെ സംഭാവനയ്ക്കായി ഞാൻ കാത്തിരിക്കുന്നു. നിയുക്ത ബിഷപ്പ് ചൗ, നേതൃത്വത്തിന്റെയും സേവനത്തിന്റെയും ഈ പുതിയ പങ്ക് ഏറ്റെടുക്കാൻ തയ്യാറെടുക്കുമ്പോൾ അദ്ദേഹത്തോടൊപ്പം പ്രാർഥിക്കാൻ അതിരൂപതയിലെ എല്ലാ വിശ്വാസികളെയും ഞാൻ ക്ഷണിക്കുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ, ന്യൂവാർക്ക് അതിരൂപതയിലെ പുരോഹിതനും ന്യൂജേഴ്സിയിലെ ന്യൂവാർക്കിലുള്ള കത്തീഡ്രൽ ബസിലിക്ക ഓഫ് സേക്രഡ് ഹാർട്ടിന്റെ റെക്ടറുമാണ് ചൗ. മെയ് 30 ന് ലെയോ പതിനാലാമൻ പാപ്പ രാജി സ്വീകരിച്ച ബിഷപ്പ് ഗ്രിഗറി സ്റ്റുഡെറസിന്റെ (77) പകരക്കാരനായാണ് ചൗ നിയമിതനായത്.
1967 ജൂൺ 28 ന് നിക്കരാഗ്വയിലെ മനാഗ്വയിലാണ് ചൗ ജനിച്ചത്. 2004 ൽ ന്യൂജേഴ്സിയിലെ സെറ്റൺ ഹാൾ യൂണിവേഴ്സിറ്റിയിൽനിന്ന് മനഃശാസ്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം 2021 ൽ പ്രൊഫഷണൽ കൗൺസിലിംഗിൽ ബിരുദാനന്തര ബിരുദം നേടി. 2008 മെയ് 24 ന് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു. കത്തീഡ്രൽ ബസിലിക്കയുടെ റെക്ടർ എന്ന നിലയിലുള്ള പ്രവർത്തനത്തിനുപുറമെ, ചൗവിന് ഇടവകകൾ, യുവജനശുശ്രൂഷ, ക്യാമ്പസ് ശുശ്രൂഷ, ബധിരർക്കുള്ള ചാപ്ലെയിൻസി എന്നിവയിലും പരിചയമുണ്ട്. പുരോഹിത പേഴ്സണൽ ബോർഡിലും പുരോഹിതരുടെ കൗൺസിലിലെ അംഗമായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇംഗ്ലീഷ്, സ്പാനിഷ്, ആംഗ്യഭാഷ എന്നിവയിൽ ചൗവിന് പ്രാവീണ്യമുണ്ടെന്ന് ന്യൂവാർക്ക് അതിരൂപത പറഞ്ഞു.
2025 സെപ്റ്റംബർ എട്ട് തിങ്കളാഴ്ചയായിരിക്കും ചൗവിന്റെ മെത്രാഭിഷേകം നടക്കുക. നിക്കാരഗ്വയിലെ കത്തോലിക്കാ പുരോഹിതന്മാർ നിരവധി വർഷങ്ങളായി ഭരണകൂടത്തിന്റെ പീഡനങ്ങൾക്ക് വിധേയരായിക്കൊണ്ടിരിക്കുന്നു. ഇവിടെ നിന്ന് ഇരുനൂറിലധികം ബിഷപ്പുമാരെയും പുരോഹിതന്മാരെയും സന്യാസിമാരെയും പുറത്താക്കുകയോ, രാജ്യത്തേക്കു മടങ്ങുന്നത് വിലക്കുകയോ ചെയ്തിട്ടുണ്ട്. കൂടാതെ, എഴുപതിലധികം കത്തോലിക്കാ സ്ഥാപനങ്ങൾ അടച്ചുപൂട്ടിയിട്ടുമുണ്ട്.

