Monday, November 25, 2024

‘അവളുടെ നിലവിളി മറക്കാന്‍ കഴിയില്ല. ഇപ്പോഴും അത് ചെവിയില്‍ കേള്‍ക്കാനും ഹൃദയത്തില്‍ ഓര്‍ക്കാനും കഴിയും’!; നടത്തിയ അതിക്രമങ്ങള്‍ വെളിപ്പെടുത്തി മ്യാന്‍മര്‍ പട്ടാളക്കാര്‍

മ്യാന്‍മറില്‍ കഴിഞ്ഞ വര്‍ഷം നടന്ന അട്ടിമറിയിലൂടെ ഓങ് സാന്‍ സൂചിയുടെ നേതൃത്വത്തില്‍ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരില്‍ നിന്ന് സൈന്യം അധികാരം പിടിച്ചെടുക്കുകയായിരുന്നു. സായുധ സിവിലിയന്‍ പ്രക്ഷോഭത്തെ തകര്‍ക്കാനാണ് അവര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ഇപ്പോഴിതാ തങ്ങള്‍ സാധാരണക്കാരെ കൊല്ലുകയും പീഡിപ്പിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്ന് കൂറുമാറിയ ചില മ്യാന്‍മര്‍ സൈനികര്‍ ബിബിസിയോട് സമ്മതിച്ചു. വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങളുടെ വിശദമായ വിവരണങ്ങളും അവര്‍ ആദ്യമായി പുറത്തുവിട്ടു.

ഒരു കോര്‍പ്പറല്‍ ഉള്‍പ്പെടെ ആറ് സൈനികരുടെയും അവരുടെ ഇരകളില്‍ ചിലരുടെയും സാക്ഷ്യവും വെളിപ്പെടുത്തലും അധികാരത്തില്‍ തുടരാന്‍ ആഗ്രഹിക്കുന്ന മ്യാന്‍മര്‍ സൈന്യത്തിന്റെ യഥാര്‍ത്ഥ രൂപം വെളിവാക്കുന്നതാണ്. കൂറുമാറിയ ഈ സൈനികര്‍, ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ പോരാടുന്ന സിവിലിയന്‍ മിലിഷ്യ ഗ്രൂപ്പുകളുടെ ശൃംഖലയായ പീപ്പിള്‍സ് ഡിഫന്‍സ് ഫോഴ്സിന്റെ (പിഡിഎഫ്) പ്രാദേശിക യൂണിറ്റിന്റെ സംരക്ഷണത്തിലാണിപ്പോള്‍.

തന്നെ സൈന്യത്തിലേക്ക് ഗാര്‍ഡായി റിക്രൂട്ട് ചെയ്തതാണെന്നാണ് കരുതിയിരുന്നതെന്നും എന്നാല്‍ തന്നോട് ‘നിരപരാധികളെ പീഡിപ്പിക്കാനും കൊള്ളയടിക്കാനും കൊല്ലാനും അധികാരികള്‍ ഉത്തരവിട്ടുവെന്നും മൗങ് ഒ എന്ന സൈനികന്‍ പറയുന്നു. 2022 മെയില്‍ ഒരു ആശ്രമത്തില്‍ ഒളിച്ചിരുന്ന സാധാരണക്കാരെ കൊന്ന ഒരു ബറ്റാലിയന്റെ ഭാഗമായിരുന്നു അദ്ദേഹം.

‘എല്ലാ മനുഷ്യരെയും വളഞ്ഞിട്ട് വെടിവച്ചു കൊല്ലാന്‍ ഞങ്ങളോട് ഉത്തരവിട്ടു. ഏറ്റവും സങ്കടകരമായ കാര്യം ഞങ്ങള്‍ക്ക് പ്രായമായവരെയും ഒരു സ്ത്രീയെയും ആ സംഭവത്തില്‍ കൊല്ലേണ്ടി വന്നു എന്നതാണ്’. മൗങ് ഒ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20 ന്, മൂന്ന് ഹെലികോപ്റ്ററുകള്‍ മധ്യ മ്യാന്‍മറിലെ യെ മൈറ്റ് ഗ്രാമത്തെ ചുറ്റി കറങ്ങി. അതില്‍ നിന്ന് സൈനികര്‍ വെടിയുതിര്‍ക്കുകയും ചെയ്തു. മൂന്ന് വ്യത്യസ്ത ഗ്രൂപ്പുകളായി തിരിഞ്ഞാണ് അന്ന് സൈന്യം പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ വെടിയുതിര്‍ത്തത്. ‘നിങ്ങള്‍ കാണുന്ന എന്തിനേയും വെടിവയ്ക്കാനായിരുന്നു ഉത്തരവ്. ഗ്രാമത്തിലെ വലുതും സമ്പന്നവുമായ എല്ലാ വീടുകള്‍ക്കും തീയിടാനും ഞങ്ങള്‍ക്ക് ഉത്തരവുണ്ടായിരുന്നു’. കോര്‍പ്പറല്‍ ഓംഗ് വെളിപ്പെടുത്തി.

ചില ആളുകള്‍ സുരക്ഷിതമായ സ്ഥലമാണെന്ന് കരുതി പലയിടത്തും ഒളിച്ചു. എന്നാല്‍ പട്ടാളക്കാര്‍ തിരിച്ചറിഞ്ഞതോടെ ഓടി രക്ഷപെടാന്‍ ശ്രമം നടത്തി. പക്ഷേ ഞങ്ങള്‍ അവര്‍ക്ക് നേരെ വെടിയുതിര്‍ത്തു. ഞാന്‍ നാല് കെട്ടിടങ്ങള്‍ക്ക് തീയിട്ടു. അറുപതോളം വീടുകള്‍ കത്തിനശിച്ചു. അന്ന് ഗ്രാമത്തിന്റെ ഭൂരിഭാഗവും ചാരത്തിലായി. ഗ്രാമവാസികളില്‍ ഭൂരിഭാഗവും പലായനം ചെയ്തിരുന്നു. പക്ഷേ ചില വീടുകളില്‍ ആളുകള്‍ അവശേഷിച്ചിരുന്നു’. ഓംഗ് പറഞ്ഞു. തന്റെ യൂണിറ്റ് വെടിവെച്ച അഞ്ച് പേരെ കുഴിച്ചിട്ടതായും സിപിഎല്‍ ഓംഗ് സമ്മതിക്കുന്നു.

റെയ്ഡിന് അഞ്ച് മാസം മുമ്പാണ് താന്‍ സൈന്യത്തില്‍ ചേര്‍ന്നതെന്ന് തിഹ പറയുന്നു. റിക്രൂട്ട് ചെയ്തതാണെങ്കിലും പരിശീലനം ലഭിച്ചിട്ടില്ല. ഇത്തരം റിക്രൂട്ട്മെന്റുകളെ പ്രാദേശികമായി അംഗര്‍-സിത്-താര്‍ അല്ലെങ്കില്‍ ‘വാടക സൈനികര്‍’ എന്ന് വിളിക്കുന്നു. അവര്‍ക്ക് പ്രതിമാസം 200,000 മ്യാന്‍മര്‍ ഖാട്ട് (ഏകദേശം 100 ഡോളര്‍) ശമ്പളവും ലഭിക്കും.

മ്യാന്‍മര്‍ സൈന്യം വലിയ ആക്രമണം നടത്തിയ ആ ദിവസം ഒരു വീട്ടില്‍ നടന്ന കാര്യങ്ങള്‍ തിഹ വ്യക്തമായി ഓര്‍ക്കുന്നു. കത്തിക്കരിഞ്ഞ ഒരു വീട്ടില്‍ ഇരുമ്പഴികള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്ന ഒരു കൗമാരക്കാരിയെ അയാള്‍ കണ്ടു. ‘എനിക്ക് അവളുടെ നിലവിളി മറക്കാന്‍ കഴിയില്ല. ഇപ്പോഴും അത് എന്റെ ചെവിയില്‍ കേള്‍ക്കാനും എന്റെ ഹൃദയത്തില്‍ അത് ഓര്‍ക്കാനും കഴിയും. ആ കാഴ്ച കണ്ട ഞാന്‍ ക്യാപ്റ്റനോട് പറഞ്ഞപ്പോള്‍, കാണുന്ന എല്ലാവരെയും കൊല്ലാന്‍ വീണ്ടും പറഞ്ഞു. അങ്ങനെ ഞാന്‍ ആ മുറിയിലേക്ക് അവളുടെ നേരെ ഒരു ഫ്‌ലെയര്‍ എറിഞ്ഞു. വീണ്ടും അവളുടെ കരച്ചില്‍ ഞാന്‍ കേട്ടു. അത് ഹൃദയഭേദകമായിരുന്നു. ഏകദേശം 15 മിനിറ്റോളം ഞങ്ങള്‍ അവളുടെ നിലവിളി കേട്ടു’. അദ്ദേഹം വേദനയോടെ ഓര്‍മ്മിക്കുന്നു.

ആ പെണ്‍കുട്ടിക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നെന്നും മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്ത് പെണ്‍കുട്ടിയെ വീട്ടില്‍ ഇരുത്തി പോയതാണെന്നും പിന്നീട് അറിഞ്ഞതായി തിഹ പറഞ്ഞു. പണത്തിന് വേണ്ടിയാണ് താന്‍ സൈന്യത്തില്‍ ചേര്‍ന്നതെന്നും എന്നാല്‍ താന്‍ ഇത്തരം ക്രൂരതകള്‍ ചെയ്യാന്‍ നിര്‍ബന്ധിതനായെന്നും താന്‍ കണ്ട ക്രൂരതകള്‍ ഞെട്ടിച്ചെന്നും തിഹ പറയുന്നു.

ഈ പട്ടാളക്കാരുടെ കയ്യില്‍ പെടുന്ന ഒരേയൊരു യുവതി അവള്‍ ആയിരുന്നില്ല. യാമെയിറ്റില്‍ വെച്ച് അറസ്റ്റ് ചെയ്ത ഒരു കൂട്ടം യുവതികളെ കുറിച്ച് അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥന്‍ അവരെ തന്റെ കീഴുദ്യോഗസ്ഥര്‍ക്ക് കൈമാറി, നിങ്ങളുടെ ഇഷ്ടം പോലെ ചെയ്യുക എന്ന് പറഞ്ഞു. പെണ്‍കുട്ടികളെ അവര്‍ ബലാത്സംഗം ചെയ്തുവെന്നും എന്നാല്‍ അതില്‍ തനിക്ക് പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അവരില്‍ രണ്ട് പെണ്‍കുട്ടികളെ ബിബിസി കണ്ടെത്തി. ‘ഞങ്ങളെ സൈന്യം മൂന്ന് രാത്രികള്‍ ഒരു പ്രാദേശിക സ്‌കൂളില്‍ തടവിലാക്കി. ഓരോ രാത്രിയും മദ്യപിച്ചവര്‍ ഞങ്ങളെ ആവര്‍ത്തിച്ച് ലൈംഗികമായി ദുരുപയോഗം ചെയ്തു. ‘അവര്‍ എന്റെ മുഖം മൂടി, എന്നെ താഴേക്ക് തള്ളിയിട്ടു. വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി എന്നെ ബലാത്സംഗം ചെയ്തു. ആ സമയത്തെല്ലാം ഞാന്‍ നിലവിളിച്ചു കരഞ്ഞു. ഈ ക്രൂരത നിര്‍ത്താന്‍ സൈനികരോട് അഭ്യര്‍ത്ഥിച്ചു. പക്ഷേ അവര്‍ എന്റെ തലയ്ക്ക് ചുറ്റും അടിക്കുകയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. ചിലര്‍ സാധാരണ വസ്ത്രത്തിലും ചിലര്‍ സൈനിക യൂണിഫോം ധരിച്ചുവരുമായിരുന്നു. നിങ്ങള്‍ PDF നെ പിന്തുണയ്ക്കുന്നതിനാലാണ് ഇത് എന്ന് അവര്‍ പറയുന്നുണ്ടായിരുന്നു’. ക്രൂരതയ്ക്ക് ഇരയായ ഒരു പെണ്‍കുട്ടി പറഞ്ഞു. യെമൈറ്റിലെ അക്രമത്തില്‍ കുറഞ്ഞത് 10 പേര്‍ കൊല്ലപ്പെടുകയും മൂന്ന് ദിവസത്തിനിടെ എട്ട് പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായതായും റിപ്പോര്‍ട്ടുണ്ട്.

2022 മെയ് 2 ന് സാഗയിംഗ് മേഖലയിലെ ഒഹാകെ ഫോ ഗ്രാമത്തിലാണ് സൈനികനായ മൗംഗ് ഓ ഭാഗമായിരുന്ന ക്രൂരമായ കൊലപാതകങ്ങള്‍ നടന്നത്. പിന്നില്‍ നിന്നും അടുത്തുനിന്നും വെടിയേറ്റ ഒമ്പത് മൃതദേഹങ്ങളുടെ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു.

ആ ദിവസം തന്റെ ഭര്‍ത്താവ് കൊല്ലപ്പെടുന്നത് ഒരു സ്ത്രീ കാണാനിടയായി. ‘അവര്‍ അദ്ദേഹത്തിന്റെ തുടയില്‍ വെടിവച്ചു. എന്നിട്ട് മുഖം കുനിച്ച് കിടക്കാന്‍ ആവശ്യപ്പെട്ടു. പിന്നീട് നിതംബത്തില്‍ വെടിവച്ചു. ഒടുവില്‍ അവര്‍ അദ്ദേഹത്തിന്റെ തലയ്ക്ക് വെടിവച്ചു. പരമ്പരാഗത രീതിയില്‍ ഉപജീവനം കഴിച്ചിരുന്ന ആളാണ് എന്റെ ഭര്‍ത്താവ്. എനിക്ക് ഒരു മകനും മകളും ഉണ്ട്, എങ്ങനെ ജീവിക്കണമെന്ന് എനിക്കറിയില്ല’. അവര്‍ പറയുന്നു.

ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കുറഞ്ഞത് 40 ആക്രമണങ്ങളും മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കുറഞ്ഞത് 66 ആക്രമണങ്ങളും മ്യാന്മറില്‍ നടന്നതായി മനുഷ്യാവകാശ ലംഘനങ്ങള്‍ നിരീക്ഷിക്കുന്ന ഒരു കൂട്ടം ഓപ്പണ്‍ സോഴ്സ് ഗവേഷകര്‍ കണ്ടെത്തി. ജനങ്ങളെ കൊള്ളയടിക്കാനും കൊല്ലാനും സൈനികരെ അനുവദിക്കുന്ന ശിക്ഷാരഹിത സംസ്‌കാരം ദശാബ്ദങ്ങളായി മ്യാന്‍മറില്‍ ഉണ്ടായിട്ടുണ്ടെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പറയുന്നു.

എന്നാല്‍ കൂറുമാറ്റങ്ങളും കൊലപാതകങ്ങളും കാരണം മ്യാന്‍മര്‍ സൈന്യത്തിന് സൈനികരെ വീണ്ടും വീണ്ടും നിയമിക്കേണ്ടിവരുന്നു. 2021-ലെ അട്ടിമറിക്ക് ശേഷം 10,000-ത്തോളം പേര്‍ സൈന്യത്തില്‍ നിന്നും പോലീസില്‍ നിന്നും കൂറുമാറിയതായി മുന്‍ സൈനികരും പോലീസുകാരും ചേര്‍ന്ന് രൂപീകരിച്ച പീപ്പിള്‍സ് എംബ്രേസ് എന്ന ഗ്രൂപ്പ് പറയുന്നു.

എന്നാല്‍ സൈന്യം സിവിലിയന്‍മാരെ ലക്ഷ്യം വയ്ക്കുന്നുണ്ടെന്ന ആരോപണം മ്യാന്‍മര്‍ സൈന്യത്തിന്റെ വക്താവായ ജനറല്‍ സോ മിന്‍ ടുണിന്‍ നിഷേധിക്കുകയാണുണ്ടായത്. ഇവിടെ ഉദ്ധരിച്ച രണ്ട് റെയ്ഡുകളും നിയമാനുസൃതമായിരുന്നെന്നും കൊല്ലപ്പെട്ടവര്‍ ‘തീവ്രവാദികള്‍’ ആണെന്നും അദ്ദേഹം പറഞ്ഞു. പട്ടാളം ഗ്രാമങ്ങള്‍ ചുട്ടെരിക്കുകയാണെന്നതും അദ്ദേഹം നിഷേധിച്ചു. തീപിടുത്തം നടത്തുന്നത് പിഡിഎഫുകാരാണെന്നും അദ്ദേഹം പറഞ്ഞു.

ചുരുക്കിപ്പറഞ്ഞാല്‍ ഈ ആഭ്യന്തരയുദ്ധം എങ്ങനെ, എപ്പോള്‍ അവസാനിക്കുമെന്ന് പറയാന്‍ പ്രയാസമാണ്. പക്ഷേ മ്യാന്‍മറിലെ ദശലക്ഷക്കണക്കിന് സിവിലിയന്മാര്‍ക്ക് ഇത് വലിയ ആഘാതമുണ്ടാക്കുന്നു.

 

 

Latest News