Monday, November 25, 2024

“കടന്നുവരുന്ന ഓരോ നിമിഷവും ഞങ്ങളെ ഭയപ്പെടുത്തുകയാണ് “: അഫ്ഗാനിസ്ഥാനിൽ നിന്നും ഒരു യുവതി

“ഓരോ മിനിറ്റും, ഓരോ നിമിഷവും ഭയപ്പെടുത്തുന്നതാണ്. സ്വന്തം സുരക്ഷയിൽ ഞങ്ങൾ ഭയപ്പെടുന്നു” – അഫ്ഗാനിസ്ഥാനിലെ മുൻ പത്രപ്രവർത്തകയും മനുഷ്യാവകാശ പ്രവർത്തകയും ആയിരുന്ന ഗസൽ എന്ന യുവതിയുടെ വാക്കുകളാണ് ഇത്.

താലിബാൻ ഭരണം വരുന്നതിനു മുമ്പ് കോളേജ് അധ്യാപികയായും മാധ്യമപ്രവർത്തകയായും ജീവിതം നയിച്ചിരുന്ന വനിതയായിരുന്നു ഗസൽ. എന്നാൽ പിന്നീട് ഇവരുടെ ജീവിതം ഏറെ ദുസ്സഹമായി. സമൂഹത്തിൽ ഉന്നതസ്ഥാനങ്ങളിൽ ഇരുന്നതുകൊണ്ടു തന്നെ താലിബാൻ ഭരണം ഏറ്റെടുത്തപ്പോൾ മുതൽ ഇവർക്കു നേരെ പല തവണ വധഭീഷണിയും മറ്റും ഉണ്ടായിട്ടുണ്ട്. താലിബാൻ ഭരണം ഏറ്റെടുത്തതിനു ശേഷം സ്ത്രീകളുടെ അവകാശങ്ങൾ വെട്ടിക്കുറച്ചിരിക്കുന്നു, വീടിനു പുറത്തുള്ള മിക്ക ജോലികളും, സെക്കൻഡറി വിദ്യാഭ്യാസവും, പുരുഷ രക്ഷാധികാരി ഇല്ലാതെ കൂടുതൽ ദൂരം സഞ്ചരിക്കുന്നതും സ്ത്രീകൾക്ക് വിലക്കപ്പെട്ടിരിക്കുന്നു.

ഗസൽ അവിവാഹിതയായ യുവതിയാണ്. അതിനാൽ തന്നെ തന്റെ കരിയറും സ്വപ്നങ്ങളും അവൾക്ക് ഉപേക്ഷിക്കേണ്ടതായി വന്നു. വൈകാതെ തന്നെ അവരുടെ സാമ്പത്തികനിലയും പരുങ്ങലിലായി. ജോലിക്കു പോകാൻ കഴിയാത്തതിനാൽ സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടുകയാണ് ഇവർ. “എനിക്ക് വിജയകരവും ആളുകൾ ബഹുമാനിക്കത്തക്കതുമായ ഒരു കരിയറും ജോലിയും ഉണ്ടായിരുന്നു. എനിക്ക് എന്റെ സ്വപ്നജോലി ഉണ്ടായിരുന്നു. പക്ഷേ, പെട്ടെന്ന് അവിടെ നിന്ന് ഒരു ഐഡന്റിറ്റി പോലുമില്ലാത്ത ഒരാളിലേക്ക് നിർബന്ധപൂർവ്വം താഴ്ത്തപ്പെടുന്നത് വളരെ വേദനാജനകമാണ്; ഒപ്പം സമ്മർദ്ദവും” – ഗസൽ വ്യക്തമാക്കി.

“ഒരുപക്ഷേ നമ്മൾ നമ്മുടെ ജീവിതം അവസാനിക്കും; അല്ലെങ്കിൽ ആരെങ്കിലും നമ്മളെ കൊല്ലും. ഭയപ്പാടോടെ ജീവിക്കുന്നതിനാൽ ഞങ്ങൾക്ക് ഹൃദയാഘാതം പോലും ഉണ്ടായേക്കാം.ഞങ്ങളുടെ ഭാവിയെക്കുറിച്ച് ഞങ്ങൾക്ക് പ്രതീക്ഷയില്ല” – അഫ്ഗാനിൽ താമസിച്ചാൽ തങ്ങൾക്ക് സംഭവിക്കാൻ സാധ്യതയുള്ളത് ഇതാണെന്ന് ഗസൽ പറയുന്നു.

താലിബാന്റെ ഭീഷണിയെ തുടർന്ന് സഹോദരങ്ങളുടെ വീട്ടിലും ബന്ധുക്കളുടെ വീട്ടിലുമായി മാറിമാറി താമസിക്കുകയാണ് ഗസൽ. അതിനിടയിൽ യുകെ- യിലേക്കു പോകുന്നതിനുള്ള ശ്രമങ്ങളും ഗസൽ നടത്തുന്നുണ്ട്.

Latest News