ദശാബ്ദങ്ങള്‍ നീണ്ടുനിന്ന വൈദേശികഭരണത്തിന്റേയും ചൂഷണങ്ങളുടേയും ഇരുണ്ട കാലഘട്ടത്തിനുശേഷം ദാരിദ്രത്തിന്റേയും വിഭജനത്തിന്റേയും വര്‍ഗീയ ലഹളകളുടേയും നടുവിലേയ്ക്ക് പിറന്നുവീണ ആധുനിക ഭാരതത്തിന്റെ ചരിത്രമാണ് രാമചന്ദ്ര ഗുഹയുടെ ‘ഇന്ത്യ ഗാന്ധിയ്ക്കു ശേഷം: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തിന്റെ ചരിത്രം’ എന്ന പുസ്തകം.
1958 ല്‍ ഡെറാഡൂണില്‍ ജനിച്ച രാമചന്ദ്ര ഗുഹ ഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച ശേഷം ഓസ്ലോ, സ്റ്റാന്‍ഫോര്‍ഡ് എന്നീ സര്‍വകലാശാലകളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചു. പാരിസ്ഥിതിക ശാസ്ത്രം, നരവംശശാസ്ത്രം, ഇന്ത്യന്‍ ക്രിക്കറ്റിന്റെ സാമൂഹിക പശ്ചാത്തലം, ഹിമാലയത്തിലെ കര്‍ഷകരുടെ ചരിത്രം എന്നിങ്ങനെ വിവിധമേഖലകളിലായി പരന്നു കിടക്കുന്നവയാണ് രാമചന്ദ്രഗുഹയുടെ രചനാമേഖല. അദ്ദേഹത്തിന്റെ കൃതികളും ലേഖനങ്ങളും ഇരുപതോളം ഭാഷകളിലേയ്ക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. 2009 ല്‍ രാഷ്ട്രം അദ്ദേഹത്തെ പത്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുമുണ്ട്.
എല്ലാ പ്രതിബന്ധങ്ങളേയും തട്ടിത്തെറിപ്പിച്ചുകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ശക്തിയായി വളര്‍ന്ന രാജ്യമാണ് ഇന്ത്യ. വിഭജനാനന്തര കലാപങ്ങള്‍, കാശ്മീര്‍ സംഘര്‍ഷം, ഇന്ത്യന്‍ ജനാധിപത്യ പ്രക്രിയയില്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ പ്രാധാന്യം, ഇന്ത്യ ചൈനാ ബന്ധം, ഇന്ദിരാ ഗാന്ധിയുടെ നയങ്ങളും വിമര്‍ശനങ്ങളും, ഇന്ത്യയിലെ രാഷ്ട്രീയ വടംവലികള്‍, ബാബ്റി മസ്ജിദ് തകര്‍ക്കലും അതിനെത്തുടര്‍ന്നുണ്ടായ വര്‍ഗീയ കലാപങ്ങളും, കോണ്‍ഗ്രസ് ഇതര ഭരണകൂടങ്ങള്‍, ഇന്ത്യന്‍ സമ്പദ്ഘടന എന്നിങ്ങനെ ഭാരതചരിത്രത്തിലെ ഓരോ കാലഘട്ടത്തിലേയും സംഭവങ്ങള്‍ അനുപമമായ ശൈലിയില്‍ പുസ്തകത്തില്‍ വിവരിച്ചിരിക്കുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രതിസന്ധികള്‍ ഒരോന്നായി വിശകലനം ചെയ്യുകയും ഒടുവില്‍ ഇന്ത്യ എങ്ങിനെ അതിജീവിക്കുന്നുവെന്നതും വ്യക്തമാക്കി പുസ്തകം അവസാനിക്കുന്നു.
സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ കുതിപ്പും കിതപ്പും വസ്തുനിഷ്ഠമായി രേഖപ്പെടുത്തിയിട്ടുണ്ട് രാമചന്ദ്ര ഗുഹ ഈ കൃതിയിലൂടെ. ഭാരതം പിന്നിട്ട ഓരോ ഘട്ടങ്ങളും അദ്ദേഹം വിവരിക്കുമ്പോള്‍ വായനക്കാരനു ലഭിക്കുന്നത് ചരിത്രവായനയുടെ അതുല്യമായൊരു അനുഭവമാണ്. ഭാരതത്തിന്റെ പുനര്‍ജ്ജന്മത്തെ ആധികാരികമായി അടയാളപ്പെടുത്തുന്ന അത്യപൂര്‍വ്വമായ രചന കൂടിയാണിത്. സ്വതന്ത്ര ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന ഒരാള്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പുസ്തകമാണ് ‘ഇന്ത്യ ഗാന്ധിക്കു ശേഷം’. മുഖ്യധാരാ ചരിത്രം പറയാതെ പോയ ഒരുപാട് വിവരങ്ങള്‍ വിശദമായി ഈ പുസ്തകത്തില്‍ നിന്ന് ലഭിക്കും.
‘ഇന്ത്യ ഗാന്ധിക്കു ശേഷം’ എന്ന പുസ്തകം ബുക്ക് ഓഫ് ദ ഇയര്‍ ആയി എക്കണോമിസ്റ്റ്, വാഷിംഗ്ടണ്‍ പോസ്റ്റ്, വാള്‍സ്ട്രീറ്റ് ജേണല്‍, സാന്‍ഫ്രാന്‍സിസ്‌കോ ക്രോണിക്ക്ള്‍, ടൈംസ്, ഔട്ട്‌ലുക്ക് എന്നിവ തെരഞ്ഞെടുത്തിരുന്നു. ദശാബ്ദത്തിലെ പുസ്തകമായി ടൈംസ് ഓഫ് ഇന്ത്യയും ഇതിന് പുരസ്‌കാരം നല്‍കിയിട്ടുണ്ട്. രാമചന്ദ്ര ഗുഹയുടെ ദീര്‍ഘനാളത്തെ ഗവേഷണങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ഒടുവില്‍ പിറവിയെടുത്ത ഈ കൃതി, ഓരോ ഇന്ത്യക്കാരനും വായിച്ചിരിക്കേണ്ട പുസ്തകമാണ്.