Thursday, October 10, 2024

രത്തൻ ടാറ്റ അന്തരിച്ചു: വിടവാങ്ങിയത് ഇന്ത്യയ്ക്ക് പുതിയ ബിസിനസ് സംസ്കാരം നൽകിയ വ്യക്തിത്വം

ഇന്ത്യൻ വാഹനവിപണിക്ക് പുതിയ മാനം നൽകുകയും രാഷ്ട്രനിർമ്മാണത്തിനായി നിരവധി പങ്കുവഹിക്കുകയും ചെയ്ത ടാറ്റ ഗ്രൂപ്പ്‌ മുൻ ചെയർമാൻ രത്തൻ ടാറ്റ അന്തരിച്ചു. 86 വയസ്സായിരുന്നു.

രക്തസമ്മർദം കുറഞ്ഞ അദ്ദേഹത്തെ തിങ്കളാഴ്ച പുലർച്ചെയാണ് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1991 മുതൽ 2012 വരെ 21 വർഷക്കാലം ടാറ്റ ഗ്രൂപ്പിന്റെ അമരക്കാരനാകുകയും ബ്രാൻഡിനെ ലോകോത്തരമാക്കുകയും സംരംഭകൻ എന്നതിലുപരി, ആധുനിക ഇന്ത്യയുടെ ഓരോ മാറ്റങ്ങൾക്കും സമാന്തരമായി പ്രവർത്തിക്കുകയും ചെയ്ത സാമൂഹികപ്രതിബദ്ധതയുള്ള ഒരു വ്യക്തിയും ഇന്ത്യയ്ക്ക് ഒരു പുതിയ ബിസിനസ് സംസ്കാരം നൽകിയ വ്യക്തിയുമായിരുന്നു അദ്ദേഹം. രാഷ്ട്രനിർമ്മാണ സംരംഭങ്ങൾ, വ്യാവസായികവൽക്കരണം, അടിസ്ഥാനസൗകര്യ വികസനം, സാമൂഹിക ക്ഷേമപദ്ധതികൾ എന്നിവയ്ക്ക് നേതൃത്വം നൽകുന്നതിൽ ടാറ്റ ഗ്രൂപ്പ് എക്കാലവും പേരുകേട്ടതാണ്.

വൈദ്യുതി ഉല്പാദനം, ടെലി കമ്മ്യൂണിക്കേഷൻ, പുനരുപയോഗ ഊർജം എന്നിവയിൽ മികച്ച നിക്ഷേപങ്ങളോടെ, രാഷ്ട്രനിർമ്മാണത്തിനുള്ള ടാറ്റ ഗ്രൂപ്പിന്റെ സാമൂഹികപ്രതിബദ്ധത രാജ്യത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിലേക്കു നയിച്ചു. പരിസ്ഥിതിസംരക്ഷണത്തിനു മുൻ‌തൂക്കം കൊടുക്കുന്ന സൗരോർജ, കാറ്റാടി വൈദ്യുതിപദ്ധതികൾ പോലെയുള്ള പുനരുപയോഗ ഊർജത്തിൽ ടാറ്റ പവറിന്റെ സംഭാവനകൾ ശ്രദ്ധേയമാണ്.

ഇന്ത്യൻ വാഹനവിപണിയിൽ സമാനതകളില്ലാത്ത വിപ്ലവം സൃഷ്ടിക്കാൻ ടാറ്റ ഗ്രൂപ്പിനു സാധിച്ചു. സാധാരണക്കാരായ ജനങ്ങളെ ശാക്തീകരിക്കുകയും ദശലക്ഷക്കണക്കിന് ആളുകൾക്ക് താങ്ങാനാവുന്ന ഗതാഗതസൗകര്യം നൽകുകയും ചെയ്യുക എന്നതായിരുന്നു ടാറ്റയുടെ എപ്പോഴത്തെയും കാഴ്ചപ്പാട്.

ഇന്ത്യയിലെ ഏറ്റവും വലിയ ചാരിറ്റബിൾ ഓർഗനൈസേഷനുകളിലൊന്നാണ്‌ അദ്ദേഹത്തിന്റെ ഫൗണ്ടേഷൻ ടാറ്റ ട്രസ്റ്റ്. ധാർമ്മികമായ ഒരു ബിസിനസ്  സമ്പ്രദായത്തെ ലോകത്തിനും ഭാരതത്തിനും കാഴ്ചവച്ചപ്പോൾ രാജ്യത്തിന്റെ വികസനത്തിൽ പുതിയ നാഴികക്കല്ലുകൾ സൃഷ്ടിക്കാൻ രത്തൻ ടാറ്റ ശ്രദ്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News